മാർഗരറ്റ് മേരി അലക്കോക്ക് ഒക്ടോബർ 16
കുടുംബപ്രതിഷ്ഠാജപം ചൊല്ലുമ്പോൾ വിശുദ്ധ മർഗ്ഗരീത്ത മറിയമേ എന്ന പേരിൽ നമ്മൾ വിളിച്ചപേക്ഷിക്കാറുള്ള വിശുദ്ധയുടെ തിരുന്നാളാണ് ഒക്ടോബർ 16ന്. ഈശോയുടെ തിരുഹൃദയ ഭക്തിയുടെ പ്രചാരകയും മിസ്റ്റിക്കും ആയ വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന്റെ. സന്യാസിനി ആയാൽ കൂടെക്കൂടെ ദിവ്യകാരുണ്യം സ്വീകരിക്കാമല്ലോ എന്നുള്ളതും വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാമെന്നുള്ളതും ആയിരുന്നു ഒരു കന്യാസ്ത്രീ ആകാൻ അവൾക്കുണ്ടായ ഏറ്റവും വലിയ ആകർഷണം. കാരണം അവളുടെ ചെറുപ്പകാലത്ത് അതിനായി അവൾ വളരെ കഷ്ടപ്പെട്ടു.

1647 ജൂലൈ 22ന് ആണ് മാർഗ്ഗരറ്റ് ഫ്രാൻസിൽ ബർഗണ്ടി പ്രാവിശ്യയിൽ പെട്ട സ്ഥലത്താണ് ജനിച്ചത്. നാല് ആങ്ങളമാരുടെ ഒറ്റ പെങ്ങളായിരുന്നു അവൾ. അവളുടെ പിതാവ് മികച്ച ഒരു മജിസ്ട്രേറ്റ് ആയിരുന്നു.നാലു വയസ്സുള്ളപ്പോൾ അവൾ തന്റെ തലതൊട്ടമ്മയുടെ കൂടെ ചെന്ന് താമസിച്ചു. അവിടെ വെച്ചാണ് ജീവിതം ദൈവത്തിനു സമർപ്പിക്കുന്നതിനെപ്പറ്റിയും മതപരമായ വ്രതങ്ങളെക്കുറിച്ചുമൊക്കെ ആദ്യമായി അവൾ കേട്ടത്.
ആ കൊട്ടാരം പോലുള്ള വീടിനുള്ളിൽ ഒരു ചാപ്പൽ ഉണ്ടായിരുന്നു. അതിൽ കയറി സക്രാരിയുടെ മുമ്പിൽ പോയി മുട്ടുകുത്തിക്കൊണ്ട് കൈകൾ കൂപ്പി അവൾ പറഞ്ഞു," ഓ എന്റെ ദൈവമേ , എന്റെ ശുദ്ധത ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. നിത്യകന്യാവ്രതം ഞാൻ വാഗ്ദാനം ചെയ്യുന്നു". ഈ വാക്കുകളുടെ അർത്ഥം അറിയാനുള്ള പ്രായം അവൾക്ക് ആയിരുന്നില്ല. പിൽക്കാലത്തു ഈശോ അവളോട് പറഞ്ഞു, "നിന്നെ ഞാൻ എന്റെ മണവാട്ടിയായി തിരഞ്ഞെടുത്തിരിക്കുന്നു. ലോകത്തിനു നിന്റെ ഹൃദയത്തിൽ സ്ഥാനം ലഭിക്കും മുൻപേ എന്റെ പ്രചോദനഫലമായി നീ കന്യാത്വം നിത്യവ്രത വാഗ്ദാനം നടത്തിയപ്പോഴേ നമ്മൾ പരസ്പരം നൽകിയ ഉറപ്പാണത്".
അവൾക്ക് 8 വയസ്സുള്ളപ്പോൾ പിതാവിനെയും തലതൊട്ടമ്മയേയും നഷ്ടപ്പെട്ടു. ദാരിദ്ര്യമെന്തെന്നു അറിയാൻ തുടങ്ങി. അവളുടെ ചേട്ടന്മാർക്ക് പ്രായപൂർത്തിയാവാത്തതുകൊണ്ട് വീടും സ്ഥലങ്ങളും മാർഗരറ്റിന്റെ പിതൃസഹോദരിമാർ കയ്യടക്കിയിരുന്നു. പഠനത്തിനായി അവളുടെ അമ്മ മാർഗ്ഗരറ്റിനെ ബോർഡിങ് സ്കൂളിൽ ചേർത്തു. അവളുടെ ദൈവഭക്തി കണ്ട് ഒരു കൊല്ലം കഴിഞ്ഞപ്പോൾ പ്രഥമദിവ്യകാരുണ്യ സ്വീകരണത്തിനു അനുവാദം ലഭിച്ചു. പരിശുദ്ധ കുർബ്ബാനയുടെ തിരുനാൾ ദിവസത്തിൽ 1656ൽ അവൾ അത് സ്വീകരിച്ചു. വലിയൊരു പരിവർത്തനം അവൾക്കുണ്ടായി.കൂട്ടുകാർക്കൊപ്പം കളിക്കാൻ ആഗ്രഹിച്ച സമയത്തൊക്കെ ഏതോ ഒരു ശക്തി അവരിൽനിന്ന് അവളെ അകറ്റുന്നതായും ഏകാന്തമായ സ്ഥലത്തേക്ക് നയിക്കുന്നതുമായ അനുഭവം അവൾക്കുണ്ടായി. സാഷ്ടാഗം പ്രണമിച്ചുകൊണ്ടും മുട്ടുകുത്തികൊണ്ടുമാണ് അവൾ പ്രാർത്ഥനകൾ ചൊല്ലിയിരുന്നത്.
പതിനൊന്നു വയസ്സുള്ളപ്പോൾ അതികഠിനമായ വാതരോഗത്താൽ അവൾക്ക് പഠിപ്പു നിർത്തേണ്ടി വന്നു. നാലു കൊല്ലത്തേക്ക് കിടന്ന കിടപ്പായിരുന്നു. ഒരു ദിവസം അവൾ പരിശുദ്ധ അമ്മയുടെ രൂപത്തിന് നേർക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു അസുഖം ഭേദമായാൽ ഒരു കന്യാസ്ത്രീ ആയിക്കോളാമെന്ന്. “ഇങ്ങനെ പ്രതിജ്ഞ എടുത്തതിനു പിന്നാലെ എന്റെ അസുഖം ഭേദമായി. പരിശുദ്ധ അമ്മ എന്റെ ഹൃദയത്തിന്റെ നാഥ ആയി മാറി. എന്നെ അവളുടെ സ്വന്തമായി കരുതി. എന്റെ തെറ്റുകൾ തിരുത്തികൊണ്ടും ദൈവഹിതം നിറവേറ്റാൻ പഠിപ്പിച്ചു കൊണ്ടും അവൾക്കു സമർപ്പിക്കപ്പെട്ടവളായി എന്നെ നയിച്ചുകൊണ്ടിരുന്നു".
ഒരു ദിവസം അശ്രദ്ധമായി ജപമാല ചൊല്ലിക്കൊണ്ടിരുന്നപ്പോൾ പരിശുദ്ധ അമ്മ പ്രത്യക്ഷയായി അവളോട് പറഞ്ഞു, "എന്റെ മകളെ, നീ ഇത്ര അശ്രദ്ധമായി ജപമാല ചൊല്ലുന്നതിൽ ഞാൻ വിസ്മയിക്കുന്നു". തീരെ ചെറുപ്പമായിരുന്നെങ്കിലും ആ ശകാരം മറന്ന് പിന്നീടൊരിക്കലും അവൾ പ്രവർത്തിച്ചിട്ടില്ല.
പിതാവിന്റെ മരണശേഷം അമ്മയും മക്കളും അടിമകളെപ്പോലെ ആ വീട്ടിൽ കഴിയേണ്ടി വന്നു. പിതൃസഹോദരിമാർ ക്രൂരമായാണ് പെരുമാറിയിരുന്നത്. പള്ളിയിൽ പോവാനുള്ള അനുവാദം മിക്കവാറും ദിവസങ്ങളിൽ മാർഗരറ്റിനു അവർ കൊടുത്തില്ല. പോകാൻ അനുവാദം കിട്ടിയാൽ തന്നെ, ധരിക്കാനുള്ള വസ്ത്രത്തിനു വേണ്ടി അവൾക്ക് മറ്റുള്ളവരോട് യാചിക്കേണ്ടി വന്നു. ദിവ്യനാഥന്റെ സന്നിധിയിൽ അവൾ തന്റെ കണ്ണീർക്കണങ്ങൾ ചൊരിഞ്ഞു. അമ്മ രോഗിണിയായി കിടന്നപ്പോൾ, അമ്മക്ക് കൊടുക്കാനുള്ള ഭക്ഷണം പോലും അവൾക്ക് യാചിക്കേണ്ടതായി വന്നു.
പിന്നീട് അവളുടെ ചേട്ടന്മാർ വന്ന് വീടിന്റെ ഭരണം ഏറ്റെടുത്തു.അമ്മയെ പിരിയാൻ വയ്യാതിരുന്ന അവൾ കന്യാവ്രതപ്രതിജ്ഞ ദുർബ്ബലപ്പെടുത്തി പാർട്ടിയിലും നൃത്തത്തിലും പങ്കെടുക്കാനാരംഭിച്ചു.
ഒരു ദിവസം പാർട്ടിക്കും നൃത്തത്തിനും ശേഷം തിളങ്ങുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ഊരാനൊരുങ്ങുമ്പോൾ ചമ്മട്ടിയടിയേറ്റവനായി ഈശോ അവൾക്കു കാണപ്പെട്ടു. അവളുടെ മായാമോഹഭ്രമങ്ങളാൽ ഈശോയെ ആ അവസ്ഥയിലാക്കിയത് അവളാണെന്നു ഈശോ അവളോട് പറഞ്ഞു.
ആയിരം പ്രാവശ്യം മരിക്കേണ്ടി വന്നാലും സന്യാസിനി ആവുകയല്ലാതെ വേറൊരു ജീവിതാവസ്ഥയിൽ ആവുകയില്ലെന്നവൾ തീരുമാനമെടുത്തു. എങ്കിലും സഹോദരന്റെ അനുവാദം ലഭിക്കാഞ്ഞതിനാൽ കുറച്ചു കൊല്ലം കൂടി അവൾക്ക് കാത്തിരിക്കേണ്ടി വന്നു. അവസാനം അത് ലഭിച്ചു. ഉർസുലൈൻ സഭയിൽ ചേരാൻ അവർ വിളിച്ചെങ്കിലും, "നീ അവിടെയായിരിക്കാനല്ല എന്റെ ആഗ്രഹം" എന്ന് കർത്താവ് പറയുന്നതവൾ കേട്ടു. ഒരിക്കൽ വിശുദ്ധ ഫ്രാൻസിസ് സാലസിന്റെ ഫോട്ടോ നോക്കി നിൽക്കുബോൾ വിശുദ്ധൻ ജീവനുള്ളവനായി അവളെ അടുത്തേക്ക് വിളിക്കുന്ന അനുഭവമുണ്ടായി. പാരാലിമോണിയായിലെ വിസിറ്റേഷൻ മഠത്തിന്റെ സ്വീകരണമുറിയിലിരിക്കുമ്പോൾ "ഇതാണ് നിന്റെ സ്ഥലം", എന്ന് ഈശോ പറയുന്നതവൾ കേട്ടു. അങ്ങനെ അവൾ വിസിറ്റേഷൻ മഠത്തിലെ അംഗമായി .
1671 ഓഗസ്റ്റ് 25ന് നു സഭാവസ്ത്രം സ്വീകരിച്ചു. സമൂഹനിയമങ്ങൾ മനഃപൂർവ്വമല്ലെങ്കിലും അനുസരിക്കാത്തത് മൂലം ഏറെ പഴി കേൾക്കേണ്ടി വന്നു. ഉല്ലസിക്കേണ്ട സമയത്ത് ധ്യാനിക്കുക, മൗനം പാലിക്കേണ്ട സമയത്ത്, വിഷമിച്ചിരിക്കുന്ന സഹോദരികളെ ആശ്വസിപ്പിക്കാൻ വേണ്ടി സംസാരിക്കുക, ഭക്ഷണസമയത്തും പ്രാർത്ഥിക്കുക തുടങ്ങിയവയൊക്കെ വലിയ അനുസരണക്കേടായി വ്യാഖ്യാനിക്കപ്പെട്ടു. പരിഹാരമായി ധ്യാനസമയത്തു പോലും അതിനനുവദിക്കാതെ അവളെക്കൊണ്ട് ജോലിചെയ്യിച്ചുകൊണ്ടിരുന്നു. ജോലിക്കിടയിൽ കൂടി ധ്യാനിക്കാൻ അറിയാതിരുന്ന അവളെ ഒരു ആന്തരിക സ്വരം അതിനു സഹായിച്ചു.
പിന്നീടൊരിക്കൽ സമൂഹനിയമങ്ങൾ മറന്ന് പ്രായശ്ചിത്തം അനുഷ്ഠിക്കാൻ പോയ അവൾക്ക് വിശുദ്ധ ഫ്രാൻസിസ് സാലസ് പ്രത്യക്ഷപ്പെട്ടു പറഞ്ഞു, "മകളെ, നീ എന്താണ് ചെയ്യാൻ പോകുന്നത്? അനുസരണത്തിന്റെ നിയമങ്ങളെ മറികടന്ന് നീ ദൈവത്തെ പ്രീതിപ്പെടുത്താമെന്ന് വിചാരിക്കുന്നുവോ? അനുസരണമല്ലയോ സഭയുടെ കാമ്പും കഴമ്പും?"
വിസിറ്റേഷൻ സഭയുടെ അംഗമായി വ്രതവാഗ്ദാനം ചെയ്യുന്നതിൽ നിന്ന് മാർഗ്ഗരറ്റിനെ മാത്രം അധികാരികൾ തടഞ്ഞു. വളരെ വിഷമിച്ച അവൾ, താൻ കാരണം ആ സഭക്ക് നല്ലതേ ഉണ്ടാവൂ എന്ന കർത്താവിന്റെ വെളിപ്പെടുത്തൽ മഠാധിപയോട് പറഞ്ഞു. അങ്ങനെ 1672 നവംബർ 6 നു വ്രതവാഗ്ദാനം നടന്നു. അവൾ ഈശോയോടു പ്രതിജ്ഞ ചെയ്തു, “ഇതുവരെ എന്റെ വിവാഹനിശ്ചയമേ കഴിഞ്ഞിട്ടുണ്ടായുള്ളു. ഇനിയങ്ങോട്ട് ഞാൻ നിന്റെ മണവാട്ടിയായിരിക്കും".
വിശുദ്ധ മഠത്തിലെ സഹോദരിമാരിൽ നിന്ന് വളരെയേറെ സഹിക്കേണ്ടി വന്നിരുന്നു. വിശുദ്ധയുടെ ജീവചരിത്രം വായിക്കുമ്പോൾ മനസ്സിലാകുന്നത് സമൂഹത്തിൽ കുത്തുവാക്കിനേക്കാൾ കൂടുതൽ മൂർച്ച മൂകതക്കാണെന്നാണ്. അതായത് ഇഷ്ടമില്ലാത്തവരോട് മിണ്ടാതിരിക്കുന്നത്. മറ്റുള്ളവർ പ്രഭുകുടുംബങ്ങളിൽ പെട്ടവരും മാർഗ്രെറ്റ് സാധാരണ കുടുംബത്തിൽ പെട്ടവളും ആയതു കൊണ്ട് അവൾ അവരുടെ മുൻപിൽ അപഹാസ്യ ആയിരുന്നു. അവരുടെ കുറ്റങ്ങൾ, ഉപവിയില്ലായ്മ തുടങ്ങിയ കാര്യങ്ങൾ കർത്താവ് വിശുദ്ധക്ക് വെളിപ്പെടുത്തിയത് അവരെ അറിയിച്ചത് അവരുടെ വൈരാഗ്യം വർധിപ്പിച്ചു. മാത്രമല്ല ദർശനങ്ങൾക്കിടയിൽ ബോധരഹിതയായി അവൾ വീണിരുന്നതിനെ ഭ്രാന്തായി അവർ ചിത്രീകരിച്ചു. അവളെ പിശാചുബാധിതയായി താറടിച്ചു. മാര്ഗരറ്റ് അടുത്ത് ചെല്ലുമ്പോൾ അവളുടെ മേൽ വിശുദ്ധ ജലം തളിക്കുകയും ' പിശാചേ ഇറങ്ങിപോവു ' എന്ന് പറയുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മാർഗ്ഗരറ്റിനെ ആശ്വസിപ്പിക്കാനായി ഈശോ അവളോട് പറഞ്ഞു, "ഹന്നാൻ വെള്ളം എനിക്ക് വളരെ ഇഷ്ടമാണ്".
പാപം മൂലം ചില സന്യാസിനികളെ കർത്താവ് കൈവിട്ടുകളയാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ അവർക്കു വേണ്ടി അവൾ കഠിനത്യാഗങ്ങൾ അനുഷ്ഠിച്ചു പ്രാർത്ഥിച്ചു. അവളെ കുമ്പസാരിപ്പിച്ച ഒരു വൈദികൻ മരണത്തിന് ശേഷം അഗ്നിജ്വാലകളോടെ അവൾക്ക് ദൃശ്യമായി. മൂന്നുമാസം ദുസ്സഹമായ രീതിയിൽ അവൾ പരിഹാരം ചെയ്ത് ഏറെ കഷ്ടപ്പെട്ടതിന് ശേഷമാണു ആ വൈദികന് നിത്യസൗഭാഗ്യത്തിലേക്ക് പോകാൻ കഴിഞ്ഞത്.
1673 ൽ പ്രിയപ്പെട്ട അപ്പസ്തോലൻ വിശുദ്ധ യോഹന്നാന്റെ തിരുന്നാളിന്റെ അന്ന്, വിശുദ്ധ കുർബ്ബാന എഴുന്നെള്ളിച്ചു വെച്ചിരിക്കുമ്പോൾ അവൾ മുട്ടുകുത്തി നിൽക്കുകയായിരുന്നു. പെട്ടെന്ന് അവൾ ദൈവിക സാന്നിധ്യത്താൽ നിറഞ്ഞു. വത്സലശിഷ്യനായ യോഹന്നാൻ അവസാനത്തെ അത്താഴത്തിൽ ഇരുന്നിരുന്ന സ്ഥലത്തിരിക്കാൻ ഈശോ അവളെ ക്ഷണിച്ചു. അവളിലൂടെ തൻറെ ഹൃദയത്തിലെ സ്നേഹം എല്ലാവരിലേക്കും പടരണമെന്ന് ഈശോ പറഞ്ഞു.
"എന്റെ ഹൃദയത്തിലെ നിധികൾ അവരെ കാണിച്ചുകൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പുതിയ കൃപകൾ കൊടുക്കാനും ... നിന്റെ കഴിവില്ലായ്മയും അജ്ഞതയും കാരണമാണ് ഞാൻ നിന്നെ പ്രത്യേകമായി തിരഞ്ഞെടുത്തത്. എല്ലാം എന്നിൽ നിന്നാണ് വരുന്നതെന്ന് അങ്ങനെ അവർക്കു വ്യക്തമായി കാണാൻ സാധിക്കും".
18 മാസത്തോളം ചില ഇടവേളകളുമായി പ്രത്യക്ഷപെടലുകൾ നീണ്ടു നിന്നു. ഒലിവുമലയിലെ തൻറെ യാതനയോട് ചേർന്നുകൊണ്ട് എല്ലാ വ്യാഴാഴ്ചയിലും തിരുമണിക്കൂർ ആചരിക്കാനും എല്ലാ മാസാദ്യവെള്ളിയാഴ്ചയും പാപങ്ങൾക്ക് പ്രായശ്ചിത്തമായി ദിവ്യസ്കാരുണ്യസ്വീകരണം നടത്താനും ഈശോ അവളെ ക്ഷണിച്ചു.
സ്നേഹാഗ്നിജ്വാലയായി തീർന്നിരിക്കുന്ന ഈശോയുടെ തിരുഹൃദയ ദർശനമായിരുന്നു മാർഗ്ഗരറ്റ് മേരിയുടെ ആത്മീയആനുഭവങ്ങളിൽ ഏറ്റവും ശക്തമായത്. ആ അഗ്നിസ്രോതസ്സിൽ ഒരു ചെറുകണികയായി അവൾ നിക്ഷേപിക്കപ്പെട്ട അനുഭവം.പിന്നെ സ്നേഹത്തിന്റെ അത്യുജ്ജ്വലകിരണം പോലെ അവൾ മാറുകയായിരുന്നു. ഈശോയുടെ തിരുഹൃദയത്തിൽ നിന്ന് ഒരു ജ്വാലകിരണം പുറപ്പെട്ട് അവളുടെ ഹൃദയപാർശ്വത്തിൽ കുത്തി മുറിവായി. അത് ബാഹ്യമായി അടക്കപ്പെട്ടെങ്കിലും എരിയുന്ന വേദന എന്നും നിലനിന്നു. വെച്ചു. ഓരോ ആദ്യവെള്ളിയാഴ്ചകളിലും അതിന്റെ വേദന കഠിനമായിരുന്നു. "ഇനി നീ ദാസിയല്ല, എന്റെ തിരുഹൃദയത്തിലെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യ ആയിരിക്കും" എന്ന് ഈശോ അരുൾചെയ്തു.
അവസാനത്തെ പ്രത്യക്ഷപെടൽ ജൂൺ 13, 1675 ൽ കോർപ്പസ് ക്രിസ്റ്റിയുടെ തിരുന്നാളിനിടയിൽ ആയിരുന്നു. പരിശുദ്ധ കുർബ്ബാനയുടെ തിരുന്നാളിന്റെ ദിവസം ഈശോ വിശുദ്ധക്ക് പ്രത്യക്ഷപെട്ടു തൻറെ തിരുഹൃദയം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു ."മനുഷ്യമക്കളോടുള്ള സ്നേഹത്താൽ തുടിക്കുന്ന എന്റെ ഹൃദയം കണ്ടാലും. ഞാൻ മനുഷ്യരെ എത്രയധികമായി സ്നേഹിക്കുന്നു . എന്നാൽ അവർ എന്നെ എത്ര തുച്ചമായി മാത്രം സ്നേഹിക്കുന്നു?".. തന്റെ ഹൃദയത്തിൽ നിന്ന് അവസാന തുള്ളി രക്തം വരെ മനുഷ്യർക്കായി ചിന്തിയിട്ടും മനുഷ്യർ അതിനെ കുറിച്ച് ബോധവാന്മാരാവുകയോ അവിടത്തോട് നന്ദിയുള്ളവരായി തീരുകയോ ചെയ്യാത്തതിൽ കണ്ണീർ വാർത്ത് അവിടുന്നു പറഞ്ഞു. കുരിശിൽ കിടക്കവേ കുന്തം കൊണ്ട് കുത്തിയ മുറിവോടെ കാണപ്പെട്ട ഹൃദയത്തെ ചുറ്റി മുൾമുടിയും അഗ്നിനാളവും ഉണ്ടായിരുന്നു. തിരുഹൃദയതിരുന്നാൾ ആചരിക്കാൻ അവളോട് പറഞ്ഞു. തിരുഹൃദയഭക്തിയുള്ളവർക്കായി 12 വാഗ്ദാനങ്ങൾ ഈശോ അവൾക്ക് പറഞ്ഞു കൊടുത്തു.
അവളുടെ സുപ്പീരിയർക്ക് ഇതെല്ലാം ഇതെല്ലാം അവിശ്വസനീയമായി തോന്നി. ദൈവശാസ്ത്രജ്ഞന്മാരും അതിനെ മതിഭ്രമമായി വിലയിരുത്തി. അവസാനം ഒരു വിശുദ്ധനായ ഈശോസഭാവൈദികൻ ഈ പ്രത്യക്ഷപെടലുകളെ ദൈവത്തിന്റെ ഇടപെടലായി തിരിച്ചറിഞ്ഞ് ‘Journal of Retreats’ ൽ പ്രസിദ്ധീകരിച്ചു. 1685 ൽ ഈ ബുക്ക് അവിചാരിതമായി അവളുടെ കോൺവെന്റിലെ ഡൈനിങ്ങ് ഹോളിൽ വായിച്ചപ്പോൾ ഇത് മാർഗ്ഗരേറ് മേരി അലക്കോക്കാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. സെപ്റ്റംബർ 7 1688 ൽ മാർഗ്ഗരറ്റ് മേരി അലക്കോക്കിനു പാരാലിമോണിയായിലെ ചാപ്പൽ തിരുഹൃദയത്തിനു സമർപ്പിക്കപ്പെടുന്നത് കണ്ട് സന്തോഷിക്കാനിട വന്നു.
മാർഗ്ഗരറ്റ് മേരി അലക്കോക്ക് ഒക്ടോബർ 17, 1690 ൽ 'ഈശോ' എന്നുച്ചരിച്ചു കൊണ്ട് മരിച്ചു. 1875ൽ ആഗോള കത്തോലിക്കസഭയെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചു. പോപ്പ് ബെനഡിക്ട് പതിഞ്ചാമൻ പാപ്പ 1920 ൽ മാർഗരറ്റ് മേരി അലക്കോക്കിനെ വിശുദ്ധയായി നാമകരണം ചെയ്തു.
"സമൂഹത്തിൽ, ഗ്രാമങ്ങളിൽ, അയല്പക്കങ്ങളിൽ, ഫാക്ടറികളിൽ, ഓഫീസുകളിൽ, ആളുകളും വംശങ്ങളുമൊക്കെ ഒത്തുകൂടുന്ന മീറ്റിങ്ങുകളിൽ ..എല്ലായിടത്തും..കല്ലുകൊണ്ടുള്ള ഹൃദയം..വരണ്ട ഹൃദയം മാംസളഹൃദയമാകണം ..തന്റെ സഹോദരന്മാരിലേക്കും സഹോദരിമാരിലേക്കും തുറന്നുകൊണ്ട്... ദൈവത്തിലേക്ക് തുറന്നുകൊണ്ട്...മനുഷ്യരുടെ നിലനിൽപ്പ് തന്നെ അതിനെ ആശ്രയിച്ചാണ്. നമ്മുടെ കഴിവിനും അപ്പുറത്താണത്... അത് ദൈവത്തിൽ നിന്നുള്ള സമ്മാനമാണ് ...അവന്റെ സ്നേഹസമ്മാനം". ഫ്രാൻസിലെ പാരലിമോണിയായിൽ ഈശോ മാർഗ്ഗരറ്റ് മേരി അലക്കോക്കിനു പ്രത്യക്ഷപ്പെട്ട, അവളുടെ ശരീരം അൾത്താരയിൽ കിടത്തിയിരിക്കുന്ന അതേ ദേവാലയത്തിൽ പോപ്പ് ജോൺപോൾ രണ്ടാമൻ സന്ദർശനം നടത്തിയ വേളയിൽ പറഞ്ഞതാണിത്. എസെക്കിയേൽ 36:26 ഉദ്ദേശിച്ചാണ് പോപ്പ് അന്നത് പറഞ്ഞത്.
Happy Feast of St. Margaret Mary Alacoque
ജിൽസ ജോയ്


Comments