top of page

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ എക്യുമെനിസത്തെക്കുറിച്ചുള്ള പ്രബോധനം


ഏകവും വിശുദ്ധവും സാർവത്രികവും ശ്ലൈഹീകവുമായ സഭയിലുള്ള വിശ്വാസം ഏറ്റു പറയാൻ സഭ പഠിപ്പിക്കുമ്പോൾ വ്യത്യസ്തവും വ്യക്തിഗതവുമായ സഭകളുടെയും സഭാസമൂഹങ്ങളുടെയും സാന്നിധ്യം നിരവധി ചോദ്യങ്ങളുയർത്തുന്നുണ്ട്. സഭകൾ തമ്മിലുള്ള ഐക്യം അഥവാ എക്യുമെനിസം പല ചോദ്യങ്ങൾക്കും ഉത്തരമാകുമെങ്കിലും എക്യുമെനിസം ഉന്നം വയ്ക്കുന്ന ലക്‌ഷ്യം ഇനിയും ഏറെ വിദൂരത്തിലാണ്. വ്യത്യസ്തമായ ആദ്ധ്യാൽമികതയും ചിന്താരീതികളും കത്തോലിക്കാസഭക്കുള്ളിൽത്തന്നെ ഉള്ളപ്പോൾ മറ്റു സഭകൾക്കുള്ള പ്രത്യേകതയും വ്യത്യസ്തതയും മനസിലാക്കാൻ പ്രയാസമുണ്ടാകില്ല. സഭകൾ തമ്മിലുള്ള ഐക്യവും മതങ്ങൾ തമ്മിലുള്ള ഐക്യവും അടിസ്ഥാനപരമായും ദൈവവിശ്വാസത്തിൽ അടിയുറച്ചതും വ്യത്യസ്തങ്ങളായ അനുഭവങ്ങളെയും ആചാരരീതികളെയും അംഗീകരിച്ചും ആകുമ്പോൾ സഹവർത്തിത്വവും മനുഷ്യനന്മക്കുവേണ്ടിയുള്ള ഒരുമിച്ചുള്ള പ്രവർത്തനവും എളുപ്പമാകും.

ഇരുപത്തിമൂന്നാം യോഹന്നാൻ മാർപ്പാപ്പയും പോൾ ആറാമൻ മാർപ്പാപ്പയും കത്തോലിക്കരല്ലാത്ത ക്രിസ്ത്യാനികളെക്കുറിച്ചു എഴുതുകയും സംസാരിക്കുകയും ചെയ്തപ്പോൾ അവരെ സഹോദരരെന്ന് സംബോധന ചെയ്യുകയും സഭയെ നിങ്ങളുടെ ഭവനമെന്നു വിശേഷിപ്പിക്കുകയും ചെയ്തത് വളരെ ഭാവാൽമകമായ ഫലങ്ങളുണ്ടാക്കി. 1960 -ൽ എക്യുമെനിസത്തിനുവേണ്ടിയുള്ള സെക്രട്ടറിയേറ്റ് രൂപീകരിച്ചതാണ് നിർണ്ണായകമായത്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖക്കുവേണ്ടി നിയോഗിക്കപ്പെട്ട കമ്മീഷനുകളിൽ എക്യുമെനിസം തുടക്കത്തിൽ ഉൾപ്പെട്ടിരുന്നില്ല. കർദിനാൾ അഗസ്തിൻ ബയായുടെ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ മാർപ്പാപ്പയോടുള്ള വ്യക്ത്തിപരമായ ബന്ധവും എക്യുമെനിസം കൗൺസിലിന്റെ പ്രമാണരേഖക്കുവേണ്ടിയുള്ള വിഷയങ്ങളിൽ ഉൾപ്പെടുന്നതിന് കാരണമായി.

പൗരസ്ത്യ സഭകളുമായുള്ള എക്യുമെനിസം പൗരസ്ത്യ സഭകളെക്കുറിച്ചുള്ള പ്രമാണ രേഖയിലും യൂദരുമായുള്ള ബന്ധത്തെ സംബന് ധിച്ചുള്ള വിഷയങ്ങൾ അക്രൈസ്തവ മതങ്ങളെക്കുറിച്ചുള്ള ഡിക്രിയിലും മതസ്വാതന്ത്ര്യം സംബന്ധിച്ച കാര്യങ്ങൾ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രമാണ രേഖയിലും ഉൾപ്പെടുത്തിയപ്പോൾ 1962 -ൽ എക്യുമെനിസത്തിനുവേണ്ടിയുള്ള സെക്രട്ടറിയേറ്റ് തയ്യാറാക്കിയ വിഷയങ്ങൾ മാത്രമേ എക്യുമെനിസത്തിനുവേണ്ടിയുള്ള പ്രമാണരേഖയിൽ ഉൾപ്പെടുത്തിയുള്ളു. വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ ന്യു ഡൽഹിയിൽ വച്ച് നടന്ന മൂന്നാമത്തെ സമ്മേളനത്തിന് കത്തോലിക്കാ പ്രതിനിധികളെ അയക്കാൻ കർദ്ദിനാൾ ബയായും ഒക്റ്റാവിനിയും ധാരണ ആയതും എക്യുമെനിസത്തെക്കുറിച്ചുള്ള പ്രമാണരേഖ തയ്യാറാക്കുന്നതിന് സഹായകമായി. കർദ്ദിനാൾ ഒക്റ്റാവിനി ഡൽഹിക്ക് പ്രതിനിധികളെ അയക്കുന്നതിന് തുടക്കത്തിൽ തയ്യാറല്ലായിരുന്നു എന്നതാണ് യാഥാർഥ്യം. എന്നാൽ എക്ക്യുമെനിസത്തിനുവേണ്ടിയുള്ള സെക്രട്ടറിയേറ്റിന്റെ അംഗങ്ങളോ എക്യുമെനിസത്തെക്കുറിച്ചു ഡിക്രി തയ്യാറാക്കുന്ന കമ്മീഷന്റെ അംഗങ്ങളോ അല്ലാത്തവരെ അയക്കാൻ കർദ്ദിനാൾ ബയാ തയ്യാറായപ്പോൾ ഒക്റ്റാവിനി സമ്മതിക്കുകയായിരുന്നു.

രണ്ടാം വത്തിക്കാൻ കൗൺസിലിലെ അകത്തോലിക്കാ പ്രതിനിധികൾ

മോസ്‌കോയിൽ നിന്നും കോൺസ്റ്റാന്റിനോപ്പിളിൽ നിന്നും പ്രതിനിധികൾ കൗൺസിലിന് വരുമോ എന്ന കാര്യത്തിൽ കൗൺസിൽ സംഘാടകർക്ക് തീർച്ച ഇല്ലായിരുന്നു. അകത്തോലിക്കാരായ പ്രതിനിധികൾക്കും എല്ലാ ഔദ്യോഗിക സമ്മേളനങ്ങളിലും പങ്കെടുക്കാൻ അനുവാദം ഉണ്ടായിരുന്നു. എന്നാൽ വോട്ടു ചെയ്യാനും പ്രസംഗിക്കാനും അവകാശം ഇല്ലായിരുന്നു. കൗൺസിൽ ഹാളിൽ അകത്തോലിക്കാ പ്രതിനിധികൾക്ക് വളരെ പ്രധാനപ്പെട്ട സ്ഥലത്താണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. അതായത് കൗൺസിലിന്റെ പ്രസിഡന്റിന്റെയും മോഡറേറ്റർമാരുടെയും മുൻപിൽ. കൗൺസിൽ പിതാക്കന്മാർക്കെല്ലാം ഇവരെ കാണാൻ കഴിഞ്ഞിരുന്നു. ഒരേ വിശ്വാസം ഏറ്റുപറയുന്ന, ഒരേ ക്രിസ്തുവിൽ വിശ്വസിക്കുന്ന, ഒരേ സുവിശേഷം പ്രസംഗിക്കുന്ന, ഒരുമിച്ചു പ്രാർത്ഥിക്കുന്ന, മാർപ്പാപ്പായാൽ ഔദ്യോഗികമായി അഭിസംബോധന ചെയ്യപ്പെട്ട ഈ അകത്തോലിക്കാ പ്രതിനിധികൾ സ്വന്തമാണെന്നും സഭയിലെ ഐക്യമില്ലായ്മ ഒഴിവാക്കേണ്ടതാണെന്നുമുള്ള ചിന്ത അകത്തോലിക്കരായ പ്രതിനിധികളുടെ സാന്നിദ്യം സഭയിൽ ഉളവാക്കി.

കമ്മീഷന്റെ പ്രവർത്തനം

ക്രൈസ്തവർ തമ്മിലുള്ള ഐക്യത്തിന്റെ അടിസ്ഥാനം ക്രിസ്ത്യാനികൾ എല്ലാവരും സ്വീകരിച്ച മാമോദീസയും മാമ്മോദീസയിലൂടെ സ്വീകരിച്ച ദൈവാരൂപിയുമാണ്. സഭയുടെ ഐക്യത്തിനുവേണ്ടിയുള്ള സെക്രട്ടറിയേറ്റ് ലോകമെമ്പാടുമുള്ള മെത്രാന്മാരിൽനിന്നും ദൈവശാസ്ത്രജ്ഞരിൽനിന്നുമായി മുന്നൂറോളം നിർദ്ദേശങ്ങൾ കൗൺസിൽ തുടങ്ങിന്നതിനു മുൻപ് സ്വീകരിക്കുകയും അവ പഠിക്കുകയും വിലയിരുത്തുകയും ചെയ്തു. അവയിൽ നിന്നും അഞ്ചു വിഷയങ്ങൾ അഞ്ചു അദ്ധ്യായങ്ങളായി അവതരിപ്പിച്ചു. എക്യുമെനിസത്തിനുവേണ്ടിയുള്ള പ്രാർത്ഥന, ദൈവവചനം, യൂദന്മാർ, കത്തോലിക്കാ എക്യുമെനിസം, മതസ്വാതന്ത്ര്യം എന്നിവ ആയിരുന്നു അവ. ചർച്ചയിൽ എഡേസ്സയിലെ ആർച്ചുബിഷപ്പായിരുന്ന എഡെൽബി പൗരസ്ത്യ ഓർത്തഡോൿസ് സഭകൾക്ക് അപ്പസ്തോലിക പാരമ്പര്യമുണ്ടെന്നും അതുകൊണ്ടു അവയെ സഭയായി ഔദ്യോഗികമായി അംഗീകരിക്കാനാണെമെന്നും നിർദേശിച്ചത് പൊതുവെ സ്വീകാര്യമായി.

വ്യത്യസ്ത സഭകൾ

ക്രിസ്തുവിന്റെ അപ്പസ്തോലന്മാർ സുവിശേഷം ലോകത്തിന്റെ വിവിധ സാംസ്കാരിക കേന്ദ്രങ്ങളിൽ പ്രചരിപ്പിച്ചു. അതാത് ദേശത്തിന്റെ സംസ്ക്കാരങ്ങളോടും ആചാരങ്ങളോടും ചേർന്ന് വിശ്വാസം വളർന്നു. വിവിധ റീത്തുകളുടെ ഉത്ഭവം, വിവിധ ദേശങ്ങളിലെ വിശ്വാസപ്രഘോഷണത്തിന്റെയും വിശ്വാസജീവിതത്തിന്റെയും ഫലമാണ്. റോമിലും അന്ത്യോഖ്യയിലും (സുറിയാനി) അലക്‌സാണ്ട്രിയായിലും (ഈജിപ്ത്യൻ) തനതായ രീതി അഥവാ റീത്തു വളർന്നു. വിശുദ്ധ ബേസിലിന്റെയും ക്രിസോസ്തോമിന്റെയും സ്വാധീനത്തിൽ അന്ത്യോക്യൻ റീത്തിൽ നിന്നും ബൈസന്റയിൻ റീത്ത് ഉത്ഭവിച്ചു. റീത്തുകളെ പൗരസ്ത്യമെന്നും പാശ്ചാത്യമെന്നും വേർതിരിച്ചു. ഈ വേർതിരിവ് ഒരർത്ഥത്തിൽ കൃത്യത ഇല്ലാത്തതും അനാവശ്യവുമായിരുന്നു. ഇന്ന് ഇരുപത് വ്യത്യസ്ത റീത്തുകൾ നിലവിലുണ്ട്. വ്യത്യസ്തങ്ങളായ റീത്തുകളോടൊപ്പം ക്രിസ്തുവിന്റെ രണ്ടു സ്വഭാവങ്ങൾ അംഗീകരിക്കാത്ത പുരാതന പൗരസ്ത്യ സഭകളും ഓർത്തഡോൿസ് സഭകളും

വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. നിരവധി പ്രൊട്ടസ്റ്റന്റ് സഭകളെയും പുരാതന കത്തോലിക്കാരെയും സ്വതന്ത്ര സഭകളെയും കൂടി പരിഗണിക്കുമ്പോൾ ക്രിസ്തുവിന്റെ സഭകളുടെ ഏകദേശരൂപമാകും. ഏകസഭ എന്ന സങ്കൽപ്പമാണ് കത്തോലിക്കാ വിശ്വാസമെങ്കിലും മറ്റു പല സഭകളെയും അപ്പസ്തോലിക സഭകളായി കത്തോലിക്കാസഭ അംഗീകരിക്കുന്നുണ്ട്. അപ്പസ്‌തോലിക സഭകളായി കത്തോലിക്കാസഭ അംഗീകരിക്കാത്ത സഭകൾ പരാതിപ്പെടുന്നുണ്ട്. അതായത് ക്രിസ്തുവിൽ വിശ്വസിക്കുകയും ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുകയും ചെയ്യുന്ന എല്ലാ സഭാസമൂഹങ്ങളും ആധികാരികത അവകാശപ്പെടുന്നുണ്ട്. എക്യുമെനിസം പ്രസക്തമാകുന്നത് സഭകളുടെ വ്യത്യസ്തതയും സഭകൾക്കിടയിലുള്ള പരസ്പരമുള്ള അംഗീകരിക്കലിന്റെ ഏറ്റക്കുറച്ചിലുകളുമാണ്.

എക്യുമെനിസം ഐക്യത്തിലേക്കുള്ള പാത

എക്യുമെനിസം സഭകൾ തമ്മിലുള്ള ഐക്യത്തിലേക്കുള്ള വഴിയായാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ മനസിലാക്കുന്നത്. കത്തോലിക്കാസഭയുമായി ഐക്യത്തിലല്ലാത്ത പൗരസ്ത്യസഭകളുടെയും പ്രൊട്ടസ്റ്റന്റ് സഭകളുടെയും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ സാന്നിധ്യം എക്യുമെനിസത്തിന് പ്രോത്സാഹനമായി. റോമാസഭയിലേക്ക് തിരിച്ചുവരാനുള്ള ആഹ്വാനം രണ്ടാം വത്തിക്കാൻ കൗൺസിൽ മുഴക്കിയില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പകരം ഒരു ഇടയനും ഒരു അജഗണവുമാകാൻവേണ്ടിയുള്ള പരസ്പരം കൂടുതൽ മനസിലാക്കാനുള്ള പരിശ്രമവും പദ്ധതികളുമാണ് കൗൺസിൽ വിഭാവന ചെയ്തത്. 1908 മുതൽ ആരംഭിച്ച സഭാ ഐക്യവാരപ്രാർത്ഥനയും വിവിധങ്ങളായ എക്യുമെനിക്കൽ പ്രസ്ഥാനങ്ങളും രണ്ടാം വത്തിക്കാൻ കൗൺസിലിലെ എക്യുമെനിസത്തെക്കുറിച്ചുള്ള ചിന്തകളും ചർച്ചകളും എളുപ്പമാക്കി. ഐക്യം ലഭ്യമാക്കാനും മറ്റു സഭകളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും നിലപാടുകളെയും മുറിവേൽപ്പിക്കാതിരിക്കാനുമുള്ള ശ്രദ്ധ എല്ലായിടത്തും പ്രകടമായിരുന്നു. ഐക്യം ഒരു സഭയുടെ മാത്രം ആവശ്യമല്ല; എല്ലാവരുടെയും പൊതുതാൽപ്പര്യം ആണെന്ന അവബോധം ഉണർത്തുകയും അതനുസരിച്ചു പ്രവർത്തിക്കുകയുമാണ് തുടക്കം.

എക്യുമെനിസത്തിന്റെ ലക്‌ഷ്യം

വിശ്വാസത്തിലും അനുഷ്ഠാനത്തിലുമുള്ള അന്തരം എക്യുമെനിസത്തെ അത്യാവശ്യമായി സഭകൾ കണക്കാക്കി. അതുകൊണ്ടു അപ്പസ്തോലിക പാരമ്പര്യം, പൗരോഹിത്യം, പ്രബോധനാധികാരം, മാർപ്പാപ്പയുടെ സ്ഥാനം, പരിശുദ്ധ കന്യാമറിയം, കൂദാശകൾ, വിശുദ്ധ കുർബാന, ധാർമ്മികത, തുടങ്ങിയ വിഷയങ്ങൾ എക്യുമെനിക്കൽ സമ്മേളനങ്ങളിലും കൂട്ടായ്മകളിലും ചർച്ച ചെയ്യപ്പെടുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ നടന്ന അറുപതുകളിൽ എക്യുമെനിസം കാലത്തിന്റെ അടയാളമാണ്. കാലഘട്ടത്തിന്റെ ആവശ്യമായി കത്തോലിക്കരും അകത്തോലിക്കരും എക്യുമെനിസത്തെ മനസിലാക്കുകയും സ്വീകരിക്കുകയും ചെയ്തു. ഏകവും കത്തോലിക്കവുമായി സഭയെന്ന സ്വപ്നം വൈകാതെ യാഥാർഥ്യമാകുമെന്നു ചിന്തിച്ചവർ പോലും ഉണ്ടായി.

അറുപതു വര്ഷങ്ങൾക്കുശേഷം കാലവും കാലഘട്ടത്തിന്റെ ആവശ്യവും ഏറെ വ്യത്യസ്തമായി. കമ്യുണിസവും ബർലിൻ മതിലും തകർന്നു. ആഗോളവൽക്കരണം ചലനങ്ങൾ സൃഷ്ടിച്ചതുപോലെ ഫണ്ടമെന്റലിസം ഭീകരാന്തരീക്ഷം പടർത്തുകയും ചെയ്തു. സാമ്പത്തിക മാന്ദ്യവും സാമ്പത്തിക വളർച്ചയും അനിശ്ചിതത്വത്തിന്റെ കാറ്റ് വീശാനും കാരണമാക്കി. മനുഷ്യജീവിതത്തിന്റെ അനിശ്ചിതത്വം അവസ്ഥത ഉളവാക്കി. ഇത്തരം സാഹചര്യത്തിൽ ക്രിസ്തീയ മൂല്യങ്ങൾ ലോകത്ത് നിലനിർത്താനും പ്രചരിപ്പിക്കാനുമുള്ള ക്രിസ്ത്യാനികളുടെ കൂട്ടുത്തരവാദിത്വം ഏവർക്കും ബോധ്യമായി. ക്രൈസ്തവർക്ക് ഒരുമിച്ച് പ്രവർത്തിക്കാനുള്ള മാർഗ്ഗമായാണ് എക്യുമെനിസത്തെ മനസിലാക്കേണ്ടത്. വിശ്വാസ സംഹിതയിൽ വ്യത്യാസവും വ്യക്‌തികളുടെയും സമൂഹങ്ങളുടെയും താൽപ്പര്യങ്ങളും പലപ്പോഴും വിഭാഗീയക്കും വിഭജനത്തിനു കാരണമായെങ്കിലും ക്രിസ്തീയ മൂല്യങ്ങളുടെ സംരക്ഷണവും പ്രചാരണവും ലോകനന്മക്കു അത്യാവശ്യമാകുന്ന സാഹചര്യങ്ങളിൽ വ്യത്യസ്തതയും സ്വന്തം താല്പര്യങ്ങളും മറന്ന് ഒരുമിച്ച് പ്രവർത്തിക്കാവുന്നതേയുള്ളു.

എക്യുമെനിസം എന്ന പദം

എക്യുമെനിസം എന്ന പദം ഗ്രീക്ക് ഭാഷയിലാണ് ഉത്ഭവിച്ചത്. റോമക്കാരും ഗ്രീക്കുകാരും ആരംഭകാലങ്ങളിൻ ജനവാസമുള്ള സ്ഥലം, സംസ്‌ക്കാരമുള്ള പ്രദേശം എന്തൊക്കെയാണെന്ന് എക്യുമെനിസം എന്ന പദംകൊണ്ട് അർത്ഥമാക്കിയിരുന്നത്. സംസ്ക്കാരസമ്പന്നരായ സമൂഹങ്ങളെ വേർതിരിച്ചുകാണിക്കാൻ വേണ്ടിയും 'എക്യുമെനെ' എന്ന പദം ഉപയോഗിച്ചു. ലോകം മുഴുവൻ സുവിശേഷം പ്രഘോഷിക്കാനുള്ള ക്രിസ്തുവിന്റെ ആഹ്വാനം (മത്തായി 24 :14) ലോകത്തെ ദൈവവചനം കൊണ്ട് സംസ്ക്കാരസമ്പന്നമാക്കാനുള്ള, ദൈവികവും മാനുഷികവുമാക്കാനുള്ള വിളിയും ദൗത്യവുമായി മനസിലാക്കാം. ഭൂമിയുടെ ഉപ്പയും ലോകത്തിന്റെ പ്രകാശമായി ദൈവവചനവും ക്രിസ്തുശിഷ്യരും പ്രശോഭിക്കുമ്പോൾ വചനപ്രഘോഷണവും ക്രിസ്തീയ മൂല്യങ്ങളുടെ പ്രചാരണവും എല്ലാ ക്രിസ്തീയ

ക്രിസ്തീയ വിശ്വാസികളുടെയും പൊതുതാൽപ്പര്യമായി മാറും.

മാമോദീസായും ബൈബിളും നൈസയാ വിശ്വാസപ്രമാണവും ക്രിസ്തീയസഭകൾ പൊതുവെ അംഗീകരിക്കുന്നവയാണ്. വ്യത്യസ്തത നിലനിർത്തിയും പരസ്പരം അംഗീകരിച്ചുകൊണ്ടും ഐക്യം സ്ഥാപിക്കാനുള്ള ശ്രമമാകും എക്ക്‌മെനിസത്തിനു എളുപ്പം. ഐക്യപ്പെടുത്തുന്നതും പരസ്പരം ബന്ധിപ്പിക്കുന്നതുമായ കാര്യങ്ങൾ ഗൗരവമായി പരിഗണിക്കുകയും പരസ്പരം ഭിന്നിപ്പിക്കുന്നതും അകറ്റുന്നതുമായ വിഷയങ്ങൾ തൽക്കാലം മറക്കുകയും ചെയ്യുകയാണ് ആവശ്യം. വ്യത്യസ്തതയും ബഹുസ്വരതയും അംഗീകരിച്ചുകൊണ്ടുള്ള ഐക്യം എല്ലാവരുടെയും ലക്ഷ്യവും സ്വപ്നവുമായാൽ സഭയുടെ ഐക്യം അനതിദൂരത്താകില്ല. എക്യുമെനെ എന്ന പദം അർത്ഥമാക്കുന്ന സാംസ്ക്കാരിക പുരോഗതി സഭയുടെ ഐക്യത്തിലൂടെ ഉടലെടുത്താൽ അത് മനുഷ്യഗണത്തിന് വലിയൊരു മുതൽക്കൂട്ടാകും.

സഭയുടെ ഐക്യവും മാർപ്പാപ്പയുടെ പരമാധികാരവും

മാർപ്പാപ്പയുടെ പരമാധികാരം മറ്റു സഭകൾ അംഗീകരിക്കാതെ സഭകൾ തമ്മിലുള്ള ഐക്യം സാദ്ധ്യമാകുമോ എന്ന ചോദ്യം പലപ്പോഴും കേൾക്കാറുണ്ട്. പരമാധികാരം എന്നതുകൊണ്ട് എന്തർത്ഥമാക്കുന്നുവെന്ന്കൂടി ചിന്തിക്കണം. കത്തോലിക്കാസഭക്കുള്ളിലെ വിവിധ റീത്തുകൾക്കിടയിലും വിവിധരൂപതകളുടെ പ്രവർത്തനങ്ങളിലും പല കാര്യങ്ങളിലും മാർപ്പാപ്പ ഇടപെടുന്നേ ഇല്ല എന്നത് മറന്നുകൂടാ. മാർപ്പാപ്പായുടെ അധികാരവും എക്യുമെനിസവും വിശ്വാസസംഹിതയുടെ പശ്ചാത്തലത്തിലാണോ സഭാസംഘടനയുടെയും ഭരണാധികാരത്തിന്റെയും വെളിച്ചത്തിലാണോ അതോ അദ്ധ്യാത്മിക തലത്തിലാണോ മനസിലാക്കേണ്ടത്? പത്രോസിന്റെ സിംഹാസനത്തിന്റെ ആവശ്യകതയും പ്രസക്ത്തിയും ആരും ചോദ്യം ചെയ്യുമെന്ന് കരുതുന്നില്ല. റീത്തുകളുടെയും സഭകളുടെയും മതങ്ങളുടെയും രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും സ്വാതന്ത്ര്യമെന്ന സങ്കൽപം ഇന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്. സ്വാതന്ത്ര്യവും വ്യത്യസ്തതയും അംഗീകരിക്കുമ്പോൾ സ്ഥാനത്തെ അംഗീകരിക്കാൻ വിഷമമുണ്ടാകേണ്ടതില്ല.

ഒന്നാം വത്തിക്കാൻ കൗൺസിൽ മറ്റു മതങ്ങളെ മാത്രമല്ല മറ്റു ക്രൈസ്തവ വിഭാഗങ്ങളെയും സഭക്ക് പുറത്തുള്ളവരും രക്ഷ കിട്ടാത്തവരുമായി ചിത്രീകരിച്ചത് എക്യുമെനിസത്തെ ഏറെ തളർത്തി. ലിയോ പതിമൂന്നാമൻ മാർപ്പാപ്പ (1878 - 1903) മറ്റു ക്രൈസ്തവവിഭാഗങ്ങളെക്കുറിച്ച് എഴുതിയപ്പോൾ ഓർത്തഡോൿസ് സഭയെയും ആംഗ്ലിക്കൻ സഭയെയും ഏറെ ഭാവാത്മകമായി പരിഗണിച്ചത് എക്യുമെനിസത്തിന് സഹായകമായിരുന്നു. എന്നാൽ 1896 -ൽ ലിയോ പതിമൂന്നാമൻ മാർപ്പാപ്പ ആംഗ്ലിക്കൻ സഭയുടെ പൗരോഹിത്യം അസാധുവായി പ്രഖ്യാപിച്ചത് സഭകളെ വീണ്ടും അകറ്റി. മൊറാലിയും ആനിമോസ് (1928) എന്ന ചക്രീയ ലേഖനം എക്യുമെനിസത്തെ വീണ്ടും പ്രോത്സാഹിപ്പിച്ചപ്പോൾ മിസ്റ്റിച്ചി കോർപോരിസ് വീണ്ടും നിരാശപ്പെടുത്തി.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ നിരവധി ആരാധനാക്രമപരവും ആദ്ധ്യാൽമികവുമായ പ്രസ്ഥാനങ്ങളും ഒട്ടനവധി ദൈവശാസ്ത്രഞ്ജരും എക്യുമെനിസത്തിന് സഹായകമായി. കർദിനാൾ ബയായുടെ നേതൃത്വത്തിൽ എക്യുമെനിസത്തിനുവേണ്ടിയുള്ള സെക്രട്ടറിയേറ്റ് രൂപീകരിക്കുന്നതിന് മുൻപുതന്നെ ഹോളണ്ടിൽ ഫ്രാൻസ് തീസനും യാൻ വിറ്റിബ്രാണ്ടും എക്യുമെനിക്കൽ വിഷയങ്ങൾക്കുവേണ്ടിയുള്ള കത്തോലിക്കാ കോൺഫറൻസ് രൂപീകരിച്ചത് ഒരുപക്ഷെ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ എക്യുമെനിക്കൽ ചിന്തകളുടെ ആരംഭമായോ ആദ്യപടി ആയോ മനസിലാക്കാം. എന്നാൽ കർദിനാൾ ബയായുടെ പ്രവർത്തനങ്ങളാണ് രണ്ടാം വത്തിക്കാൻ കൗൺസിലിൽ എക്യുമെനിസം പ്രസക്ത്തമായ വിഷയമാക്കി തീർത്തത്. പന്ത്രണ്ടാം പിയൂസ് മാർപ്പാപ്പയുടെ കുമ്പസാരക്കാരനും ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ എമിറേറ്റഡ് പ്രഫസ്സറും ആയിരുന്ന ബയാ എഴുപത്തി ഒൻപതാം വയസിലാണ് 1959 ഡിസംബർ പതിനാലാം തിയതി ഇരുപത്തി മൂന്നാം യോഹന്നാൻ മാർപ്പാപ്പ കർദിനാളായി ഉയർത്തിയതും എക്യുമെനിസത്തിനുവേണ്ടിയുള്ള സെക്രട്ടറിയേറ്റിന്റെ ആദ്യ പ്രസിഡന്റാക്കിയതും.

ഉള്ളടക്കം

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ മൂന്നാം സമ്മേളന കാലഘട്ടത്തിൽ അഞ്ചാമത്തെ സമ്മേളനത്തിൽ 1964 നവംബർ 21 - നു എക്യുമെനിസം എന്ന പ്രമാണരേഖ പാസ്സാക്കപ്പെട്ടു. unitas redintegratio എന്ന ഈ പദപ്രയോഗത്തിന്റെ അർത്ഥം പുനഃസ്ഥാപനം എന്നാണ്. കത്തോലിക്കാ സഭയിലേക്ക് തിരിച്ചുവരണം എന്ന ആഹ്വാനമല്ല, ഐക്യമാണ് വിഷയം. ക്രിസ്തുവിന്റെ സഭ കത്തോലിക്കാസഭ ആണെന്ന അവകാശം പ്രത്യക്ഷത്തിൽ പ്രകടിപ്പിക്കാതെ ക്രിസ്തുവിന്റെ ഏകസഭ സഭാസമൂഹത്തിൽ സന്നിഹിതമാണെന്ന് കൗൺസിൽ പ്രഖ്യാപിക്കുന്നു. ഭിന്നിപ്പിനെപ്പറ്റി സൂചിപ്പിക്കാതെ യാണ് ഐക്യത്തെപ്പറ്റി പ്രതിപാദിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ക്രിസ്തു സഭ സ്ഥാപിച്ചു എന്നും സഭകൾ ക്രിസ്തുവിനെ പ്രഘോഷിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു എന്നുമുള്ള സന്ദേശമാണ് ഡിക്രി നൽകുന്നത്. വ്യത്യസ്തമായി ചിന്തിക്കുന്നവരും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നവരും ക്രിസ്തുവിൽ ഒരുമിക്കണമെന്നാണ് സഭയുടെ ആഗ്രഹം. എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കാനുള്ള സഭയുടെ ദൗത്യനിർവഹണത്തിന് ക്രൈസ്തവർക്കിടയിലെ വിയോജിപ്പും ഭിന്നപ്പും തടസ്സമാണെന്ന് കൗൺസിൽ കരുതുന്നു. ക്രിസ്തു തന്റെ കൃപ നമുക്ക് നൽകുമെന്നും പരിശുദ്ധാരൂപി ഐക്യം സാധിതമാക്കും എന്നും ഒരുമിച്ച് പരിശുദ്ധ ത്രീത്വത്തെ മഹത്വപ്പെടുത്താൻ ഒരിക്കൽ കഴിയുമെന്നും കൗൺസിൽ വിശ്വസിക്കുന്നു.

എക്യുമെനിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ എക്യുമെനിസത്തിനായുള്ള പരിശീലനം കത്തോലിക്കാ സഭയും മറ്റു സഭകളും സഭാസമൂഹങ്ങളും തുടങ്ങിയ അദ്ധ്യായങ്ങളും വിഷയങ്ങളുമാണ് ഈ ഡിക്രിയിൽ പ്രതിപാദിക്കപ്പെടുന്നത്

പശ്ചാത്തലം

1943 -ൽ മിസ്റ്റിച്ചി കോർപോരിസ് (Mistici Corporis ) എന്ന ചാക്രീയ ലേഖനത്തിലൂടെ പന്ത്രണ്ടാം പിയുസ് മാർപ്പാപ്പ അകത്തോലിക്കരായ ക്രൈസ്തവരെ സഭയിലേക്ക് തിരിച്ചു വരേണ്ടവരും തെറ്റിലകപ്പെട്ടിരിക്കുന്നവരുമായി ചിത്രീകരിച്ചു. 1956 -ൽ ബെർലിനിലെ ഇവാഞ്ചെലിക്കൽ ബിഷപ്പായ ഓട്ടോ ഡിബിലിയുസ് (Otto Dibilius) -നെ പത്രണ്ടാം പിയുസ് മാർപ്പാപ്പ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ ചരിത്രത്തിൽ ആദ്യമായി ഒരു ഇവാഞ്ചെലിക്കൽ ബിഷപ്പ് മാർപ്പാപ്പായാൽ ഔദ്യോഗികമായി സ്വീകരിക്കപ്പെട്ടു. 1917 -ലെ കാനൻ നിയമം അനുസരിച്ചു അകത്തോലിക്ക സംഘങ്ങളെന്നാണ് കത്തോലിക്കരല്ലാത്ത ക്രിസ്ത്യാനികളെ കത്തോലിക്കാ സഭ വിളിച്ചിരുന്നത്. ഭിന്നിച്ചു നിൽക്കുന്ന റോമൻ സഭയിലെ അംഗങ്ങൾ തമ്മിലും വിവിധ അപ്പസ്‌തോലിക സഭകൾ തമ്മിലുമുള്ള ഐക്യം ഇരുപത്തിമൂന്നാം യോഹന്നാൻ മാർപ്പാപ്പയുടെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. 1959 -ൽ കൗൺസിൽ നിരീക്ഷകരായി മറ്റു ക്രൈസ്തവ സഭാപിതാക്കന്മാരെ ക്ഷണിക്കാൻ തീരുമാനിച്ചതും 1960 -ൽ ജർമ്മനിയിലെ ഫ്രെയ്‌ബുർഗ്കാരനും പന്ത്രണ്ടാം പിയുസ് മാർപ്പാപ്പയുടെ കുമ്പസാരക്കാരനും റോമിലെ ഗ്രിഗോറിയൻ സർവകലാശാലയുടെ എമിറേറ്റഡ് പ്രൊഫസറും പിന്നീട് 1959 മുതൽ കർദ്ദിനാളുമായിരുന്ന ഈശോസഭക്കാരൻ അഗസ്റ്റിൻ ബയായുടെ (Augustine Bea 1881 -1968 ) നേതൃത്വത്തിൽ സഭയുടെ ഐക്യത്തിനുവേണ്ടിയുള്ള സെക്രട്ടറിയേറ്റ് സ്ഥാപിച്ചതും എക്യുമെനിസത്തെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഡിക്രിക്കും കത്തോലിക്കാ സഭയുടെ എക്യുമെനിക്കൽ പ്രസ്ഥാനങ്ങൾക്കും നല്ലൊരു പശ്ചാത്തലം ഒരുക്കി.

കത്തോലിക്കാ സഭയോട് ഐക്യപ്പെടാത്ത ക്രൈസ്തവ സഭകളോടുള്ള ഭാവാത്മക മനോഭാവം കൗൺസിൽ പ്രഖ്യാപനം മുതൽ സമാപനം വരെ ത്രസിച്ചു നിന്നിരുന്നു. കത്തോലിക്കാ സഭയെ "നിങ്ങളുടെ ഭവനം" എന്ന് വിശേഷിപ്പിക്കാനും മറ്റു ക്രൈസ്തവ സഭകളെ "സഹോദരങ്ങൾ" എന്ന് അഭിസംബോധന ചെയ്യാനും ഇരുപത്തി മൂന്നാമൻ മാർപ്പാപ്പയും പോൾ ആറാമൻ മാർപ്പാപ്പയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ എക്യുമെനിസം എന്ന വിഷയം പഠിക്കാനും അവതരിപ്പിക്കാനും രണ്ടാം വത്തിക്കാൻ കൗൺസിലിന് തുടക്കത്തിൽ ഒരു കമ്മീഷൻ ഉണ്ടായിരുന്നില്ല. മറ്റു മിക്കവാറും എല്ലാ പ്രമാണ രേഖകൾക്കും കമ്മിഷനുകൾ പ്രഖ്യാപിക്കപ്പെട്ടിരുന്നു.

എക്യുമെനിസത്തിനു വേണ്ടിയുള്ള സെക്രട്ടറിയേറ്റിന്റെ തലവനായ കർദിനാൾ ബയയുടെ ബുദ്ധിപരമായ നീക്കങ്ങളും അദ്ദേഹത്തിന്റെ ഇരുപത്തി മൂന്നാം യോഹന്നാൻ മാർപ്പാപ്പയോടുള്ള വ്യക്തിപരമായ ബന്ധവും എക്യുമെനിസത്തെ സംബന്ധിച്ച നിർണ്ണായകങ്ങളായ ആശയങ്ങളും വിഷയങ്ങളും രണ്ടാം വത്തിക്കാൻ കൗൺസിലിൽ അവതരിപ്പിക്കുന്നതിനും അവ ഡിക്രി ആയി പരിണമിക്കുന്നതിനും കാരണമായി. എക്യുമെനിസത്തെക്കുറിച്ച കരടുരേഖ ഉണ്ടാക്കിയ കമ്മിഷൻ മറ്റു സഭകളുടെ ഐക്യം, യഹൂദരോടുള്ള ബന്ധം, മതസ്വാതന്ത്ര്യം എന്നെ മൂന്ന് വിഷയങ്ങളാണ് 1962 ഡിസംബറിൽ അവതരിപ്പിച്ചത്. അവയിൽ യഹൂദരോടുള്ള ബന്ധം സംബന്ധിച്ച കാര്യങ്ങൾ അക്രൈസ്തവ മതങ്ങളെക്കുറിച്ചുള്ള കൗൺസിലിന്റെ പ്രഖ്യാപനം ആയും (Nostra aetate ) മതസ്വാതന്ത്ര്യം (Dignitas humanae) തനതായ പ്രഖ്യാപനം ആയും കൗൺസിൽ പ്രമാണ രേഖകളിൽ സ്ഥാനം പിടിച്ചു. സഭയുടെ ഐക്യത്തിനുവേണ്ടിയുള്ള തത്വങ്ങൾ, പ്രയോഗിക തലത്തിലെ സഭയുടെ ഐക്യം, സഭയും സഭാസമൂഹങ്ങളും എന്നീ മൂന്ന് അദ്ധ്യായങ്ങളാണ് എക്യുമെനിസത്തെക്കുറിച്ചുള്ള ഡിക്രിയിൽ ഉള്ളത്.

തത്വങ്ങൾ

സഭകളുടെ ഐക്യം ക്രിസ്തുവിന്റെ ആഗ്രഹമാണെന്നും സ്നേഹിക്കുവാനുള്ള കൽപ്പന പാലിക്കാൻ സഭയുടെ ഐക്യം അനിവാര്യമാണെന്നും കൗൺസിൽ അഭിപ്രായപ്പെടുന്നു. മാമോദീസ സ്വീകരിച്ച എല്ലാവരെയും വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും ഐക്യത്തിന് നിദാനം പരിശുദ്ധാൽമാവ് ആണെന്ന് കൗൺസിൽ പറയുന്നു. മാമ്മോദീസ സ്വീകരിച്ച എല്ലാവരും ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളാണ്. പ്രാർത്ഥനയും പ്രസംഗവും പ്രവർത്തനവും വഴി ഐക്യപ്പെടാൻ എല്ലാവരും ശ്രമിക്കണം. വൈവിധ്യങ്ങൾ സഭ അംഗീകരിക്കുകയും കത്തോലിക്കരുടെ സഭയുടെ ഐക്യം സംരക്ഷിക്കാനുള്ള സംരംഭങ്ങളിൽ സന്തോഷിക്കുകയും ചെയ്യുന്നുവെന്ന് ഡിക്രി പറയുന്നു.

പ്രയോഗികതലം

മനസിന്റെ നവീകരണം വഴിയും ആന്തരിക പരിവർത്തനത്തിലൂടെയും വിനയം, ത്യാഗം, ക്ഷമ തുടങ്ങിയ സുകൃതാഭ്യാസങ്ങളിലൂടെയും സഭകളുടെ ഐക്യം പരിപോഷിപ്പിക്കാനാകുമെന്ന് കൗൺസിൽ പഠിപ്പിക്കുന്നു. ത്രിയേക ദൈവത്തോട് എന്തുമാത്രം ഐക്യപ്പെട്ടിരിക്കുന്നുവോ അത്രമാത്രം സഹോദരങ്ങളോടും ഐക്യപ്പെടാനാകും. എല്ലാവരും ഒന്നാകാൻ വേണ്ടി ക്രിസ്തു പ്രാർത്ഥിച്ചതുപോലെ നാമും പ്രാർത്ഥിക്കണം. സഭയുടെ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരം, സഭയുടെ ഐക്യത്തിനുവേണ്ടിയുള്ള സമ്മേളനങ്ങൾ, സഭകൾ തമ്മിലുള്ള പരസ്പര സഹകരണം തുടങ്ങിയവ സഭയെ ഐക്യത്തിലേക്ക് നയിക്കുമെന്നും കൗൺസിൽ പറയുന്നു.

സഭയും സഭാസമൂഹങ്ങളും

ഓർത്തഡോസ് ക്രൈസ്തവരെ "സഭ"എന്ന് വിളിക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ റോമൻ സഭയിൽ നിന്നും ഭിന്നിച്ചുപോയ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ സഭകളെ സഭാസമൂഹങ്ങൾ എന്നാണ് വിളിക്കുന്നത്. വിശ്വാസതിരുസംഘം 2000-ത്തിൽ പ്രസിദ്ധീകരിച്ച dominus Jesus എന്ന രേഖയിലും പൗരസ്ത്യ സഭകളെ സഭയെന്നും പ്രൊട്ടസ്റ്റന്റ് സഭകളെ സഭാസസമൂഹങ്ങളെന്നുമാണ് വിളിക്കുന്നത്. അപ്പസ്തോലിക പാരമ്പര്യം സംബന്ധിച്ച നിലപാടാണ് ഇതിന് കാരണം. പൗരസ്ത്യ സഭകളുടെ അപ്പസ്തോലിക പാരമ്പര്യം കത്തോലിക്കാ സഭ അംഗീകരിക്കുന്നുണ്ട്. എന്നാൽ മോസ്കോയിലെയും കോൺസ്റ്റാന്റിനോപ്പിളിലെയും കത്തോലിക്കാ സഭയോട് ഐക്യപ്പെട്ട സഭകൾ കത്തോലിക്കാ സഭയോട് ഐക്യപ്പെടാത്ത പൗരസ്ത്യ സഭകളെയും സഭകളെന്ന് വിളിക്കണമെന്നും സഭയായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടതുകൊണ്ടാണ് കൗൺസിൽ പൗരസ്ത്യ സഭകളെ പൊതുവെ സഭകൾ എന്ന് വിളിക്കുന്നത്. വിയന്നയിലെ ആർച്ചുബിഷപ്പായിരുന്ന കർദിനാൾ ക്യോനിഗ് (1905 -2004) ആണ് സഭകൾ സഭാസമൂഹങ്ങൾ എന്നീ രണ്ട്സംബോധനകൾ നിർദേശിച്ചത്.

ഉപസംഹാരം

പത്തൊൻപതാം നൂറ്റാണ്ടിൽ ആരംഭിച്ച എക്യുമെനിക്കൽ പ്രസ്ഥാനം കത്തോലിക്കാ സഭ സത്യത്തിൽ ഉൾക്കൊണ്ടിരുന്നില്ല. എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ എക്യുമെനിക്കൽ പ്രസ്ഥാനത്തെ അംഗീകരിച്ചത് ക്രൈസ്തവ സമൂഹത്തെ ഒന്നാകെ ആവേശഭരിതരാക്കി. അന്നുമുതൽ ഇന്നുവരെ ഒട്ടനവധി കത്തോലിക്കാ സമൂഹങ്ങളും വ്യക്തികളും എക്യുമെനിസത്തിനുവേണ്ടി ഇടവക തലങ്ങളിലും രൂപത തലങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. സഭയുടെ ഐക്യം ദൈവിക രക്ഷാ പദ്ധതിയുടെ ഭാഗം ആണെന്നും അത് മാനുഷികമായാ വിട്ടുവീഴ്ചകളിലൂടെയോ നേടേണ്ട കാര്യമല്ലെന്നുമുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ നിലപാട് പലരെയും നിരാശപ്പെടുത്തി. പത്രോസിന്റെ പിൻഗാമിയായ മാർപ്പാപ്പയുടെ നേതൃത്വം അംഗീകരിക്കപ്പെടാതെ കത്തോലിക്കാ സഭ ഐക്യത്തിന് തയാറല്ല. ക്രൈസ്തവസഭകൾ പലതിനും വേദന ഉളവാക്കിയ നിലപാടായിരുന്നു അത്. കത്തോലിക്കാരല്ലാത്തവരെ ഭിന്നിച്ചുപോയ സഹോദരങ്ങളെന്നു വിളിച്ചതും സഭാംഗങ്ങളുടെ പാപത്തെക്കുറിച്ച പറയുകയും എന്നാൽ സഭയുടെ ഘടനയിലെ കുറവുകൾ വിസ്മരിക്കയും ചെയ്തതും പല വിശ്വാസികളെയും അമ്പരപ്പെടുത്തി. Council of Churches -ൽ ഇനിയും കത്തോലിക്കാ സഭ അംഗമാകാത്തത് മറ്റു ക്രൈസ്തവ സഭകൾ മേധാവിത്ത മനോഭാവമായിട്ടാണ് കാണുന്നത്. എന്നാൽ പത്രോസിന്റെ പിൻഗാമിയായ മാർപ്പാപ്പ ക്രിസ്തുവിന്റെ ഏകസഭയുടെ ഐക്യത്തിന്റെ പ്രതീകമായാണ് കത്തോലിക്കാ സഭ കാണുന്നത്.

ജോസഫ് പാണ്ടിയപ്പള്ളിൽ

Recent Posts

See All
കത്തോലിക്കാ സഭ എല്ലാത്തരം തീവ്രവാദ പ്രവണതകളെയും തള്ളിപ്പറയുകയും അകറ്റി നിർത്തുകയും ചെയ്യുന്നു.

KCBC Jagratha Commission തീവ്രവാദത്തെയും വർഗീയതയെയും എതിർക്കുകയും തള്ളിപ്പറയുന്ന നിലപാടാണ് എക്കാലവും കത്തോലിക്കാ സഭയ്ക്കുള്ളത്. വിവിധ...

 
 
 
മരിയന്‍ വിശ്വാസസത്യങ്ങള്‍

സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മരിയന്‍ വിശ്വാസസത്യങ്ങള്‍ നാലെണ്ണമാണ്: മറിയം ദൈവമാതാവ് (Theotokos, AD 431-എഫേസൂസ് കൗണ്‍സില്‍) മറിയം...

 
 
 

Comentarios

Obtuvo 0 de 5 estrellas.
Aún no hay calificaciones

Agrega una calificación
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page