top of page

പൗരസ്ത്യ സഭകൾ

Updated: Sep 24, 2023

പൗരസ്ത്യ സഭകൾ (Orientalium Ecclesiarum) എന്ന പ്രബോധനം (decreta)


രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുക്കാൻ വന്ന പല പിതാക്കന്മാർക്കും പൗരസ്ത്യ കത്തോലിക്കാ സഭകളെക്കുറിച്ചു കാര്യമായ അറിവില്ലായിരുന്നു എന്നതാണ് സത്യം. ഇന്നാണെങ്കിൽ പോലും യൂറോപ്പിലും അമേരിക്കയിലും പൗരസ്ത്യ സഭകളെന്നു കേൾക്കുമ്പോൾ ഓർത്തഡോക്സ് സഭകളെയാണ് ജനങ്ങളോർമ്മിക്കുക; മെത്രാന്മാരുടെയും സമർപ്പിതരുടേയും വൈദികരുടെയും കാര്യവും ഏതാണ്ടതുതന്നെ. പാശ്ചാത്യ റോമാസാമ്രാജ്യവും പൗരസ്ത്യ റോമാസാമ്രാജ്യവും പരസ്പരം കലഹിക്കുകയും ഭിന്നിക്കുകയും ചെയ്തതുപോലെ ഈ രണ്ട് സാമ്രാജ്യങ്ങളുടെയും അതിർത്തിക്കുള്ളിലെ കത്തോലിക്കാസഭയും പരസ്പരം ഭിന്നിച്ചു. മാത്രമല്ല ഈ ഇരുരാജ്യാതിർത്തിക്കപ്പുറമുള്ള സഭകളും പൗരസ്ത്യമോ പാശ്ചാത്യമോ ആയ സഭകളോട് ചേർന്ന് പ്രവർത്തക്കാൻ പല കാരണങ്ങൾകൊണ്ടും നിർബന്ധിതരായി. മാത്രമല്ല അവരും പിന്നീട് പൗരസ്ത്യമെന്നോ പാശ്ചാത്യമെന്നോ സ്വയം കരുതുകയും സ്വയം വിശേഷിപ്പിക്കയും ചെയ്തു. പാശ്ചാത്യവും പൗരസ്ത്യവുമായ റോമാസാമ്രാജ്യത്തിന് പുറത്തുള്ള സഭകളുടെ തനതായ തനിമ അറിയപ്പെട്ടില്ല; സംരക്ഷിക്കപ്പെടുകയോ വീണ്ടെടുക്കുകയോ ചെയ്തില്ല. അതിനും പുറമെ കാലക്രമേണ പൗരസ്ത്യ റോമാസാമ്രാജ്യാതിർത്തിക്കുള്ളിൽ പാശ്ചാത്യ സഭയും പാശ്ചാത്യ റോമാസാമ്രാജ്യാതിർത്തിക്കുള്ളിൽ പൗരസ്ത്യസഭയും ശാഖകൾ തുടങ്ങുകയും തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കുകയും ചെയ്തു. മാത്രമല്ല പൗരസ്ത്യ സഭയിലെ അംഗങ്ങളിൽ പലരും മാർപ്പാപ്പയോട് വിധേയത്വം പുലർത്തി പൗരസ്ത്യകത്തോലിക്കാസഭ എന്ന പേരിൽ സ്വന്തമായ ആരാധനാക്രമത്തോടും കാനൻ നിയമത്തോടും കൂടി (CCEO/ 1990) കത്തോലിക്കാ പൗരസ്ത്യസഭയായി പ്രവർത്തിക്കാനും തുടങ്ങി. അങ്ങനെ സഭകളുടെ എണ്ണം ഒരേ ദേശത്ത് കൂടിക്കൊണ്ടിരുന്നു.


എന്നിരുന്നാലും പാശ്ചാത്യ കത്തോലിക്കാസഭ ലോകമെമ്പാടും വ്യപിച്ചുകിടക്കുന്നതുകൊണ്ടും എണ്ണത്തിൽ വളരെ വലുതായതുകൊണ്ടും പൗരസ്ത്യകത്തോലിക്കാ സഭയെ അത്ര കാര്യമായി കണക്കിലെടുത്തിരുന്നില്ല. രണ്ടാം വത്തിക്കാൻ കൗൺസിൽ പൗരസ്ത്യ സഭകളിലെ പിതാക്കന്മാരെ പരിചയപ്പെടാനും പൗരസ്ത്യ സഭകളെക്കുറിച്ചു അറിയാനും പാശ്ചാത്യസഭക്ക് അവസരമൊരുക്കി. പൗരസ്ത്യസഭകളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനത്തിന്റ ലക്‌ഷ്യം ചില പൊതുതത്വങ്ങൾ നൽകുകയായിരുന്നു.

പൗരസ്ത്യ കത്തോലിക്കാ സഭകൾ

അലക്‌സാൻഡ്രിയൻ, അന്തിയോക്കിയൻ, അർമേനിയൻ, സെർബിയൻ, കൽദായ റീത്തുകളിൽപെട്ട റോമൻ സഭയോട് ഐക്യപ്പെട്ടിരിക്കുന്നതും ആരാധനാക്രമത്തിലും മറ്റു പല സഭാസംവിധാനങ്ങളിലും സ്വതന്ത്ര ഭരണാധികാരമുള്ളതുമായ സഭകൾ പൗരസ്ത്യ കത്തോലിക്കാ സഭകളാണ്. മാർപ്പാപ്പയുടെ അധികാരത്തെ ഈ സഭകളുടെ പാർത്രിയാക്കീസുമാരും മേജർ ആർച്ചുബിഷപ്പുമാരും ആർച്ചുബിഷപ്പുമാരും അംഗീകരിക്കുന്നു. പശ്ചിമ യൂറോപ്പ്, പാശ്ചാത്യ യൂറോപ്പ്, അമേരിക്ക, മധ്യേഷ്യ, വടക്കേ ആഫ്രിക്ക, ഇന്ത്യ, അർമേനിയ, ഓഷ്യാനിയ തുടങ്ങിയ ദേശങ്ങളിൽ പൗരസ്ത്യ കത്തോലിക്കാ സഭയുടെ അംഗങ്ങളും എപ്പാർക്കികളും ഉണ്ട്. വ്യക്തിസഭയായും സ്വതന്ത്രസഭയായും (CCEO 2728) അലക്‌സാണ്ടറിയൻ, അന്ത്യോക്യൻ, അർമേനിയൻ, കൽദായ, കോൺസ്റ്റാന്റിനോപ്പിൾ ആരാധനാക്രമപാരമ്പര്യത്തിലധിഷ്ഠിതമായ സഭയായും (CCEO 28) പൗരസ്ത്യ കത്തോലിക്കാസഭ നിർവചിക്കപ്പെട്ടിരിക്കുന്നു.


ക്രിസ്തുവർഷം 431 -ലെ കാൽസിഡോണിയൻ കൗണ്സിലിനുശേഷം സഭയിലുടലെടുത്ത ഭിന്നിപ്പിനും 1054 മുതലുടലെടുത്ത പലവിധ ഭിന്നതകൾക്കും ശേഷം പതിനാലാം നൂറ്റാണ്ടുമുതൽ ഉരുത്തിരിഞ്ഞ ഐക്യത്തിനുവേണ്ടിയുള്ള വിവിധങ്ങളായ ശ്രമങ്ങളുടെയും ഫലമായി റോമൻ സഭയോട് ഐക്യപ്പെടാൻ ഇടയായ സഭകളാണ് പൗരസ്ത്യ കത്തോലിക്കാ സഭയിലെ ഒരു വിഭാഗം. മറ്റൊരു ചെറിയ വിഭാഗമാകട്ടെ ഒരിക്കലും റോമിനോടുള്ള ഐക്യം തകരാത്തവരും എന്നാൽ വ്യത്യസ്ത റീത്തുകളിൽപെട്ട സഭകളുമാണ്.


കത്തോലിക്കരുമായി താരതമ്യപ്പെടുത്തുമ്പോൾ പൗരസ്ത്യ സഭകളിൽ അംഗസംഖ്യ വളരെ കുറവാണ്. എന്നിരുന്നാലും orientalium dignitas എന്ന അപ്പസ്തോലിക രേഖയിലൂടെ മാർപ്പാപ്പയും orientalium ecclesiarum, Lumen gentium, unitas redintegratio എന്നീ പ്രമാണ രേഖകളിലൂടെ രണ്ടാം വത്തിക്കാൻ കൗൺസിലും 1990 -ൽ പ്രസിദ്ധീകരിച്ച പൗരസ്ത്യ കാനൻ നിയമത്തിലൂടെയും പൗരസ്ത്യ സഭകളുടെ തനിമയും വ്യക്തിത്വവും പ്രാധാന്യവും ഭരണഘടനയും വിശദമായി പ്രതിപാദിക്കുന്നുണ്ട്.

കോൺസ്റ്റാന്റിനോപ്പിൾ ബൈസന്റയിൽ ആരാധനാക്രമപാരമ്പര്യം ഉൾക്കൊള്ളുന്ന 14 പൗരസ്ത്യസഭകളുണ്ട്. കൽദായ പാരമ്പര്യത്തിൽ രണ്ടു സഭകളും അന്തിയോക്യൻ പാരമ്പര്യത്തിൽ മൂന്ന് സഭകളും അർമേനിയൻ ആരാധനാക്രമപാരമ്പര്യത്തിൽ ഒരു സഭയും അലക്‌സാൻഡ്രിയൻ പാരമ്പര്യത്തിൽ മൂന്നു സഭകളും ഉണ്ട്.

അർമേനിയൻ, കോപ്റ്റിക്, എത്യോപ്പിയൻ, പാശ്ചാത്യ സുറിയാനി, പൗരസ്ത്യ സുറിയാനി തുടങ്ങിയവ പൗരസ്ത്യ കത്തോലിക്കാ സഭകളിലെ പ്രധാന വ്യക്തിസഭകളാണ്. പാശ്ചാത്യ സുറിയാനി റീത്തിൽ പെട്ട സഭയാണ് സിറോ മലങ്കര സഭ. പൗരസ്ത്യ സുറിയാനി റീത്തിൽ പെട്ട സഭയാണ് സിറോ മലബാർ സഭയും കൽദായ സഭയും.


ഭാരതീയ പാരമ്പര്യത്തിന്റെയും മാർത്തോമാശ്ലീഹായുടെ പ്രേഷിത പ്രവർത്തനനത്തിന്റെയും വെളിച്ചത്തിൽ ഭാരതസഭക്ക് തനതായ വ്യക്തിത്വം ഉണ്ടെങ്കിലും ആരാധനാക്രമത്തിന്റെയും കാനൻ നിയമത്തിന്റെയും വെളിച്ചത്തിൽ സിറോ മലബാർ സഭയും സിറോ മലങ്കര സഭയും സുറിയാനി സഭകളുടെ ഗണത്തിലാണ് വത്തിക്കാൻ ഉൾപെടുത്തിയിരിക്കുന്നത്. ബൈസന്റയിൻ റീത്തിൽപെട്ട ഉക്രൈൻ, റുമേനിയൻ, ഉൺഗാൻ, ബൾഗേറിയൻ സഭകളും ഗ്രീക്കുസഭയും പൗരസ്ത്യ സഭകളിൽ പെടും.

റോമിലെ സഭയോടും മാർപ്പാപ്പയോടും ഐക്യപ്പെട്ടു പ്രവർത്തിക്കുന്ന ഇരുപത്തി മൂന്ന് പൗരസ്ത്യ സഭകളുണ്ടിന്ന്.


ചില പ്രത്യേകതകൾ


ഒട്ടനനവധി പൗരസ്ത്യ സഭകളിലും വിവാഹിതരായ വൈദികരാണുള്ളത്. ഇന്ത്യയിലെ സിറോ മലബാർ - സിറോ മലങ്കര സഭകളിൽ ലത്തീൻ സഭകളിലേതുപോലെ അവിവാഹിതരായ വൈദികരാണ് ഉള്ളത്. യൂറോപ്പിലെ പൗരസ്ത്യ സഭകളിൽ സേവനം അനുഷ്ഠിച്ചിരുന്ന വൈദികർ ലത്തീൻ സഭയിലെ വൈദികരെപ്പോലെ അവിവാഹിതരായിരിക്കണമെന്ന് വത്തിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ ഫ്രാൻസിസ് മാർപ്പാപ്പ 2014 -ൽ ഈ നിർദേശം പിൻവലിക്കുകയും യൂറോപ്പിലും റോമൻ കത്തോലിക്കാസഭയോട് ഐക്യപ്പെട്ടിരിക്കുന്ന പൗരസ്ത്യ സഭകൾക്ക് വിവാഹിതരായ വൈദികരെ സേവനം അനുഷ്ഠിക്കാൻ അയക്കാനുള്ള അനുവാദം നൽകുകയും ചെയ്തു.

വലിപ്പച്ചെറുപ്പങ്ങൾ


ഉക്രൈയിനിലെ ഗ്രീക്ക് കത്തോലിക്കാ സഭയാണ് റോമിനോട് ഐക്യപ്പെട്ടിരിക്കുന്ന ഏറ്റവും വലിയ പൗരസ്ത്യ കത്തോലിക്കാ സഭ. ഏതാണ്ട് അഞ്ചര മില്യൺ വിശ്വാസികൾ അവരുണ്ട്. റോമിനോട് ഐക്യപ്പെട്ടിരിക്കുന്ന രണ്ടാമത്തെ വലിയ സഭ സിറോ മലബാർ സഭയാണ്. സിറോ മലബാർ സഭയിൽ ഏതാണ്ട് അഞ്ചു മില്യൺ വിശ്വാസികളാണുള്ളത്. പാത്രിയാർക്കിന്റെ നേതൃത്വത്തിലുള്ള അന്തിയോക്യൻ സുറിയാനി മാറനയിറ്റ് സഭയാണ് മുപ്പത്തിനാലു ലക്ഷത്തിലധികം വിശ്വാസികളുമായി മൂന്നാമത്തെ വലിയ പൗരസ്ത്യ കത്തോലിക്കാ സഭ. അർമേനിയൻ കത്തോലിക്കാ സഭക്ക് അഞ്ചു ലക്ഷത്തി അറുപതിനായിരം വിശ്വാസികളും കൽദായ കത്തോലിക്കാ സഭക്ക് അഞ്ചുലക്ഷത്തി മുപ്പത്തി ഏഴായിരം വിശ്വാസികളും ഉണ്ട്. എത്തിയോപ്പിയൻ കത്തോലിക്കാ സഭക്ക് എഴുപതിനായിരം വിശ്വാസികളും അൽബേനിയൻ

ഗ്രീക്ക് കത്തോലിക്കാ സഭക്ക് മൂവായിരത്തി അഞ്ഞൂറ് വിശ്വാസികളും ബൾഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭക്ക് പതിനായിരം വിശ്വാസികളും ക്രോവേഷ്യ, സെർബിയ, മോണ്ടിനെഗ്രോ രാജ്യങ്ങളിലെ ബൈസന്റയിൻ കത്തോലിക്കാ സഭക്ക് നാൽപ്പത്തി മുവായിരം വിശ്വാസികളും മാത്രമേ ഉള്ളു. അലക്‌സാണ്ടറിയൻ എത്യോപ്യൻ സഭക്ക് ഒരു ലക്ഷത്തി അൻപതിയായിരവും ബൈസന്റയിൻ ഗ്രീക്ക് കത്തോലിക്കാ സഭക്ക് ആറായിരവും ബൈസന്റൈൻ ഇറ്റാലോ - അൽബേനിയൻ സഭക്ക് അറുപത്തി രണ്ടായിരവും അലക്‌സാണ്ടറിയാൻ കോപ്റ്റിക് സഭക്ക് ഒരു ലക്ഷത്തി അറുപത്തിനായിരവും മാസിഡോണിയൻ ഗ്രീക്ക് സഭക്ക് പതിനായിരവും ബൈസന്റൈൻ മെൽക്കിഷ് ഗ്രീക്ക് സഭക്ക് പതിനേഴ് ലക്ഷവും റുമേനിയൻ ഗ്രീക്ക് സഭക്ക് അഞ്ചുലക്ഷത്തി മുപ്പത്തി അയ്യായിരവും ബൈസന്റൈൻ ഗ്രീക്ക് സഭക്ക് നാലു ലക്ഷത്തി പതിനായിരവും സ്ലോവാക്കിയൻ ബൈസന്റൈൻ സഭക്ക് രണ്ടുലക്ഷത്തി മുപ്പത്തി മുവായിരവും അന്തിയോക്കിയൻ സിറിയൻ സഭക്ക് രണ്ടു ലക്ഷത്തി അറുപതിനായിരവും സിറോ മലങ്കര സഭക്ക് നാലുലക്ഷത്തി അറുപത്തി എണ്ണായിരവും ഹങ്കറിയിലെ ബൈസന്റയിൻ ഗ്രീക്ക് സഭക്ക് മൂന്നു ലക്ഷത്തി ഇരുപത്തി ഏഴായിരവും വിശ്വാസികളാണ് ഉള്ളത്.


സാരാംശം

റീത്തുകളും പ്രാദേശികസഭകളും സഭയുടെ ഐക്യം പ്രകടമാക്കുമെന്നാണ് കൗൺസിലിന്റെ പ്രബോധനം (OE2). മാർപ്പാപ്പയുടെ പരമാധികാരം അംഗീകരിച്ചും വ്യക്തിസഭകളുടെ സ്വാതന്ത്ര്യം സംരക്ഷിച്ചും (OE3,4) അതതു റീത്തുകളെക്കുറിച്ചു അറിവ് പകരാനും അതത് റീത്തുകളിൽ വിശ്വാസികൾ തുടരാനും കൗൺസിൽ നിർദേശിക്കുന്നു. പൗരസ്ത്യസഭകളുടെ സ്വയംഭരണാവകാശം കൗൺസിൽ കടമയായാണ് കൗൺസിൽ നിർദേശിക്കുന്നത് (OE5). പൗരാണിക പാരമ്പര്യവും ആരാധനാക്രമവും നിലനിർത്താനും വീണ്ടെടുക്കാനും വ്യക്തിസഭകൾക്കു കടമയുണ്ട്. (OE6) പാത്രിയാർക്കൽ ഭരണം മാർപ്പാപ്പയുടെ അധികാരത്തെ കുറക്കുന്നില്ല (OE7). എല്ലാ പാത്രിയാർക്കീസുമാരും തുല്യരാണ് (OE8). അവർ അവരുടെ സഭയുടെ പിതാവാണ് (OE9). അതുപോലെ പാത്രിയർക്കീസുമാരല്ലാത്ത സഭാതലവന്മാരും (OE10). പുതിയ പാത്രിയാർക്കിസുമാരെ വഴിക്കാനുള്ള സാധ്യതയും കൗൺസിൽ അംഗീകരിക്കുന്നു . അവരുടേതായ കൂദാശകർമ്മങ്ങളും ആരാധനാരീതിയും (OE12-23) സഭ അംഗീകരിക്കുന്നു. സഭയ്‌ക്കായി ഐക്യത്തിലല്ലാത്ത പൗരസ്ത്യ സഭാജലേ ഐക്യത്തിലേക്ക് നയിക്കാൻ ഐക്യപ്പെട്ട പൗരസ്ത്യർക്ക് പ്രത്യേക കടമയുണ്ട് (OE24). പൗരസ്ത്യ വിഫികരുദെ പട്ടം സാധുവാണ് (OE25). ഐക്യത്തിനുവേണ്ടി ഒരുമിച്ചു നീങ്ങാൻ കൗൺസിൽ നിർദേശിക്കുന്നു (OE26-28). റോമ 12:10 ഉദ്ധരിച്ചു പരസ്പരം സ്നേഹിക്കാൻ ആഹ്വാനം ചെയ്താണ് പൗരസ്ത്യ സഭകളെക്കുറിച്ചുള്ള പ്രബോധനം അവസാനിക്കുന്നത്.


ഉപസമാഹാരം


റോമൻസഭയിലെ മെത്രാന്മാർക്ക് ‌ പൗരസ്ത്യസഭകളെ കൃത്യമായും വ്യക്തിപരമായും പരിചയപ്പെടാനുള്ള സുവസർണ്ണാവസരമായിരുന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ. എല്ലാവരും ഈ അവസരം ഉപയോഗിച്ചില്ല എന്നുമാത്രം.

ആമുഖത്തിൽ പറയുന്നതുപോലെ "ആരാധനാക്രമപരമായ ആചാരങ്ങളും സഭാപരമായ പാരമ്പര്യങ്ങളും ക്രൈസ്തവ ജീവിതക്രമവും" തുടരാൻ പ്രോത്സാഹനം നൽകുക കൗൺസിലിന്റെ പൗരസ്ത്യ സഭകൾ എന്ന പ്രബോധനത്തിന്റെ ലക്ഷ്യമായിരുന്നു. Ritibus in Ecclesia (സഭയിലെ റീത്തുകൾ) എന്നായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്ന വിഷയവും ശീർഷകവും. മേധാവിത്തമനോഭാവമില്ലാതെ എല്ലാ റീത്തുകളെയും കത്തോലിക്കാസഭ അംഗീകരിക്കുന്നു എന്ന സന്ദേശം കൊടുക്കണമെന്നായിരുന്നു ഇരുപത്തിമൂന്നാം ജോഹന്നാൻ മാർപ്പാപ്പയുടെ ഉദ്ദേശ്യം. Riten in Ecclesia എന്നത് De Ecclesiis Particularibus (വ്യക്തിസഭകൾ) എന്ന് തിരുത്തിയപ്പോൾ സഭാസങ്കല്പം വിശാലവും സവിശേഷവുമായി. വ്യക്തിസഭകളെ "ഒരേ വിശ്വാസവും ഒരേ കൂദാശകളും ഒരേ നേതൃത്വവും ഉള്ള" പ്രത്യേക സഭകൾ (particular church) എന്ന് വിശേഷിപ്പിച്ചപ്പോൾ വിവിധ സഭകളെ കൗൺസിൽ കൃത്യമായി അംഗീകരിച്ചു എന്ന് ഏവർക്കും ബോധ്യമായി. പ്രതേക സഭ എന്ന വിശേഷണം എന്നാൽ വളരെ സംശയ ദൃക്കോടെയാണ് പലരും വീക്ഷിച്ചത്. അതുപോലെ പൗരസ്ത്യ സഭ എന്ന പേരും പൗരസ്ത്യ റീത്ത് എന്ന പേരും ഒരേ അർത്ഥത്തിലല്ല കൗൺസിൽ ഉപയോഗിച്ചിരിക്കുന്നത്. ഐക്യം ലക്ഷ്യമാക്കിയും വിയോജിപ്പുണ്ടെങ്കിലും അനുരഞ്ജനപ്പെട്ടും സഭകളുടെ ഐക്യത്തിനായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌തും പൗരസ്ത്യ സഭകൾ എന്ന പ്രബോധനം സഭകൾ തമ്മിലുള്ള ഐക്യത്തിനും സഹവർത്തിത്വത്തിനും വഴികാട്ടിയാണ്.


ഡോ. ജോസഫ് പാണ്ടിയപ്പള്ളിൽ MCBS

Recent Posts

See All
കത്തോലിക്കാ സഭ എല്ലാത്തരം തീവ്രവാദ പ്രവണതകളെയും തള്ളിപ്പറയുകയും അകറ്റി നിർത്തുകയും ചെയ്യുന്നു.

KCBC Jagratha Commission തീവ്രവാദത്തെയും വർഗീയതയെയും എതിർക്കുകയും തള്ളിപ്പറയുന്ന നിലപാടാണ് എക്കാലവും കത്തോലിക്കാ സഭയ്ക്കുള്ളത്. വിവിധ...

 
 
 
മരിയന്‍ വിശ്വാസസത്യങ്ങള്‍

സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മരിയന്‍ വിശ്വാസസത്യങ്ങള്‍ നാലെണ്ണമാണ്: മറിയം ദൈവമാതാവ് (Theotokos, AD 431-എഫേസൂസ് കൗണ്‍സില്‍) മറിയം...

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page