ചെറിയ വേദോപദേശ പുസ്തകം - ചോദ്യോത്തരങ്ങൾ
- sleehamedia
- Sep 8, 2023
- 15 min read
ചെറിയ വേദോപദേശ പുസ്തകം - ചോദ്യോത്തരങ്ങൾ
ഒന്നാം പാഠം - നമ്മുടെ അന്തിമ ലക്ഷ്യം
1. ചോദ്യം: ആരാണ് നിന്നെ സൃഷ്ടിച്ചത്?
ഉത്തരം: ദൈവമാണ് ഇല്ലായ്മയിൽ നിന്ന് എന്നെ സൃഷ്ടിച്ചത്
2. 2ചോദ്യം: എന്തിനാണു ദൈവം നിന്നെ സൃഷ്ടിച്ചത്?
ഉത്തരം: ദൈവത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്തുകൊണ്ട്
നിത്യരക്ഷ പ്രാപിക്കാനും മറ്റുളളവരെ അതിനു സഹായിക്കാനുമാണു ദൈവം എന്നെ സൃഷ്ടിച്ചത്.
3. ചോദ്യം: നിത്യരക്ഷ പ്രാപിക്കുക എന്നതിന്റെ അർത്ഥമെന്താണ്?
ഉത്തരം: സ്വർഗ്ഗം പ്രാപിച്ചു ദൈവത്തോടുകൂടെ ദൈവികമാംവിധം നിത്യമായി ആനന്ദിക്കുകയെന്നതാണു നിത്യരക്ഷ പ്രാപിക്കുകയെന്നതിന്റെ അർത്ഥം.
4. ചോദ്യം: ഈ ലോകത്തിൽ ജീവിക്കുമ്പോൾ ദൈവത്തെ സ്നേഹിക്കാത്തവർക്ക്, എന്തു ശിക്ഷയാണു ദൈവം വിധിച്ചിരിക്കുന്നത്?
ഉത്തരം: ഈ ലോകത്തിൽ ജീവിക്കുമ്പോൾ ദൈവത്തെ സ്നേഹിക്കാ
ത്തവർക്കു ദൈവം വിധിച്ചിരിക്കുന്ന ശിക്ഷ നിത്യനരകമാണ്. നരകവാസികൾക്കു ദൈവത്തെ ദർശിക്കുവാൻ ഒരിക്കലും സാദ്ധ്യമല്ല.
5. ചോദ്യം: ദൈവം ആരാണ്?
ഉത്തരം: ദൈവം ആരംഭവും അവസാനവുമില്ലാത്ത ശുദ്ധാരൂപിയും,
ആകാശവും ഭൂമിയും അവയിലുള്ള എല്ലാം സൃഷ്ടിച്ചു പരിപാലിച്ചുകൊണ്ടിരിക്കുന്ന പരമ നാഥനുമാകുന്നു.
6. ചോദ്യം: ദൈവം എവിടെയാകുന്നു?
ഉത്തരം: ദൈവം ആകാശത്തിലും, ഭൂമിയിലും അവയിലുള്ള സകല
ത്തിലും വ്യാപിച്ചിരിക്കുന്നു.
7. ചോദ്യം: ദൈവം എല്ലാം അറിയുന്നുണ്ടോ?
ഉത്തരം: മുമ്പു കഴിഞ്ഞതും ഇപ്പോൾ നടക്കുന്നതും ഇനി വരാനിരിക്കു
ന്നതുമായ എല്ലാം, നമ്മുടെ വിചാരങ്ങൾ പോലും, ദൈവം അറിയുന്നു.
8. ചോദ്യം: നമുക്കുള്ളതുപോലെ ദൈവത്തിനു ശരീരമുണ്ടോ?
ഉത്തരം: നമുക്കുള്ളതുപോലെ ദൈവത്തിനു ശരീരമില്ല; ദൈവം ശുദ്ധാ
രൂപിയാണ്.
9. ചോദ്യം: അരൂപിയായ ദൈവത്തെ നാം എങ്ങനെ അറിയുന്നു?
ഉത്തരം: അരൂപിയായ മനുഷ്യാത്മാവു വിശ്വാസവും സ്നേഹവും വഴി
അരൂപിയായ ദൈവത്തെ അറിയുന്നു.
10. ചോദ്യം: ദൈവം ആകാശവും ഭൂമിയും അവയിലുള്ള സകലതും സൃഷ്ടിച്ചത് എന്തെങ്കിലും സാധനം കൊണ്ടാണോ?
ഉത്തരം: യാതൊരു സാധനവും കൊണ്ടല്ല. ഇല്ലായ്മയിൽ നിന്ന് അവി
ടുത്തെ സർവ്വശക്തിയാലാണ് ദൈവം ആകാശവും ഭൂമിയും അവയിലുള്ള സകലതും സൃഷ്ടിച്ചത്.
രണ്ടാം പാഠം - പരിശുദ്ധ ത്രിത്വം
1. ശ്ലീഹാന്മാരുടെ വിശ്വാസപ്രമാണം ചൊല്ലൂ?
ഉത്തരം: സർവ്വശക്തനായ പിതാവും...
2. ചോദ്യം: ഈ വിശ്വാസപ്രമാണത്തിൽ എന്താണ് അടങ്ങിയിരിക്കുന്നത്?
ഉത്തരം: നമ്മൾ സത്യമെന്നു വിശ്വസിക്കേണ്ട പ്രധാന രഹസ്യങ്ങളാണ് ഈ വിശ്വാസപ്രമാണത്തിൽ അടങ്ങിയിരിക്കുന്നത്.
3. ചോദ്യം: സത്യമെന്നു വിശ്വസിക്കേണ്ട പ്രധാന രഹസ്യങ്ങൾ ഏതെല്ലാം?
ഉത്തരം: ദൈവത്തിന്റെ ഏകത്വവും ത്രിത്വവും, നമ്മുടെ ദിവ്യരക്ഷകന്റെ മനുഷ്യാവതാരവും മരണവും ഉയിർപ്പും മനുഷ്യവർഗ്ഗത്തിന്റെ ഉത്ഥാനവും - ഇവയാണു സത്യമെന്നു വിശ്വസിക്കേണ്ട പ്രധാന രഹസ്യങ്ങൾ.
4. ചോദ്യം: ഈ രഹസ്യങ്ങൾ പ്രധാനങ്ങൾ എന്നു പറയുന്നത് എന്തുകൊണ്ട്?
ഉത്തരം: ഇവയെ പ്രത്യേകം അറിഞ്ഞു വിശ്വസിക്കേണ്ടത് ഏറ്റം ആവശ്യമായിരിക്കുന്നതുകൊണ്ടും, ഇവ മറ്റുള്ളവയ്ക്ക് അടിസ്ഥാനമായിരിക്കുന്നതുകൊണ്ടുമാണ് ഈ രഹസ്യങ്ങളെ പ്രധാനങ്ങളെന്നു പറയുന്നത്.
5. ചോദ്യം: ഇവയിൽ ഒന്നാമത്തെ പ്രധാന രഹസ്യമേതാണ്?
ഉത്തരം: ഒന്നാമത്തേതു ദൈവത്തിന്റെ ഏകത്വവും ത്രിത്വവും എന്ന രഹസ്യമാണ്.
6. ചോദ്യം: ത്രിത്വം എന്ന രഹസ്യം നമ്മെ എന്താണു പഠിപ്പിക്കുന്നത്?
ഉത്തരം: സ്വഭാവത്തിൽ ദൈവം ഏകനാണെന്നും എന്നാൽ ഈ ഏക ദൈവത്തിൽ മൂന്നാളുകളുമുണ്ടെന്നുമാണു ത്രിത്വം എന്ന രഹസ്യം നമ്മെ പഠിപ്പിക്കുന്നത്.
7. ചോദ്യം: ത്രിത്വത്തിലെ മൂന്നാളുകൾ ആരെല്ലാം?
ഉത്തരം: പിതാവും പുത്രനും പരിശുദ്ധാരൂപിയുമാണ് ത്രിത്വത്തിലെ മൂന്നാളുകൾ.
8. ചോദ്യം: പിതാവ് ഒന്നാമത്തെ ആൾ ആകുന്നത് എന്തുകൊണ്ട്?
ഉത്തരം: മറ്റാരിലും നിന്നു പുറപ്പെടാത്തതിനാലും, പുത്രന്റെയും പരിശുദ്ധാരൂപിയുടെയും ആരംഭമാകയാലും, പിതാവു പരിശുദ്ധ ത്രിത്വത്തിലെ ഒന്നാമത്തെ ആളാകുന്നു.
9. ചോദ്യം: പുത്രൻ പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളാകുന്നത് എന്തുകൊണ്ട്?
ഉത്തരം: പിതാവിൽ നിന്നു ജനിക്കുന്നതുകൊണ്ട് പുത്രൻ പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളാകുന്നു.
10. ചോദ്യം: പരിശുദ്ധാരൂപി പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആളാകുന്നതെന്തുകൊണ്ട്?
ഉത്തരം: പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതുകൊണ്ട് പരിശുദ്ധാരൂപി പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആളാകുന്നു.
11. ചോദ്യം: പിതാവു ദൈവമാകുന്നോ?
ഉത്തരം: അതെ, പിതാവു ദൈവമാകുന്നു.
12. ചോദ്യം: പുത്രൻ ദൈവമാകുന്നുവോ?
ഉത്തരം: അതെ, പുത്രൻ ദൈവമാകുന്നു.
13. ചോദ്യം: പരിശുദ്ധാരൂപി ദൈവമാകുന്നുവോ?
ഉത്തരം: അതെ, പരിശുദ്ധാരൂപി ദൈവമാകുന്നു.
14. ചോദ്യം: അങ്ങനെയെങ്കിൽ ഈ മൂന്നാളുകൾ മൂന്നു ദൈവങ്ങളാണോ?
ഉത്തരം: അല്ല. പിതാവും പുത്രനും പരിശുദ്ധാരൂപിയും ഏകദൈവം മാത്രമാകുന്നു.
15. ചോദ്യം: ദൈവത്തിന്റെ പ്രധാന ലക്ഷണങ്ങൾ എത്ര? ഏതെല്ലാം?
ഉത്തരം: ദൈവത്തിന്റെ പ്രധാന ലക്ഷണങ്ങൾ ആറ്.
മൂന്നാം പാഠം - ദൈവപുത്രന്റെ മനുഷ്യാവതാരം
1. ചോദ്യം: വിശ്വാസത്തിന്റെ പ്രധാന രഹസ്യങ്ങളിൽ രണ്ടാമത്തെ രഹസ്യമേതാണ്?
ഉത്തരം: പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ ദൈവപുത്രന്റെ മനുഷ്യാവതാരമാണു വിശ്വാസത്തിന്റെ രണ്ടാമത്തെ പ്രധാന രഹസ്യം.
2. ചോദ്യം: ദൈവപുത്രന്റെ മനുഷ്യാവതാരം എന്നാലെന്ത്?
ഉത്തരം: പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ ദൈവപുത്രൻ, പരിശുദ്ധാരൂപിയുടെ പ്രവൃത്തിയാൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുവുദരത്തിൽ നമ്മുടേതുപോലെ ഒരു ശരീരം ആത്മാവോടുകൂടെ സ്വീകരിച്ച് മനുഷ്യനായി ജനിച്ചു എന്നതാണു മനുഷ്യാവതാരം എന്ന രഹസ്യം.
3. ചോദ്യം: പിതാവും പരിശുദ്ധാരൂപിയും മനുഷ്യാവതാരം ചെയ്തുവോ?
ഉത്തരം: ഇല്ല. പുത്രൻ മാത്രമേ മനുഷ്യാവതാരം ചെയ്തുള്ളു.
4. ചോദ്യം: (എ) ദൈവപുത്രൻ മനുഷ്യനായി അവതരിച്ചപ്പോൾ അവിടുന്നു ദൈവം അല്ലാതായോ?
ഉത്തരം: ഇല്ല. ദൈവപുത്രൻ മനുഷ്യാവതാരം ചെയ്തപ്പോഴും അവിടുന്നു ദൈവം തന്നെയായിരുന്നു. ആകയാൽ അവിടുന്നു യഥാർത്ഥത്തിൽ ദൈവവും മനുഷ്യനുമാണ്.
5. ചോദ്യം: (ബി) മനുഷ്യാവതാരം ചെയ്ത ദൈവപുത്രനിൽ ദൈവവും മനുഷ്യനും രണ്ടാളുകളുണ്ടോ?
ഉത്തരം: മനുഷ്യാവതാരം ചെയ്ത ദൈവപുത്രൻ ദൈവ സ്വഭാവവും മനുഷ്യസ്വഭാവവുമുള്ള ഏക ആളാണ്. ആ ആൾ രണ്ടാമത്തെ ദൈവ ആളത്രേ.
6. ചോദ്യം: ദൈവപുത്രൻ മനുഷ്യനായി പിറന്നപ്പോൾ സ്വീകരിച്ച പേരെന്ത്?
ഉത്തരം: ദൈവപുത്രൻ മനുഷ്യനായി പിറന്നപ്പോൾ സ്വീകരിച്ച പേർ ‘ഈശോ’ എന്നാണ്.
7. ചോദ്യം: ഈശോയുടെ പിതാവ് ആരാണ്?
ഉത്തരം: ഈശോയുടെ പിതാവ് പിതാവായ ദൈവമാണ്.
8. ചോദ്യം: (എ) ഈശോയ്ക്കു മറ്റു മനുഷ്യർക്കുള്ളതുപോലെ ജനിപ്പിച്ച പിതാവുണ്ടോ?
ഉത്തരം: ഈശോയ്ക്കു മറ്റു മനുഷ്യർക്കുള്ളതുപോലെ ജനിപ്പിച്ച പിതാവില്ല; അമ്മ മാത്രമേയുള്ളു.
9. ചോദ്യം: (ബി) ഈശോയുടെ അമ്മ ആരാണ്?
ഉത്തരം: ഈശോയുടെ അമ്മ പരിശുദ്ധ കന്യകാമറിയമാണ്.
10. ചോദ്യം: വിശുദ്ധ യൗസേപ്പ് ഈശോയുടെ ആരാണ്?
ഉത്തരം: വിശുദ്ധ യൗസേപ്പ് ഈശോയുടെ വളർത്തുപിതാവാണ്. ജനിപ്പിച്ച പിതാവല്ല.
11. ചോദ്യം: എന്തിനായിട്ടാണു ദൈവപുത്രൻ മനുഷ്യാവതാരം ചെയ്തത്?
ഉത്തരം: മനുഷ്യവർഗ്ഗത്തെ മുഴുവൻ രക്ഷിക്കാനാണു ദൈവപുത്രൻ മനുഷ്യാവതാരം ചെയ്തത്.
12. ചോദ്യം: ഈശോമിശിഹാ എങ്ങനെയാണു മനുഷ്യവർഗ്ഗത്തെ ഉത്ഥാപനം ചെയ്തത് (രക്ഷിച്ചത്)?
ഉത്തരം: തന്റെ പീഡാനുഭവവും കുരിശുമരണവും വഴിയാണ് ഈശോമിശിഹാ മനുഷ്യവർഗ്ഗത്തെ രക്ഷിച്ചത്.
13. ചോദ്യം: ഉത്ഥാപനം ചെയ്യുക എന്നാലെന്താണ്?
ഉത്തരം: നമ്മുടെ പാപങ്ങൾക്കു ദൈവതിരുമുമ്പിൽ പരിഹാരം ചെയ്തു നമ്മെ പാപത്തിന്റെ ബന്ധനത്തിൽനിന്നു മോചിപ്പിച്ച് നമുക്കു ദൈവികജീവൻ നൽകുകയെന്നതാണ് ഉത്ഥാപനം ചെയ്യുക അഥവാ രക്ഷിക്കുക എന്നതിന്റെ അർത്ഥം
14. ചോദ്യം: ഈശോമിശിഹാ മരിച്ചിട്ട് ഉയിർത്തോ?
ഉത്തരം: ഉവ്വ്, ഈശോമിശിഹാ മരിച്ചിട്ട് മൂന്നാം ദിവസം ഉയിർത്തു.
15. ചോദ്യം: അതിനുശേഷം സ്വർഗ്ഗത്തിലേക്കു എഴുന്നള്ളിയോ?
ഉത്തരം: ഉവ്വ്. ഈശോമിശിഹാ ഉയിർത്തിട്ടു നാൽപ്പതാം ദിവസം സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി. അവിടെ തന്റെ പിതാവിന്റെ വലത്തുഭാഗത്ത് എഴുന്നള്ളിയിരിക്കുന്നു.
16. ചോദ്യം: ഈശോമിശിഹാ വീണ്ടും ഈ ലോകത്തിൽ വരുമോ?
ഉത്തരം: ലോകത്തിന്റെ അവസാനത്തിൽ നല്ലവരെയും ദുഷ്ടരെയും വിധിക്കാൻ മഹാപ്രഭയോടും അധികാരത്തോടുംകൂടെ ഈശോമിശിഹാ വീണ്ടും ഈ ലോകത്തിൽ വരും.
നാലാം പാഠം - പരിശുദ്ധാരൂപിയും തിരുസ്സഭയും
1. ചോദ്യം: പരിശുദ്ധാരൂപി ആരാണ്?
ഉത്തരം: പരിശുദ്ധാരൂപി ത്രിത്വത്തിലെ മൂന്നാമത്തെ ആളും, പിതാവിനോടും പുത്രനോടും സമനായ ദൈവവുമാണ്.
2. ചോദ്യം: പരിശുദ്ധാരൂപി ആരിൽ നിന്നാണു പുറപ്പെടുന്നത്?
ഉത്തരം: പരിശുദ്ധാരൂപി പിതാവിൽനിന്നും പുത്രനിൽ നിന്നുമാണു പുറപ്പെടുന്നത്. എന്തുകൊണ്ടെന്നാൽ അവിടുന്ന് അവരിരുവരുടെയും പരസ്പരസ്നേഹവുമാകുന്നു.
3. ചോദ്യം: പരിശുദ്ധാരൂപി തിരുസ്സഭയുടെമേൽ അയയ്ക്കപ്പെട്ടത് എന്തിനാണ്?
ഉത്തരം: കാണപ്പെടാതെ തന്നെ തിരുസ്സഭയെ നിരന്തരം പഠിപ്പിക്കാനും നേർവഴിക്കു നയിക്കുവാനും വിശുദ്ധീകരിക്കുവാനും വേണ്ടിയാണു പരിശുദ്ധാരൂപി തിരുസ്സഭയുടെമേൽ അയയ്ക്കപ്പെട്ടത്.
4. ചോദ്യം: പരിശുദ്ധാരൂപിയെ തീനാവുകളുടെ ആകൃതിയിൽ ചിത്രീകരിച്ചു കാണിക്കുന്നത് എന്തുകൊണ്ടാണ്?
ഉത്തരം: ഉയിർപ്പിനുശേഷം അമ്പതാം തിരുനാളിൽ (പെന്തക്കുസ്താദിനത്തിൽ) തീനാവുകളുടെ ആകൃതിയിൽ പരിശുദ്ധാരൂപി ശ്ലീഹന്മാരുടെമേലും പരിശുദ്ധ കന്യകാമറിയത്തിന്റെമേലും എഴുന്നള്ളിവന്നതുകൊണ്ടാണു പരിശുദ്ധാരൂപിയെ ആ ആകൃതിയിൽ ചിത്രീകരിക്കുന്നത്.
5. ചോദ്യം: പരിശുദ്ധാരൂപിയെ സ്വീകരിച്ചശേഷം ശ്ലീഹന്മാർ എന്തുചെയ്തു?
ഉത്തരം: പരിശുദ്ധാരൂപിയെ സ്വീകരിച്ചശേഷം ശ്ലീഹന്മാർ ഈശോമിശിഹാ സ്ഥാപിച്ച തിരുസ്സഭയെ ലോകത്തിലെങ്ങും പ്രസംഗിച്ചു പ്രചരിപ്പിച്ചു.
6. ചോദ്യം: കത്തോലിക്കാ തിരുസ്സഭ എന്നാലെന്താണ്?
ഉത്തരം: വിശ്വാസസത്യങ്ങൾ ഏറ്റുപറഞ്ഞു ജ്ഞാനസ്നാനം സ്വീകരിച്ചു പരിശുദ്ധ മാർപാപ്പയുടെ പരമാധികാരത്തിനു കീഴ്പ്പെട്ടിരിക്കുന്ന ദൈവജനമാണു കത്തോലിക്കാ തിരുസ്സഭ.
7. ചോദ്യം: ഈശോമിശിഹാ സ്ഥാപിച്ചതും ശ്ലീഹന്മാർ പ്രചരിപ്പിച്ചതുമായ തിരുസ്സഭ കൂടാതെ സത്യസഭ വേറെയുണ്ടോ?
ഉത്തരം: ഇല്ല. ഒരു കർത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്നാനവും എല്ലാവർക്കും പിതാവായ ഒരു ദൈവവും മാത്രമുള്ളതുപോലെ സത്യസഭയും ഒന്നേയുള്ളു.
8. ചോദ്യം: ശ്ലീഹന്മാരുടെ പിൻഗാമികൾ ആരാണ്?
ഉത്തരം: ശരിയായ മെത്രാൻപട്ടം ഏറ്റവരും, തിരുസ്സഭാതലവനായ പരിശുദ്ധ മാർപാപ്പയോട് ഐക്യമുള്ളവരുമായ മെത്രാന്മാരാണു മറ്റു ശ്ലീഹാന്മാരുടെ പിൻഗാമികൾ.
9. ചോദ്യം: സത്യസഭയുടെ തലവനാരാണ്?
ഉത്തരം: കാണപ്പെടാത്ത തലവൻ ഈശോമിശിഹാ തന്നെ. കാണപ്പെടുന്ന തലവൻ ഭൂമിയിൽ മിശിഹായുടെ പ്രതിനിധിയും സാർവ്വത്രികസഭയുടെ തലവനും റോമായുടെ മെത്രാനുമായ പരിശുദ്ധ മാർപാപ്പയാണ്.
10. ചോദ്യം: മാർപാപ്പ തിരുസ്സഭയുടെ കാണപ്പെടുന്ന തലവനായിരിക്കുന്നത് എന്തുകൊണ്ട്?
ഉത്തരം: ഈശോമിശിഹാ തന്റെ സഭയുടെ കാണപ്പെടുന്ന തലവനായി വിശുദ്ധ പത്രാസിനെയും അദ്ദേഹത്തിന്റെ പിൻഗാമികളായി വരുന്ന റോമാ മാർപാപ്പമാരെയും നിയമിച്ചതുകൊണ്ടാണു മാർപാപ്പ തിരുസ്സഭയുടെ കാണപ്പെടുന്ന തലവനായിരിക്കുന്നത്.
11. ചോദ്യം: സഭയിൽ പിളർപ്പുകൾ ഉണ്ടായിട്ടുണ്ടോ?
ഉത്തരം: ആരംഭത്തിൽ അല്പമായും പില്ക്കാലങ്ങളിൽ വ്യാപകമായും സഭയിൽ പിളർപ്പുകൾ ഉണ്ടായിട്ടുണ്ട്.
12. ചോദ്യം: പിളർന്നുണ്ടായ സഭാവിഭാഗങ്ങളിൽ ജനിച്ച്, ക്രിസ്തുവിൽ വിശ്വസിച്ചു വളരുന്ന ക്രൈസ്തവരോടു നാം എങ്ങനെ വർത്തിക്കണം?
ഉത്തരം: നാം അവരെ സ്വന്തം സഹോദരങ്ങളെപ്പോലെ ആദരവോടും സ്നേഹത്തോടുംകൂടെ സ്വീകരിക്കണം.
13. ചോദ്യം: ക്രിസ്തുവിൽ വിശ്വസിച്ചു ശരിയായി ജ്ഞാനസ്നാനം സ്വീകരിക്കുന്ന ക്രൈസ്തവർ കത്തോലിക്കാ സഭയുമായി ഐക്യത്തിലാണോ?
ഉത്തരം: അവർ കത്തോലിക്കാ സഭയുമായി അപൂർണ്ണമായ ഐക്യത്തിലാണ്. ഭിന്നതകളുണ്ടെങ്കിലും വിശ്വാസം വഴി നീതീകരിക്കപ്പെട്ടിരിക്കുന്നവരെല്ലാം ക്രിസ്തുവിന്റെ മൗതികശരീരത്തിലെ അംഗങ്ങളത്രേ.
14. ചോദ്യം: കത്തോലിക്കാ സഭയുടെ കാണാവുന്ന അതിർത്തികൾക്കു പുറത്തു പ്രസാദവരം, വിശ്വാസം, ശരണം, സ്നേഹം, പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ തുടങ്ങിയ രക്ഷാകരമൂല്യങ്ങളുണ്ടോ?
ഉത്തരം: ഉണ്ടാവാം, ക്രിസ്തുവിന്റെ അരൂപി പല സഭകളെയും രക്ഷാമാർഗ്ഗങ്ങളായി ഉപയോഗിക്കുന്നുണ്ട്. എങ്കിലും ക്രിസ്തുവിന്റെ ഏകസഭയാണു രക്ഷാകരമൂല്യങ്ങളുടെയെല്ലാം യഥാർത്ഥ ഉറവിടം.
15. ചോദ്യം: രക്ഷയ്ക്കാവശ്യമുള്ള എല്ലാ കാര്യങ്ങളും അവയുടെ പൂർണ്ണതയിൽ സമ്പാദിക്കാൻ കത്തോലിക്കാ സഭയ്ക്കല്ലാതെ മറ്റാർക്കെങ്കിലും കഴിവുണ്ടോ?
ഉത്തരം: കഴിവില്ല. ക്രിസ്തുവിന്റെ കത്തോലിക്കാസഭയാണു രക്ഷയുടെ എല്ലാ മാർഗ്ഗങ്ങളാലും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത്.
16. ചോദ്യം: തിരുസ്സഭയിൽ ചേരാൻ എല്ലാവർക്കും കടമയുണ്ടോ?
ഉത്തരം: ക്രിസ്തുവിന്റെ സത്യസഭയാണു തിരുസ്സഭ എന്ന് അറിവുള്ളവർക്കെല്ലാം തിരുസ്സഭയിൽ ചേരാൻ കടമയുണ്ട്.
17. ചോദ്യം: തിരുസ്സഭയുടെ പ്രധാന ലക്ഷണങ്ങൾ എത്ര? ഏതെല്ലാം?
ഉത്തരം: സത്യതിരുസ്സഭയുടെ പ്രധാന ലക്ഷണങ്ങൾ നാല്.
18. ചോദ്യം: തിരുസ്സഭ ഏകമായിരിക്കുന്നതെങ്ങനെ?
ഉത്തരം: തിരുസ്സഭയുടെ അംഗങ്ങളായ വിശ്വാസികൾ ഒരേ വിശ്വാസം അനുസരിക്കുന്നതുകൊണ്ടും, അവർക്കെല്ലാം ഒരേ കൂദാശകളും ഒരേ ബലിയും ഉള്ളതുകൊണ്ടും, എല്ലാവരും ഏക തലവനു കീഴ്പ്പെട്ടിരിക്കുന്നതുകൊണ്ടും അത് ഏകമാകുന്നു.
19. ചോദ്യം: തിരുസ്സഭ വിശുദ്ധമായിരിക്കുന്നതെങ്ങനെ?
ഉത്തരം: തിരുസ്സഭയുടെ സ്ഥാപകൻ വിശുദ്ധിയുടെ നാഥനാകകൊണ്ടും, വിശുദ്ധമായ കാര്യങ്ങൾ അതു പഠിപ്പിക്കുന്നതുകൊണ്ടും, പുണ്യപൂർണ്ണതയ്ക്കുള്ള മാർഗ്ഗങ്ങളെ അത് എല്ലാവർക്കും നിർദ്ദേശിക്കുന്നതുകൊണ്ടും, അതിന്റെ അംഗങ്ങളിൽ അനേകായിരംപേർ ഉന്നതമായ പുണ്യപദവി പ്രാപിച്ചവരായതുകൊണ്ടും അതു വിശുദ്ധമാകുന്നു.
20. ചോദ്യം: തിരുസഭ കാത്തോലിക്കമായിരിക്കുന്നതെങ്ങനെ?
ഉത്തരം: തിരുസ്സഭ മിശിഹായുടെ കാലം മുതൽ ഇതുവരെ നിലനിന്നതിനാലും, ലോകാവസാനം വരെ നിലനിൽക്കുമെന്നതിനാലും, എല്ലാ ജാതികളുടെയും ഇടയിൽ പ്രചരിച്ച് അവരെ പഠിപ്പിക്കുന്നതുകൊണ്ടും അതു കത്തോലികമാകുന്നു.
21. ചോദ്യം: തിരുസഭ ശ്ലൈഹികമായിരിക്കുന്നതെങ്ങനെ?
ഉത്തരം: തിരുസഭയുടെ ആരംഭവും തത്ത്വങ്ങളും ശ്ലീഹന്മാരിൽ നിന്നാകകൊണ്ടും, അതിന്റെ ഇടയന്മാരായ മാർപാപ്പമാരും കത്തോലിക്കാ മെത്രാന്മാരും ശ്ലീഹന്മാരുടെ കാലം മുതൽ ഇടമുറിയാത്ത പിന്തുടർച്ചയോടു കൂടിയ അവരുടെ ശരിയായ പിൻഗാമികളാകകൊണ്ടും അതു ശ്ലൈഹികമാകുന്നു.
22. ചോദ്യം: വിശ്വസസത്യങ്ങളും സന്മാർഗ്ഗ വിഷയങ്ങളും സംബന്ധിച്ചു നമ്മെ എന്തെങ്കിലും ഔദ്യോഗികമായി പഠിപ്പിക്കുന്നതിൽ തിരുസ്സഭയ്ക്കു തെറ്റുവരാൻ പാടുണ്ടോ?
ഉത്തരം: പാടില്ല, വിശ്വസസത്യങ്ങളും സന്മാർഗ്ഗവിഷങ്ങളും സംബന്ധിച്ചു നമ്മെ എന്തെങ്കിലും ഔദ്യോഗികമായി പഠിപ്പിക്കുന്നതിൽ തിരുസ്സഭയ്ക്ക് തെറ്റാവരം ഉണ്ട്. എന്തുകൊണ്ടെന്നാൽ, പരിശുദ്ധാരൂപി തിരുസ്സഭയെ നിരന്തരം സഹായിച്ചുകൊണ്ടിരിക്കുന്നു.
23. ചോദ്യം: പരിശുദ്ധ മാർപാപ്പയ്ക്കു തനിച്ചു തെറ്റാവരമുണ്ടോ?
ഉത്തരം: ഉണ്ട്. പരമാധികാരി എന്ന നിലയിൽ തിരുസഭയെ മുഴുവനും, വിശ്വാസത്തെയും സന്മാർഗ്ഗത്തെയും സംബന്ധിച്ച് എന്തെങ്കിലും പഠിപ്പിക്കുമ്പോൾ പരിശുദ്ധ മാർപാപ്പയ്ക്കു തനിച്ചും തെറ്റാവരമുണ്ട്.
അഞ്ചാം പാഠം - ദൈവകല്പനകൾ
1. ചോദ്യം : സ്വർഗ്ഗം പ്രാപിക്കുവാൻ മതതത്ത്വങ്ങൾ വിശ്വസിച്ചാൽ മാത്രം മതിയോ?
ഉത്തരം : സ്വർഗ്ഗം പ്രാപിക്കാൻ മതതത്ത്വങ്ങൾ വിശ്വസിച്ചാൽ മാത്രം പോരാ; അവയ്ക്കനുസരണമായി പ്രവർത്തിക്കുകയും വേണം. നിത്യജീവിതത്തിലേയ്ക്കു പ്രവേശിക്കുവാൻ നീ ആഗ്രഹിക്കുന്നെങ്കിൽ പ്രമാണങ്ങള അനുസരിക്കുക എന്നാണ് ഈശോ മിശിഹാ അരുളിചെയ്തിരിക്കുന്നത് (മത്തായി 18:27).
2. ചോദ്യം : ദൈവ കല്പനകൾ എത്ര? ഏതെല്ലാം?
ഉത്തരം : ദൈവകല്പനകൾ പത്ത്.
3. ചോദ്യം : നിത്യരക്ഷ പ്രാപിക്കാൻ ഈ കല്പനകൾ എല്ലാം തന്നെ അനുസരിക്കേണ്ട ആവശ്യമുണ്ടോ?
ഉത്തരം : നിത്യരക്ഷ പ്രാപിക്കാൻ ദൈവകല്പനകൾ എല്ലാം തന്നെ അനുസരിക്കണം. എന്തുകൊണ്ടെന്നാൽ അവയിലെല്ലാം ദൈവതിരുമനസ്സ് ഒന്നുപോലെയാകുന്നു. അതിനാലാണ് ഒന്നു ലംഘിച്ചാൽ എല്ലാം ലംഘിച്ചതുപോലെയാകുമെന്ന വി. യാക്കോബ് ശ്ലീഹ പറഞ്ഞിരിക്കുന്നത് (യാക്കോബ്ശ്ലീഹ 2:10) എല്ലാം അനുസരിക്കാതിരുന്നാൽ രക്ഷ പ്രാപിക്കുകയില്ല.
4. ചോദ്യം : ഒന്നാം പ്രമാണത്തിൽ എന്താണു കല്പിച്ചിരിക്കുന്നത്?
ഉത്തരം : ദൈവത്തെ മാത്രം ആരാധിക്കണമെന്നാണു കല്പിച്ചിരിക്കുന്നത്.
5. ചോദ്യം : ദൈവത്തെ എങ്ങനെയാണ് ആരാധിക്കേണ്ടത്?
ഉത്തരം : ആന്തരികവും ബാഹ്യവുമായ പ്രവൃത്തികളാലും, വിശ്വാസം, ശരണം, സ്നേഹം എന്ന ദൈവിക പുണ്യങ്ങളാലും, മതാചാരത്താലുമാണു ദൈവത്തെ ആരാധിക്കേണ്ടത്.
6. ചോദ്യം : ഒന്നാം പ്രമാണത്തിൽ എന്താണ് വിലക്കിയിരിക്കുന്നത്?
ഉത്തരം : നിരീശ്വരത്വം, നിർമ്മതത്വം, അന്ധവിശ്വാസം മുതലായി വിശ്വാസത്തിനും ശരണത്തിനും സ്നേഹത്തിനും വിരുദ്ധമായവയെല്ലാം ഒന്നാം പ്രമാണത്തിൽ വിലക്കിയിരിക്കുന്നു.
7. ചോദ്യം : പരിശുദ്ധ കന്യകാമറിയത്തെയും വിശുദ്ധരേയും വന്ദിക്കരുതെന്ന് ഈ പ്രമാണത്തിൽ വിലക്കിയിട്ടുണ്ടോ?
ഉത്തരം : പരിശുദ്ധ കന്യകാമറിയത്തെയും വിശുദ്ധരേയും വന്ദിക്കരുതെന്ന് വിലക്കിയിട്ടില്ല. എന്തുകൊണ്ടെന്നാൽ നാം അവരെ ദൈവമായിട്ടാരാധിക്കുന്നില്ല. ദൈവത്തിന്റെ മാതാവ് അല്ലെങ്കിൽ സ്നേഹിതർ എന്ന നിലയിലും അവിടുത്തെ തിരുസന്നിധിയിൽ നമുക്കുള്ള ശക്തിയേറിയ മദ്ധ്യസ്ഥരെന്ന നിലയിലും അവരെ നാം വന്ദിക്കുക മാത്രമേ ചെയ്യുന്നുള്ളു.
8. ചോദ്യം : വിശുദ്ധരുടെ തിരുശേഷിപ്പുകളെ അഥവാ പൂജ്യാവശിഷ്ടങ്ങളെ നാം വണങ്ങണമോ?
ഉത്തരം : വിശുദ്ധരുടെ തിരുശ്ശേഷിപ്പുകളെ നാം വണങ്ങണം. എന്തുകൊണ്ടെന്നാൽ ദൈവത്തിന് അത്യധികം പ്രിയപ്പെട്ടവരുടേത് എന്ന നിലയിൽ അവ ഏറ്റം വിലപിടിച്ച അവശിഷ്ടങ്ങളാണ്. മാത്രമല്ല, ദൈവം തന്നെ അവയെ ആദരിച്ച് പല അത്ഭുതങ്ങളും അവ വഴി പ്രവർത്തിക്കുകയും ചെയ്യുന്നു.
9. ചോദ്യം : രണ്ടാം പ്രമാണത്തിൽ ദൈവം എന്തു കല്പിക്കുന്നു?
ഉത്തരം : ദൈവത്തേയും വിശുദ്ധരെയും തിരുക്കർമ്മാദികളെയും തിരുവസ്തുക്കളെയും കുറിച്ചു ബഹുമാനപൂർവ്വം സംസാരിക്കണമെന്നും, ശരിയായി ചെയ്ത നേർച്ചകളെയും സത്യപ്രതിജ്ഞകളെയും പാലിക്കണമെന്നും രണ്ടാം പ്രമാണത്തിൽ കല്പിക്കപ്പെട്ടിരിക്കുന്നു.
10. ചോദ്യം : ഈ പ്രമാണത്തിൽ എന്താണ് വിലക്കിയിരിക്കുന്നത്?
ഉത്തരം : കള്ളമായിട്ടും തിന്മയായിട്ടും നീതികേടായിട്ടും ആവശ്യം കൂടാതെയുള്ള സത്യം ചെയ്യലും, ആണ, പ്രാക്ക്, ദൈവദൂക്ഷണം, മുതലായ നിന്ദാവചനങ്ങളും രണ്ടാം പ്രമാണത്തിൽ വിലക്കിയിരിക്കുന്നു.
11. ചോദ്യം : തിരുവസ്തുനിന്ദ അഥവാ ദൈവദോഷം എന്നാലെന്ത്?
ഉത്തരം : ദൈവാരാധനയ്ക്ക് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ആളുകളെയും വസ്തുക്കളെയും സ്ഥലങ്ങളെയും കയ്യേറ്റം ചെയ്യുന്നതും, കൂദാശകളെ അയോഗ്യമായി കൈക്കൊള്ളുന്നതുമാണ് തിരുവസ്തുനിന്ദ.
12. ചോദ്യം : മൂന്നാം പ്രമാണത്തിൽ എന്താണു കല്പിക്കപ്പെട്ടിരിക്കുന്നത്?
ഉത്തരം : ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും ദിവ്യബലിയിൽ സംബന്ധിച്ചുകൊണ്ടും വിശുദ്ധമായി വ്യാപരിച്ചുകൊണ്ടും കഴിയണമെന്നു മൂന്നാം പ്രമാണത്തിൽ കല്പിക്കപ്പെട്ടിരിക്കുന്നു
13. ചോദ്യം : ഈ പ്രമാണത്തിൽ എന്താണു വിലക്കിയിരിക്കുന്നത്?
ഉത്തരം : വിശുദ്ധ ദിവസത്തിന്റെ ആചരണത്തിനു വിഘ്നം വരുത്തുന്ന എല്ലാവിധ ജോലികളും ചെയ്യുന്നതും ചെയ്യിക്കുന്നതും മൂന്നാം പ്രമാണത്തിൽ വിലക്കിയിരിക്കുന്നു.
14. ചോദ്യം : നാലാം പ്രമാണത്തിൽ എന്താണ് കല്പിച്ചിരിക്കുന്നത്?
ഉത്തരം : മാതാപിതാക്കന്മാരെയും അധികാരികളെയും അദ്ധ്യാപകരെയും മറ്റും സ്നേഹിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും സഹായിക്കുകയും ചെയ്യണമെന്നു നാലാം പ്രമാണത്തിൽ കല്പിക്കപ്പെട്ടിരിക്കുന്നു.
15. ചോദ്യം : മാതാപിതാക്കന്മാരെയും അധികാരികളെയും മറ്റും സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നു കല്പിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?
ഉത്തരം : മാതാപിതാക്കന്മാരെയും അധികാരികളെയും മറ്റും സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നു കല്പിച്ചിരിക്കുന്നത് അവർ ദൈവത്തിന്റെ പ്രതിനിധികളായിരിക്കുന്നത് കൊണ്ടാണ്. മാതാപിതാക്കന്മാർ വിശേഷിച്ചും, ദൈവം കഴിഞ്ഞാൽ പിന്നെ നമുക്കുള്ള ഏറ്റം വലിയ ഉപകാരികളും നമ്മെ ദൈവത്തിനും നിത്യജീവിതത്തിനുമായി വളർത്താൻ അതിയായി യത്നിക്കുന്നവരുമാകുന്നു.
16. ചോദ്യം : ഈ നാലാം പ്രമാണത്തിൽ എന്താണു വിലക്കിയിരിക്കുന്നത്?
ഉത്തരം : മാതാപിതാക്കന്മാരുടെയും അധികാരികളുടെയും അദ്ധ്യാപകരുടെയും മറ്റും നേർക്കുള്ള എല്ലാവക നിന്ദയും അനുസരണക്കേടും സ്നേഹമില്ലായ്മയും ഇതുപോലുള്ള മറ്റു കുറ്റങ്ങളും നാലാം പ്രമാണത്തിൽ വിലക്കിയിരിക്കുന്നു.
17. ചോദ്യം : മാതാപിതാക്കന്മാരുടെ പ്രധാന കടമകൾ എന്തെല്ലാം?
ഉത്തരം : മക്കളെയും തങ്ങളുടെ കീഴിലുള്ള മറ്റാളുകളെയും മതകാര്യങ്ങൾ പഠിപ്പിക്കുകയും അവരെ ദൈവത്തിന്റെ മക്കളായി വളർത്തുന്നതിനുള്ള കഴിവുള്ള എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കുകയുമാണ് മാതാപിതാക്കന്മാരുടെ പ്രധാന കടമകൾ.
18. ചോദ്യം : അഞ്ചാം പ്രമാണത്തിൽ എന്താണു കല്പിച്ചിരിക്കുന്നത്?
ഉത്തരം : ദൈവദാനമായ ജീവനെ അവനവനിലും അന്യരിലും കഴിവുപോലെ സംരക്ഷിക്കണമെന്നാണ് അഞ്ചാം പ്രമാണത്തിൽ കല്പിച്ചിരിക്കുന്നത്.
19. ചോദ്യം : അഞ്ചാം പ്രമാണത്തിൽ എന്താണ് വിലക്കിയിരിക്കുന്നത്?
ഉത്തരം : ആത്മഹത്യ, ഭ്രൂണഹത്യ, കൊലപാതകം തുടങ്ങിയവയും, അസൂയ, അരിശം, പ്രതികാരബുദ്ധി, കയ്യേറ്റങ്ങൾ മുതലായവയും, മയക്കുമരുന്നുകളുടെ ഉപയോഗവും ദുർമാതൃകയും മനുഷ്യജീവന് ഉപദ്രവമായതൊക്കെയും അഞ്ചാം പ്രമാണത്തിൽ വിലക്കിയിരിക്കുന്നു.
20. ചോദ്യം : ആറാം പ്രമാണത്തിൽ എന്താണ് കല്പിച്ചിരിക്കുന്നത്?
ഉത്തരം : ആത്മശരീര പരിശുദ്ധി പാലിക്കണമെന്നും ലൈംഗിക ശക്തിയെ ദൈവേഷ്ടമനുസരിച്ചുമാത്രം ഉപയോഗിക്കണമെന്നുമാണ് ആറാം പ്രമാണത്തിൽ കല്പിച്ചിരിക്കുന്നത്.
21. ചോദ്യം : ആറാം പ്രമാണത്തിൽ എന്താണു വിലക്കിയിരിക്കുന്നത്?
ഉത്തരം : വ്യഭിചാരം മുതലായ അശുദ്ധ പ്രവൃത്തികളും അവയ്ക്ക് പ്രേരിപ്പിക്കുന്ന നോട്ടം, വിചാരം, സംസാരം, സ്പർശനം, പ്രകടനം, വായന, വിനോദം മുതലായവും ആറാം പ്രമാണത്തിൽ വിലക്കിയിരിക്കുന്നു.
22. ചോദ്യം : ഏഴാം പ്രമാണത്തിൽ എന്താണു വിലക്കിയിരിക്കുന്നത്?
ഉത്തരം : അന്യരുടെ വസ്തുവകകൾ അന്യായമായി കൈവശപ്പെടുത്തരുതെന്നും അവയ്ക്ക് നാശം വരുത്തരുതെന്നും മാനഹാനി വരുത്തരുതെന്നും, ഉടമ്പടികളിൽ ചതിവു ചെയ്യരുതെന്നും 7-ാം പ്രമാണത്തിൽ വിലക്കിയിരിക്കുന്നു.
23. ചോദ്യം : ഈ പ്രമാണത്തിൽ എന്താണ് ദൈവം ആജ്ഞാപിച്ചിരിക്കുന്നത്?
ഉത്തരം : നമ്മുടെ കടങ്ങൾ വീട്ടണമെന്നും, മറ്റുള്ളവർക്കു നാം വരുത്തിയിട്ടുള്ള മാനഹാനിയും വസ്തുനാശവും മറ്റും പരിഹരിക്കണമെന്നും ഏഴാം പ്രമാണത്തിൽ ദൈവം കല്പിക്കുന്നു.
24. ചോദ്യം : ഏഴാം പ്രമാണത്തിന് എതിരായി പാപം ചെയ്ത ആൾ ആ പാപം കുമ്പസാരത്തിൽ പറഞ്ഞാൽ മാത്രം മതിയോ?
ഉത്തരം : ഏഴാം പ്രമാണത്തിന് എതിരായി പാപം ചെയ്ത ആൾ ആ പാപം കുമ്പസാരത്തിൽ പറഞ്ഞാൽ മാത്രം പോരാ, അതു വഴി മറ്റുള്ളവർക്കു വരുത്തിയ നഷ്ടം പരിഹരിക്കാൻ തന്നാൽ കഴിയുന്നതൊക്കെ ചെയ്യുകയും വേണം.
25. ചോദ്യം : എട്ടാം പ്രമാണത്തിൽ എന്താണു ദൈവം ആജ്ഞാപിക്കുന്നത്?
ഉത്തരം : നാം സത്യം പറയണമെന്നും, അന്യന്റെ പ്രവൃത്തികളെ നന്നായി വ്യാഖ്യാനിക്കണമെന്നുമാണ് എട്ടാം പ്രമാണത്തിൽ ദൈവം ആജ്ഞാപിക്കുന്നത്.
26. ചോദ്യം : എട്ടാം പ്രമാണത്തിൽ എന്താണു വിലക്കിയിരിക്കുന്നത്?
ഉത്തരം : കള്ളസാക്ഷി, നുണ, ദൂഷണം പറയൽ തുടങ്ങി മറ്റുള്ളവരുടെ മാനത്തിനും കീർത്തിക്കും വിരോധമായ സകല വാക്കുകളും പ്രവൃത്തികളും രഹസ്യഭഞ്ജനങ്ങളും മറ്റും എട്ടാം പ്രമാണത്തിൽ വിലക്കിയിരിക്കുന്നു.
27. ചോദ്യം : നുണ എന്താകുന്നു?
ഉത്തരം : മറ്റൊരുത്തനെ ചതിക്കണമെന്ന ഉദ്ദേശത്തോടു കൂടി അറിഞ്ഞിരിക്കുന്നതിനു വിപരീതമായി പറയുന്ന വാക്കുകളോ, കാണിക്കുന്ന അടയാളമോ ആകുന്നു നുണ.
28. ചോദ്യം : കള്ളസാക്ഷി പറഞ്ഞവരും അപകീർത്തി വരുത്തിയവരും എന്തുചെയ്യണം?
ഉത്തരം : കള്ളസാക്ഷി പറഞ്ഞവരും അപകീർത്തി വരുത്തിയവരും തങ്ങൾ വരുത്തിയ മുതൽനാശമോ, മാനനഷ്ടമോ കഴിയുന്ന വിധത്തിലും വേഗത്തിലും പരിഹരിക്കണം. അതിന് അവർക്ക് കടമയുള്ളതുകൊണ്ട് അപ്രകാരം ചെയ്യാതിരുന്നാൽ അവരുടെ പാപത്തിനു പൊറുതി ലഭിക്കുകയില്ല.
29. ചോദ്യം : ഒമ്പതാം പ്രമാണത്തിൽ എന്താണു ദൈവം കല്പിച്ചിരിക്കുന്നത്?
ഉത്തരം : വിവാഹ ജീവിതത്തിൽ വിശുദ്ധിയും വിശ്വസ്തതയും അഭേദ്യതയും എല്ലാവരും ആദരിക്കണമെന്നാണ് ഒമ്പതാം പ്രമാണത്തിൽ കല്പിക്കുന്നത്.
30. ചോദ്യം : ഒമ്പതാം പ്രമാണത്തിൽ എന്താണ് വിലക്കിയിരിക്കുന്നത്?
ഉത്തരം : അടക്കത്തിലും വിവാഹജീവിതത്തിന്റെ വിശ്വസ്തതയ്ക്കും വിശുദ്ധിക്കും വിരുദ്ധമായ പ്രവൃത്തികളും വിചാരങ്ങളും ആഗ്രഹങ്ങളും അവയിലുള്ള മന:പൂർവ്വകമായ സന്തോഷങ്ങളും ഒമ്പതാം പ്രമാണത്തിൽ വിലക്കിയിരിക്കുന്നു.
31. ചോദ്യം : ഇവ കൂടാതെ ഈ പ്രമാണം മറ്റു വല്ലതും വിലക്കിയിട്ടുണ്ടോ.?
ഉത്തരം : ഉണ്ട്, പാപത്തിനും ദുർവിചാരങ്ങൾക്കും ദുരാശകൾക്കും കാരണമാകുന്ന സാഹചര്യങ്ങൾകൂടെ വിലക്കിയിട്ടുണ്ട്.
32. ചോദ്യം : ഈ സാഹചര്യങ്ങൾ ഏതെല്ലാം?
ഉത്തരം : ചീത്തവ്യക്തികൾ, അശുദ്ധ വാക്കുകൾ, ചീത്ത സംസാരങ്ങൾ, അശ്ലീല ഗാനങ്ങൾ, ചീത്ത പുസ്തകങ്ങൾ, ചീത്ത ചിത്രങ്ങൾ മുതലായവയും, സന്മാർഗ്ഗത്തിനു ചേരാത്ത നാടകങ്ങൾ, സിനിമകൾ തുടങ്ങി ശുദ്ധത എന്ന പുണ്യത്തിനു ഹാനികരമാകത്തക്ക സകലതും, ദുർവിചാരങ്ങൾക്കും ദുരാശകൾക്കും കാരണം നൽകുന്ന സാഹചര്യങ്ങളാണ്.
33. ചോദ്യം : (എ) ശുദ്ധതയ്ക്കെതിരായ പരീക്ഷകൾ പാപമാണോ?
ഉത്തരം : ശുദ്ധതയ്ക്കെതിരായ പരീക്ഷകൾ അവയിൽ തന്നെ പാപമാകുന്നില്ല. എന്നാൽ, നാം അവയ്ക്ക് സമ്മതം കൊടുക്കുകയോ അവ ഉണ്ടാക്കുവാൻ മന:പൂർവ്വം കാരണം നൽകുകയോ ചെയ്താൽ അവ പാപമാകും.
34. ചോദ്യം : (ബി) ശുദ്ധതയ്ക്കെതിരായ പരീക്ഷ ഉണ്ടായാൽ എന്തുചെയ്യണം?
ഉത്തരം : ശുദ്ധതയ്ക്കെതിരായ പരീക്ഷ ഉണ്ടായാൽ ഉടനെ അതിൽ നിന്നും നമ്മുടെ ശ്രദ്ധയും വിചാരവും അകറ്റി നല്ല വിഷയങ്ങളിലേയ്ക്ക് തിരിയുകയും പ്രാർത്ഥനയിലൂടെ ദൈവസഹായം തേടുകയും വേണം.
35. ചോദ്യം : പത്താം പ്രമാണത്തിൽ എന്താണ് കല്പിച്ചിരിക്കുന്നത്?
ഉത്തരം : ഭൗതിക വസ്തുക്കളോടുള്ള താല്പര്യത്തെ ദൈവഹിതത്തിനു യോജിച്ച വിധം ക്രമീകരിക്കണമെന്നാണ് പത്താം പ്രമാണത്തിൽ കല്പിച്ചിരിക്കുന്നത്.
36. ചോദ്യം : പത്താം പ്രമാണത്തിൽ എന്താണ് വിലക്കിയിരിക്കുന്നത്?
ഉത്തരം : അന്യരുടെ വസ്തുക്കളെക്കുറിച്ചുള്ള നീതി വിരുദ്ധമായ ആഗ്രഹങ്ങളും ലൗകിക വസ്തുക്കളിലുള്ള അതിരറ്റ താല്പര്യങ്ങളും പത്താം പ്രമാണത്തിൽ വിലക്കിയിരിക്കുന്നു.
37. ചോദ്യം : വേദ പ്രമാണങ്ങൾ പത്തും എങ്ങനെ സംക്ഷേപിക്കാം?
ഉത്തരം : വേദപ്രമാണങ്ങൾ പത്തും രണ്ടു പ്രമാണങ്ങളിൽ സംക്ഷേപിക്കാം.
എല്ലാ വസ്തുക്കളേയുംകാൾ ദൈവത്തെ സ്നേഹിക്കുന്നത്. തന്നത്താൻ സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരേയും സ്നേഹിക്കുന്നത്.
ആറാം പാഠം - തിരുസഭയുടെ കല്പനകൾ
1. ചോദ്യം: തിരുസഭയുടെ പ്രധാന കല്പനകൾ എത്ര?
ഉത്തരം: തിരുസഭയുടെ പ്രധാന കല്പനകൾ അഞ്ച്.
2. ചോദ്യം: ഈ അഞ്ച് കല്പനകൾ ഏതെല്ലാം?
ഒന്നാം കല്പന
3. ചോദ്യം: ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും കുർബാനയിൽ സംബന്ധിക്കാതിരിക്കുന്നത് മാരക പാപമാണോ?
ഉത്തരം: ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും കുർബാനയിൽ സംബന്ധിക്കാതിരിക്കുന്നതു മാരകപാപമാണ്.
4. ചോദ്യം: മേൽപറഞ്ഞ ദിവസങ്ങളിൽ ദിവ്യബലിയിൽ സംബന്ധിക്കുന്നതിനെ മാതാപിതാക്കന്മാർ, രക്ഷകർത്താക്കൾ തുടങ്ങിയവർ തങ്ങളുടെ സംരക്ഷണയിലുള്ള ആളുകൾക്കു തടസ്സം വരുത്തുന്നതു മാരകപാപമാണോ?
ഉത്തരം: മാതാപിതാക്കന്മാർ, രക്ഷകർത്താക്കൾ തുടങ്ങിയവർ തങ്ങളുടെ സംരക്ഷണയിലുള്ളവർക്കു തക്ക കാരണം കൂടാതെ ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും കുർബാനയിൽ സംബന്ധിക്കുന്നതിനു തടസ്സം വരുത്തുന്നതു മാരകപാപമാണ്.
രണ്ടാം കല്പന
5. ചോദ്യം: ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്നുള്ള കല്പനയനുസരിക്കുന്നത് മനസ്സറിവോടെ വാസ്തവമല്ലാത്ത കുമ്പസാരം കഴിച്ചാലും മതിയോ?
ഉത്തരം: ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്നുള്ള കല്പനയനുസരിക്കുന്നതിന്, മനസ്സറിവോടെ വാസ്തവമല്ലാത്ത കുമ്പസാരം കഴിച്ചാൽ പോര. മാത്രവുമല്ല, അങ്ങനെയുള്ള കുമ്പസാരത്താൽ തിരുവസ്തുനിന്ദനം എന്ന പാപം കൂടി ചെയ്യുന്നതുകൊണ്ട് മുമ്പിലത്തേക്കാളധികം കുറ്റവുമുണ്ടാകും.
6. ചോദ്യം: (എ) പെസഹാകാലത്തു വിശുദ്ധ കുർബാന കൈക്കൊള്ളണമെന്ന കല്പന ഏത് അവധിക്കുള്ളിലാണ് നിറവേറ്റേണ്ടത്?
ഉത്തരം: പെസഹാകാലത്തു വിശുദ്ധ കുർബാന കൈക്കൊള്ളണമെന്ന കല്പന ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളതനുസരിച്ച്, അമ്പതുനോമ്പാരംഭത്തിനും ത്രിത്വത്തിന്റെ ഞായറാഴ്ചയുടെ തലേദിവസത്തിനും ഇടയ്ക്ക് എന്നെങ്കിലും നിറവേറ്റിയാൽ മതി.
7. ചോദ്യം: (ബി) ഈ കുർബാന സ്വീകരണം എവിടെയാണു നടത്തേണ്ടത്?
ഉത്തരം: കല്പനയനുസരിക്കുന്നതിനുള്ള പെസഹാക്കാലത്തെ വിശുദ്ധ കുർബാനസ്വീകരണം സാധാരണ സ്വന്തം ഇടവകയിലാണു നടത്തേണ്ടത്.
മൂന്നാം കല്പന
8. ചോദ്യം: (എ) ഉപവസിക്കണമെന്നു കല്പിച്ചിരിക്കുന്നതുകൊണ്ട് എന്താണു മനസ്സിലാക്കേണ്ടത്?
ഉത്തരം: ഉപവസിക്കണമെന്നുള്ള കല്പനകൊണ്ട്, നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ മാംസം ഭക്ഷിക്കരുതെന്നുമാത്രമോ, മാംസം ഭക്ഷിക്കരുതെന്നും ഒരു നേരം നോക്കണമെന്നും കൂടിയോ മനസ്സിലാക്കണം.
9. ചോദ്യം: (ബി) ഒരുനേരം നോക്കണമെന്നതിന്റെ അർത്ഥമെന്ത്?
ഉത്തരം: ഒരുനേരം നോക്കണമെന്നു പറയുന്നതിന്റെ അർത്ഥം ദിവസത്തിൽ ഒരിക്കൽ മാത്രമേ പൂർണ്ണ ഭക്ഷണം കഴിക്കാവു എന്നാണ്.
10. ചോദ്യം: (സി) നോമ്പ് ആചരിക്കണമെന്നു തിരുസഭ കല്പിക്കുന്നത് എന്തിനായിട്ടാണ്?
ഉത്തരം: നോമ്പ് ആചരിക്കണമെന്നു തിരുസഭ കല്പിക്കുന്നത് മൂന്ന് കാര്യങ്ങൾക്കായിട്ടാണ്.
1. സൃഷ്ടിവസ്തുക്കളുടെമേൽ ദൈവത്തിനുള്ള പരമാധികാരം അംഗീകരിക്കാൻ
2. നമ്മുടെ ദുരാശകളെ അമർത്താൻ
3. തപസ്സുകൊണ്ട് നമ്മുടെ പാപങ്ങൾക്കു പരിഹാരം ചെയ്യാൻ.
11. ചോദ്യം: നോമ്പു ദിവസങ്ങളിലെ വിലക്കപ്പെട്ട ഭക്ഷണ സാധനങ്ങൾ ഏതെല്ലാമാണ്?
ഉത്തരം: പ്രത്യേക കല്പനയനുസരിച്ച് മാംസവും മാംസത്തിൽ നിന്നുണ്ടാകുന്ന ഭക്ഷണ സാധനങ്ങളും മാത്രമേ വിലക്കിയിട്ടുള്ളു.
നാലാം കല്പന
12. ചോദ്യം: വിവാഹാഘോഷങ്ങൾ മുടക്കപ്പെട്ടിരിക്കുന്ന കാലങ്ങൾ ഏതെല്ലാം?
ഉത്തരം: ആഗമനകാലം, ഒന്നാം ഞായറാഴ്ച മുതൽ നമ്മുടെ കർത്താവിന്റെ പിറവിവരെയും, വലിയ നോമ്പിലെ ഒന്നാം തിങ്ക ളാഴ്ച മുതൽ ഉയിർപ്പു ഞായറാഴ്ച വരെയും വിവാഹാഘോഷങ്ങൾ മുടക്കിയിരിക്കുന്നു.
അഞ്ചാം കല്പന
13. ചോദ്യം: കല്പിക്കപ്പെട്ട ഓഹരികൾ പള്ളിക്കുകൊടുക്കാൻ കടമയുണ്ടോ?
ഉത്തരം: സഭയുടെയും സഭാസേവനം ചെയ്യുന്ന പുരോഹിതന്മാരുടെയും കല്പിക്കപ്പെട്ട ഓഹരി കൊടുക്കുവാൻ കടമയുണ്ട്.
14. ചോദ്യം: തിരുസഭയുടെ കല്പനകൾ അനുസരിക്കാതിരുന്നാൽ മാരകപാപമാകുമോ?
ഉത്തരം: തിരുസ്സഭയുടെ കല്പനകൾ അനുസരിക്കാതിരുന്നാൽ മാരകപാപമാകും. എന്തുകൊണ്ടെന്നാൽ സഭയെ കേൾക്കാത്തവൻ നിനക്കു ചുങ്കക്കാരനെപ്പോലെയും പുറജാതിക്കാരനെപ്പോലെയും ആയിരിക്കട്ടെ എന്ന് ഈശോമിശിഹാ അരുളിചെയ്തിരിക്കുന്നു (മത്താ 18:17).
ഏഴാം പാഠം - പാപം
1. ചോദ്യം: പാപം എന്നാലെന്ത്?
ഉത്തരം: ദൈവത്തോടും സഹോദരങ്ങളോടുമുള്ള സ്നേഹബന്ധത്തെ തകർക്കുന്ന അഥവാ ദൈവപ്രമാണങ്ങൾക്കു വിപരീതമായിട്ടുള്ള മന:പൂർവ്വമായ പ്രവൃത്തി അല്ലെങ്കിൽ ഉപേക്ഷയാകുന്നു പാപം.
2. ചോദ്യം: പാപം എത്രവിധമുണ്ട്?
ഉത്തരം: പാപം രണ്ടുവിധമുണ്ട് ജന്മപാപവും കർമ്മപാപവും
3. ചോദ്യം: ജന്മപാപം എന്നാലെന്ത്?
ഉത്തരം: ജന്മത്താലെ നമ്മുടെ ആദിമാതാപിതാക്കന്മാരിൽ നിന്നു നമുക്ക് അവകാശമെന്നപോലെ ലഭിക്കുന്ന പാപമാകുന്നു ജന്മപാപം
4. ചോദ്യം: അതിനെ ജന്മപാപമെന്നു വിളിക്കുന്നതെന്തുകൊണ്ട്?
ഉത്തരം: മനുഷ്യവർഗ്ഗത്തിന്റെ ആരംഭകനായ ആദത്തിൽ നിന്നു ജനനംവഴി, എല്ലാ മനുഷ്യരിലും ആ പാപം വ്യാപിക്കുന്നതിനാലും, എല്ലാവരും അതോടുകൂടി ജനിക്കുന്നതിനാലും അതിനെ ജന്മപാപമെന്നു വിളിക്കുന്നു.
5. ചോദ്യം: കർമ്മപാപം എന്നാലെന്ത്?
ഉത്തരം: തിരിച്ചറിവുണ്ടായതിനുശേഷം ഓരോരുത്തരും സ്വന്തം മനസ്സാലേ ചെയ്യുന്ന പാപമാണു കർമ്മപാപം.
6. ചോദ്യം: കർമ്മ പാപം എത്രവിധമുണ്ട്?
ഉത്തരം: കർമ്മപാപം രണ്ടു വിധമുണ്ട്. മാരകപാപവും ലഘുപാപവും.
7. ചോദ്യം: മാരക പാപം എന്താകുന്നു?
ഉത്തരം: ദൈവപ്രമാണത്തിന്റെ ഘനമായ ലംഘനമാകുന്നു മാരകപാപം.
8. ചോദ്യം: ഇതിനെ മാരക പാപമെന്നു വിളിക്കുന്നതെന്തുകൊണ്ട്?
ഉത്തരം: ദൈവപ്രമാണത്തിന്റെ ഘനമായ ലംഘനം നമ്മുടെ ആത്മാവിന്റെ നിത്യജീവനാകുന്ന ദൈവവരപ്രസാദത്തെ നശിപ്പിച്ച്, ആത്മാവിനെ കൊല്ലുന്നതിനാൽ ആ പാപത്തെ മാരക പാപമെന്നു വിളിക്കുന്നു. മാരകപാപത്തോടുകൂടി മരിക്കുന്നവർക്കു നരകശിക്ഷ ലഭിക്കും.
9. ചോദ്യം: മൂലപാപങ്ങൾ എന്നു സാമാന്യമായി പറയപ്പെടുന്നവ എത്ര? ഏതെല്ലാം?
ഉത്തരം: മൂലപാപങ്ങൾ ഏഴ്.
10. ചോദ്യം: (എ) ലഘുപാപമെന്താണ്?
ഉത്തരം: ദൈവപ്രമാണത്തിന്റെ ലഘുവായ ലംഘനമാണ് ലഘുപാപം.
11. ചോദ്യം: (ബി) പ്രമാണ ലംഘനം ലഘുവാകുന്നതെപ്പോഴാണ്?
ഉത്തരം: പ്രമാണത്തിന്റെ വിഷയത്തിനു ഗൗരവമില്ലാത്തപ്പോഴും ഗൗരവമുണ്ടായിരുന്നാൽത്തന്നെയും അതിന്റെ ലംഘനത്തിൽ പൂർണ്ണമായ അറിവും സമ്മതവും ഇല്ലാത്തപ്പോഴുമാണ് പ്രമാണലംഘനം ലഘുവാകുന്നത്.
12. ചോദ്യം: മാരകപാപങ്ങൾ ചെയ്യാതിരിക്കാൻ വളരെ സൂക്ഷിക്കണമെന്നല്ലാതെ ലഘുപാപങ്ങൾ ചെയ്യാതിരിക്കാനും സൂക്ഷിക്കണമെന്നുണ്ടോ?
ഉത്തരം: മാരകപാപങ്ങൾ ചെയ്യാതിരിക്കാൻ വളരെ സൂക്ഷിക്കണമെന്നു മാത്രമല്ല, ലഘുപാപങ്ങൾ ചെയ്യാതിരിക്കാനും സൂക്ഷിക്കണം. എന്തുകൊണ്ടെന്നാൽ, ലഘുപാപവും ദൈവത്തോടുള്ള ഉപദ്രവമാകുന്നു. മാരകപാപം കഴിഞ്ഞാൽ അത് ഏറ്റവും വലിയ തിന്മയാണ്.
13. ചോദ്യം: ലഘുപാപത്തോടു കൂടി മരിക്കുന്നവർക്ക് എന്തു സംഭവിക്കും?
ഉത്തരം: ലഘുപാപത്തോടുകൂടി മരിക്കുന്നവർ വിശുദ്ധീകരിക്കപ്പെടുവാൻവേണ്ടി ശുദ്ധീകരണസ്ഥലത്തിൽ അയയ്ക്കപ്പെടും. ശുദ്ധീകരണത്തിനുശേഷം അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും.
14. ചോദ്യം: ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളുടെ ദുരിതങ്ങളെ കുറയ്ക്കാൻ നമുക്കു സാധിക്കുമോ?
ഉത്തരം: പ്രാർത്ഥന, ദാനധർമ്മം, ഉപവാസം, ത്യാഗം, മുതലായ പുണ്യപ്രവൃത്തികൾകൊണ്ടും, ദണ്ഡവിമോചനങ്ങൾകൊണ്ടും; പ്രത്യേകിച്ചു ദിവ്യപൂജകൊണ്ടും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ ദുരിതങ്ങളെ കുറയ്ക്കാൻ നമുക്കു സാധിക്കും.
15. ചോദ്യം: ദണ്ഡവിമോചനം എന്നാലെന്ത്?
ഉത്തരം: പാപങ്ങളുടെ കുറ്റത്തിനു മാപ്പു ലഭിച്ചശേഷം അവയ്ക്കുള്ള കാലത്തിനടുത്ത ശിക്ഷയിൽ നിന്നുള്ള മോചനമാണ് ദണ്ഡവിമോചനം.
16. ചോദ്യം: ദണ്ഡവിമോചനങ്ങൾ എത്രവിധമുണ്ട്?
ഉത്തരം: ദണ്ഡവിമോചനങ്ങൾ 2 വിധമുണ്ട്. പൂർണ്ണവും ഭാഗികവും
17. ചോദ്യം: ദണ്ഡ വിമോചനങ്ങളുടെ ഫലസിദ്ധി എവിടെ നിന്നാണ്?
ഉത്തരം: ഈശോമിശിഹായുടെയും വിശുദ്ധരുടെയും സുകൃതഫലങ്ങളായ അളവില്ലാത്ത പുണ്യനിക്ഷേപത്തിൽ നിന്നാണു ദണ്ഡവിമോചനങ്ങളുടെ ഫലസിദ്ധി.
എട്ടാം പാഠം - പുണ്യം
1. ചോദ്യം: നാം പാപം ചെയ്യാതിരുന്നാൽ മാത്രം മതിയോ?
ഉത്തരം: നാം പാപം ചെയ്യാതിരുന്നാൽ മാത്രം പോരാ. അവരവരുടെ കഴിവനുസരിച്ചു സുകൃതങ്ങൾ അഭ്യസിച്ചുകൊണ്ടു പുണ്യപൂർണ്ണത പ്രാപിക്കാൻ അതിയായി പരിശ്രമിക്കുകയും ചെയ്യണം.
2. ചോദ്യം: പുണ്യം എന്നാലെന്താണ്?
ഉത്തരം: നന്മ ആഗ്രഹിക്കുന്നതിലും ചെയ്യുന്നതിനുമുള്ള മനസ്സിന്റെ ആഗ്രഹവും തഴക്കവുമാണ് പുണ്യം.
3. ചോദ്യം: ക്രിസ്തീയ പുണ്യം എന്നാലെന്ത്?
ഉത്തരം: ക്രിസ്തുനാഥന്റെ ഉപദേശങ്ങളുനുസരിച്ച് ജീവിക്കുന്നതിനുള്ള മനസ്സിന്റെ സ്ഥിരമായ നിശ്ചയവും നിരന്തരമായ പരിശ്രമമാണു ക്രിസ്തീയ പുണ്യം.
4. ചോദ്യം: പുണ്യം എത്രവിധമുണ്ട്?
ഉത്തരം: പുണ്യം രണ്ടു വിധമുണ്ട്. ദൈവിക പുണ്യങ്ങളും, സന്മാർഗ്ഗിക പുണ്യങ്ങളും.
5. ചോദ്യം: ദൈവിക പുണ്യങ്ങൾ എത്ര? ഏതെല്ലാം?
ഉത്തരം: ദൈവിക പുണ്യങ്ങൾ മൂന്ന്.
6. ചോദ്യം: ഇവയെ ദൈവിക പുണ്യങ്ങൾ എന്നു പറയുന്നതെന്തുകൊണ്ട്?
ഉത്തരം: വിശ്വാസം, ശരണം, സ്നേഹം എന്ന പുണ്യങ്ങളെ ദൈവം തന്നെ നമ്മുടെ ആത്മാവിൽ വർഷിക്കുന്നതുകൊണ്ടും ഇവ ദൈവത്തെ നേരിട്ടു സംബന്ധിക്കുന്നതു കൊണ്ടും ഇവയെ ദൈവിക പുണ്യങ്ങൾ എന്നു പറയുന്നു.
7. ചോദ്യം: ഈ പുണ്യങ്ങളുടെ പ്രകരണം ചെയ്യേണ്ടത് എപ്പോഴാണ്?
ഉത്തരം: വിശ്വാസം, ശരണം, സ്നേഹം എന്ന പുണ്യങ്ങളുടെ പ്രകരണം ദിവസംതോറും ചെയ്യുന്നത് ഉത്തമം. എന്നാൽ പ്രത്യേകിച്ച് പുണ്യങ്ങൾക്ക് എതിരായ പ്രലോഭനങ്ങൾ ഉണ്ടാകുമ്പോഴും മരണാവസ്ഥയിലും ചെയ്യേണ്ടതാണ്.
8. ചോദ്യം: വിശ്വാസം, ശരണം, സ്നേഹം ഈ പുണ്യങ്ങളുടെ പ്രകരണങ്ങൾ ചെയ്യേണ്ടത് എങ്ങനെ?
9. ചോദ്യം: സന്മാർഗ്ഗിക പുണ്യങ്ങൾ എത്ര?
ഉത്തരം: സന്മാർഗ്ഗിക പുണ്യങ്ങൾ അനേകമുണ്ട്. എന്നാൽ, അവയെല്ലാം നാലു മൗലിക സുകൃതങ്ങളിൽ അടങ്ങിയിരിക്കുന്നു.
10. ചോദ്യം : മൗലിക സുകൃതങ്ങൾ ഏതെല്ലാം?
ഈ നാലു സുകൃതങ്ങളെയും മൗലികമായവ എന്നു പറയുന്നതെന്തുകൊണ്ട് ?
ഉത്തരം : ഈ നാലു സുകൃതങ്ങളും സന്മാർഗ്ഗിക ജീവിതത്തിന് അടിസ്ഥാനംപോലെ ആയിരിക്കുന്നതുകൊണ്ടും ഇവയനുസരിച്ച് നമ്മുടെ പ്രവൃത്തികളെല്ലാം നാം ക്രമപ്പെടുത്തേണ്ടതുകൊണ്ടും ഇവയെ മൗലികസുകൃതങ്ങൾ എന്നു പറയുന്നു.
11. ചോദ്യം : മൂലപാപങ്ങൾ ഏഴിനും എതിരായ പുണ്യങ്ങൾ ഏതെല്ലാം?
ഒമ്പതാം പാഠം - പ്രസാദവരം, പ്രാർത്ഥന, കൂദാശകൾ
പ്രസാദവരം
1. ചോദ്യം: പാപത്തിൽ നിന്നൊഴിഞ്ഞു സ്വർഗ്ഗം പ്രാപിക്കാൻ സ്വന്തം ശക്തികൊണ്ടും നമുക്കു കഴിയുമോ?
ഉത്തരം: പാപത്തിൽ നിന്നൊഴിഞ്ഞു സ്വർഗ്ഗം പ്രാപിക്കാൻ സ്വന്തം ശക്തികൊണ്ടു നമുക്കു കഴിയുകയില്ല. അതിനു നമുക്കു പ്രസാദവരം ആവശ്യമാണ്.
2. ചോദ്യം: (എ) പ്രസാദവരം എന്നാലെന്ത്?
ഉത്തരം: നമ്മുടെ നിത്യരക്ഷയ്ക്കുവേണ്ടി ഈശോമിശിഹായുടെ സുകൃതഫലങ്ങൾ മുഖാന്തരം ദൈവം നമുക്കു നൽകുന്ന പ്രകൃത്യതീതമായ ഒരു ദൈവികനന്മയാകുന്നു പ്രസാദവരം.
3. ചോദ്യം: (ബി) പ്രസാദവരം എത്രവിധമുണ്ട്?
ഉത്തരം: രണ്ടുവിധം, കർമ്മവരപ്രസാദവും, ശുദ്ധീകരണ വരപ്രസാദവും.
4. ചോദ്യം: (സി) കർമ്മവരപ്രസാദമെന്താണ് (അരേൗമഹ ഏൃമരല)?
ഉത്തരം: തിന്മയിൽനിന്നൊഴിയുന്നതിനും നന്മ ചെയ്യുന്നതിനും വേണ്ടി ദൈവം അതതു സമയം നമ്മുടെ ബുദ്ധിക്കു നൽകുന്ന പ്രകാശവും മനസ്സിനു നൽകുന്ന പ്രേരണയുമാകുന്നു കർമ്മ പ്രസാദം.
5. ചോദ്യം: (ഡി) ശുദ്ധീകരണവരപ്രസാദം എന്താണ്?
ഉത്തരം: നിരന്തരം നമ്മുടെ ആത്മാവിനെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമാക്കുന്ന ദിവ്യദാനമാണ് ശുദ്ധീകരണവര പ്രസാദം.
6. ചോദ്യം: പ്രസാദവരം നമുക്ക് എങ്ങനെ പ്രാപിക്കാം?
ഉത്തരം: പ്രാർത്ഥിച്ചും കൂദാശകൾ യോഗ്യതയോടെ സ്വീകരിച്ചും നമുക്കു പ്രസാദവരം പ്രാപിക്കും.
പ്രാർത്ഥന
7. ചോദ്യം: പ്രാർത്ഥന എന്നാൽ എന്താണ്?
ഉത്തരം: ദൈവത്തെ ആരാധിക്കുകയോ അവിടുത്തെ നേർക്കു കൃതജ്ഞത പ്രകാശിപ്പിക്കുകയോ പാപങ്ങൾക്കു മാപ്പപേക്ഷിക്കുകയോ നമുക്കാവശ്യമുള്ള അനുഗ്രഹങ്ങൾ യാചിക്കുകയോ ചെയ്യുന്നതിനായി നമ്മുടെ മനസ്സിനെ ദൈവത്തിലേക്കുയർത്തുന്നതാണു പ്രാർത്ഥന.
8. ചോദ്യം: (എ) നാം പ്രാർത്ഥിക്കേണ്ടത് എപ്പോഴാണ്?
ഉത്തരം: നാം എപ്പോഴും പ്രാർത്ഥിക്കണമെന്നാണ് ഈശോ മിശിഹാ അരുളിചെയ്തിരിക്കുന്നത് (ലൂക്ക 18.1)
9. ചോദ്യം: (ബി) എപ്പോഴും പ്രാർത്ഥിക്കണമെന്നു പറയുന്നതിന്റെ അർത്ഥമെന്ത്?
ഉത്തരം: നാം നമ്മുടെ മനസ്സിനെ കൂടെക്കൂടെ ദൈവത്തിങ്കലേക്ക് ഉയർത്തുകയും, നമ്മുടെ സകല പ്രവൃത്തികളെയും സുഖദു:ഖങ്ങളെയും അവിടുത്തേക്കു കാഴ്ച വയ്ക്കുകയും ചെയ്യണമെന്നാണ് എപ്പോഴും പ്രാർത്ഥിക്കണമെന്നതിന്റെ അർത്ഥം.
10. ചോദ്യം: (സി) നാം പ്രത്യേകിച്ച് പ്രാർത്ഥിക്കേണ്ടത് എപ്പോഴെല്ലാമാണ്?
ഉത്തരം: എല്ലാദിവസവും കാലത്തും വൈകുന്നേരവും, ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും, പ്രലോഭനങ്ങളോ ആപത്തുകളോ ഉണ്ടാകുമ്പോഴുമാണ് നാം പ്രത്യേകിച്ചും പ്രാർത്ഥിക്കേണ്ടത്.
11. ചോദ്യം: നാം പ്രധാനമായി ചൊല്ലേണ്ട ഏറ്റവും വിശിഷ്ട പ്രാർത്ഥന ഏതാണ്?
ഉത്തരം: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയാണ് നാം പ്രധാനമായി ചൊല്ലേണ്ട ഏറ്റവും വിശിഷ്ടമായ പ്രാർത്ഥന.
12. ചോദ്യം: ഈ പ്രാർത്ഥന ഏറ്റവും വിശിഷ്ടമെന്നു പറയുന്നതെന്തുകൊണ്ട്?
ഉത്തരം: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന ഈശോമിശിഹാ തന്നെ പഠിപ്പിച്ചതുകൊണ്ടും അതിൽ പ്രാർത്ഥനയുടെ എല്ലാ ഘടകങ്ങളും ചുരുക്കത്തിൽ അടങ്ങിയിരിക്കുന്നതുകൊണ്ടും അതു മറ്റെല്ലാ പ്രാർത്ഥനകളുടെയും മാതൃക ആയിരിക്കുന്നതുകൊണ്ടുമാണ് ഏറ്റവും വിശിഷ്ടമെന്നു പറയപ്പെടുന്നത്.
കൂദാശകൾ
13. ചോദ്യം: കൂദാശ എന്നാലെന്ത്?
ഉത്തരം: നമ്മുടെ ആത്മാവുകളെ വിശുദ്ധീകരിക്കുന്ന, കാണാൻ പാടില്ലാത്ത ദൈവവരപ്രസാദം തരുന്നതിന് ഈശോമിശിഹാ സ്ഥാപിച്ചിട്ടുള്ള കാണാവുന്ന അടയാളമാകുന്നു കൂദാശ.
14. ചോദ്യം: ദൈവവരപ്രസാദം തരാനുള്ള ശക്തി കൂദാശകൾക്കു ലഭിക്കുന്നത് എവിടെനിന്നാണ്?
ഉത്തരം: ഈശോമിശിഹാ സ്ഥാപിച്ചു എന്നതിൽ നിന്നും അവിടുന്ന് അവയിലൂടെ പ്രവർത്തിക്കുന്നു എന്നതിൽ നിന്നുമാണ് ദൈവവരപ്രസാദം നൽകാനുള്ള ശക്തി കൂദാശക്കു ലഭിക്കുന്നത്.
15. ചോദ്യം: കൂദാശകൾ എത്ര? ഏതെല്ലാം?
ഉത്തരം: കൂദാശകൾ ഏഴ്
16. ചോദ്യം: ഈ കൂദാശകൾ എങ്ങനെയാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്?
ഉത്തരം: 1) മരിച്ചവരുടെ കൂദാശകൾ, ഉയിരവരുടെ കൂദാശകൾ, 2) ഒരിക്കൽ മാത്രം സ്വീകരിക്കാവുന്നവ. ഇങ്ങനെ രണ്ടുതരമായിട്ടാണു കൂദാശകൾ വിഭജിക്കപ്പെട്ടിരിക്കുന്നത്.
17. ചോദ്യം: (എ) മരിച്ചവരുടെ കൂദാശകൾ ഏതെല്ലാമാണ്?
ഉത്തരം: ജ്ഞാനസ്നാനവും കുമ്പസാരവുമാണ് മരിച്ചവരുടെ കൂദാശകൾ.
18. ചോദ്യം: (ബി) ഇവയെ മരിച്ചവരുടെ കൂദാശകൾ എന്നു പറയുന്നതെന്തുകൊണ്ട് ?
ഉത്തരം: വരപ്രസാദമില്ലായ്കയാൽ ആത്മാവു മൃതമായിരിക്കുന്നവർക്ക് കൂദാശകൾ സ്വീകരിക്കാവുന്നതുകൊണ്ട് ഇവയെ മരിച്ചവരുടെ കൂദാശകൾ എന്നു പറയുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ രോഗീലേപനവും ഈ ഗണത്തിൽപെടും.
19. ചോദ്യം: ഉയിരവരുടെ കൂദാശകൾ ഏതെല്ലാമാണ്?
ഉത്തരം: സ്ഥൈര്യലേപനം, കുർബാന, രോഗിലേപനം, തിരുപ്പട്ടം, വിവാഹം ഇവ അഞ്ചുമാണ് ഉയിരവരുടെ കൂദാശകൾ.
20. ചോദ്യം: (എ) ഇവയെ ഉയിരവരുടെ കൂദാശകൾ എന്നു പറയുന്നതെന്തുകൊണ്ട്?
ഉത്തരം: ആത്മാവിന്റെ ജീവനാകുന്ന ദൈവവരപ്രസാദം ഉള്ളവർക്കുമാത്രം ഈ കൂദാശകളെ സ്വീകരിക്കാവുന്നതുകൊണ്ട് ഇവയെ ഉയിരവരുടെ കൂദാശകൾ എന്നു പറയുന്നു.
21. ചോദ്യം: (ബി) ഒരിക്കൽ മാത്രം കൈക്കൊള്ളാവുന്ന കൂദാശകൾ ഏതെല്ലാം?
ഉത്തരം: ജ്ഞാനസ്നാനവും, സ്ഥൈര്യലേപനവും തിരുപ്പട്ടവുമാണ് ഒരിക്കൽ മാത്രം സ്വീകരിക്കാവുന്ന കൂദാശകൾ.
22. ചോദ്യം: (സി) ഈ കൂദാശകൾ ഒരിക്കൽ മാത്രം കൈക്കൊള്ളാവുന്നവ ആയിരിക്കുന്നതെന്തുകൊണ്ട്?
ഉത്തരം: ഈ കൂദാശകൾ ഒരിക്കലും മാഞ്ഞുപോകാത്ത മുദ്ര ആത്മാവിൽ പതിക്കുന്നതുകൊണ്ടാണ് ഇവ ഒരിക്കൽ മാത്രം കൈക്കൊള്ളാവുന്നവയായിരിക്കുന്നത്.
23. ചോദ്യം: ജ്ഞാനസ്നാനം എന്നാലെന്ത്?
ഉത്തരം: ജന്മപാപത്തിൽ നിന്നും കർമ്മപാപം ഉണ്ടെങ്കിൽ അതിൽ നിന്നും മോചിച്ച് നമ്മെ ക്രിസ്ത്യാനികളും ദൈവത്തിന്റെ മക്കളും സ്വർഗ്ഗത്തിനവകാശികളും ആക്കുന്ന കൂദാശയാണ് ജ്ഞാനസ്നാനം.
24. ചോദ്യം: ജ്ഞാനസ്നാനം നിത്യരക്ഷയ്ക്ക് ആവശ്യമാണോ?
ഉത്തരം: ജ്ഞാനസ്നാനം നിത്യരക്ഷയ്ക്ക് ആവശ്യമാണ്. ആഗ്രഹത്താലുള്ള ജ്ഞാനസ്നാനമെങ്കിലും സ്വീകരിക്കാതെ ഒരുത്തനും ദൈവരാജ്യത്തിൽ പ്രവേശിക്കാൻ സാധിക്കയില്ല.
25. ചോദ്യം: (എ) ജ്ഞാനസ്നാനം ആർക്കും നല്കാമോ?
ഉത്തരം: നിത്യരക്ഷയ്ക്കു ജ്ഞാനസ്നാനം കൂടിയേ കഴിയൂ എന്നുള്ളതുകൊണ്ട് അത്യാവശ്യം നേരിടുമ്പോൾ ജ്ഞാനസ്നാനം ആർക്കും നല്കാം.
26. ചോദ്യം: (ബി) ജ്ഞാനസ്നാനം വാസ്തവമാകുന്നതിന് എന്തുചെയ്യണം?
ഉത്തരം: ജ്ഞാനസ്നാനം വാസ്തവമാകുന്നതിന് തിരുസഭ ഈ കൂദാശ നൽകുന്ന പ്രകാരം നൽകുന്നു. എന്ന നിയോഗം അതു പരികർമ്മം ചെയ്യുന്ന ആൾക്കുണ്ടായിരിക്കുകയും, അയാൾ തന്നെ കൂദാശ സ്വീകരിക്കുന്ന ആളുടെ തലയിൽ വെള്ളം ഒഴിക്കുന്നതൊടൊപ്പം പേരുവിളിച്ചുകൊണ്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ നിന്നെ ഞാൻ മാമ്മോദീസാ മുക്കുന്നു എന്നു ചൊല്ലുകയും വേണം.
27. ചോദ്യം: സ്ഥൈര്യലേപനം എന്നാലെന്ത്?
ഉത്തരം: പരിശുദ്ധാരൂപിയെ നമുക്കു നൽകി നന്മയിൽ ഉറച്ചുനിൽക്കാൻ നമ്മെ ശക്തരാക്കുന്ന കൂദാശയാണ് സ്ഥൈര്യലേപനം.
28. ചോദ്യം: കുർബാന എന്ന കൂദാശ എന്താകുന്നു?
ഉത്തരം: അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപങ്ങളിൽ നമ്മുടെ കർത്താവായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവസ്വഭാവവും ഉൾക്കൊള്ളുന്ന കൂദാശയാണ് കുർബാന.
29. ചോദ്യം: കുമ്പസാരം എന്ന കൂദാശ എന്താണ്?
ഉത്തരം: ജ്ഞാനസ്നാനം സ്വീകരിച്ചശേഷം ചെയ്തിട്ടുള്ള പാപങ്ങളിൽ നിന്നു നമുക്ക് മോചനം നൽകുന്ന കൂദാശയാണു കുമ്പസാരം.
30. ചോദ്യം: രോഗീലേപനം എന്നാൽ എന്താണ്?
ഉത്തരം: ഗൗരവതരമായ രോഗത്തിൽ രോഗിയുടെ ആത്മാവിനു നന്മ നൽകുന്നതും, ആത്മാവിനുപകരിക്കുന്നതുപോലെ അയാളുടെ ശരീരത്തിനു സുഖം കൊടുക്കുന്നതുമായ കൂദാശയാകുന്നു രോഗീലേപനം (ആകയാൽ ഗുരുതരമായ രോഗത്തിന്റെ ആരംഭത്തിൽതന്നെ അതു സ്വീകരിക്കുന്നതാണ് ഉത്തമം)
31. ചോദ്യം: (എ) തിരുപ്പട്ടം എന്താണ്?
ഉത്തരം: മെത്രാന്മാരെയും വൈദികരേയും തിരുസഭയിലെ മറ്റു ശുശ്രൂഷകരെയും അതതു പദത്തിലേക്കുയർത്തുകയും, ദൈവാരാധനയും ആത്മാക്കളുടെ രക്ഷയും സംബന്ധിച്ച തങ്ങളുടെ വിശുദ്ധ കർത്തവ്യങ്ങളെ അനുഷ്ഠിക്കുന്നതിനു വേണ്ട അധികാരവും ദൈവവരപ്രസാദവും അവർക്കു നൽകുകയും ചെയ്യുന്ന കൂദാശയാണ് തിരുപ്പട്ടം.
32. ചോദ്യം: (ബി) പൗരോഹിത്യ ദൈവവിളിയുടെ ലക്ഷണങ്ങൾ ഏവ?
ഉത്തരം: 1 നിയോഗശുദ്ധി, 2 ശാരീരികവും ബുദ്ധിപരവും മാനസികവും സ്വഭാവ സംബന്ധവുമായ പര്യാപ്തത. 3. ബ്രഹ്മചര്യനിഷ്ഠ, 4. മെത്രാന്റെ അംഗീകാരം.
33. ചോദ്യം: (സി) സന്യാസ ദൈവവിളിയുടെ ലക്ഷണങ്ങൾ ഏവ?
ഉത്തരം: 1. നിയോഗശുദ്ധി, 2. ശാരീരികവും ബുദ്ധിപരവും മാനസികവും സ്വഭാവസംബന്ധവുമായ പര്യാപ്തത. 3. ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ സുകൃതങ്ങളുടെ വീരോചിതമായ അഭ്യസനം. 4. സന്ന്യാസസഭാധികാരിയുടെ അംഗീകാരം.
34. ചോദ്യം: ക്രിസ്തീയ വിവാഹം എന്നാലെന്ത്?
ഉത്തരം: പുരുഷനും സ്ത്രീയും തമ്മിൽ വിശുദ്ധവും മരണംവരെ പിരിഞ്ഞുപോകാത്തതുമായ ഐക്യത്തെ ഉളവാക്കുന്നതും, പരസ്പരം നിർമ്മലമായി സ്നേഹിക്കുന്നതിനും മക്കളെ നല്ല ക്രിസ്ത്യാനികളായി വളർത്തുന്നതിനും വേണ്ട ദൈവവരപ്രസാദം അവർക്കു നൽകുന്നതുമായ കൂദാശയാണ് ക്രിസ്തീയ വിവാഹം.
35. ചോദ്യം: ഈ കൂദാശ സ്വീകരിക്കുന്നതിന് പ്രധാനമായി വേണ്ടത് എന്തെല്ലാമാണ്?
ഉത്തരം: വിവാഹം ചെയ്യുന്നവർക്ക് പ്രധാനമായി മനസമ്മതവും മതകാര്യങ്ങളെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും ആവശ്യമായ അറിവും, വിവാഹത്തിലൂടെ ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നതിനുള്ള സന്നദ്ധതയും, ആത്മനിയന്ത്രണം പാലിക്കുന്നതിനും പരസ്പരം ബഹുമാനിക്കുന്നതിനുമുള്ള സന്നദ്ധതയും ഉണ്ടായിരിക്കണം.
പത്താം പാഠം - കുമ്പസാരവും കുർബാനയും
1. ചോദ്യം: എന്തു പ്രായംമുതലാണു കുമ്പസാരിക്കാൻ കടമയുള്ളത്?
ഉത്തരം: കുമ്പസാരം കൃത്യം ഇന്ന പ്രായം മുതലായിരിക്കണമെന്നില്ല. തിരിച്ചറിവുണ്ടാകുന്നതു മുതലാണു കുമ്പസാരിക്കേണ്ടത്.
2. ചോദ്യം: കുമ്പസാരിക്കുന്നതെന്തിനാണ്?
ഉത്തരം: ചെയ്തുപോയ പാപങ്ങളിൽ നിന്നു മോചനവും വീണ്ടും പാപം ചെയ്യാതിരിക്കാനാവശ്യമായ ദൈവവരപ്രസാദവും ലഭിക്കുവാൻ വേണ്ടിയാണു കുമ്പസാരിക്കുന്നത്.
3. ചോദ്യം: നല്ല കുമ്പസാരത്തിന് ആവശ്യമായ കാര്യങ്ങൾ എത്ര? ഏവ?
ഉത്തരം: അഞ്ച്
4. ചോദ്യം: പാപങ്ങൾ ക്രമമായി ഓർക്കണമെന്നു പറയുന്നതിന്റെ അർത്ഥമെന്ത്?
ഉത്തരം: ജ്ഞാനസ്നാനം സ്വീകരിച്ചശേഷം ചെയ്തിട്ടുള്ളവയും ഒരിക്കലും കുമ്പസാരിച്ചിട്ടില്ലാത്തവയുമായ പാപങ്ങളുടെ എണ്ണവും അവയെ തരം തിരിക്കുന്ന ചുറ്റുപാടുകളും ശരിയായി ഓർമ്മയിൽ വരുത്തുവാൻ വേണ്ടി ആത്മപരിശോധന ചെയ്യണമെന്നതിനെ സൂചിപ്പിക്കുവാനാണു പാപങ്ങൾ ക്രമായി ഓർക്കണം എന്നു പറയുന്നത്.
5. ചോദ്യം: മനസ്തപിക്കണമെന്ന് പറയുന്നതെന്താണ്?
ഉത്തരം: ചെയ്തുപോയ പാപങ്ങളാൽ നാം ദൈവത്തെ ദ്രാഹിച്ചതുകൊണ്ടും നാം ശിക്ഷ അർഹിക്കുന്നതുകൊണ്ടും ആത്മനാദു:ഖിക്കുന്നതാണു മനസ്തപിക്കുക എന്നു പറയുന്നത്.
6. ചോദ്യം: മനസ്താപം എത്രവിധമുണ്ട്?
ഉത്തരം: മനസ്താപം രണ്ടുവിധമുണ്ട്. പൂർണ്ണമനസ്താപവും, അപൂർണ്ണ മനസ്താപവും.
7. ചോദ്യം: പൂർണ്ണ മനസ്താപം എന്നാലെന്ത്?
ഉത്തരം: സ്നേഹം നിമിത്തമുള്ള മനസ്താപം അതായത് അളവറ്റ നന്മയും, തന്മൂലം സർവ്വഥാ സ്നേഹയോഗ്യനുമായ ദൈവത്തെ പാപംമൂലം ദ്രാഹിച്ചതിലും വേദനിപ്പിച്ചതിലുമുള്ള മനസ്സിന്റെ ദു:ഖവും പാപത്തോടുള്ള വെറുപ്പുമാണു പൂർണ്ണ മനസ്താപം.
8. ചോദ്യം: അപൂർണ്ണ മനസ്താപം എന്നാലെന്ത്?
ഉത്തരം: ഭയം നിമിത്തമുള്ള മനസ്താപം അതായത്, പാപങ്ങൾക്കു ദൈവം കല്പിച്ചിരിക്കുന്ന ശിക്ഷയെ ഭയന്നുകൊണ്ടുള്ള മനസ്സിന്റെ ദു:ഖവും പാപത്തോടുള്ള വെറുപ്പുമാണ് അപൂർണ്ണമനസ്താപം.
9. ചോദ്യം: പാപത്തിൽ നിന്നു മോചനം ലഭിക്കാൻ ഏതു മനസ്താപമാണ് വേണ്ടത്?
ഉത്തരം: കുമ്പസാരം വഴി പാപമോചനം ലഭിക്കാൻ പൂർണ്ണ മനസ്താപമുണ്ടായാൽ നന്ന്; അപൂർണ്ണമനസ്താപമായാലും മതി. കുമ്പസാരിക്കുവാൻ സൗകര്യമില്ലെങ്കിൽ മാരകപാപത്തിന്റെ മോചനത്തിനു പൂർണ്ണമനസ്താപം ഉണ്ടായിരിക്കണം.
10. ചോദ്യം: മനസ്താപം എങ്ങനെയുള്ളതായിരിക്കണം?
ഉത്തരം: മനസ്താപം പ്രധാനമായി സ്വഭാവാതീതമായിരിക്കണം. അതായത്, ദൈവം വെളിപ്പെടുത്തിയിട്ടുള്ള സംഗതികൾ നിമിത്തമുള്ളതായിരിക്കണം.
11. ചോദ്യം: കുമ്പസാരിക്കുന്നതിന് മനസ്താപം ഉണ്ടായിരിക്കേണ്ടത് എപ്പോഴാണ്?
ഉത്തരം: കുമ്പസാരിക്കാൻ തുടങ്ങുന്നതിനുമുമ്പുതന്നെ മനസ്താപം ഉണ്ടായിരിക്കുകയാണ് വേണ്ടത്. കുറഞ്ഞപക്ഷം വൈദികൻ പാപമോചന വാക്കുകൾ ഉച്ചരിക്കുന്നതിനു മുമ്പെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.
12. ചോദ്യം: വീണ്ടും പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുക എന്നതിന്റെ അർത്ഥമെന്ത്?
ഉത്തരം: മേലിൽ പാപം ചെയ്തു ദൈവത്തെ ദുഖിപ്പിക്കുകയില്ലെന്നും, പാപകാരണങ്ങളും സാഹചര്യങ്ങളും ഉപേക്ഷിച്ചുകൊള്ളാമെന്നും ആത്മാർത്ഥമായി ദൃഢനിശ്ചയം ചെയ്യുന്നതിനെയാണ് വീണ്ടും പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുക എന്നു പറയുന്നത്.
13. ചോദ്യം: (എ) ചെയ്ത എല്ലാ മാരകപാപങ്ങളെങ്കിലും വൈദികനെ അറിയിക്കണമെന്നതിന്റെ അർത്ഥമെന്ത്?
ഉത്തരം: ശരിയായ ആത്മശോധന ചെയ്തശേഷം ഓർക്കുന്നിടത്തോളം മാരകപാപങ്ങളെങ്കിലും എല്ലാം കുമ്പസാരിപ്പിക്കുവാൻ അനുവാദമുള്ള വൈദികനെ പരമാർത്ഥമായി അറിയിക്കണമെന്നാണ് എല്ലാ മാരകപാപങ്ങളെങ്കിലും വൈദികനെ അറിയിക്കണമെന്നതിന്റെ അർത്ഥം.
14. ചോദ്യം: മാരകപാപങ്ങൾ വൈദികനെ എങ്ങനെയാണ് അറിയിക്കേണ്ടത്?
ഉത്തരം: മാരകപാപങ്ങളെ അവയുടെ തരവും എണ്ണവും ഗുരതരമായ സാഹചര്യങ്ങളും പറഞ്ഞാണു വൈദികനെ അറിയിക്കേണ്ടത്.
15. ചോദ്യം: കുമ്പസാരത്തിൽ വല്ല മാരകപാപവും മന:പൂർവ്വം പറയാതിരുന്നാൽ ആ കുമ്പസാരം വാസ്തവമാകുമോ?
ഉത്തരം: ഏതെങ്കിലും മാരകപാപം മന:പൂർവ്വം പറയാതെയുള്ള കുമ്പസാരം വാസ്തവമാകുന്നില്ല. അതായത് ആ കുമ്പസാരത്തിൽ പറഞ്ഞ മറ്റുപാപങ്ങൾ പോലും പൊറുക്കപ്പെടുന്നില്ല. മാത്രമല്ല, അങ്ങനെ കുമ്പസാരിക്കുന്നതു തന്നെ തിരുവസ്തു നിന്ദ (ദൈവദോഷം) എന്ന മഹാപാപവുമാണ്.
16. ചോദ്യം: (എ) മാരകപാപം മന:പൂർവ്വം പറയാതെ കുമ്പസാരിച്ചുപോയ ആൾ എന്താണു ചെയ്യേണ്ടത്?
ഉത്തരം: മാരകപാപം മന:പൂർവ്വം പറയാതെ കുമ്പസാരിച്ച ആൾ ആ കുമ്പസാരത്തിൽ പറഞ്ഞതും മറച്ചുവച്ചതുമായ എല്ലാ മാരകപാപങ്ങളും മന:പൂർവ്വം പറയാതിരുന്ന വിവരവും അടുത്ത കുമ്പസാരത്തിൽ പറയണം.
17. ചോദ്യം: (ബി) ഓർമ്മക്കുറവു കൊണ്ടുമാത്രം ഏതെങ്കിലും മാരകപാപം കുമ്പസാരത്തിൽ പറയുവാൻ വിട്ടുപോയവർ എന്തുചെയ്യണം?
ഉത്തരം: ഓർമ്മക്കുറവുകൊണ്ടുമാത്രം ഏതെങ്കിലും മാരക പാപം കുമ്പസാരത്തിൽ പറയുവാൻ വിട്ടുപോയവർ ആ പാപം അടുത്ത കുമ്പസാരത്തിൽ പറയണം.
18. ചോദ്യം: വൈദികൻ പ്രായശ്ചിത്തം കല്പിക്കുന്നത് എന്തിനാണ്?
ഉത്തരം: വൈദികൻ പാപമോചനം നൽകുന്നതുകൊണ്ട് പാപം മൂലമുണ്ടാകുന്ന കുറ്റം പൊറുക്കപ്പെടുമെങ്കിലും പിന്നെയും ശേഷിച്ചേക്കാവുന്ന പാപത്തിന്റെ കാലത്തിനടുത്ത ശിക്ഷയിൽ നിന്നു മോചനം ലഭിക്കുന്നതിനാണു പ്രായശ്ചിത്തം കല്പിക്കുന്നത്.
19. ചോദ്യം: വൈദീകൻ കല്പിക്കുന്ന പ്രായശ്ചിത്തം ചെയ്യാതിരിക്കുന്നതു പാപമാണോ?
ഉത്തരം: പ്രായശ്ചിത്തം ചെയ്യാതിരിക്കുന്നത് ഉപേക്ഷകൊണ്ടായിരുന്നാൽ പ്രായശ്ചിത്തത്തിന്റെയും ഉപേക്ഷയുടെയും ഗുരു ലഘുത്വം അനുസരിച്ച് അതു മാരകപാപമോ ലഘുപാപമോ ആയിരിക്കും. കുമ്പസാരം പൂർണ്ണമാകുന്നതുമല്ല.
20. ചോദ്യം: കുമ്പസാര രഹസ്യം ഏതെങ്കിലും വിധം വെളിപ്പെടുമോ?
21. ഉത്തരം: കുമ്പസാര രഹസ്യം യാതൊരു വിധത്തിലും വെളിപ്പെടുവാൻ പാടില്ലാത്ത മഹാരഹസ്യമാണ്. വൈദികൻ മാത്രമല്ല, യാദൃശ്ചികമായി കുമ്പസാര സമയത്തു വല്ലതും കേൾക്കുന്നവരും നിസ്സാര സംഗതിയിൽ പോലും രഹസ്യം സൂക്ഷിക്കുവാൻ മാരകപാപത്തിൽ കീഴു കടപ്പെട്ടവരാണ്.
കുർബാന എന്ന കൂദാശ
1. ചോദ്യം: പരിശുദ്ധകുർബാനയെ എങ്ങനെയെല്ലാമായിട്ടാണ് പരിഗണിക്കേണ്ടത്?
ഉത്തരം: പരിശുദ്ധ കുർബാനയെ ബലി, കൂദാശ ഇങ്ങനെ രണ്ടുവിധമായിട്ടാണ് പരിഗണിക്കേണ്ടത്.
2. ചോദ്യം : കുർബാന എന്ന ബലി എന്താണ്?
ഉത്തരം: നമ്മുടെ കർത്താവായ ഈശോമിശിഹാ വൈദികൻ വഴി തന്റെ പരമപിതാവിനു തന്നെതന്നെ അർപ്പിക്കുന്ന പുതിയ നിയമത്തിലെ നിരന്തരബലിയാണു കുർബാന എന്ന ബലി.
3. ചോദ്യം: പരിശുദ്ധ കുർബാന എന്ന കൂദാശ എന്താണ്?
ഉത്തരം: നമ്മുടെ ആത്മാവിന്റെ പോഷണത്തിനായി അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളിൽ നമ്മുടെ കർത്താവായ ഈശോമി ശിഹായുടെ തിരുശ്ശരീരവും ആത്മാവും ദൈവസ്വഭാവവും അടക്കിക്കൊള്ളുന്ന കൂദാശയാകുന്നു കുർബാന.
4. ചോദ്യം: പരിശുദ്ധ കുർബാന ഉൾക്കൊള്ളുവാൻ നമുക്കു കടമയുണ്ടോ?
ഉത്തരം: ഈശോമിശിഹാ പരിശുദ്ധ കുർബാനയെ നമ്മുടെ ആത്മാവിന്റെ ഭക്ഷണമായി സ്ഥാപിച്ചിരിക്കകൊണ്ട് അത് ഉൾക്കൊള്ളുവാൻ നമുക്കു കടമയുണ്ട്.
5. ചോദ്യം: പരിശുദ്ധ കുർബാന എപ്പോഴൊക്കെയാണ് ഉൾക്കൊള്ളേണ്ടത്?
ഉത്തരം: ഈശോമിശിഹാ പരിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെ ഉദ്ദേശം ആലോചിച്ചാൽ ഈ കൂദാശ നാം കൂടെക്കൂടെ, നിവൃത്തിയുണ്ടെങ്കിൽ ദിവസംതോറും ഉൾക്കൊള്ളേണ്ടതാണ്. എന്നാൽ മരണാപകടത്തിലും തിരുസഭയുടെ കല്പനപ്രകാരം പെസഹാക്കാലത്തും ഇത് ഉൾക്കൊള്ളാൻ നമുക്ക് പ്രത്യേകം കടമയുണ്ട്.
6. ചോദ്യം: ഏതു പ്രായം മുതലാണ് പരിശുദ്ധ കുർബാന ഉൾക്കൊള്ളാൻ കടമയുള്ളത്?
ഉത്തരം: ഇന്ന പ്രായം മുതൽ എന്നു വ്യവസ്ഥയില്ല. പരിശുദ്ധ കുർബാനയെ സാധാരണ അപ്പത്തിൽ നിന്നു തിരിച്ചറിയാനാവുന്നതു മുതലാണ് അത് ഉൾക്കൊള്ളാൻ കടമയുള്ളത്.
7. ചോദ്യം: (എ) പരിശുദ്ധ കുർബാന ഭക്തിയോടുകൂടെ ഉൾക്കൊള്ളുന്നതിനു വേണ്ടത് എന്തെല്ലാം?
ഉത്തരം: 1. പ്രസാദവരം ഉണ്ടായിരിക്കുക. 2. കുർബാന സ്വീകരണത്തിന് ഒരു മണിക്കൂർ മുമ്പു മുതൽ പൂർണ്ണമായി ഉപവസിക്കുക. 3. വിശ്വാസം, ആരാധന, ഉത്തമ മനസ്താപം, ശരണം, സ്നേഹം, ആഗ്രഹം മുതലായവയുടെ പ്രകരണങ്ങൾ ചെയ്തു പരിശുദ്ധ കുർബാന ഉൾക്കൊള്ളാൻ ഒരുങ്ങുക. ഇങ്ങനെ പ്രധാനമായ മൂന്നു കാര്യങ്ങളാണു പരിശുദ്ധ കുർബാന ഭക്തിയോടുകൂടി ഉൾക്കൊള്ളാൻ വേണ്ടത്.
8. ചോദ്യം: (ബി) പരിശുദ്ധ കുർബാന ഉൾക്കൊണ്ടശേഷം എന്തുചെയ്യണം?
ഉത്തരം: പരിശുദ്ധ കുർബാന ഉൾക്കൊണ്ടശേഷം ഏകദേശം കാൽമണിക്കൂർ നേരത്തേക്കെങ്കിലും ആരാധനയുടെ പ്രകരണങ്ങൾ ചെയ്തു കൃതജ്ഞത പ്രകാശിപ്പിക്കുകയും ആവശ്യമായ നന്മകളെല്ലാം അപേക്ഷിക്കുകയും ചെയ്യണം.
9. ചോദ്യം: പരിശുദ്ധ കുർബാന ഭക്തിപൂർവ്വം ഉൾക്കൊണ്ടാൽ എന്തെല്ലാം ഗുണങ്ങളുണ്ടാകും?
ഉത്തരം: ഈശോമിശിഹായോടുള്ള ഐക്യം, പ്രസാദവരത്തിന്റെ വർദ്ധനവ്, പാപത്തിലേയ്ക്കുള്ള ചാച്ചിലിന്റെ കുറവ്, പുണ്യത്തിൽ ജീവിക്കുന്നതിനുള്ള താല്പര്യം, അതിലുള്ള സ്ഥിരത എന്നിവയാണു പരിശുദ്ധ കുർബാന ഭക്തിപൂർവ്വം ഉൾക്കൊണ്ടാൽ ഉണ്ടാകുന്ന ഗുണങ്ങളിൽ പ്രധാനമായിട്ടുള്ളവ.
10. ചോദ്യം: മാരകപാപത്തോടുകൂടെ പരിശുദ്ധ കുർബാന ഉൾക്കൊള്ളുന്നവർക്ക് എന്തു സംഭവിക്കുന്നു?
ഉത്തരം: മാരകപാപത്തോടുകൂടെ പരിശുദ്ധ കുർബാന ഉൾക്കൊള്ളുന്നവർക്ക്, ഭക്തിപൂർവ്വം കൈക്കൊള്ളുന്നതു കൊണ്ടു ലഭിക്കുന്ന ഗുണങ്ങൾ ലഭിക്കുകയില്ലെന്നു മാത്രമല്ല അങ്ങിനെ ഉൾക്കൊള്ളുന്നതുകൊണ്ടു നിത്യശിക്ഷയ്ക്ക് അവർ അർഹരായി തീരുകയും ചെയ്യും.
11. ചോദ്യം: കൂദാശ ചെയ്ത തിരുവോസ്തിയിൽ തിരുരക്തമില്ലാതെ തിരുശരീരം മാത്രവും, കൂദാശ ചെയ്ത വീഞ്ഞിൽ തിരുശരീരമല്ലാതെ തിരുരക്തവും മാത്രമാണോ ഉള്ളത്?
ഉത്തരം: കൂദാശ ചെയ്ത ഓസ്തിയിലും വീഞ്ഞിലും അവയുടെ ഓരോ അംശത്തിലും ഈശോമിശിഹാ മുഴുവനും സന്നിഹിതനായിരിക്കുന്നുണ്ട്.
Recent Posts
See AllKCBC Jagratha Commission തീവ്രവാദത്തെയും വർഗീയതയെയും എതിർക്കുകയും തള്ളിപ്പറയുന്ന നിലപാടാണ് എക്കാലവും കത്തോലിക്കാ സഭയ്ക്കുള്ളത്. വിവിധ...
സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മരിയന്‍ വിശ്വാസസത്യങ്ങള്‍ നാലെണ്ണമാണ്: മറിയം ദൈവമാതാവ് (Theotokos, AD 431-എഫേസൂസ് കൗണ്‍സില്‍) മറിയം...
Comments