മെത്രാന്മാരുടെ സിനഡ്.
- sleehamedia
- Oct 5, 2023
- 2 min read
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു തൊട്ടുപിന്നാലെ, കൗണ്‍സിലിന്റെ അനുഭവത്തില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് 1965ല്‍ വി. പോള്‍ ആറാമന്‍ മാര്‍പാപ്പയാണു മെത്രാന്മാരുടെ സിനഡു സ്ഥാപിച്ചത്. സഭയുടെ ജീവിതത്തിലെ സവിശേഷവും അതുല്യവുമായ നിമിഷമാണിത്. സാര്‍വത്രികസഭയുടെ ഭരണത്തില്‍ റോമിന്റെ മെത്രാനായ മാര്‍പാപ്പയെ സഹായിക്കാനാണു സിനഡില്‍ മെത്രാന്മാര്‍ ഒത്തുകൂടുന്നത്.
മെത്രാന്മാരുടെ സിനഡിന്റെ ദൗത്യം: പ്രാദേശികസഭകളില്‍നിന്ന് ഓരോ പ്രത്യേക വിഷയത്തെയുംകുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള ഒരു മാര്‍ഗമാണു സിനഡ്. പരിശുദ്ധ പിതാവിന് ഉപദേശം നല്‍കുക എന്നതാണു സിനഡിന്റെ ദൗത്യം. തന്റെ മുന്‍ഗാമിയായ പോള്‍ ആറാമന്‍ പറഞ്ഞ കാര്യം ആവര്‍ത്തിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ, 'പരിശുദ്ധാത്മാവിന്റെ പ്രചോദനമനുസരിച്ചു വിവിധ സഭാപരമായ ചോദ്യങ്ങളില്‍ പരിശുദ്ധ പിതാവിനു വിവരങ്ങളും ഉപദേശങ്ങളും നല്‍കുന്ന ഒരു കൂടിയാലോചനാപരമായ പങ്ക് സിനഡിനുണ്ടെന്നു പ്രസ്താവിച്ചു. കൂടാതെ, മെത്രാന്മാരുടെ സിനഡിന്റെ ദൗത്യം പ്രാഥമികമായി 'ദൈവജനത്തെ ശ്രവിക്കുക എന്നതാണ്. അതിനാല്‍, ദൈവജനത്തിനുമുഴുവന്‍ ശബ്ദം നല്‍കുന്നതിന് അനുയോജ്യമായ ഉപകരണമാണു സിനഡ്.
സിനഡിന്റെ മൂന്നു രൂപങ്ങള്‍: 1) ഓര്‍ഡിനറി ജനറല്‍ അസംബ്ലി (സാധാരണ പൊതുസമ്മേളനം): സാര്‍വത്രികസഭയുടെ നന്മയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിനാണ് ഇത്തരത്തിലുള്ള സമ്മേളനം വിളിച്ചുകൂട്ടുന്നത്. ഇന്നുവരെ പതിനഞ്ച് ഓര്‍ഡിനറി ജനറല്‍ അസംബ്ലികള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ അവസാനത്തേത് 2018 ഒക്ടോബറില്‍ നടന്ന 'യുവജനങ്ങള്‍,വിശ്വാസം, ദൈവവിളിയുടെ വിവേചനാധികാരം' എന്നിവയെക്കുറിച്ചുള്ള സിനഡാണ്. 2) എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ അസംബ്ലി (അസാധാരണമായ പൊതുസമ്മേളനം): അതിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ, ഇത്തരത്തിലുള്ള സമ്മേളനം സിനഡിന്റെ പൊതുനിയമത്തിന് ഒരു അപവാദമാണ്. അടിയന്തര പരിഗണന ആവശ്യമുള്ള, സാര്‍വത്രികസഭയുടെ നന്മയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിനാണ് ഇത ് വിളിച്ചുകൂട്ടുന്നത്. ഇന്നുവരെ, മൂന്ന് അസാധാരണ ജനറല്‍ അസംബ്ലികള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ അവസാനത്തേത് 2014ല്‍ നടന്ന കുടുംബത്തെക്കുറിച്ചുള്ള സിനഡിന്റെ ആദ്യ സെഷനാണ്. 3) സ്‌പെഷ്യല്‍ അസംബ്ലി (പ്രത്യേക സമ്മേളനം): പ്രധാനമായും ഒന്നോ അതിലധികമോ പ്രത്യേക ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇത്തരത്തിലുള്ള സിനഡില്‍ ചര്‍ച്ചചെയ്യുന്നു. ഇന്നുവരെ 10 പ്രത്യേക അസംബ്ലികള്‍ ഉണ്ടായിട്ടുണ്ട്. 2019 ലെ പാന്‍ആമസോണ്‍ മേഖലയെക്കുറിച്ചുള്ള സിനഡ് ഈ വിഭാഗത്തില്‍പെട്ടതാണ്.
സിനഡുസമ്മേളനത്തിന്റെ മൂന്നു ഘട്ടങ്ങള്‍: ഓരോ സിനഡു സമ്മേളനവും മൂന്നു ഘട്ടങ്ങളിലൂടെയാണു നടത്തപ്പെടുന്നത്. ആദ്യത്തേതു തയ്യാറെടുപ്പുഘട്ടമാണ്. മാര്‍പ്പാപ്പ തിരഞ്ഞെടുത്ത വിഷയത്തെക്കുറിച്ചുള്ള ദൈവജനങ്ങളുടെ കൂടിയാലോചനയാണ് ഇതില്‍ പ്രാഥമികമായി ഉള്‍ക്കൊള്ളുന്നത്. ഇത് ഓരോ രൂപതാതലത്തിലും, മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സിനഡല്‍ തലത്തിലും, ഓരോ ഭൂഖണ്ഡതലത്തിലും നടത്തപ്പെടുന്നു. രണ്ടാമത്തേതു ചര്‍ച്ചാഘട്ടമാണ്.
സിനഡിലെ അംഗങ്ങള്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍, ഓഡിറ്റര്‍മാര്‍, മറ്റു വ്യക്തികള്‍ എന്നിവരാണു റോമില്‍ നടക്കുന്ന സിനഡുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെടുന്ന അംഗങ്ങള്‍. സിനഡുസമ്മേളനം ആരംഭിക്കുന്നതും അവസാനിക്കുന്നതും മാര്‍പാപ്പ അര്‍പ്പിക്കുന്ന പരിശുദ്ധ കുര്‍ബാനയോടെയാണ്. ജനറല്‍ അസംബ്ലിയില്‍ എല്ലാവരും പങ്കെടുക്കുമ്പോള്‍ നടത്തുന്ന ഇടപെടലുകളിലൂടെയും ഭാഷാഗ്രൂപ്പുകള്‍ക്കുള്ളിലെ സംഭാഷണങ്ങളിലൂടെയും സിനഡു വി
ഷയത്തിന്റെ ചര്‍ച്ച നടക്കുന്നു. ഈ ചര്‍ച്ചകള്‍ സിനഡിന്റെ അന്തിമരേഖ തയ്യാറാക്കാനുള്ള കമ്മീഷനു സഹായകരമാണ്. അന്തിമരേഖ സിനഡിലെ അംഗങ്ങള്‍ വോട്ടുചെയ്തു അംഗീകരിച്ചു കഴിഞ്ഞാല്‍, അതു മാര്‍പ്പാപ്പയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നു. സിനഡിന്റെ അവസാന ഘട്ടം നടപ്പാക്കല്‍ഘട്ടമാണ്. സാര്‍വത്രികതലത്തിലും മെത്രാന്മാരുടെ സഹകരണത്തോടെ രൂപതാതലങ്ങളിലുമാണ് സിനഡ് തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത്.
സിനഡിനുശേഷമുള്ള അപ്പസ്‌തോലിക പ്രബോധനം: സിനഡിന്റെ നിലനില്‍പ്പുതന്നെ പരിശുദ്ധ പിതാവിന്റെയും അദ്ദേഹത്തിന്റെ സാര്‍വത്രികശുശ്രൂഷയുടെയും സേവനത്തിലാണ് എന്നതിനാല്‍ അവസാനവാക്കു പരിശുദ്ധ പിതാവിന്റേത് ആയിരിക്കുക എന്നത് ഉചിതമാണ്. ഓരോ മാര്‍പാപ്പയും സിനഡിന്റെ വിവിധ ഘട്ടങ്ങളിലൂടെ സമര്‍പ്പിക്കപ്പെട്ട ഉള്ളടക്കം സ്വാംശീകരിക്കുകയും അതില്‍നിന്നു സഭാത്മകജീവിതത്തിനായി നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുന്നു.
Recent Posts
See AllKCBC Jagratha Commission തീവ്രവാദത്തെയും വർഗീയതയെയും എതിർക്കുകയും തള്ളിപ്പറയുന്ന നിലപാടാണ് എക്കാലവും കത്തോലിക്കാ സഭയ്ക്കുള്ളത്. വിവിധ...
സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മരിയന്‍ വിശ്വാസസത്യങ്ങള്‍ നാലെണ്ണമാണ്: മറിയം ദൈവമാതാവ് (Theotokos, AD 431-എഫേസൂസ് കൗണ്‍സില്‍) മറിയം...
Comments