പുതുഞായർ എന്ന പേരിന്റെ അർത്ഥം
- Apr 16, 2023
- 1 min read
പുതുഞായർ എന്ന പേരിന്റെ അർത്ഥം അറിയാമോ?
ഉയിർപ്പ് തിരുന്നാളിന് ശേഷം വരുന്ന ഞായറാഴ്ച നൂറ്റാണ്ടുകളായി നസ്രാണികൾക്ക് പുതുഞായറാണ്. ഉത്ഥിതനായ ഈശോ തോമാശ്ലീഹാ ഉൾപ്പെടെയുള്ള ശ്ലീഹന്മാർക്ക് പ്രത്യക്ഷപ്പെടുന്നത്തിന്റെയും തോമാശ്ലീഹാ വിഖ്യാതമായ "എന്റെ കർത്താവും എന്റെ ദൈവവും" എന്ന വിശ്വാസപ്രഖ്യാപനം നടത്തുന്നതിന്റെയും ഓര്മയാചരിക്കുന്ന ദിവസം. മലയാറ്റൂർ പോലുള്ള മാർത്തോമൻ തീർത്ഥാടന കേന്ദ്രങ്ങളിൽ അത്യാഘോഷപൂർവം കൊണ്ടാടുന്ന തിരുന്നാൾ. നസ്രാണികളുടെ എല്ലാ ദേവാലയങ്ങളിലും ആഘോഷിക്കപ്പെടുന്ന തിരുന്നാൾ. വിശ്വാസത്തിൽ തങ്ങളുടെ പിതാവായ മാർതോമാശ്ലീഹായുടെ മിശിഹാനുഭാവത്തിന്റെയും വിശ്വാസതീക്ഷ്ണതയുടെയും അനുസ്മരണമായ പുതുഞായർ നസ്രാണികൾക്ക് പിതൃസ്മരണയുടെ ദിനംകൂടിയാണ്.

ആദിമ സഭയുടെ പുണ്യപൈതൃകമായ ഈസ്റ്റര് ജാഗരണത്തോടനുബന്ധിച്ചുള്ള മാമ്മോദീസ ക്രമത്തിൽനിന്നാണ് പുതുഞായർ എന്ന പേരിന്റെ ഉത്ഭവം. പുതുതായി മാമോദീസാ സ്വീകരിച്ച വിശ്വാസികൾ അതിനുശേഷം ആദ്യമായി കുർബാനക്ക് പള്ളിയിൽ വരുന്ന ഞായറാഴ്ച എന്ന അർത്ഥത്തിലാണ് ഈ ഞായർ പുതുഞായർ എന്ന് വിളിക്കപ്പെട്ടത്. തോമാശ്ലീഹായിൽ നിന്ന് ലഭിച്ചതും തലമുറകളിലൂടെ കൈമാറി വന്നതുമായ വിശ്വാസാനുഭവത്തിലേക്ക് മാമ്മോദീസയിലൂടെ ഒരു വ്യക്തി ചേർക്കപ്പെടുന്നു എന്നാണ് പുതുഞായർ ആചരണത്തിന്റെ അർഥം.



Comments