ഏലിയാ സ്ലീവ മൂശക്കാലം
- 2 days ago
- 1 min read
സ്ലീവായുടെ പുകഴ്ചയിൽ കേന്ദ്രീകൃതമായ ഏലിയാസ്ലീവാമൂശക്കാലം
പരിശുദ്ധ ത്രിത്വൈക ദൈവം നമുക്ക് നേടിത്തന്ന രക്ഷയുടെ അനുഭവം ആണ്ടുവട്ടത്തിലെ വിവിധ കാലങ്ങളിലൂടെ നമ്മിലേക്ക് സന്നിവേശിപ്പിക്കുന്ന സഭയുടെ മാർഗ്ഗമാണ് ആരാധനാവത്സരം. പിതാവായ ദൈവം അനാദിയിലെ രൂപകല്പന ചെയ്ത രക്ഷയുടെ പദ്ധതി, പുത്രനായ ദൈവം തൻ്റെ മനുഷ്യാവതാര പീഡാ സഹന മരണോത്ഥാങ്ങളിലൂടെ പൂർത്തിയാക്കി പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്ക് വെളിപ്പെടുത്തിത്തന്നു. പരിശുദ്ധാത്മാവായ ദൈവം ദൈവവചനത്തിലൂടെയും കൂദാശകളിലൂടെയും തൻ്റെ വിശുദ്ധീകരണ ദൗത്യം സഭയിൽ തുടർന്നുകൊണ്ടേയിരിക്കുന്നു. സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള നമ്മുടെ ഈ ലോക യാത്രയിൽ വിജയം വരിച്ച സ്ലീവായാണ് നമ്മുടെ അഭയ കേന്ദ്രം. ഈ ആത്മീയ ബോധ്യത്തിലേക്ക് നമ്മെ ക്ഷണിക്കുന്ന ആരാധനാവത്സര കാലഘട്ടമാണ് ഏലിയാ സ്ലീവാ മൂശക്കാലം.
പേരിൻ്റെ സാംഗത്യം
ഈശോയുടെ രൂപാന്തരീകരണ (മത്താ 7:1-8) സമയത്ത് അവിടുത്തോടൊപ്പം കാണപ്പെട്ട ഏലിയായോടും മൂശയോടും ചേർന്നാണ് ഈ കാലഘട്ടം അറിയപ്പെടുന്നത്. സ്ലീവ ഈശോയെ പ്രതിനിധാനം ചെയ്യുന്നു. നമ്മുടെ കർത്താവിൻ്റെ രണ്ടാംവരവിന്റെ അടയാളമാണ് സ്ലീവ. "അപ്പോൾ ആകാശത്തുനിന്ന് മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും" (മത്താ 24:30). നമ്മുടെ കർത്താവിൻ്റെ രണ്ടാമത്തെ ആഗമനത്തിൽ സ്ലീവ അടയാളത്തോടെ അവൻ വാനമേഘങ്ങളിൽ പ്രത്യക്ഷനാകും. "നിങ്ങളിൽ നിന്ന് സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട ഈശോ സ്വർഗ്ഗത്തിലേക്ക് പോകുന്നതായി നിങ്ങൾ കണ്ടതുപോലെ തന്നെ തിരിച്ചു വരും" (ശ്ലീഹ 1;1). അപ്പോൾ ജനത്തിന്റെ പ്രവാചക ദൗത്യത്തെക്കുറിച്ച് ഏലിയായും നിയമപാലനത്തെക്കുറിച്ച് മൂശയും വിലയിരുത്തും. അവസാനം ദൈവപുത്രനായ ഈശോമിശിഹാ മനുഷ്യവംശത്തിനുമേലുള്ള അന്ത്യവിധി പ്രസ്താവിക്കും. സ്ലീവായുടെ അടയാളത്തോടെയുള്ള നമ്മുടെ കർത്താവിൻ്റെ രണ്ടാമത്തെ വരവിലേക്കാണ് ഈ കാലഘട്ടം നമ്മുടെ ശ്രദ്ധ തിരിക്കുന്നത്. "കിഴക്കുനിന്ന് പടിഞ്ഞാറോട്ട് പായുന്ന മിന്നൽപിണർ പോലെ ആയിരിക്കും മനുഷ്യപുത്രന്റെ ആഗമനം" (മത്താ 24:27).
'സ്ലീവാ' എന്ന സുറിയാനി വാക്കിൻ്റെ അർത്ഥം ക്രൂശിക്കപ്പെട്ടവൻ എന്നാണല്ലോ. കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്തവൻ എന്നാണ് ഈ വാക്കിൻ്റെ ആന്തരാർത്ഥം. ഈശോമിശിഹായുടെ മരണോത്ഥാനങ്ങളിലൂടെ രക്ഷയുടെ വാതിൽ വീണ്ടും നമുക്കായി തുറക്കപ്പെട്ടു. ത്രിത്വൈക ദൈവം മനുഷ്യകുലവുമായി വീണ്ടും ഐക്യത്തിലേക്ക് എത്തിച്ചേർന്നു. ഈ ഐക്യം പുനസ്ഥാപിക്കുന്നതിൽ മിശിഹായുടെ സ്ലീവാ മരണത്തിന് വലിയ പ്രസക്തിയുണ്ട്. അവസാനത്തുള്ളി രക്തം വരെ അനുസരണം ഉള്ളവനായി പിതാവിനു സമർപ്പിച്ച ഈശോയെ മഹത്വപ്പെടുത്തുവാൻ പിതാവായ ദൈവം തീരുമാനിച്ചു. അതാണ് മിശിഹായുടെ ഉത്ഥാനം എന്ന മഹാ രഹസ്യം. സഭയുടെ യുഗത്തിൽ 'സ്ലീവാ' ഒരേസമയം ക്രൂശിനെയും ഉത്ഥിതനെയും പ്രതീകവൽക്കരിക്കുന്നു. ചുരുക്കത്തിൽ സ്ലീവായുടെ പുകഴ്ചയിലൂടെ ഒരേസമയം ഈശോയുടെ മരണോത്ഥാനങ്ങളാണ് നമ്മൾ അനുസ്മരിക്കുന്നത്. താബോർമലയിലെ രൂപാന്തരീകരണ വേളയിൽ മൂശയും ഏലിയായും പ്രത്യക്ഷപ്പെട്ട് അവിടുത്തേക്ക് കടന്നുപോകലിനെ കുറിച്ചാണ് (പെസഹാ ) സംസാരിച്ചതെന്ന പാരമ്പര്യം ഈ ദൈവശാസ്ത്ര ചിന്തയ്ക്ക് കൂടുതൽ ബലമേകുന്നു. മൂശയും ഏലിയായും പഴയനിയമത്തെ പ്രതിനിധീകരിക്കുമ്പോൾ സ്ലീവ മിശിഹായുടെ മരണോത്ഥാനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. ഈശോയുടെ ജനനത്തിൽ എന്നപോലെ അവിടുത്തെ മരണത്തിലും ഉത്ഥാനത്തിലും പിതാവായ ദൈവവും പരിശുദ്ധാത്മാവായ ദൈവവും ഒന്നുചേരുന്നു. ചുരുക്കത്തിൽ ത്രിത്വൈക ദൈവത്തിന്റെ ആവിഷ്കരണമാണ് സ്ലീവായുടെ പുകഴ്ചയിൽ നാം അനുഭവിക്കുന്നത്.



Comments