മൈലാപ്പൂരിലെ അത്ഭുത സ്ലീവായുടെ തിരുനാൾ,ഡിസംബർ 18.
- sleehamedia
- Jul 27, 2023
- 1 min read
സീറോമലബാര്‍ സഭയുടെ ആരാധനക്രമമനുസരിച്ച് ഡിസംബര്‍ 18 അത്ഭുതസ്ലീവായുടെ തിരുനാളാണല്ലോ. മൈലാപ്പൂരില്‍ തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ സ്ഥലത്ത് 16-ാം നൂറ്റാണ്ടില്‍, മിഷനറിമാരുടെ നേതൃത്വത്തില്‍ ദൈവാലയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോള്‍ കണ്ടെത്തിയ സ്ലീവായുടെ പേരിലുള്ള തിരുനാളാചരണമാണിത്. കരിങ്കല്‍ സ്ലാബില്‍ കൊത്തപ്പെട്ട ഈ സ്ലീവായില്‍ പിന്നീട് കാണപ്പെട്ട ചില അത്ഭുത അടയാളങ്ങളാണ്, മാര്‍പ്പാപ്പായുടെ അംഗീകാരത്തോടെ ഇപ്രകാരമൊരു തിരുനാളാചരണത്തിന് കാരണമായത്.

അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച സ്ലീവാ ആയതുകൊണ്ട് 'അത്ഭുതസ്ലീവാ' എന്ന് വിളിക്കപ്പെട്ടു. സ്ലീവായുടെ പഴക്കം ഏതാണ്ട് ഏഴാം നൂറ്റാണ്ടാണെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം. ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും പുരാതന സ്ലീവായാണിതെന്ന് കരുതപ്പെടുന്നു. ആഗോളസഭയില്‍ത്തന്നെ ഏതാണ്ട് ഈ കാലഘട്ടത്തോടെയാണ് സ്ലീവാവണക്കം പ്രചാരത്തിലാകുന്നത്. മൈലാപ്പൂര്‍ സ്ലീവായോട് സാമ്യമുള്ള സ്ലീവാകള്‍ കേരളത്തിലെ പല പുരാതന ദൈവാലയങ്ങളിലും കാണാം. തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെയും കബറിടത്തിന്റെയും സ്ഥലമായ മൈലാപ്പൂരില്‍ കണ്ടെത്തുകയും അവിടെ തോമ്മാശ്ലീഹായുടെ പള്ളിയില്‍ സ്ഥാപിക്കപ്പെടുകയും ഇന്ത്യയില്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെയിടയില്‍ പ്രചാരത്തിലാകുകയും ചെയ്തതിനാല്‍ മാര്‍ത്തോമ്മാ സ്ലീവാ എന്ന പേരില്‍ ഈ സ്ലീവാ ഇന്ന് അറിയപ്പെടുന്നു. വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഇതര കുരിശുകളില്‍നിന്ന് തിരിച്ചറിയാനും ഈ പേര് സഹായിക്കും. തോമ്മാശ്ലീഹായുടെ പേരിനോട് ചേര്‍ത്ത് വിളിക്കുന്നതുകൊണ്ട് തോമ്മാശ്ലീഹാ നിര്‍മ്മിച്ചതാണെന്നോ അക്കാലത്ത് ഉണ്ടായിരുന്നതാണെന്നോ അര്‍ത്ഥമാക്കുന്നില്ല. അങ്ങനെയൊരു അവകാശവാദം സഭ ഉന്നയിച്ചിട്ടുമില്ല.
അത്ഭുതസ്ലീവായുടെ പ്രാധാന്യവും വണക്കവും
സ്ലീവായോടുള്ള ഭക്തിയും വണക്കവും തിരുസ്സഭയില്‍ പുരാതനകാലം മുതലേ ഉള്ളതാണ്. നാലാം നൂറ്റാണ്ടോടെ സ്ലീവാവണക്കം ക്രമേണ വര്‍ദ്ധിച്ചുവരികയും 6-ാം നൂറ്റാണ്ടിനുശേഷം വ്യാപകമാവുകയും ചെയ്തു. കേരളത്തിലെ പുരാതന ദൈലായങ്ങളില്‍ അലംകൃതസ്ലീവാകള്‍ സ്ഥാപിച്ചിരുന്നതായി 1599-ലെ ഉദയംപേരൂര്‍ സൂന്നഹദോസിന്റെ സംഘാടകനായിരുന്ന മെനേസിസ് മെത്രാപ്പോലീത്തായുടെ ചരിത്രകാരന്‍ ഗുവെയാ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതീകസമ്പന്നമാണ് മാര്‍ത്തോമ്മാസ്ലീവാ. ഗാഗുല്‍ത്തായെ സൂചിപ്പിക്കുന്ന പീഠത്തിന്മേലാണ് സ്ലീവാ ഉറപ്പിച്ചിരിക്കുന്നത്. മരണത്തെ പരാജയപ്പെടുത്തി ഉയിര്‍ത്തെഴുന്നേറ്റ ഈശോ നമുക്ക് നിത്യജീവനും പ്രത്യാശയുമാണെന്നുള്ള സന്ദേശം സ്ലീവാ നല്‍കുന്നു. സ്ലീവായുടെ ചുവട് താമരയില്‍ സ്ഥിതി ചെയ്യുന്നു. ഭാരതസംസ്‌കാരത്തില്‍ ക്രിസ്തീയവിശ്വാസം വേരൂന്നി വളര്‍ന്നതിന്റെ സൂചനയാണത്. വിവിധ സംസ്‌കാരങ്ങളെ ഉള്‍ക്കൊണ്ടും ക്രൈസ്തവീകരിച്ചും വളര്‍ന്നു വികസിച്ച ചരിത്രമാണ് കത്തോലിക്കാ സഭയുടേത്. സ്ലീവായുടെ മുകുളാകൃതിയിലുള്ള അഗ്രങ്ങള്‍ ജീവനും വളര്‍ച്ചയും പ്രതീക്ഷയും സൂചിപ്പിക്കുന്നു. ജീവദാതാവായ കര്‍ത്താവിന്റെ അരൂപി സ്ലീവായില്‍ പറന്നിറങ്ങുന്നു. ജോര്‍ദാനില്‍ ഈശോയുടെമേല്‍ ഇറങ്ങിവരികയും വിശുദ്ധ കുര്‍ബാനയില്‍ ബലിവസ്തുക്കളെ കര്‍ത്താവിന്റെ ശരീരരക്തങ്ങളാക്കുകയും ചെയ്യുന്ന റൂഹാദ്ക്കുദ്ശായുടെ പ്രതീകമായ പ്രാവിന്റെ സാന്നിധ്യം സ്ലീവായെ ഉയിര്‍പ്പിലൂടെ മഹത്ത്വീകരിക്കപ്പെട്ട മിശിഹായുടെ പ്രതീകമാക്കുന്നു. ചുരുക്കത്തില്‍, ഈശോയുടെ ഉയിര്‍പ്പിലുള്ള നമ്മുടെ വിശ്വാസത്തെയും, ഉത്ഥിതനായ ഈശോയുടെ സാന്നിദ്ധ്യത്തെയും വിളിച്ചറിയിക്കുന്ന ആരാധനാപ്രതീകമാണ് മാര്‍ത്തോമ്മാ സ്ലീവാ. മാര്‍ത്തോമ്മാ നസ്രാണി സഭാ പാരമ്പര്യത്തില്‍ പുരാതനകാലം മുതലേ സ്ഥിരപ്രതിഷ്ഠ നേടിയ മാര്‍ സ്ലീവാ നമ്മുടെ സഭയുടെ ആരാധന ക്രമത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു പ്രതീകമാണ്. സീറോമലബാര്‍ സഭയുടെ ആരാധനക്രമം പുനരുദ്ധരിച്ച് നല്‍കിയ അവസരത്തില്‍, വൈദികരുടെ കുര്‍ബാനക്കുപ്പായത്തില്‍ പിന്‍വശത്ത് മാര്‍ സ്ലീവാ ആലേഖനം ചെയ്യപ്പെടണമെന്നുള്ള നിര്‍ദ്ദേശം റോമില്‍ നിന്ന് നല്‍കുകയുണ്ടായി. അതനുസരിച്ചാണ് വൈദികര്‍ ധരിക്കുന്ന കാപ്പയുടെ പിന്‍വശത്ത് സ്ലീവായുടെ ചിത്രീകരണമുള്ളത്.
MAR JOSEPH PERUMTHOTTAM
Comments