ജാഗരൂകരായിരിക്കുവിൻ
*വചനവിചിന്തനം*
19 ഒക്ടോബർ 2026
(ഫിലിപ്പി 4,1-9 ലൂക്കാ 21,29-36)
*ജാഗരൂകരായിരിക്കുവിൻ*
മിശിഹായിൽ പ്രിയ മക്കളേ, ലൂക്കായുടെ സുവിശേഷത്തിലെ യുഗാന്ത പ്രഭാഷണത്തിൽ ഇതുവരെ ഈശോ അവസാനം അടുക്കുന്നതിന്റെ ലക്ഷണങ്ങൾ പറയുകയായിരുന്നു. അവശേഷിക്കുന്ന ഭാഗത്ത് ഈശോ അവസാനം തീർച്ചയായും ഉണ്ടാകുമെന്ന് ശിഷ്യർക്ക് ഉറപ്പ് നൽകുന്നു. അതിനാൽ ശിഷ്യർ ശ്രദ്ധാലുക്കളായിരിക്കണമെന്ന് ഉപദേശിക്കുകയും ചെയ്യുന്നു. ലക്ഷണങ്ങൾ ആദ്യം പ്രകൃതിയിൽനിന്ന്. രണ്ടാമത് മനുഷ്യരിൽ നിന്ന്. മൂന്നാമത് സൃഷ്ടപ്രപഞ്ചം മുഴുവൻ ഉൾക്കൊള്ളിച്ച്. അത്തി തളിർക്കുന്നത് വസന്തകാലത്തിന്റെ വരവിന്റെ ഉറപ്പായ അടയാളമാണല്ലോ. അതുപോലെ, ദൈവാലയത്തിന്റെ നാശം ജറുസലേമിന്റെ നാശത്തിന്റെ മുൻരൂപവും ഉറപ്പുമാണെന്നും, ജറുസലേമിന്റെ നാശവും പ്രാപഞ്ചിക കോളിളക്കങ്ങളും അവസാനത്തിന്റെ അടയാളങ്ങളാണെന്നും ഈശോ പ്രവചിച്ചു.
ഈശോ പ്രവചിച്ച അടയാളങ്ങളും അവസാനവും "എല്ലാം സംഭവിക്കുന്നതു വരെ ഈ തലമുറ കടന്നു പോവുകയില്ല." ഇതാണ് ഈശോ നൽകുന്ന രണ്ടാമത്തെ ഉറപ്പ്. ഇത് ഏതു തലമുറയാണ്? ഈശോയെ അഥവാ ശ്ലീഹന്മാരെ കേട്ടുകൊണ്ടിരുന്ന തലമുറയാണോ? ആ തലമുറയും കഴിഞ്ഞ് ലൂക്കായുടെ സുവിശേഷത്തിലൂടെ ഈ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്നതും കേൾക്കാനിരിക്കുന്നതുമായ ഓരോ തലമുറയുമാണോ? ഏതു തലമുറയായാലും, ഈശോ പ്രവചിച്ചതെല്ലാം, ദൈവാലയത്തിന്റെ നാശവും പ്രാപഞ്ചിക ലക്ഷണങ്ങളും മനുഷ്യപുത്രന്റെ ആഗമനവും സംഭവിക്കാതിരിക്കുകയില്ല എന്ന് തറപ്പിച്ചു പറയുകയാണ്.
യുഗാന്തം സംബന്ധിച്ച് ഈശോ പ്രവചിച്ചവയെല്ലാം സംഭവിക്കുമെന്നുറപ്പായതിനാൽ ശിഷ്യർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട്. അവയെക്കുറിച്ച് ഈശോ ശിഷ്യരെ ഉപദേശിക്കുന്നു. പൊതുവായിപ്പറഞ്ഞാൽ ശിഷ്യർ ശ്രദ്ധാലുക്കളായിരിക്കണം. സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയുടെ കെണിയിൽപ്പെട്ട് ഹൃദയം ദുർബലമാക്കരുത്. സംഭവങ്ങൾ ശിഷ്യർക്ക് പ്രതികൂലമാകാതിരിക്കാനും അവയിൽനിന്നു രക്ഷപെട്ട് മനുഷ്യപുത്രന്റെ മുമ്പിൽ നിൽക്കാനും വേണ്ട കരുത്ത് ലഭിക്കാൻ അവർ എല്ലാ സമയത്തും പ്രാർത്ഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കണം. അപ്രകാരം പ്രാർത്ഥനാജീവിതം നയിക്കാൻ നമുക്കെല്ലാവർക്കും പരിശ്രമിക്കാം.
*മല്പാൻ മാത്യു വെള്ളാനിക്കൽ*



Comments