വിരുന്നിന്റെ ഉപമ
*വചനവിചിന്തനം*
17 ഒക്ടോബർ 2026
(2 പത്രോ 3,14-18 ലൂക്കാ 14,15-24)
വിരുന്നിന്റെ ഉപമ
മിശിഹായിൽ പ്രിയ മക്കളേ, വിരുന്നിന്റെ ഈ ഉപമ ദൈവം ഈശോയിലൂടെ വച്ചു നീട്ടിയ രക്ഷാകരപദ്ധതി നിരസിച്ച ഇസ്രായേലിനുള്ള താക്കീതാണ്. ഇസ്രായേലിലെ വരേണ്യവർഗ്ഗങ്ങൾ പൊതുവേ തിരസ്കൃതരാകാൻ കാരണം ദൈവത്തിന്റെ ക്ഷണം നിരസിച്ചതും ഈശോയോട് കഠിനമായി വർത്തിച്ചതുമാണ്. ദൈവരാജ്യം അനുഭവിക്കാൻ ദൈവം നൽകുന്ന ക്ഷണം സ്വീകരിക്കണം. ക്ഷണം സ്വീകരിച്ചിട്ടു സമയം ആകുമ്പോൾ ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞ് വിരുന്നിൽ സംബന്ധിക്കാതിരിക്കരുത്. സമ്മതിച്ചവർ പോകാതിരുന്നാലും ഒരുക്കിയ വിരുന്ന് പാഴായിപ്പോകാൻ വിരുന്നു നൽകുന്നവൻ സമ്മതിക്കുകയില്ല. അയാൾ ഒരുക്കിയ വിരുന്ന് വേറെ ആളുകളെ വിളിച്ചു കൊടുക്കും.
ഈശോയുടെ കാലത്തെ യഹൂദർക്ക്, ഒരു വിരുന്നിന് രണ്ടുപ്രാവശ്യം ക്ഷണിക്കുന്ന പതിവുണ്ടായിരുന്നു. ആദ്യം ക്ഷണിക്കുമ്പോൾ, വിരുന്നിനു വരാമെന്നു സമ്മതിക്കുന്നവർക്കുവേണ്ടി മാത്രമേ വിരുന്നുവിഭവങ്ങൾ ഒരുക്കുകയുള്ളൂ. വിരുന്നു തയ്യാറായി കഴിഞ്ഞാൽ വിവരം അറിയിച്ച് രണ്ടാമതു വീണ്ടും ക്ഷണിക്കും. ഇവിടെ, ആദ്യക്ഷണത്തിൽ വരാമെന്നു സമ്മതിച്ചവരെ വിരുന്നു തയ്യാറായി കഴിഞ്ഞപ്പോൾ ആതിഥേയൻ ഭൃത്യമാരെ അയച്ച് കൃത്യസമയത്ത് വീണ്ടും ക്ഷണിച്ചു. സമ്മതിച്ചിരുന്നവർ ഓരോ ഒഴികഴിവ് പറഞ്ഞു. കൃഷിയും കച്ചവടവും കല്യാണവും ഒക്കെയാണ് ഒഴികഴിവ് കാരണങ്ങൾ. എല്ലാവരും ഓരോരോ താല്പര്യങ്ങളുടെ പേരിൽ വിരുന്നിൽനിന്ന് ഒഴിഞ്ഞുമാറി.
ആദ്യം ക്ഷണം സ്വീകരിച്ചവർ വിരുന്നിനു വന്നില്ലെന്നതുകൊണ്ട് ദൈവത്തിന്റെ രക്ഷാപദ്ധതി പാഴായിപ്പോകാൻ അനുവദിക്കില്ല. നഷ്ടം വിരുന്നിനു വരാത്തവർക്കാണ്. ഇസ്രായേലിലെ സമ്പന്നവിഭാഗം ദൈവരാജ്യത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചെങ്കിലും യഥാർത്ഥത്തിൽ അവർ പ്രവേശിക്കുന്നില്ലെന്നും ദരിദ്രജനങ്ങളിൽ നിന്നുള്ളവരും വിജാതീയരിൽനിന്നുള്ളവരും ദൈവരാജ്യം അനുഭവിക്കുന്നു എന്നും ഈശോ ഈ ഉപമയിൽ വ്യക്തമാക്കുന്നു. ഈശോയോടൊപ്പം ദൈവരാജ്യ വിരുന്നിനിരിക്കുന്നവരാണ് സഭാംഗങ്ങൾ. അവർക്ക് കൃഷിയും കച്ചവടവും കല്യാണവും എല്ലാം ദൈവരാജ്യമാകുന്ന വിരുന്ന് അനുഭവിക്കാനുള്ള വഴികളാണ്. ആ വിധത്തിലുള്ള സഭാംഗങ്ങൾ ആയിരിക്കാൻ നമുക്കു ശ്രമിക്കാം.
മല്പാൻ മാത്യു വെള്ളാനിക്കൽ


Comments