നമ്മുടെ കർത്താവിന്റെ ഗെല് യാനാ തിരുനാൾ:ദൈവികീകരണത്തിന്റെ ആഘോഷം
- 2 days ago
- 3 min read
*നമ്മുടെ കർത്താവിന്റെ ഗെല് യാനാ തിരുനാൾ: മാനവ ദൈവികീകരണത്തിന്റെ ആഘോഷം*
🔹🔹🔹🔹🔹
*സി. റോസ് ലിൻ അറവാക്കൽ MTS
ബേസ് തോമാ ദയറാ*
വിശുദ്ധ മലയിൽ നടന്ന കർത്താവിന്റെ തേജസ്ക്കരണത്തിന്റെ (മത്താ 17:1-8, മർക്കോ 9:2-8, ലൂക്കാ 9:28 - 36, 2 കേപ്പാ 1:16 - 18) ഓർമ ഗെല് യാനാ / ܓ̤ܠܝܵܢܵܐ എന്ന പേരിൽ മാറാനായ തിരുനാളുകളുടെ ഗണത്തിൽ ഉൾപ്പെടുത്തി ആഗസ്റ്റ് 6 ന് നാം ആഘോഷിക്കുന്നു.
♦️ *ഈ തിരുനാളിന്റെ വിവിധ പേരുകൾ*
*1. ഗെല് യാനാ -*
സുറിയാനി ആരാധന ക്രമ പാരമ്പര്യങ്ങളിൽ ഈ പേരാണ് കാണുന്നത്. സുറിയാനി ഭാഷയിൽ ഈ വാക്കിനർത്ഥം ബാഹ്യമായ രൂപമാറ്റമല്ല, മറിച്ച് 'വെളിപ്പെടുത്തൽ' അഥവാ 'തിരശ്ശീല നീക്കുക' (Unveiling) എന്നാണ്.
2. *രൂപാന്തരീകരണ തിരുനാൾ* - നമ്മുടെ ഇടയിൽ ഏറ്റവും പ്രചാരത്തിലുള്ള നാമം ഇതാണ്. Transfiguration എന്ന ആഗലേയ പദത്തിന്റെ തർജമയിൽ നിന്നാണ് ഈ നാമം വിഖ്യാതമായത്.
3. *മറുരൂപ പെരുനാൾ*
വിശുദ്ധ മലയിൽ വച്ച് ഈശോ മറു രൂപപ്പെട്ടു എന്ന വിശ്വാസപാരമ്പര്യം സമ്മാനിച്ച പുരാതന നാമം
*4.കൂടാര പെരുന്നാൾ* -
ഓർത്തഡോക്സ് യാക്കോബായ സഭകളിൽ പ്രചാരത്തിലായ നാമം. രൂപാന്തരീകരണ സമയത്ത് മലയിൽ വച്ച് കേപ്പാ ശ്ലീഹാ കൂടാരങ്ങൾ ഉണ്ടാക്കുന്ന കാര്യം സൂചിപ്പിച്ചതിനെ ഓർക്കുന്നതിനാകാം ഈ സുറിയാനി സഭകൾ ഈ നാമം ഉപയോഗിച്ചത്.
5. *താബോർ പെരുനാൾ* - കർത്താവിന്റെ തേജസ്ക്കണം നടന്നത് ഏതു മലയിലാണന്ന് വിശുദ്ധ ഗ്രന്ഥം പറയുന്നില്ലെങ്കിലും പാരമ്പരാഗതമായി അത് താബോർ മലയിൽ വച്ചു സംഭവിച്ചുവെന്നാണ് നാം വിശ്വസിക്കുന്നത്. സഭയുടെ പ്രാർഥനകളിലും സഭാപിതാക്കന്മാരുടെ കൃതികളിലുമൊക്കെ ഈ വിശുദ്ധ മല താബോറാണ് എന്നു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ പരമ്പരാഗത വിശ്വാസത്തിൽ നിന്നാണ് ഈ തിരുനാൾ താബോർ തിരുനാൾ എന്നറിയപ്പെടുന്നത്.
♦️*തിരുനാളിന്റെ ചരിത്രം*
ഈ തിരുനാൾ എന്തുകൊണ്ടു ആഗസ്റ്റ് 6 - ന് ആചരിക്കുന്നു?
സഭയിൽ ഈ തിരുനാൾ എന്നു മുതൽ തുടങ്ങി എന്നതിനു വ്യക്തമായ രേഖകളൊന്നുമില്ല. ഏഴാം നൂറ്റാണ്ടോടു കൂടി ഓറ ശ്ലേമിലും എട്ടാം നൂറ്റാണ്ടോടു കൂടി ബൈസന്റെൻ സഭകളിലും പത്താം നൂറ്റാണ്ടോടു കൂടി അന്ത്യോഖ്യയിലെ സുറിയാനി സഭയിലും ഈ തിരുനാൾ ആചരണം വ്യാപിച്ചുവെന്നു പൊതുവെ കരുതുന്നു. വിശുദ്ധ മലയിലെ തേജസ്ക്കരണം ചരിത്രത്തിൽ ഈശോയുടെ ക്രൂശാരോഹണത്തിനു മുൻപ് നടന്ന സംഭവമാണെങ്കിലും ഇന്ന് ഇതു നമ്മുടെ കർത്താവിന്റെ മരണവും ഉയിർപ്പും (ഹാശാ ആഴ്ച മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ആചരിക്കപ്പടുന്നത്) കഴിഞ്ഞാണ് ആഗസ്റ്റ് 6- നു സഭയുടെ പീഠത്തിൽ ആഘോഷിക്കപ്പെടുന്നത്. ആദ്യ കാലങ്ങളിൽ ഈ തിരുനാൾ, നമ്മുടെ കർത്താവിന്റെ സ്ലീവാ മരണത്തിനു നാൽപ്പത് ദിവസങ്ങൾക്ക് മുൻപ് ആചരിച്ചു വന്നതായി കാണുന്നു. അതായത് വലിയ നോമ്പിന്റെ ആദ്യ ആഴ്ചകളിൽ. എന്നാൽ പിന്നീട്, ഇപ്പോൾ ആചരിക്കുന്ന ആഗസ്റ്റ് മാസം ആറിലേക്ക് ഇതിന്റെ ആചരണം മാറ്റി. ഈ മാറ്റത്തിനുള്ള കാരണങ്ങൾ വ്യക്തമല്ല എങ്കിലും താഴെ പറയുന്ന വിശദീകരണങ്ങൾ ചില അറിവുകൾ നൽകുന്നുണ്ട്.
1. നാലാം നൂറ്റാണ്ടിൽ കർത്താവിന്റെ തേജസ്ക്കരണം നടന്ന താബോർ മലയിൽ ദൈവാലയങ്ങൾ സ്ഥാപിക്കപ്പെട്ടതായി ചരിത്രരേഖകളിൽ കാണുന്നുണ്ട്. അദ്യ ദൈവാലയത്തിന്റെ കൂദാശ ആഗസ്റ്റ് 6 ന് ആയിരുന്നുവെന്ന് പറയപ്പെടുന്നു.
2. 1456 ജൂലൈ 22-നു ബെൽഗ്രേഡ് ഉപരോധത്തിലൂടെ ഓട്ടോമൻ സാമ്രാജ്യത്തിന്റെമേൽ നേടിയ വിജയവിവരം റോമിൽ എത്തിയത് ആഗസ്റ്റ് ആറിനാണെന്നും അന്നു മുതൽ ആഗസ്റ്റ് ആറാം തീയതി നമ്മുടെ കർത്താവിന്റെ മറുരൂപ പെരുന്നാൾ കൊണ്ടാടുവാൻ കാലിക്സ്റ്റസ് മൂന്നാമൻ മാർപാപ്പ കൽപ്പന പുറപ്പെടുവിക്കുകയും പാശ്ചാത്യ സഭകളിൽ ഈ പെരുന്നാൾ ആചരണം ആഗസ്റ്റ് ആറാം തീയതി ആയി തീരുകയും ചെയ്തു. എന്തായാലും കാലിക്സ്റ്റസ് മൂന്നാമന്റെ ഈ കല്പനയോടെയാകണം ആഗോള സഭയിൽ ഈ പെരുന്നാളിന്റെ ആചരണ തീയതി ആഗസ്റ്റ് ആറായി പരിണമിച്ചതെന്ന് കരുതാം.
3. മറ്റു ചില വിശദീകരണങ്ങളും ഇതിനോടബന്ധിച്ച് കാണാവുന്നതാണ്. ഒന്നാമതായി, വലിയ നോമ്പിന്റെ ദിവസങ്ങളിൽ ഈ പെരുന്നാൾ വന്നാൽ നോമ്പിന്റെ മുറയിലുള്ള ആചരണങ്ങൾക്ക് തടസ്സം വരുമെന്നതിനാലാണ് നോമ്പിന്റെ ദിവസങ്ങളിൽ നിന്നും ഈ പെരുന്നാൾ മാറ്റിയതെന്നു കരുതപ്പെടുന്നു. ഈശോയുടെ സ്ലീവാ മരണത്തിനു നാൽപ്പതു ദിവസം മുൻപ് ആചരിച്ചിരുന്ന ഈ തിരുനാൾ നമ്മുടെ കർത്താവിനെ ക്രൂശിച്ച സ്ലീവായുടെ പുകഴ്ചയുടെ തിരുനാൾ ദിവസമായ സെപ്റ്റംബർ പതിനാലിനു നാൽപ്പത് ദിവസം മുൻപ് ആഗസ്റ്റ് ആറിലേയ്ക്ക് മാറ്റിയതാണന്ന് കരുതപ്പെടുന്നു.
4: ഇത് ഈശോയുടെ തേജസ്ക്കരണ തിരുനാൾ ആണെങ്കിലും പരിശുദ്ധ ത്രിത്വത്തിന്റെ വെളിപ്പെടുത്തലിന്റെ ഒരു ആഘോഷം കൂടെയാണ്. കാരണം തേജസ്ക്കരണ വേളയിൽ ത്രിത്വത്തിലെ മൂന്നു ആളുകളും സന്നിഹിതരാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു: പിതാവായ ദൈവം സ്വർഗത്തിൽ നിന്ന് സംസാരിച്ചു, രൂപാന്തരപ്പെട്ടവനായ പുത്രനായ ദൈവം, റൂഹായായ ദൈവം ഒരു മേഘത്തിന്റെ രൂപത്തിൽ സന്നിഹിതനായി. പരിശുദ്ധ ത്രിത്വം സമാനമായ മാതൃകയിൽ നമ്മുടെ കർത്താവിന്റെ മാമോദീസായിലും വെളിപ്പെട്ടു. ആയതിനാൽ നമ്മുടെ കർത്താവിന്റെ മാമോദീസാദിനമായ ജനുവരി ആറാം തീയതിയിൽ നിന്ന് ഏഴു മാസങ്ങൾ കൂട്ടി ആഗസ്റ്റ് ആറായി ഈ തിരുനാൾ ദിനം നിജപ്പെടുത്തപ്പെട്ടതാകാം.
♦️തിരുനാൾ നൽകുന്ന ആഴമേറിയ ദൈവശാസ്ത്ര ചിന്തകൾ
▪️ ഈശോ താബോർ മലമുകളിൽ വെച്ച് പെട്ടെന്ന് പുതിയൊരു ദൈവമായി മാറുകയല്ല ഉണ്ടായത്. അവിടുന്ന് ജനിച്ച നിമിഷം മുതൽ ഈശോയുടെ മനുഷ്യശരീരത്തിനു ദൈവത്വത്തിന്റെ പ്രഭയുണ്ടായിരുന്നു. കാരണം മനുഷ്യനായ ഈശോ പൂർണ്ണ ദൈവവുമാണ്. എന്നാൽ അത് ദർശിക്കാനുള്ള ഉൾക്കാഴ്ച അവനെ കണ്ടവർക്കില്ലായിരുന്നു. അവന്റെ മഹത്വം അവർക്കു മുന്നിൽ മറയ്ക്കപ്പെട്ടിരുന്നു. അവന്റെ സ്ലീവാമരണമാകുന്ന മഹാ രഹസ്യത്തിന്റെ ആഴങ്ങളിലേക്കു പ്രവേശിക്കുന്നതിനുമുൻപ്, വിശുദ്ധ മലയിൽ വച്ച് ശ്ലീഹന്മാരായ കേപ്പായ്ക്കും യാക്കോബിനും യോഹന്നാനും തങ്ങൾ വിശ്വസിക്കുന്ന ഗുരു വെറുമൊരു സാധാരണ മനുഷ്യനല്ല, സാക്ഷാൽ ദൈവമാണെന്ന ബോധ്യം നൽകാൻ ഈശോ തന്റെ ദൈവത്വത്തിന്റെ പ്രകാശം താൽക്കാലികമായി കാണുവാൻ അവർക്ക് ഭാസുര നയനങ്ങൾ (Luminous Eyes / ഐയ്നാ ശപ്പീസാ) (Gelyana) തുറന്നു കൊടുത്തു.
▪️ബെനഡിക്ട് പതിനാറാമൻ മാർപാപ്പ തന്റെ Jesus of Nazareth വിഖ്യാത ഗ്രന്ഥത്തിൽ ഇപ്രകാരം വ്യക്തമാക്കുന്നു:
"മൂശെ ദൈവത്തോടു സംസാരിച്ചപ്പോൾ ദൈവത്തിന്റെ വെളിച്ചം അവനിലേക്കു പതിക്കുകയാണ് ചെയ്തത്, ആ പ്രകാശം പുറത്തുനിന്ന് വന്നതായിരുന്നു. എന്നാൽ ഈശോ തിളങ്ങിയത് ഉള്ളിൽ നിന്നാണ്; അവിടുന്ന് വെളിച്ചം സ്വീകരിക്കുകയല്ല ചെയ്തത്, മറിച്ച് അവിടുന്ന് തന്നെ 'പ്രകാശത്തിൽ നിന്നുള്ള പ്രകാശമാണ്' (Light from Light). അവിടുത്തെ ആസ്തിത്വം ദൈവത്വമായിരുന്നതിനാൽ അവിടുത്തെ ശരീരം തന്നെ ശുദ്ധമായ പ്രകാശമാണ്".
▪️ സുറിയാനി സഭാപിതാക്കന്മാരുടെ ഏദൻ തോട്ടത്തിൽ വെച്ചു പാപം മൂലം ആദത്തിന് നഷ്ടപ്പെട്ടത് ദൈവീക പ്രകാശത്തിന്റെ വസ്ത്രമാണ്. താബോർ മലയിൽ ഈശോയുടെ വസ്ത്രങ്ങൾ വെളിച്ചം പോലെ വെളുത്തപ്പോൾ, നഷ്ടപ്പെട്ടുപോയ ആ 'മഹത്വത്തിന്റെ വസ്ത്രം' (Robe of Glory) ഈശോ മനുഷ്യവർഗ്ഗത്തിന് തിരികെ നൽകുകയായിരുന്നു.
▪️ താബോറിൽ ശ്ലീഹന്മാർ കണ്ട പ്രകാശം പുറത്തുനിന്ന് വന്നതല്ല; മറിച്ച് അവിടുത്തെ ശരീരമാകുന്ന ദേവാലയത്തിന്റെ ഉള്ളറകളിൽ വസിച്ചിരുന്ന ദൈവത്ത്വത്തിന്റെ തേജസ്സ് ഉള്ളിൽ നിന്ന് പുറത്തേക്ക് പ്രസരിച്ചതാണ്.▪️ സുറിയാനി സഭകളുടെ പ്രാർഥനകളിൽഈ തിരുനാളിന് ആസ്പദമായ ഈശോയുടെ തേജസ്ക്കരണത്തെ അവന്റെ മഹത്വപൂർണ്ണമായ രണ്ടാം വരവിന്റെ (Parousia) മുൻകൂട്ടിയുള്ള അടയാളമായിട്ടാണ് ചിത്രീകരിക്കുന്നത്. മലമുകളിൽ പ്രത്യക്ഷപ്പെട്ട മൂ ശെ മരിച്ചവരുടെ ഉയിർപ്പിനെയും, ഏലിയാ അന്ത്യദിനത്തിലെ ജീവനുള്ളവരെയും, മൂന്ന് ശ്ലീഹന്മാർ ഭൂമിയിലെ സഭയെയും പ്രതിനിധീകരിക്കുന്നു.
▪️രൂപാന്തരീകരണം എന്നത് രണ്ടായിരം വർഷം മുൻപ് കഴിഞ്ഞുപോയ ഒരു ചരിത്ര സംഭവമല്ല; മറിച്ച് മിശിഹായുടെ സാമീപ്യം ആഗ്രഹിക്കുന്ന ഏവർക്കും ഇന്നും ലഭ്യമാകുന്ന ഒരു നിത്യ യാഥാർത്ഥ്യമാണ്.
ഓരോ പരിശുദ്ധ കുർബാനയും (Qurbana Qaddisha) ഒരു രൂപാന്തരീകരണ സംഭവമാണ്. മദ്ബഹായുടെ വിരി നീക്കപ്പെടുമ്പോൾ അത് സ്വർഗം ഭൂമിക്ക് മുൻപിൽ തുറക്കപ്പെടുന്ന 'ഗെല്യാനാ' ആണ്. നാം ഭയഭക്തികളോടെ ഈ പരിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ, താബോർ മലയിൽ ശ്ലീഹന്മാർ ദർശിച്ച അതേ ദൈവീക പ്രകാശത്തെയാണ് നമ്മുടെ ആത്മാവിലേക്കും ശരീരത്തിലേക്കും ഉൾക്കൊള്ളുന്നത്.
♦️ *ഉപസംഹാരം*
കർത്താവിന്റെ തേജസ്ക്കരണം നമ്മുടെ ദൈവികരണത്തിന്റെ അച്ചാരമാണ്. അഗ്നിയിൽ വച്ച ഇരുമ്പ് കമ്പി അഗ്നിയായി കാണപ്പെടുന്നതു പോലെ മനുഷ്യരായിരിക്കുമ്പോൾ മിശിഹാമയരായി അവന്റെ ദൈവത്വത്തിന്റെ പ്രഭ ഈ ലോകത്തിൽ പ്രസരിപ്പിക്കാനുള്ള നമ്മുടെ മനുഷ്യാസ്ഥിത്വത്തിന്റെ സാധ്യതയുടെ ആഘോഷമാണ് ഗെല് യാനാ തിരുനാൾ. *കാരണം അവൻ മനുഷ്യനായത് നമ്മെ ദൈവികീകരിക്കാനാണ്.*



Comments