ആരാധനക്രമാദ്ധ്യാത്മികത
Rev. Dr. Kurian Thamarassery (Kanjirappally Diocese)
സഭ അടിസ്ഥാനപരമായി ആരാധനാസമൂഹമാണ്. ഈശോമിശിഹായില്‍ വിശ്വസിക്കുന്നവര്‍ പിതാവായ ദൈവത്തിന് ആരാധനയര്‍പ്പിക്കുവാന്‍ പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ ഒരുമിച്ചുകൂടുന്നതാണ് സഭ. ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് ഇസ്രായേല്‍ ജനം പുറത്തുകടന്നത് ദൈവത്തിന് ബലിയര്‍പ്പിക്കാനാണ്(പുറ: 3:12, 5:1). പുതിയ ഇസ്രായേലായ സഭ സ്വര്‍ഗ്ഗീയ ആരാധനയ്ക്കായി യാത്രചെയ്യുന്ന തീര്‍ത്ഥാടകയാണ്. ഭൂമിയിലെ ഈ യാത്രയില്‍ സ്വര്‍ഗ്ഗീയ ആരാധനയുടെ മുന്നാസ്വാദനമായി സഭയ്ക്കു ലഭിച്ചിരിക്കുന്നതാണ് പരിശുദ്ധകുര്‍ബാന. പരിശുദ്ധ കുര്‍ബാനയാണ് സഭയെ രൂപീകരിക്കുന്നതുതന്നെ (Eucharist makes the Church). മാമ്മോദീസായും തൈലാഭിഷേകവും സ്വീകരിച്ച് യോഗ്യരാക്കപ്പെട്ടവരാണ് (വിവാഹവസ്ത്രം ധരിച്ചവരാണ്) പരിശുദ്ധ കുര്‍ബാനയെന്ന സ്വര്‍ഗ്ഗീയവിരുന്നില്‍ പങ്കെടുക്കുന്നത്. അതുകൊണ്ടുതന്നെ കത്തോലിക്കാവിശ്വാസികളുടെ ആത്മീയത കൂദാശാകേന്ദ്രീകൃതമാണ് അഥവാ ക്രൈസ്തവാദ്ധ്യാത്മികത ആരാധനക്രമാടിസ്ഥിതമാണ്.
കൂദാശകളില്‍ നിന്ന് മാറി സഭയില്‍ ഒരു ആത്മീയതയില്ല. നമ്മുടെ ആത്മീയത വഴിതെറ്റാതെ നിലനിര്‍ത്തുന്നതും അതിന്‍റെ വളര്‍ച്ചയുടെ മാനദണ്ഡവും കൂദാശകളാണ്. ലിറ്റര്‍ജി എന്ന വാക്കിന്‍റെ മൂലാര്‍ത്ഥം പൊതുവായ പ്രവൃത്തി (Public Work) അഥവാ ജനങ്ങളുടെ നാമത്തിലോ ജനങ്ങള്‍ക്കുവേണ്ടിയോ ഉള്ള ശുശ്രൂഷ എന്നാണ്. ക്രൈസ്തവപാരമ്പര്യത്തില്‍ ഇതിന് ദൈവത്തിന്‍റെ പ്രവൃത്തിയിലുള്ള ദൈവജനത്തിന്‍റെ പങ്കുചേരല്‍ എന്നാണര്‍ത്ഥം. (CCC 1069)
1. ജീവന്‍റെ വഴി
വിശുദ്ധ ഗ്രന്ഥമാണ് ആരാധനക്രമത്തിന്റെ അടിസ്ഥാനം. ദൈവവചനത്തോടുള്ള ദൈവജനത്തിന്‍റെ പ്രതികരണവും, പ്രത്യേകിച്ച് വിശുദ്ധ പിതാക്കന്മാരുടെ പ്രാര്‍ത്ഥനാപൂര്‍വമായ പ്രത്യുത്തരവുമാണ് ആരാധനക്രമമായി രൂപംപ്രാപിച്ചത്. ആ ആദ്ധ്യാത്മിക സമ്പത്തിലാണ് നാം എല്ലാവരും ഭാഗഭാക്കാകുന്നത്. ആത്മാവിന് സ്വഭാവികമായി വളരുവാനുള്ള ലളിതമായ ജൈവലോകമാണ് ലിറ്റര്‍ജി ഒരുക്കുന്നത്. മാമ്മോദീസായില്‍ ആരംഭിക്കുന്ന നമ്മുടെ ആത്മീയജീവിതം മറ്റു കൂദാശകളിലൂടെ വളര്‍ന്ന് നിത്യതയില്‍ പൂര്‍ണ്ണമാകുന്നതാണ്. മനുഷ്യജീവന്റെ നിലനില്പിന് ദൈവം പ്രകൃതിയെ സൃഷ്ടിച്ചതുപോലെതന്നെയാണ് ആത്മാവിന്‍റെ വളര്‍ച്ചയ്ക്ക് കൂദാശകള്‍ സ്ഥാപിച്ചത്. ആത്മാക്കളുടെ രക്ഷയ്ക്ക് ആവശ്യമായതെല്ലാം കൂദാശകളിലുണ്ട്.
2. പ്രാര്‍ത്ഥനയുടെ നിയമം
എന്താണ് നാം പ്രാര്‍ത്ഥിക്കുന്നത്? ദൈവസാന്നിദ്ധ്യസ്മരണയാണ് പ്രാര്‍ത്ഥന. ദൈവം നമുക്കു നല്‍കിയ ദാനങ്ങളെയാണ് നാം നന്ദിയോടെ ഓര്‍മ്മിക്കുന്നത്. അവിടുന്ന് നമുക്ക് നല്കിയ ഏറ്റവും വലിയ ദാനം തന്‍റെ ഏകജാതൻ തന്നെയാണ്. മനുഷ്യനായി അവതരിച്ച ദൈവപുത്രന്‍ പീഡകള്‍ സഹിച്ച്, കുരിശില്‍ മരിച്ച്, ഉത്ഥിതനായി. ഈ പെസഹാരഹസ്യങ്ങളിലൂടെ പാപികളായ മനുഷ്യന്‍റെ രക്ഷ സാധ്യമാക്കി സ്വര്‍ഗത്തില്‍ നമുക്ക് വാസസ്ഥലമൊരുക്കി. ഇതാണ് നമ്മുടെ വിശ്വാസം. ഇതാണ് നമ്മുടെ പ്രാര്‍ത്ഥനയും. ഈ രക്ഷാകര രഹസ്യങ്ങളെ ധ്യാനിക്കുകയും അനുസ്മരിക്കുകയും അനുഷ്ഠിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതാണ് നമ്മുടെ പ്രാര്‍ത്ഥന.
“കര്‍ത്താവില്‍ നിന്ന് എനിക്ക് ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്‍പ്പിക്കുന്നതുമായ കാര്യം ഇതാണ്” (1 കൊറി 11:23). “എന്‍റെ ഓര്‍മ്മയ്ക്കായി നിങ്ങള്‍ ഇത് ചെയ്യുവിന്‍” (ലൂക്കാ 22:19; 1 കൊറി 11:24). ഈ പെസഹാരഹസ്യഅനുസ്മരണയാണ് വിശ്വാസികളുടെ ഏറ്റവും വലിയ പ്രാര്‍ത്ഥന.
3. അനുരൂപരാകുക
ഈശോമിശിഹായോട് അനുരൂപപ്പെടുക, ഐക്യപ്പെടുക എന്നതാണ് ക്രൈസ്തവ ആദ്ധ്യാത്മികത. ഈശോയെ സ്നേഹിക്കുന്നവന്‍ അവന്‍റെ വചനം പാലിക്കുകയും പിതാവ് അവനെ സ്നേഹിക്കുകയും ത്രിത്വൈകദൈവം അവനില്‍ വസിക്കുകയും ചെയ്യും (യോഹ 14:23) എന്ന വചനം വിശ്വാസിയും ദൈവവുമായുള്ള ഗാഢമായ ബന്ധമാണ് വെളിപ്പെടുത്തുന്നത്. ഈ ബന്ധം സവിശേഷമായി ആരംഭിക്കുന്നത് വിശ്വസിച്ച് മാമ്മോദീസാ എന്ന കൂദാശ സ്വീകരിക്കുന്നതിലൂടെയാണ്. നാമെല്ലാവരും ജ്ഞാനസ്നാനം സ്വീകരിച്ചത് ഈശോമിശിഹായോട് ഐക്യപ്പെടാന്‍വേണ്ടിയാണ് (റോമ 6:3). മാമ്മോദീസായിലൂടെ അവന്‍റെ മരണത്തോട് നാം ഐക്യപ്പെടുന്നു, അവനോടൊത്ത് സംസ്ക്കരിക്കപ്പെടുന്നു, അവനോടൊത്ത് ഉത്ഥാനം ചെയ്യപ്പെടുന്നു (റോമ 6:3-5). അതായത് മാമ്മോദിസ എന്ന കൂദാശയിലൂടെ നാം പെസഹാരഹസ്യത്തില്‍ പങ്കാളികളാവുകയും ദൈവമക്കളായി തീരുകയും അവിടുത്തോട് അനുരൂപപ്പെടുകയും ചെയ്യുന്നു. മറ്റ് കൂദാശകളിലൂടെ ഈ ഐക്യം ഊട്ടിയുറപ്പിക്കപ്പെടുന്നു. ഇതുവഴി വിശ്വാസി ഈശോമിശിഹായുമായി അസ്തിത്വപരമായ ഒരു ബന്ധത്തിലേക്ക് വളരുന്നുവെന്നും സഭാപിതാക്കന്മാര്‍ പഠിപ്പിക്കുന്നു. ബലഹീനമായ മനുഷ്യപ്രകൃതിയെ നിന്‍റെ സമൃദ്ധമായ അനുഗ്രഹത്താല്‍ മഹത്ത്വമണിയിക്കുകയും ചെയ്തുവെന്ന് പരിശുദ്ധകുര്‍ബാനയില്‍ നാം പ്രാര്‍ത്ഥിക്കുന്നു. കൗദാശിക ജീവിതത്തിന്‍റെ ഫലം നാം ദൈവികതയില്‍ പങ്കുകാരാകുന്നുവെന്നതാണ് (CCC 1129).
ഈശോമിശിഹായില്‍ വിശ്വസിച്ച്, കൂദാശകളിലൂടെ അവിടുത്തോട് ഉള്‍ചേര്‍ക്കപ്പെട്ട വിശ്വാസികളുടെ ഗണമാണ് ആരാധനാസമൂഹമായ സഭ. “തീര്‍ച്ചയായും ശ്ലൈഹികപ്രവര്‍ത്തനങ്ങള്‍ ഉന്നംവയ്ക്കുന്നത് എല്ലാവരും വിശ്വാസവും മാമ്മോദീസായും വഴി ദൈവമക്കളായിത്തീര്‍ന്ന്, ഒരു സമൂഹമായി അവന്‍റെ സഭയുടെ മദ്ധ്യേ ദൈവത്തെ സ്തുതിക്കുന്നതിനും ബലിയില്‍ പങ്കെടുക്കുന്നതിനും കര്‍ത്താവിന്‍റെ അത്താഴത്തില്‍ നിന്നും ഭക്ഷിക്കുന്നതിനുമാണ്” (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, ലിറ്റര്‍ജി 10).
4. സ്വര്‍ഗ്ഗീയ ആരാധന
മനുഷ്യന്‍റെ പാപംമൂലം വിച്ഛേദിക്കപ്പെട്ട ദൈവ-മനുഷ്യബന്ധം കൂട്ടിയോജിപ്പിക്കപ്പെട്ടത് ദൈവപുത്രന്‍റെ മനുഷ്യാവതാരത്തിലൂടെയാണ്. മനുഷ്യന്‍റെ പാപങ്ങള്‍ക്ക് പരിഹാരമായി മിശിഹാ തന്നെത്തന്നെ ബലിയായര്‍പ്പിച്ചു. ഇതുവഴി ബലഹീനനും പാപിയുമായ മനുഷ്യന് ദൈവാരാധനയില്‍ പങ്കുചേരുവാന്‍ യോഗ്യതയായി. പരിശുദ്ധ കുര്‍ബാനയില്‍, മിശിഹായുടെ ഈ പരിഹാരബലി നാം അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതാണ് പരമമായ ദൈവാരാധന. ആരാധനയില്‍ ഭൂവാസികളും സ്വര്‍ഗ്ഗവാസികളും പങ്കുകാരാകുന്നുവെന്നതാണ് പരിശുദ്ധ കുര്‍ബാനയുടെ മഹത്ത്വം. ഇത് വെളിപ്പെടുത്തുന്നത് ദൈവത്തിന്‍റെ അനന്തമായ കാരുണ്യവും സ്നേഹവും കരുതലുമാണ്. മാര്‍ തെയദോറിന്‍റെ കൂദാശാക്രമം, ഒന്നാം പ്രണാമജപത്തില്‍ നാം ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു. “ഞങ്ങള്‍ അയോഗ്യരാണെങ്കിലും അങ്ങയുടെ കൃപയാല്‍ പരിശുദ്ധവും സ്തുത്യര്‍ഹവുമായ ഈ ദിവ്യരഹസ്യങ്ങളെ അറിയുന്നതിനും സമീപിക്കുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും സ്വീകരിക്കുന്നതിനും ഇവയോട് ഏകീഭവിക്കുന്നതിനും അവന്‍ ഞങ്ങളെ യോഗ്യരാക്കി”.
പരിശുദ്ധ കുര്‍ബാനയെന്ന സ്വര്‍ഗ്ഗീയ ആരാധനയില്‍ പങ്കെടുക്കുന്നതിലൂടെ നമ്മുടെ പാപങ്ങള്‍ ക്ഷമിച്ച് വിശുദ്ധീകരിക്കപ്പെടുന്നു, നമ്മുടെ ബുദ്ധിക്ക് പരിശുദ്ധാത്മാവിന്‍റെ പ്രകാശം ലഭിക്കുന്നു, ദുഷ്ടാരൂപിയെന്ന ശത്രുവിനെ പരാജയപ്പെടുത്തുന്നു, അതിലുപരി ബലഹീനമായ നമ്മുടെ മനുഷ്യപ്രകൃതിയെ അവിടുന്നു സമൃദ്ധമായ അനുഗ്രഹത്താല്‍ മഹത്ത്വമണിയിക്കുകയും ചെയ്യുന്നു (മാര്‍ അദ്ദായി – മാര്‍ മാറി കൂദാശക്രമം, മൂന്നാം പ്രണാമജപം).
5. പരിശുദ്ധാത്മാവിലുള്ള ജീവിതം
പരിശുദ്ധാത്മാവിലുള്ള ജീവിതമാണ് ആരാധനക്രമാദ്ധ്യാത്മികത. എല്ലാ കൂദാശകളിലൂടെയും നാം സ്വീകരിക്കുന്നത് പരിശുദ്ധാത്മാവിനെയാണ്. ദൈവവചനത്തെ മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളുവാനും നമ്മെ പ്രാപ്തരാക്കുന്നതും, പെസഹാരഹസ്യങ്ങള്‍ നമുക്ക് അനുഭവവേദ്യമാക്കുന്നതും പ്രവര്‍ത്തനനിരതമാക്കുന്നതും പരിശുദ്ധാത്മാവാണ്. മാമ്മോദീസായും തൈലാഭിഷേകവും പരിശുദ്ധകുര്‍ബാനയും നമുക്ക് പരിശുദ്ധാത്മാവിനെ പ്രദാനം ചെയ്യുന്ന കൂദാശകളാണ്. പാപത്തില്‍ നിന്ന് നമ്മെ വിശുദ്ധീകരിക്കുന്ന അനുരഞ്ജനകൂദാശയ്ക്ക് നമ്മെ പ്രചോദിപ്പിക്കുന്നതും ജീവിതാവസ്ഥയുടെ കൂദാശകളായ വിവാഹം, തിരുപ്പട്ടം ഇവയിലൂടെ ഓരോ ജീവിതത്തിനും ആവശ്യമായ വരപ്രസാദം നല്‍കുന്നതും പരിശുദ്ധാത്മാവുതന്നെ. രോഗാവസ്ഥയില്‍ നമ്മെ സൗഖ്യപ്പെടുത്തുന്നതും മരണത്തില്‍നിന്ന് നിത്യതയിലേക്ക് നമ്മെ നയിക്കുന്നതും ദൈവത്തിന്‍റെ ആത്മാവുതന്നെ. അതായത് കൗദാശികജീവിതം പരിശുദ്ധാത്മാവിലുള്ള ജീവിതം തന്നെയാണ്. ഈ അവബോധമാണ് ലിറ്റര്‍ജിക്കല്‍ ആത്മീയതയുടെ അന്തഃസത്ത. പരിശുദ്ധാത്മാവിനെ ലഭിക്കുവാനായി വേറൊരു ശുശ്രൂഷയും തിരുസഭാമാതാവ് നമുക്കു നല്‍കിയിട്ടുമില്ല. കൂദാശകളുടെ പരികര്‍മ്മംതന്നെ പരിശുദ്ധാത്മപ്രവര്‍ത്തനമാണ്.
6. ദൈവമക്കളുടെ സന്തോഷവും സ്വാതന്ത്ര്യവും
രക്ഷയുടെ രഹസ്യങ്ങളില്‍ പങ്കാളികളാകുന്ന വിശ്വാസികള്‍ ദൈവമക്കളുടെ സന്തോഷത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമാണ് പ്രവേശിക്കുന്നത്. കൂദാശകള്‍ സ്വീകരിക്കുന്ന നാം പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതിനാല്‍ ആന്തരികമായ സന്തോഷം നമുക്കു ലഭിക്കുന്നു. അതുകൊണ്ടാണ് വിശുദ്ധ പൗലോസ്ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നത് ‘നിങ്ങള്‍ സന്തോഷിക്കുവിന്‍ ഞാന്‍ വീണ്ടും നിങ്ങളോട് പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍’. ഇതിന്‍റെ അര്‍ത്ഥം വിശ്വാസികള്‍ക്ക് ജീവിതത്തില്‍ പ്രശ്നങ്ങളോ, കുറവുകളോ, രോഗങ്ങളോ, ബാധ്യതകളോ ഉണ്ടാവുകയില്ലെന്നല്ല മറിച്ച് മാനുഷികമായ ഈ പ്രശ്നങ്ങളെ അതിജീവിക്കുവാനുള്ള ശക്തി പരിശുദ്ധാത്മാവു നല്‍കും എന്നതാണ്. അതുവഴി നമ്മുടെ ഭാരം കുറഞ്ഞതും നുകം ലഘുവുമായിരിക്കും.
കൂദാശകളിലൂടെ പരിശുദ്ധാത്മാവിനെ സ്വീകരിച്ചവര്‍ ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലാണ് ജീവിക്കേണ്ടത്. ദുഷ്ടാരൂപിയുടെ അടിമത്തത്തിലോ സ്വാധീനത്തിലോ ഭീതിയിലോ അല്ല വിശ്വാസികള്‍ ജീവിക്കേണ്ടത്. കൂദാശകള്‍ സ്വീകരിക്കുന്നവരെന്ന നിലയില്‍ നമ്മില്‍ പരിശുദ്ധാത്മാവിന്‍റെ ശക്തിയും കൃപയുമാണുള്ളത്. വാഗ്ദാനങ്ങളില്‍ വിശ്വസ്തനായവന്‍ നമ്മുടെ ഏത് അവസ്ഥയിലും നമ്മോട് ഒപ്പമുണ്ടെന്ന തിരിച്ചറിവാണ് നമ്മുടെ സന്തോഷവും സ്വാതന്ത്ര്യവും. നാം സ്വീകരിച്ചിരിക്കുന്നത് ഭയത്തിന്‍റെ ആത്മാവിനെയല്ല.
7. ഭക്തകൃത്യങ്ങള്‍
രക്ഷാകരരഹസ്യത്തിലേക്ക് നമ്മെ നയിക്കുന്നതും കൂദാശകള്‍ സ്വീകരിക്കുവാന്‍ നമ്മെ സഹായിക്കുന്നതുമായിരിക്കണം ഭക്തകൃത്യങ്ങള്‍. ഭക്തകൃത്യങ്ങള്‍ അതില്‍ത്തന്നെ ഫലദായകമല്ല. അങ്ങനെ കരുതിയാല്‍ അത് നമ്മെ അന്ധവിശ്വാസത്തിലേക്ക് നയിക്കും. പരിശുദ്ധ കന്യകാമറിയത്തോടും വിശുദ്ധരോടും നമ്മള്‍ പ്രാര്‍ത്ഥിക്കുന്നതുവഴി, ഈശോമിശിഹായുടെ രക്ഷാകരരഹസ്യത്തിന്‍റെ ഫലങ്ങളും അനുഗ്രഹങ്ങളും സ്വീകരിക്കുവാന്‍ നമ്മെ യോഗ്യരാക്കുകയും അവരുടെ മാദ്ധ്യസ്ഥം വഴി അത് നമുക്ക് ലഭിക്കുകയും ചെയ്യും. പരിശുദ്ധ കുര്‍ബാനയുടെ ആരാധന, രക്ഷാകര രഹസ്യങ്ങളെ ആഴത്തില്‍ ധ്യാനിക്കുവാന്‍ നമ്മെ സഹായിക്കണം.
നാം ചെയ്യുന്ന ത്യാഗത്തിന്‍റെ കാഠിന്യവും ഭക്താഭ്യാസങ്ങളുടെ എണ്ണവുമാണ് നമ്മുടെ രക്ഷയുടെ അടിസ്ഥാനം എന്ന ചിന്തയല്ല മറിച്ച് ഈശോമിശിഹായുടെ സഹനത്തിലുള്ള സ്നേഹപൂര്‍വ്വമായ പങ്കുചേരലാണ് നമ്മുടെ ഭക്തകൃത്യങ്ങളും പ്രായശ്ചിത്തപ്രവര്‍ത്തനങ്ങളും എന്ന ആത്മീയ മനോഭാവമാണ് രക്ഷാകരമാകുന്നത്. കാരണം നമ്മുടെ രക്ഷ നമ്മുടെ അദ്ധ്വാനഫലമല്ല, അത് ദൈവത്തിന്‍റെ ദാനമാണ്.
8. ജീവിതസാക്ഷ്യം
ലിറ്റര്‍ജിക്കല്‍ ആത്മീയത പൂര്‍ണ്ണമാകുന്നത് നമ്മുടെ ജീവിതസാക്ഷ്യത്തിലൂടെയാണ്. പിതാവ് തന്‍റെ ഏകജാതനെ ലോകത്തിന് നല്‍കിയതും പുത്രന്‍ കുരിശില്‍ യാഗമായി തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് വിലകൊടുത്ത് നമ്മെ വീണ്ടെടുത്തതും പരിശുദ്ധാത്മാവ് നമ്മെ പവിത്രീകരിച്ച് നയിക്കുന്നതും ത്രിത്വൈകദൈവത്തിന് മനുഷ്യനോടുള്ള സ്നേഹം കാരണമാണ്. ഇതാണ് ആരാധനക്രമത്തില്‍ പ്രഘോഷിക്കുന്നതും അനുസ്മരിക്കുന്നതും ആഘോഷിക്കുന്നതും. ഇതില്‍ പങ്കുകാരാകുന്ന ദൈവജനം തന്‍റെ സഹോദരങ്ങളെ സ്നേഹിക്കുവാനും അവരോട് കരുണകാണിക്കുവാനും ക്ഷമിക്കുവാനും അവര്‍ക്ക് ശുശ്രൂഷചെയ്തുകൊടുക്കുവാനും കടപ്പെട്ടവരാണ്. ദൈവസ്നേഹം പൂര്‍ണ്ണമാകുന്നത് മനുഷ്യസ്നേഹത്തിലാണ്.
നമ്മള്‍ അനുഭവിക്കുന്ന ദൈവസ്നേഹം നമ്മുടെ വാക്കുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും മറ്റുള്ളവരെ അറിയിക്കുവാനുള്ള ദൗത്യം എല്ലാ വിശ്വാസികള്‍ക്കുമുണ്ട്. സുവിശേഷപ്രഘോഷണം ഫലപ്രദമായി നടക്കുമ്പോഴാണ് ക്രൈസ്തവ ആദ്ധ്യാത്മികത പൂര്‍ണ്ണമാകുന്നത്.
വിശുദ്ധ ഗ്രന്ഥത്തില്‍ അടിസ്ഥാനമായതും ആരാധനക്രമത്തില്‍ വികസിച്ചതുമായ ആശീര്‍വാദപ്രാര്‍ത്ഥന നമ്മുടെ വിശ്വാസത്തിന്‍റെ പ്രഘോഷണവും നമ്മുടെ ആദ്ധ്യാത്മികത വെളിപ്പെടുത്തുന്നതും ഏവര്‍ക്കും സന്തോഷവും പ്രത്യാശയും നല്‍കുന്നതുമാണ്. “നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ സഹവാസവും നാമെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേക്കും, ആമ്മേന്‍.



Comments