top of page

വി. തോമാശ്ലീഹാ



ജൂലൈ ആദ്യവാരത്തില്‍, നാം അപ്പസ്തോലനായ വി. തോമാശ്ലീഹായുടെ തിരുനാള്‍ ആചരിക്കുകയാണ്, അതായത് ജൂലൈ മൂന്നാം തീയതി. ആദിമുതല്‍ ഉണ്ടായിരുന്നതും സ്വന്തം കാതുകൊണ്ട് ശ്രവിച്ചതും കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്‍റെ വചനത്തെക്കുറിച്ച് പ്രഘോഷിച്ചവരാണ് അപ്പസ്തോലന്മാര്‍(1 യോഹ 1,1-3). അവരില്‍ ഒരാളായി ഭാരതത്തില്‍ ജീവന്‍റെ വചനം പ്രഘോഷിക്കുകയും, അവരോടുള്ള കൂട്ടായ്മയില്‍, യേശുക്രിസ്തുവിനോടുള്ള കൂട്ടായ്മയില്‍ നാമായിരിക്കേണ്ടതിന്, നിത്യരക്ഷ പ്രാപിക്കേണ്ടതിന്, ദൈവത്താല്‍ അയയ്ക്കപ്പെട്ട തോമ്മാശ്ലീഹായുടെ തിരുനാള്‍ ആചരിക്കുന്ന വേളയില്‍, അപ്പസ്തോലനെ ബൈബിളിന്‍റെ പശ്ചാത്തലത്തിലും, തിരുസ്സഭാ പാരമ്പര്യത്തിലും വീക്ഷിച്ചു കൊണ്ട്, ദൈവികസ്നേഹത്തിലേയ്ക്ക്, ത്രിയേകദൈവത്തിന്‍റെ കൂട്ടായ്മയിലേയ്ക്കു നമ്മെ ഉയര്‍ത്തിയതിന് കൃതജ്ഞതയോടെ നമുക്കു ദൈവത്തെ സ്തുതിക്കാം


വി. തോമ്മാശ്ലീഹാ – ക്രിസ്തുവിന്‍റെ അപ്പസ്തോലന്‍


'അപ്പസ്തോലന്‍' എന്ന വാക്കിനര്‍ഥം അയയ്ക്കപ്പെട്ടവന്‍ എന്നാണ്. ക്രിസ്തു ദൈവത്താല്‍ അയയ്ക്കപ്പെട്ടവനാണ്. അതേ ദൗത്യവുമായി ക്രിസ്തു തന്‍റെ ശിഷ്യന്മാരെ അയച്ചു. ആ അപ്പസ്തോലന്മാരാല്‍ സ്ഥാപിക്കപ്പെട്ട സഭ അപ്പസ്തോലികമാണ്, അഥവാ അയയ്ക്കപ്പെട്ടവളാണ്. ഒപ്പം അപ്പസ്തോലികമായ ഈ സഭയെ മൂന്നു വിധത്തിലാണു നാം മനസ്സിലാക്കുക.


-അപ്പസ്തോലന്മാരാകുന്ന അടിസ്ഥാനത്തിന്മേലാണ് അവള്‍ പടുത്തുയര്‍ത്തപ്പെട്ടതും നിലനില്‍ക്കുന്നതും, അവര്‍ ക്രിസ്തുവിനാല്‍ത്തന്നെ തെരഞ്ഞെടുക്കപ്പെടുകയും അയയ്ക്കപ്പെടുകയും ചെയ്ത സാക്ഷികളാണ്.

-സഭ തന്നില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ നല്ല നിക്ഷേപവും അപ്പസ്തോ ലന്മാരില്‍ നിന്നു കേട്ട -രക്ഷാവചനങ്ങളുമായ പ്രബോധനം സൂക്ഷിക്കുകയും പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നു.

-ക്രിസ്തുവിന്‍റ പ്രത്യാഗമനം വരെ അവള്‍ അപ്പസ്തോലന്മാരാല്‍ തുടര്‍ന്നു പഠിപ്പിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. അജപാലനജോലിയില്‍ അപ്പസ്തോലന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരുടെ സംഘം, വൈദികരുടെ സഹായത്തോടെയും, സഭയുടെ പരമോന്നത ഇടയനായ പത്രോസിന്‍റെ പിന്‍ഗാമിയോട് ഐക്യത്തില്‍ വര്‍ത്തിച്ചുകൊണ്ടും ഈ ദൗത്യം നിര്‍വഹിക്കുന്നു (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, 857).


ഇത്തരത്തില്‍ സഭയുടെ അപ്പസ്തോലികതയുടെ അടിസ്ഥാനമായിരിക്കുന്ന ഒരു ക്രിസ്തുശിഷ്യനാണ് തോമ്മാശ്ലീഹാ. ശ്ലീഹാ യൂദയായിലെ ഗലീലിയില്‍ ആയിരിക്കണം ജനനം. തോമസ് എന്ന പേര് ഗ്രീക്കുഭാഷയിലുള്ള പുതിയ നിയമത്തില്‍ അപ്പസ്തോലന്‍റെ പേരായിട്ടുതന്നെയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇത് അറമായഭാഷയില്‍ രൂപംകൊണ്ടിട്ടുള്ള ഒരു വ്യക്തി നാമത്തിന്‍റെ ഭാഷാന്തരമാണ്. പേരിന്‍റെ അര്‍ഥം ഇരട്ട എന്നാണ്. ഗ്രീക്കുഭാഷയില്‍ ദിദിമൂസ് എന്നാണ് ഈ പദം സൂചിപ്പിക്കപ്പെടുന്നത്. അതുകൊണ്ടാണ്, യോഹന്നാന്‍ തന്‍റെ സുവിശേഷത്തില്‍, ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ് എന്നു വിശദീകരിക്കുന്നത് (21,2).


അപ്പസ്തോലന്‍റെ ആദ്യകാലജീവിതത്തെക്കുറിച്ച് കാര്യമായി ഒന്നും തന്നെ അറിയില്ല. ഗലീലിയിലെ ഒരു എളിയ കുടുംബത്തില്‍ ജനിച്ചുവെന്നു വേണം കരുതാന്‍. മത്സ്യബന്ധനമായിരുന്നുവോ കുടുംബത്തിന്‍റെ തൊഴില്‍ എന്നതിനെക്കുറിച്ചും സൂചനയൊന്നും ലഭിച്ചിട്ടില്ല. അദ്ദേഹം ഒരു യഹൂദനായിരുന്നുവെന്നു ഏതാണ്ടു തീര്‍ച്ചയാണെങ്കിലും ക്രിസ്തുവിന്‍റെ ശിഷ്യനായിത്തീര്‍ന്നത് എങ്ങനെയെന്നതിനെക്കുറിച്ചും സുവിശേഷത്തില്‍ പരാമര്‍ശമൊന്നുമില്ല. നാലു സുവിശേഷകന്മാരും, അപ്പസ്തോലനടപടികളും, തോമസിനെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ടെങ്കിലും, വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്നാണ്, അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം നമുക്കു ലഭിക്കുന്നത്. സംശയാലുവെന്നു പലപ്പോഴും വിധിക്കപ്പെടുന്നുവെങ്കിലും, അദ്ദേഹത്തിന്‍റെ ധൈര്യവും, ഏതു സന്ദര്‍ഭത്തിലും യേശുവിനോടൊത്തു നില്ക്കാനുള്ള സന്നദ്ധതയും, സത്യാന്വേഷണത്വരയും പ്രത്യേകം പ്രസ്താവ്യമാണ്.


ബൈബിളില്‍


നാം നേരത്തെ കണ്ടതുപോലെ, സമാന്തരസുവിശേഷകന്മാരും വി. യോഹന്നാനും തോമസിനെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. യേശു തന്‍റെ അപ്പസ്തോലന്മാരെ, “വിജാതീയരുടെ അടുത്തേയ്ക്കു പോകരുത്, ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേയ്ക്കു പോകുവിന്‍” (10:5,6) എന്ന നിര്‍ദേശവുമായി അയയ്ക്കുന്നതിനെക്കുറിച്ച് നല്‍കുന്ന വിവരണത്തില്‍, അവരുടെ പേരുകള്‍ പറയുന്നിടത്താണ് ഒന്നാം സുവിശേഷത്തില്‍ നാം തോമസിന്‍റെ പേരുകാണുക., “തന്നോടുകൂടി ആയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയയ്ക്കുന്നതിനും പിശാചുക്കളെ ബഹിഷ്ക്കരിക്കാന്‍ അധികാരം നല്‍കുന്നതിനുമായി തനിക്കിഷ്ടമുള്ള” പന്ത്രണ്ടുപേരെ തന്‍റെ അടുത്തേയ്ക്കു വിളിക്കുന്നതിന്‍റെ വിവരണത്തിലാണ് മര്‍ക്കോസ് തോമസിന്‍റെ പേരു പരാമര്‍ശിക്കുന്നത്. ലൂക്കാ സുവിശേഷകന്‍, സുവിശേഷത്തിലും അപ്പസ്തോലന്മാരുടെ നടപടിപ്പുസ്തകത്തിലും തോമസിന്‍റെ പേരു പരാമര്‍ശിക്കു ന്നുണ്ട്. മറ്റു സമാന്തരസുവിശേഷങ്ങളിലെന്നപോലെ, ലൂക്കായുടെ സുവിശേഷം അപ്പസ്തോലന്മാരെ തെരഞ്ഞെടുക്കുന്നതിനെ ക്കുറിച്ചു നല്‍കുന്ന വിവരണത്തിലും, അപ്പസ്തോല നടപടികളില്‍ യേശുവിന്‍റെ ഉത്ഥാനത്തിനുശേഷം പരിശുദ്ധ അമ്മയോടും മറ്റു സഹോദരരോടും ഒന്നിച്ചു സമ്മേളിച്ച അപ്പസ്തോലന്മാരെക്കുറിച്ചുള്ള വിവരണത്തിലുമാണ്.


എന്നാല്‍ യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്നാണ് നാം വി. തോമസിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയുന്നത്. യേശുവിന്‍റെ വിശ്വസ്തനായ ഒരു അനുയായി, സത്യാന്വേഷകന്‍, സംശയാലു, വലിയ പ്രേഷിതന്‍ എന്നിങ്ങനെ അദ്ദേഹത്തിന്‍റെ സവിശേഷ വ്യക്തിത്വം വി. യോഹന്നാന്‍റെ വിവരണത്തിലൂടെ അനാവൃത മാവുകയാണ്.


വി. തോമസ് - യേശുവിന്‍റെ വിശ്വസ്ത അനുഗാമി


യേശു തന്‍റെ സ്നേഹിതനായ രോഗിയായ ലാസറിനെ കാണാന്‍ പോകുന്നതിനു തീരുമാനിച്ച വേളയിലാണ്, തോമാശ്ലീഹായുടെ വിശ്വസ്തത വെളിവാകുക. ഇതു യോഹന്നാന്‍ സുവിശേഷത്തിന്‍റെ പതിനാലാമധ്യായത്തിലാണു വിവരിക്കുന്നത്. യേശു ജോര്‍ദാന്‍റെ മറുകരയിലായിരിക്കുമ്പോഴാണ്, ജറുസലെമിനടുത്തുള്ള ബഥാനിയയിലേയ്ക്കു പോകാന്‍ തീരുമാനമെടുക്കുന്നത്. യേശുവിന്‍റെ പ്രബോധനങ്ങളെയും പ്രവര്‍ത്തനങ്ങളെയും വെറുത്തിരുന്ന യഹൂദര്‍ അവനെ കല്ലെറിയാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്നറിയാമായിരുന്ന അപ്പസ്തോലന്മാര്‍ പറഞ്ഞു: “ഗുരോ, യഹൂദര്‍ ഇപ്പോള്‍ത്തന്നെ നിന്നെ കല്ലെറിയാന്‍ അന്വേഷിക്കുകയായിരുന്നല്ലോ. എന്നിട്ട് അങ്ങോട്ടു പോവുകയാണോ?” ലാസര്‍ മരിച്ചുവെന്നും അവനെ കാണാന്‍ പോകുന്നതിനു താന്‍ തീരുമാനിച്ചുവെന്നും വ്യക്തമാക്കിയ ഈശോയുടെ വചനങ്ങളെത്തുടര്‍ന്ന് തോമസാണ് ശിഷ്യന്മാരെ ധൈര്യപ്പെടുത്തി യേശുവിനോടൊത്തു നീങ്ങാന്‍ അവരെ പ്രേരിപ്പിക്കുന്നത്. സുവിശേഷകന്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു. ദീദിമോസ് എന്ന തോമസ് അപ്പോള്‍ മറ്റു ശിഷ്യന്മാരോടു പറഞ്ഞു: “അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം” (യോഹ 11:16) വി. തോമസ് അപ്പസ്തോലന്‍ യേശുവിന്‍റെ ധീരനായ അനുഗാമി, തന്നോടൊപ്പം സത്യത്തിന്‍റെയും ജീവന്‍റെയും വഴി തെരഞ്ഞെടുക്കാന്‍ ഏവരെയും പ്രേരിപ്പിക്കുന്ന വിശ്വസ്ത ക്രിസ്തുശിഷ്യനാണ്. ആ അപ്പസ്തോലനാണ് ഭാരതസഭയുടെ അപ്പസ്തോലന്‍. ക്രിസ്തുവിനെപ്രതി, 'ജീവന്‍ നഷ്ടപ്പെടുത്തി ജീവന്‍ നേടുന്ന' ആ വലിയ സ്നേഹത്തിലേയ്ക്കു വളരാന്‍ അപ്പസ്തോലന്‍റെ മാധ്യസ്ഥം നമുക്കു തേടാം.


യേശുവിനോടൊത്ത് സത്യത്തിന്‍റെയും ജീവന്‍റെയും വഴിയിലൂടെ


വി. തോമാശ്ലീഹാ സത്യവും ജീവനും മാര്‍ഗവുമായ യേശുവിനോടൊത്തു നീങ്ങുന്ന ഉത്തമശിഷ്യനാണ് എന്നു യോഹന്നാന്‍ സുവിശേഷകന്‍ വിവരിക്കുന്നുണ്ട് തന്‍റെ സുവിശേഷത്തിന്‍റെ പതിനാലാം അധ്യായത്തില്‍. നാലാം സുവിശേഷത്തിലെ വിവരണമിങ്ങനെയാണ്:


നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍ എന്നിലും വിശ്വസിക്കുവിന്‍. എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരു ക്കുവാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും. ഞാന്‍ പോകുന്നിടത്തേയ്ക്കുള്ള വഴി നിങ്ങള്‍ക്ക് അറിയാം. തോമസ് പറഞ്ഞു, കര്‍ത്താവേ, നീ എവിടേയ്ക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും? യേശു പറഞ്ഞു വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കലേയ്ക്കു വരുന്നില്ല. നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്‍റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു. നിങ്ങള്‍ അവനെ കാണുകയും ചെയ്തിരിക്കുന്നു (14:1-7)


തോമാശ്ലീഹായുടെ ഈ സത്യാന്വേഷണത്വര യേശുവിന് അവിടുത്തെ സത്തയെക്കുറിച്ചും ദൗത്യത്തെക്കുറിച്ചു മുള്ള സത്യം വെളിപ്പെടുത്താന്‍ ഒരു സവിശേഷമുഹൂര്‍ത്തം ഒരുക്കുകയായിരുന്നു. അങ്ങനെ, വഴിയും സത്യവും ജീവനുമായ ക്രിസ്തു പിതാവില്‍ നിന്നു വന്നവനും, പിതാവിലേയ്ക്കുള്ളവനും പിതാവിന്‍റെ സത്ത തന്നെയാണെന്നും തോമാശ്ലീഹായുടെ ചോദ്യത്തിനുത്തരമായി യേശു വെളിപ്പെടുത്തി.


ഉറപ്പുള്ള സത്യത്തിനായി സ്നേഹശാഠ്യമുള്ളവന്‍


വി. തോമസിനെ സാധാരണയായി വിശേഷിപ്പിക്കുന്നത് സംശയാലുവായ തോമാ എന്നാണ്. ഇക്കാര്യത്തിനു പിന്‍ബലമേകുന്നത്, വി. യോഹന്നാന്‍റെ സുവിശേഷം 20-ാമധ്യായത്തിലെ വിവരണമാണ്. യേശുവിന്‍റെ ഉ ത്ഥാനത്തെക്കുറിച്ച് സ്ത്രീകളുടെ വാക്കുകള്‍ കേള്‍ക്കുകയും ശൂന്യമായ കല്ലറ കാണുകയും, തനിക്ക് യേശു പ്രത്യക്ഷപ്പെട്ടുവെന്ന് മഗ്ദലേന മറിയത്തിന്‍റെ വാക്കുകള്‍ കേള്‍ക്കുകയും ചെയ്തിരുന്നുവെങ്കിലും, അവര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കുകയായിരുന്നു. അപ്പോള്‍ യേശു അവര്‍ക്കു പ്രത്യക്ഷപ്പെട്ട് സമാധാനം ആശംസി ക്കുകയും പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിന് അവരെ ഒരുക്കുകയും ചെയ്തു. തുടര്‍ന്നു സുവിശേഷകന്‍ രേഖപ്പെടുത്തുന്നു:


പന്ത്രണ്ടുപേരിലൊരുവനും ദീദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് മറ്റു ശിഷ്യന്മാര്‍ അവനോടു പറഞ്ഞു: “ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു”. എന്നാല്‍ അവന്‍ പറഞ്ഞു, അവന്‍റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അ വയില്‍ എന്‍റെ വിരല്‍ ഇടുകയും അവന്‍റെ പാര്‍ശ്വത്തില്‍ എന്‍റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല.


എട്ടു ദിവസങ്ങള്‍ക്കുശേഷം വീണ്ടും അവന്‍റെ ശിഷ്യന്മാര്‍ വീട്ടില്‍ ആയിരുന്നപ്പോള്ഡ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തില്‍ നിന്നുകൊണ്ട് പറഞ്ഞു, നിങ്ങള്‍ക്കു സമാധാനം! അവന്‍ തോമസിനോടു പറഞ്ഞു, നിന്‍റെ വിരല്‍ ഇവിടെ കൊണ്ടുവരിക. എന്‍റെ കൈകള്‍ കാണുക, നിന്‍റെ കൈനീട്ടി എന്‍റെ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. തോമസ് പറഞ്ഞു, 'എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ'!


തുടര്‍ന്ന് യേശു ഇങ്ങനെ പഠിപ്പിച്ചു. നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു. കാണാതെ തന്നെ വിശ്വസി ക്കുന്നവര്‍ ഭാഗ്യവാന്മാര്‍.(യോഹ 20:24-29).


ഈ വിവരണം, തോമാശ്ലീഹായെ സംശയാലുവായി ചിത്രീകരിക്കുന്നതിനു പിന്‍ബലമേകുന്നുവെങ്കിലും, ശ്ലീഹായുടെ സത്യാന്വേഷണത്തിന്‍റെ ഒരു തെളിവാണത്. അതിനെക്കാളുപരി, യേശുവിനോടുള്ള അടുപ്പത്തില്‍ നിന്നുളവാകുന്ന സ്നേഹശാഠ്യമാണ്. ഹൃദയ അടുപ്പമില്ലാത്തവര്‍ക്ക് ഒരിക്കലും അവന്‍റെ മുറിവുകളെ സ്പര്‍ശിക്കാനുള്ള ആഗ്രഹം ഉണ്ടാവുകയില്ല. യേശുവിന്‍റെ മാറില്‍ ചാരിക്കിടന്ന ശിഷ്യനായ യോഹന്നാന്, തോമാശ്ലീഹായുടെ ഈ ഹൃദയ അടുപ്പത്തെക്കുറിച്ചു വിവരിക്കാന്‍ കഴിഞ്ഞു. ഈ ദൈവസ്നേഹാനുഭവത്തില്‍ നിന്നാണ്, ദൈവത്തിന്‍റെ ക്രിസ്തുവിലൂടെയുള്ള രക്ഷാകരദൗത്യത്തെക്കുറിച്ചുള്ള ബോധ്യത്തില്‍ നിന്നാണ് തോമാശ്ലീഹാ തന്‍റെ പ്രേഷിതദൗത്യം ആരംഭിക്കുന്നത്.


ഈശോയുടെ സ്വര്‍ഗാരോഹണത്തിനുശേഷം ശിഷ്യസമൂഹം, യേശുവിന്‍റെ അമ്മയായ മറിയത്തോടും മറ്റു സഹോദരരോടുമൊപ്പം, പ്രാര്‍ഥനയിലും ഭാവിദൗത്യത്തെക്കുറിച്ചുള്ള ചിന്തയിലും മുഴുകി ജറുസലെമില്‍ ദിവസങ്ങള്‍ കഴിക്കുമ്പോള്‍, തോമസും അവരോടുകൂടെയുണ്ടായിരുന്നു. ആത്മാവിന്‍റെ ആവാസത്തില്‍, ഭയമേതുമകന്ന്, ആത്മാവിന്‍റെ ദാനഫലങ്ങള്‍ സ്വീകരിച്ചുകൊണ്ട്, അപ്പസ്തോലന്മാര്‍ സുവിശേഷ പ്രഘോഷണത്തിനിറങ്ങി. ഒപ്പം, ദൈവികവേലയുടെ പങ്കുകാരനും തുടര്‍ച്ചക്കാരനും ആകാന്‍ കഴിഞ്ഞതിലുള്ള ആനന്ദത്തോടെ തോമാശ്ലീഹായും ഭാരതത്തിലേയ്ക്കു അതിദുര്‍ഘടമായ ദീര്‍ഘയാത്രയ്ക്കൊരുങ്ങുകയായിരുന്നു.


വലിയ പ്രേഷിതന്‍


അദ്ദേഹത്തിന്‍റെ പ്രേഷിതപ്രവര്‍ത്തനങ്ങളെക്കുറിച്ചും അതെക്കുറിച്ച് ഇന്നുള്ള രേഖകളെക്കുറിച്ചും, ചരിത്രകാരന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെങ്കിലും, അദ്ദേഹം ഇന്ത്യയില്‍ സുവിശേഷം പ്രസംഗിച്ചു എന്നുള്ളതിനെക്കുറിച്ച് ഏവരും ഏകാഭിപ്രായക്കാരാണ്. തോമായുടെ നടപടികള്‍ എന്ന പുസ്തകമനുസരിച്ച്, അപ്പസ്തോലന്മാര്‍ ലോകംമുഴുവനും സുവിശേഷം പ്രസംഗിക്കുന്നതിനായി തീരുമാനിക്കുന്ന വേളയില്‍, ഓരോ ദിക്കും തെരഞ്ഞെടുക്കുന്ന അവസരത്തില്‍, ക്രിസ്തുവിന്‍റെ പ്രത്യേക ദര്‍ശനത്തിന്‍റെ സ്വാധീനത്തില്‍ തോമ്മാശ്ലീഹാ ഇന്ത്യ തെരഞ്ഞെടുത്തു എന്നു വിവരിക്കുന്നുണ്ട്.


ഭാരതയാത്രയ്ക്കു മുമ്പേതന്നെ തോമാശ്ലീഹാ, പേര്‍ഷ്യ, മേദിയ തുടങ്ങിയ രാജ്യങ്ങളില്‍ സുവിശേഷ പ്രഘോഷണം നടത്തിയെന്നു പറയപ്പെടുന്നു. ഇന്ത്യയും പേര്‍ഷ്യയും തമ്മിലുള്ള വ്യാപാരബന്ധം ഇന്ത്യയിലെ ത്തുന്നതിന് അദ്ദേഹത്തിനു സഹായമായിട്ടുണ്ട് എന്നു കരുതാം.


എഡി 52-ലാണ് തോമാശ്ലീഹാ, തെക്കേ ഇന്ത്യയിലെ മുഖ്യ തുറമുഖമായിരുന്ന കൊടുങ്ങല്ലൂര് വന്നിറങ്ങിയത് എന്നു കരുതപ്പെടുന്നു. അദ്ദേഹത്തിന്‍റെ സുവിശേഷപ്രഘോഷണത്തെ അത്ഭുതങ്ങളിലൂടെയും അടയാളങ്ങളി ലൂടെയും ദൈവം ഫലപ്രദമാക്കി. അനേകര്‍ മാനസാന്തരപ്പെട്ടു മാമോദീസ സ്വീകരിച്ചു. കേരളത്തില്‍ ഏഴു പള്ളികള്‍ സ്ഥാപിച്ച അദ്ദേഹം പുരോഹിതരെ അഭിഷേചിച്ചു ശുശ്രൂഷയ്ക്കായി നിയോഗിച്ചു. പരമ്പരാഗത വിശ്വാസമനുസരിച്ച് ഈ ഏഴുപള്ളികള്‍, കൊടുങ്ങല്ലൂര്‍, കൊല്ലം, നിരണം, ചായല്‍, കൊക്കമംഗലം, കോട്ട ക്കാവ്, പാലയൂര്‍ എന്നിവയാണ്.


തോമാശ്ലീഹായുടെ പാദസ്പര്‍ശനത്താല്‍ അനുഗൃഹീതമായ വലിയൊരു തീര്‍ഥാടനകേന്ദ്രമാണ്, മലയാറ്റൂര്‍. വലിയ നോമ്പുകാലത്തും, തുടര്‍ന്ന് പുതുഞായറാഴ്ചയും ഈ പുണ്യമലയിലേയ്ക്കു ഭക്തജനപ്രവാഹമാണ്. ചോളനാട്ടില്‍ നിന്നു മലമ്പ്രദേശത്തുകൂടെ കേരളത്തിലേയ്ക്കു തിരിച്ചവേളയില്‍ പ്രാര്‍ഥനയ്ക്കും വിശ്രമത്തിനുമായി മലയാറ്റൂരില്‍ ശ്ലീഹാ തങ്ങുകയായിരുന്നുവെന്നു കരുതപ്പെടുന്നു.


രക്തസാക്ഷിത്വം


തെക്കേ ഇന്ത്യയിലെ സുദീര്‍ഘമായ 20 വര്‍ഷങ്ങളിലെ പ്രേഷിതവേലയുടെ അവസാനം അദ്ദേഹം തമിഴ്നാടു പ്രദേശത്തേയ്ക്കു നീങ്ങി. അദ്ദേഹത്തിന്‍റെ സുവിശേഷപ്രവര്‍ത്തനങ്ങളില്‍ അനേകര്‍ ക്രിസ്തീയവിശ്വാസം സ്വീ കരിക്കുന്നതുകണ്ട മറ്റു മതനേതൃത്വം അദ്ദേഹത്തെ വകവരുത്തുവാന്‍ തക്കം പാര്‍ത്തുകൊണ്ടിരുന്നു. അവി ടെ മൈലാപ്പൂരില്‍, പ്രാര്‍ഥനയിലായിരുന്ന തോമാശ്ലീഹായെ ശത്രുക്കള്‍ കുന്തംകൊണ്ടു കുത്തി. മാരകമായ മുറിവേറ്റ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. ഇത് എ‍ഡി 72-ലെ ജൂലൈ മൂന്നാം തീയതിയായിരുന്നു എന്നാണ് വിശ്വാസം. 1972-ല്‍ തോമാശ്ലീഹായുടെ പത്തൊമ്പതാം ചരമശതാബ്ദി ആചരിച്ച വേളയില്‍, പോള്‍ ആറാമന്‍ പാപ്പാ അദ്ദേഹത്ത ഭാരതാപ്പസ്തോലന്‍ എന്നു പ്രഖ്യാപിച്ചു.


ജീവന്‍റെ വചനം പ്രഘോഷിച്ച അപ്പസ്തോലന്മാരുടെ കൂട്ടായ്മയില്‍, പുത്രനായ യേശുക്രിസ്തുവിനോടുള്ള കൂട്ടായ്മയില്‍ അതുവഴി ത്രിത്വൈകദൈവത്തിന്‍റെ രക്ഷാകരപദ്ധതിയോടു ചേര്‍ന്നുനില്‍ക്കാന്‍ നമുക്കായി തോമാശ്ലീഹായെ തെരഞ്ഞെടുത്ത ദൈവത്തെ നമുക്കു സ്തുതിക്കാം. ഭാരതത്തിനുവേണ്ടി, അതിന്‍റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി അപ്പസ്തോലന്‍റെ മാധ്യസ്ഥം യാചിക്കാം.


.

Recent Posts

See All
വി. അന്ത്രയോസ് ശ്ലീഹ, നവംബർ 30

ക്രിസ്തുവിനെ അനുഗമിച്ച ആദ്യ ശിഷ്യന്മാര്‍ വിശുദ്ധ പത്രോസിന്റെ സഹോദരനായ അന്ത്രയോസും, യോഹന്നാനുമാണ്. ക്രിസ്തുവുമായുള്ള ഇവരുടെ ആദ്യത്തെ...

 
 
 
ജൂലൈ 30വി.അബ്‌ദോനും വി. സെന്നനും

പേര്‍ഷ്യന്‍ പ്രഭുക്കന്‍മാരായിരുന്നു അബ്‌ദോനും സെന്നനും. ക്രൈസ്തവരെ കൊന്നൊടുക്കിയിരുന്ന ഡിയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത്...

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page