വിശുദ്ധ കുർബാനയിലെ ദ്ഹീലത്ത് എന്ന് വിളിക്കപ്പെടുന്ന ഓനീസ
- Dony Thomas
- Jan 13, 2023
- 3 min read
Updated: Apr 24, 2023
ദ്ഹീലത്ത്
യൽദാ (ക്രിസ്തുമസ്), ദനഹാ, ഗെല്യാനാ (രൂപാന്തരീകരണം), ദുഃഖ ശനി, ക്യംതാ (ഈസ്റ്റർ), സൂലാക്കാ (സ്വർഗ്ഗാരോഹണം), പന്തേക്കുസ്താ, സ്ലീവ കണ്ടെത്തിയതിൻ്റെ ഓർമദിവസം എന്നീ മാറാനായ (കർത്താവിന്റെ) തിരുനാളുകളിൽ "ഏക പിതാവ് പരിശുദ്ധനാകുന്നു; ഏകപുത്രൻ പരിശുദ്ധനാകുന്നു; ഏകറൂഹാ പരിശുദ്ധനാകുന്നു" എന്ന പ്രത്യത്തരത്തിനുശേഷം മദ്ബഹായുടെ രണ്ടാമത്തെ വിരി അടയ്ക്കുകയും തുടർന്നു മദ്ബഹായിൽ ഉള്ളവരും ബേമയിൽ ഉള്ളവരും മാറി മാറി 'ദ്ഹീലത്ത്' എന്നു വിളി ക്കപ്പെടുന്ന ഓനീസാ ആലപിക്കുകയും ചെയ്യുന്നു. തിരുനാൾ ദിവസത്തിൽ നമ്മുടെ കർത്താവിന്റെ ഉത്ഥാനവും ഓരോ തിരു നാളിന്റെയും രഹസ്യവും ആചരിക്കുന്നു. കൂദാശയിൽ മിശിഹായുടെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും പുനരവതരണം ആചരിക്കുന്നതിനാൽ ദ്ഹീലത്തിന്റെ ഉദ്ദേശ്യം തിരുനാളിന്റെ സന്ദേശം പ്രകടമാക്കുകയാണ്. കർത്താവിന്റെ ഉത്ഥാനം ആചരിക്കുന്നതിനും കൂദാശ മതിയാകുന്നതു കൊണ്ട് ഞായറാഴ്ചകളിൽ ഈ ഓനീസാ ആലപിക്കപ്പെടുന്നില്ല.
മദ്രാശയുടെ ഘടനയാണ് ഈ ഗീതത്തിനുള്ളത്. ഈ ഓനീസായിലെ വ്യതിയാന വിധേയമല്ലാത്ത ഭാഗം സങ്കീ. 47:2; 68:35; എസ്. 3:12 എന്നിവ കൂട്ടിച്ചേർത്തു രൂപവത്കരിച്ചതാണ്. വ്യതിയാനവിധേയമായ ഭാഗം ആ ദിവസത്തെ തിരുനാളിനു ബഹുമാനം അർപ്പിക്കുവാനുള്ളതാണ്. ഉദാഹരണമായി യൽദാ (ക്രിസ്തുമസ്സ്) ദിവസത്തെ ഗീതം എടുക്കാം:
കാനോന: 'ഉന്നതനായ ദൈവമേ, അങ്ങയുടെ വിശുദ്ധ സ്ഥലത്തുനിന്ന് അങ്ങ് എന്നേയ്ക്കും ഭയാനകനാകുന്നു. കർത്താവിന്റെ മഹത്ത്വം അവിടുത്തെ വിശുദ്ധ സ്ഥലത്തുനിന്നു എന്നേക്കും വാഴ്ത്തപ്പെടട്ടെ' (എസ. 3:12).
മറുപടി: (ബാത്തേ) കർത്താവ് എന്നോട് അരുൾ ചെയ്തു: നീ എന്റെ പുത്രനാകുന്നു. ഇന്നു ഞാൻ നിന്നെ ജനിപ്പിച്ച് (സങ്കീർത്തനം 2:7)
ഹല്ലേലൂയ,ഹല്ലേലൂയ, ഹല്ലേലൂയ..
ജനം: ഉന്നതനായ ദൈവമേ..
മറുപടി: ദന്തകൊട്ടാരങ്ങളിലിരുന്നു രാജകുമാരിമാർ മഹിമയോടെ അങ്ങയെ പാടിപ്പുകഴ്ത്തും (സങ്കീ. 45 8). ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
ജനം: ഉന്നതനായ രാജാവേ.........
അക്‌വുപ്ത: എരിയുന്ന തീക്കനൽ കൊടിൽകൊണ്ട് മാലാക സംവഹിക്കുന്നതായി നിവ്യാ ദർശിച്ചു. എന്നാൽ ഇതാ വിശുദ്ധ മദ്ബഹയിൽ കാഹ്നാമാർ ഈ തീക്കനൽ തങ്ങളുടെ കരങ്ങളിൽ സംവഹിക്കുന്നു.
ജനം: ഉന്നതനായ രാജാവേ...
ജനങ്ങളേ, ഒപ്പം വരുവിൻ. ആത്മശരീരവിശുദ്ധിയോടെ നമുക്ക് സമീപിക്കാം. നിഗൂഢമായിരുന്ന ഈ റാസാ നമുക്കിതാ പാപമോചനത്തിനായി നൽകപ്പെട്ടിരിക്കുന്നു.
ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ..
ജനം: ഉന്നതനായ രാജാവേ...
അതു പാടുന്നവിധം ഇപ്രകാരമാണ്. മദ്ബഹായിലുള്ളവർ ആദ്യം താഴ്ന്ന സ്വരത്തിലും തുടർന്ന് ഉയർന്ന സ്വരത്തിലും കാനോനാ പാടുന്നു. അതിനുപകരം ദനഹായ്ക്ക് ഹാലേലുയ്യാ രണ്ടു പ്രാവശ്യം പാടുന്നു. ഹൈക്കലായിലെ ഗായകസംഘം ഈ കാനോന ആവർത്തിക്കുന്നു . അതിനുശേഷം ഒന്നാമത്തെ ബാത്തേ മദ്ബഹായിലുള്ളവർ പാടുന്നു. ക്യംതായ്ക്കും സ്ലീവായുടെ തിരുനാളിലും ഒഴിച്ചുള്ള അവസരങ്ങളിൽ അത് സങ്കീർത്തന ഭാഗമായിരിക്കും. തുടർന്ന് ആദ്യം മദ്ബഹയിൽ ഉള്ളവരും തുടർന്ന് ഗായക സംഘവും കാനോനാ പാടുന്നു. അക്വപ്തായും ഊനായയും രചിച്ച ഗാനങ്ങളായിരിക്കും. അതിനുശേഷം കാനോനാ ആവർത്തിക്കുന്നു.
മ്ശിഹായിൽ സാധിച്ച രക്ഷാകരപദ്ധതിയെക്കുറിച്ച് സ്വർഗീയഗണങ്ങൾ സ്തുതിയും ബഹുമാനവും അർപ്പിക്കുന്നതാണ് ഈ കാനോന എന്ന് വ്യാഖ്യാതാക്കൾ വിശ്വസിക്കുന്നു. മാർ ഗബ്രിയേൽ ഖത്രയാ പറയുന്നു: "നാം ചൊല്ലുന്ന
'നീ ഭീതിപ്രനാകുന്നു' എന്ന പ്രാർത്ഥനയും അതിന്റെ മറുപടിയും മ്ശിഹ നിർവഹിച്ച രക്ഷാപദ്ധതിയെക്കുറിച്ചു സ്വർഗീയഗണങ്ങൾ ദൈവത്തിനു സമർപ്പിക്കുന്ന സ്തോത്രഗീതങ്ങളെയും അവർണ്ണനീയമായ മഹത്ത്വപ്രകീർത്തനങ്ങളെയും സൂചിപ്പിക്കുന്നു."
മാർ അവ്ദിശോയുടെ വീക്ഷണം ഇപ്രകാരമാണ്: "ഉത്ഥനത്തോടു ബന്ധപ്പെടുത്തുന്ന 'നീ ഭയാനകനാകുന്നു എന്നതു അതിന്റെ മറ്റു പാദങ്ങളും ഉൾക്കൊള്ളുന്ന ഗാനം ഉതാനാവസരത്തിൽ നമ്മുടെ കർത്താവിന്റെ ചുറ്റും നിന്ന് മാലാകാമാർ ആലപിച്ച അവാച്യമായ സതുതിപ്പുകളുടെ പ്രതീക്ഷയാണ്."
അർബേലിലെ മാർ ഗീവർഗീസിൽ നിന്നാണ് വിശദമായ വ്യാഖ്യാനം നമുക്കു ലഭിക്കുന്നത്: "ദിവ്യരഹസ്യങ്ങൾ മിശിഹായുടെ സ്ഥാനം അലങ്കരിക്കുന്നു; പുരോഹിതന്മാരും ഡീക്കന്മാരും ശിഷ്യന്മാരെ പ്രതിനിധീകരിക്കുന്നു. മാലാകാമാരും മറ്റുള്ളവരും അവിടുത്തെ സ്തുതിക്കുന്ന ദാസനെപ്പോലെ കർത്താവിനു മുമ്പിൽ നിൽക്കുന്നു. ആട്ടിടയന്മാർക്കു പ്രത്യക്ഷപ്പെട്ട മഹത്ത്വം ആലപിച്ച മാലാകാമാരെപ്പോലെയും നക്ഷത്രം കണ്ടപ്പോൾ സന്തോഷം കൊണ്ട് നിറഞ്ഞ ജ്ഞാനികളെപ്പോലെയും ദൈവത്തെ സ്തുതിച്ചുകൊണ്ടും മഹത്ത്വപ്പെടുത്തിക്കൊണ്ടും തിരിച്ചുപോയ ഇടയന്മാരെപ്പോലെയും എല്ലാവരും ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു. അവർ ഒന്നുചേർന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്നു എന്നു തുടങ്ങുന്ന കാനോനവഴി ദാനിയേലും ഏശയ്യായം കണ്ട മഹത്ത്വം ആചരിക്കപ്പെടുന്നതിനാൽ അവർ ഇപ്പോൾ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു."
ഊനായാ ആദ്യം താഴ്ന്ന സ്വരത്തിലും തുടർന്നു ഉയർന്ന സ്വരത്തിലും ആലപിക്കുന്നതു ദൈവിക രക്ഷാപദ്ധതി മാലാകാമാരും ഏതാനും വ്യക്തികളും ഒഴിച്ച് മറ്റെല്ലാവരിൽ
നിന്നും മറയ്ക്കപ്പെട്ടിരുന്നുവെന്നും ഇപ്പോൾ എല്ലാവർക്കും വെളിപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്നും അർത്ഥമാക്കുന്നു. പ്രത്യുത്തരം പാടിക്കൊണ്ട് ഹൈക്കലായിൽ നിൽക്കുന്ന ജനം മാനസാന്തരപ്പെട്ടു മ്ശിഹായിലുള്ള വിശ്വാസം സ്വീകരിച്ചവരെ പ്രതിനിധാനം ചെയ്യുന്നു. പാടിക്കൊണ്ട് മദ്ബഹായിൽ നില്ക്കുന്നവർ തങ്ങൾ നിവ്യന്മാരുടെ സാക്ഷ്യങ്ങൾ കൂടുതൽ മെച്ചമായിട്ടു മനസ്സിലാക്കുന്നുവെന്നും തിരുനാളിൽ പൂർത്തിയാക്കപ്പെട്ട പ്രവചനങ്ങൾ അവതരിപ്പിക്കുന്നുവെന്നും അർത്ഥമാക്കുന്നു. ഓരോ പദത്തിനും ശേഷം 'നീ ഭയയാനകനാകുന്നു' എന്ന മറുപടിയുടെ ഉപയോഗം നമ്മുടെ കർത്താവിന്റെ രക്ഷാപദ്ധതിയുമായി പ്രവചനത്തെ ബന്ധിപ്പിക്കുന്നതിനു ഉപകരിക്കുകയും, പഴയനിയമത്തിലെ നിബന്ധനകളിൽനിന്നു മാമ്മോദീസാ സ്വീകരിച്ചവർ മോചിതരാണെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. കൂട്ടിച്ചേർക്കപ്പെട്ട പാദങ്ങൾക്കും അതേ മറുപടി ഉപയോഗിക്കുന്നത് സുവിശേഷം വഴി മറ്റു ജനതകളുമായി ഇസ്രായേലിന്റെ ഐക്യം സൂചിപ്പിക്കുന്നു.
അങ്ങനെ ഈ കാനോന പഴയനിയമ പ്രവചനങ്ങളുടെയും പ്രതീക്ഷകളുടെയും പൂർത്തീകരണമായിട്ട് പുതിയ നിയമ രക്ഷാരഹസ്യത്തെ അവതരിപ്പിക്കുന്നു.
മാർ യോഹന്നാൻ ബർസോബി പറയുന്നു: “കത്താവേ നീ ഭയാനകനാകുന്നു എന്ന വാക്യവും അതിന്റെ പ്രത്യത്തരവും സ്വർഗ്ഗീയസൈന്യത്തിന്റെ സ്തുതിഗീതങ്ങൾ സൂചിപ്പിക്കുന്നു. നമ്മുടെ കർത്താവ് പീഡകൾ സഹിക്കുകയും മരിക്കുകയും മഹത്ത്വത്തോടുകൂടി വീണ്ടും ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത നിമിഷം മുതൽ മാലാകാമാർ സന്തോഷിക്കുകയും വലിയ പ്രത്യാശ ജനിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് അത്ഭുതാവഹമായ ഈ രക്ഷാപദ്ധതിയെക്കുറിച്ചാണ് അതു യാഥാർത്ഥ്യമാക്കിയവന് സ്തുതിയും പുകഴ്ചയും അവർ ചൊരിയുന്നത്. നാം സ്വീകരിക്കുവാൻ പോകുന്ന ദിവ്യരഹസ്യങ്ങളുടെ ഔന്നത്യവും റാസാത്മകതയും പ്രഘോഷിച്ചുകൊണ്ട് ഈ ഗീതം ആലപിക്കുന്നു.
ദ്ഹീലത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ല. മദ്ബഹായിലുള്ളവർ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ ആലപിക്കപ്പെടുന്നതാണെന്നു കരുതുവാൻ വിഷമമുണ്ട്. കാരണം, അങ്ങനെ ആയിരുന്നുവെങ്കിൽ മദ്ബഹായ്ക്കു പുറത്തുള്ളവർ അതു പാടേണ്ടതായിരുന്നു. എന്നാൽ അധികഭാഗവും മദ്ബഹായിലുള്ളവരാണ് പാടുന്നത്.
രണ്ടാമതായി, പന്തേക്കുസ്താദിവസത്തെ മുട്ടുകുത്തൽ ശുശ്രൂഷ ഈ ഗാനത്തിനു തൊട്ടുശേഷം നടത്തപ്പെടുന്നു. ദ്ഹീലത്തിന്റെ സമയത്ത് മദ്ബഹായിലുള്ളവർ വി. കുർബാന സ്വീകരിച്ചാൽ, അത്മായരുടെ വി. കുർബാന സ്വീകരണവുമായി അതിനു വലിയ വിടവുണ്ടാകും. അതിനു സാധ്യത കുറവാണ്. എന്നാൽ ദിവ്യകാരുണ്യ സ്വീകരണവും ഈ ഗീതവുമായി ബന്ധമുണ്ടെന്നും, അതിലെ പദ പ്രയോഗങ്ങൾ സാക്ഷിക്കുന്നു. മദ്ബഹായിൽനിന്നുള്ള ദൈവം, തന്റെ സ്ഥലത്തുനിന്നുള്ള കർത്താവ് എന്നിവ മദ്ബഹായിൽ പുരോഹിതൻ ദിവ്യകാരുണ്യം നൽകുന്നതിനായി ഇറങ്ങിവരുന്നതിനെ സൂചിപ്പിക്കുന്നു. അതുകൊണ്ട് വലിയ തിരുനാളകളിൽ ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള ആഘോഷ പൂർവകമായ ഒരുക്കമാണ് ഈ ഗീതം ലക്ഷ്യം വയ്ക്കുന്നതെന്ന് അനുമാനിക്കാം.
Reference :
സിറോ മലബാർ കുർബാന ഒരു പഠനം; ഭാഗം 2; മണ്ണൂരാംപറമ്പിൽ തോമാകത്തനാർ
Comments