വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ തിരുനാൾ
- Feb 21, 2023
- 1 min read
യോനായുടെ പുത്രനായ ശിമയോനെ ഈശോമിശിഹാ തന്റെ സഭയുടെ നായകനായി തിരഞ്ഞെടുത്തതിനെയാണ് ഈ തിരുനാൾ അനുസ്മരിക്കുന്നത്.

ആരംഭ കാലത്ത് ഈ തിരുനാൾ വിശുദ്ധ പത്രോസ് ശ്ലീഹാ റൂമിൽ ആദ്യമായി സുവിശേഷം പ്രസംഗിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ജനുവരി പതിനെട്ടാം തീയതിയാണ് ആഘോഷിച്ചിരുന്നത്. എന്നാൽ പിന്നീട് ഫെബ്രുവരി 22ആം തീയതി ഈ തിരുനാൾ ആഘോഷിക്കാൻ തുടങ്ങി.
പെന്തക്കോസ്താ ദിനത്തിൽ പത്രോസാണ് ഉയർത്തെഴുന്നേറ്റ ഈശോയെ ആദ്യമായി പ്രഘോഷിക്കുന്നത്. കേസറിയ ഫിലിപ്പിയിൽ വച്ച് നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ മിശിഹായാണെന്ന് സാക്ഷ്യപ്പെടുത്തിയതും പത്രോസ് ആയിരുന്നു. ജെറുസലേം സുനഹദോസിലും അനനിയാസ് - സ ഫീറ എന്നിവരുടെ പ്രശ്നപരിഹാരത്തിലും സംസാരിക്കുന്നത് പത്രോസ് ആയിരുന്നു. പത്രോസിന്റെ വിശ്വാസമാകുന്ന പാറയിലാണ് ഈശോമിശിഹാ തന്റെ തിരുസഭാ സ്ഥാപിച്ചത്. പത്രോസ് ശ്ലീഹാ തന്റെ സുവിശേഷപ്രഘോഷണം ആരംഭിക്കുന്നത് ജെറുസലേമിലെ തങ്ങൾ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിലാണ്. ഈശോയിൽ വിശ്വസിക്കുന്നവർക്ക് ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെട്ട അന്ത്യോഖ്യയിലും വിശുദ്ധ പത്രോസ് ശ്ലീഹ സുവിശേഷം പ്രസംഗിച്ചു. അവസാനമായി റോമായിലെത്തി. അങ്ങനെ റോമാ വിശുദ്ധ പത്രോസിന്റെ സിംഹാസനമായി. വി. പത്രോസിന്റെ രക്തസാക്ഷിത്വത്തിനുശേഷം റോമാ അദ്ദേഹത്തിന്റെ പിൻഗാമികളുടെ സിംഹാസനമായി. പത്രോസിന്റെ സിംഹാസനം വി. പത്രോസിന്റെ പിൻഗാമികളുടെ ലോകം മുഴുവനും ഉള്ള ദൗത്യത്തെ സൂചിപ്പിക്കുന്നു. വിശുദ്ധ ജെറോം പത്രോസിന്റെ സിംഹാസനത്തെ സത്യത്തിന്റെയും സമാധാനത്തിന്റെയും തുറമുഖമായി വിശേഷിപ്പിക്കുന്നു. വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലുള്ള പത്രോസിന്റെ സിംഹാസനം ബർണീനി എന്ന പ്രസിദ്ധനായ കലാകാരന്റെ നിർമ്മിതിയാണ്.



Comments