മാർ മാറി ശ്ലീഹായുടെ തിരുനാൾ, കൈത്താ കാലം രണ്ടാം വെള്ളിയാഴ്ച
- sleehamedia
- Aug 7
- 2 min read
കൈത്താക്കാലം രണ്ടാം വെള്ളി
മാർ മാറി ശ്ലീഹായുടെ ദുക്റാന.
മദ്ധ്യപൂർവ ദേശങ്ങളിലുള്ള പൗരസ്ത്യസുറിയാനി നസ്രാണികൾക്കും ഹെന്ദോയിലെ മാർതോമ്മാ നസ്രാണികൾക്കും മാർ അദ്ദായി, മാർ മാറി എന്നീ ശ്ലീഹന്മാരുടെ പേരുകൾ പരിചിതമാണ്. ഈ വിശുദ്ധരുടെ പേരിൽ അറിയപ്പെടുന്ന കുർബാനക്രമം ഇരുസഭയിലും ഉപയോഗിക്കുന്നതാണല്ലോ. ലോകത്തിലെ ഏറ്റവും പ്രാചീനമായ കുർബാന ക്രമം ഇതാണല്ലോ. എന്നാൽ ഈ വിശുദ്ധ ശ്ലീഹന്മാരെപ്പറ്റി എന്തെങ്കിലും കൂടുതൽ പരിജ്ഞാനം ഉണ്ടോ എന്നു സംശയിക്കുന്നു. മ്ശീഹാ തന്റെ സുവിശേഷ പ്രഘോഷണത്തിന് വഴിയൊരുക്കുവാനായി അയച്ച 70 ശിഷ്യന്മാരിൽ ഇവരും ഉൾപ്പെട്ടിരുന്നു എന്നൊരു പാരമ്പര്യം ഉണ്ട് (ലൂക്കാ 10,1). പിന്നീട് മാർ തോമ്മാശ്ലീഹായുടെ ശിഷ്യനായി പ്രവർത്തിച്ചിരുന്ന മാർ അദ്ദായിയെ തോമ്മാശ്ലീഹാ ഉറ്ഹാ (എദേസാ)യിലേക്ക് സുവിശേഷ പ്രചാരണത്തിനായി അയച്ചു. അദ്ദായി തന്റെ ശിഷ്യനായിരുന്ന മാർ മാറിയെ നിസിബിസിലേക്കും സമീപപ്രദേശങ്ങളിലേക്കും സുവിശേഷപ്രഘോഷണത്തിന് നിയോഗിച്ചു. പേർഷ്യാ സാമ്രാജ്യത്തിന്റെ ഒരു ഭാഗമായി തീർന്ന ഫാഴ്സ് എന്ന പ്രോവിൻസിൽ തോമ്മാശ്ലീഹാ നേരിട്ടു സുവിശേഷം പ്രസംഗിച്ചു എന്ന് ആ സഭക്കാർ അവകാശപ്പെടുന്നു. മാറിയുടെ നടപടികൾ ഒരു അപ്പോക്രിഫൽ ഗ്രന്ഥമാണ്. ഒരു ചരിത്രഗ്രന്ഥമല്ലെങ്കിലും ഇതിൽ വിവരിക്കുന്ന പല കാര്യങ്ങളും ചരിത്ര വസ്തുതകളാണ്. നിസിബിസ് പട്ടണത്തിൽനിന്ന് അദ്ദേഹം തീക്ഷ്ണതയോടെ തെക്കോട്ടുള്ള പ്രേഷിതയാത്ര ആരംഭിച്ചു. അനവധി പട്ടണങ്ങളിലും ഗ്രാമങ്ങളിലും അനവധി പേരെ മാനസാന്തരപ്പെടുത്തി. ഒരു പ്രദേശത്ത് ഒരു നസ്രാണി സമൂഹത്തിന് രൂപം നല്കിക്കഴിയുമ്പോൾ അവിടെ ഒരു പള്ളിയും വിദ്യാപീഠവും സ്ഥാപിക്കുകയും അർഹരായവരെ പട്ടംകൊടുത്ത് അവിടെയുള്ള പ്രവർത്തനങ്ങൾ തുടരുന്നതിന് നിയോഗിക്കുകയും ചെയ്യും. ദയ്റാകളും സ്ഥാപിച്ചിരുന്നു. ഒരു പ്രദേശത്ത് സഭ കെട്ടിപ്പടുത്തശേഷം പുതിയൊരു മേച്ചിൽ സ്ഥലത്തേക്കു പുറപ്പെടും. ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി. ഈ ഗ്രന്ഥം 5-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാൽ അതിനു വളരെ മുമ്പേ മാറിയെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ള സംഭവങ്ങളും വിവരങ്ങളും സ്രോതസുകളാണെന്നു ഗ്രന്ഥകാരൻ പ്രസ്താവിക്കുന്നു. അതായത് ലിഖിതങ്ങളായ കാര്യങ്ങളും പാരമ്പര്യമായി ശ്രവിച്ചിട്ടുള്ളവയും മാർ മാറിയുടെ നടപടികൾ എന്ന ഗ്രന്ഥത്തിന് ഒരു ചരിത്രഭാവം നല്കുന്നു.
മാർ മാറി ട്രൈഗ്രിസ് നദിതീരത്തുള്ള പല പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിനടന്ന് ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് ആനയിച്ചു. ഒരേ മാർഗ്ഗമാണ് പലപ്പോഴും സ്വീകരിച്ചിരുന്നത്. രോഗപീഡിതരും പിശാചുബാധിതരുമാണ് അതിന് അവസരം നല്കിയത്. ആലാഹാപുത്രനായ മ്ശീഹായിൽ വിശ്വസിച്ചാൽ സുഖപ്പെടുത്താം എന്നു പറയും. ആരാണു മ്ശീഹാ എന്നു വിശദീകരിക്കുവാൻ അത് അവസരമാകും. ധാരാളം അത്ഭുത രോഗശാന്തി മാർ മാറിയുടെ നടപടികളിൽ വിവരിക്കുന്നുണ്ട്.
മാർ അദ്ദായി പ്രവൃത്തിച്ചതിനു സമാനമായ രോഗശാന്തികൾ മാർ മാറിയുടെ നടപടികളിലും കാണുന്നുണ്ട്.
ചില അത്ഭുതപ്രവർത്തികൾ സുവിശേഷത്തിലെ സംഭവങ്ങൾ പകർത്തിയതുപോലെ തോന്നും. ഒരേ സാഹചര്യവും മ്ശീഹാ ഉപയോഗിച്ച അതേ പദങ്ങളും കാണാം. ഇത് അപ്രമാണിക ഗ്രന്ഥം എന്ന നിലയിൽ ഗ്രന്ഥകർത്താവ് സ്വീകരിച്ച സ്വാതന്ത്യമായിരിക്കാം. ഏതെല്ലാം വസ്തുനിഷ്ഠം, ഏതെല്ലാം ഭാവനാകല്പം എന്നു പറയുക സാധ്യമല്ല. ഏതായാലും ഗ്രന്ഥത്തിൽ പറയുന്ന പട്ടണങ്ങളും ഗ്രാമങ്ങളും ഭൂമിശാസ്ത്രപരമായി ശരിയായിട്ടുള്ളവയാണ്. ആദ്യ നൂറ്റാണ്ടുകളിലെ സഭയെപ്പറ്റി ഒരു വിവരണം ഇതിൽ നിന്നു ലഭിക്കുന്നുണ്ട്.
Recent Posts
See Allസങ്കീർത്തനങ്ങൾ ഈശോയുടെ പാട്ടുപുസ്തകമായിരുന്നു. യൂദപാരമ്പര്യമനുസരിച്ചു പെന്തക്കുസ്താ, പെസഹാ, കൂടാരതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍...
നോമ്പ്: അര്‍ത്ഥവും ആചരണവും ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ ആമുഖം നോമ്പ് അഥവാ നോയമ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഏതൊക്കെ നോമ്പുകള്‍...
Comments