മാർ അപ്രേം മൽപാൻ
- sleehamedia
- Jun 9
- 3 min read
*മാര്‍ അപ്രേം മല്പാന്‍ (306 373*AD)

ഏകദേശം ഒരു നൂറ്റാണ്ടു മുന്‍പ് 1920 ഒക്ടോബര്‍ 5-ാം തീയതി څപ്രിന്‍ചിപ്പി അപ്പസ്തൊലോരും പേത്രോچ എന്ന ചാക്രികലേഖനം വഴി മാര്‍ ബനദിക്തോസ് 15-ാമന്‍ മാര്‍പ്പാപ്പ മാര്‍ അപ്രേമിനെ സാര്‍വ്വത്രികസഭയുടെ വേദപാരംഗതന്‍l ആയി പ്രഖ്യാപിച്ചു. എന്നാല്‍ ഇങ്ങനെയൊരു പരസ്യപ്രഖാപനത്തിന് എത്രയോ മുന്‍പ്തന്നെ കിഴക്കും പടിഞ്ഞാറുമുള്ള സഭാമക്കളുടെ ഹൃദയങ്ങളില്‍ മാര്‍ അപ്രേം മല്പാനായി അവരോധിക്കപ്പെട്ടിരുന്നു. പൗരോഹിത്യമോ മെത്രാന്‍ പദവിയോ സ്വീകരിക്കുവാന്‍ താന്‍ തികച്ചും അയോഗ്യനാണെന്ന് വിശ്വസിച്ച് ജീവിതകാലം മുഴുവന്‍ സഭയുടെ പരിശുദ്ധ മദ്ബഹായുടെ മുന്‍പില്‍ ഒരു മ്ശംശാനയായി വിനീത ശുശ്രൂഷ ചെയ്ത ഈ ശ്രേഷ്ഠ മല്പാന് സഭ മുഴുവന്‍ ഒന്നു ചേര്‍ന്നര്‍പ്പിച്ച ആദരവിന്‍റെ പരസ്യ പ്രഖ്യാപനം മാത്രമായിരുന്നു മാര്‍പാപ്പായുടെ ഈ വിളംബരം. മാര്‍ അപ്രേം സുറിയാനിക്കാരായ മാര്‍ തോമാ നസ്രാണികള്‍ക്ക് അപരിചിതനല്ല. ദിവസത്തില്‍ പലപ്രാവശ്യം യാമപ്രാര്‍ത്ഥനകള്‍ക്കായി ഒന്നിച്ചു കൂടുന്ന തങ്ങളെ അവയിലെ പ്രാര്‍ത്ഥനകളിലൂടെയും ഗീതങ്ങളിലൂടെയും സഭയുടെ യഥാര്‍ത്ഥവിശ്വാസത്തിന്‍റെ ബാലപാഠങ്ങള്‍ മുതല്‍ ഉന്നത ദൈവശാസ്ത്രം വരെ അഭ്യസിപ്പിക്കുന്ന ഈ മല്പാന്‍റെ സ്വരം അവര്‍ക്കെങ്ങനെ അപരിചിതമാകും? സുറിയാനി പാരമ്പര്യത്തില്‍പ്പെട്ട വിവിധ സഭകളില്‍ മാത്രമല്ല, ഗ്രീക്ക്, കോപ്റ്റിക്ക്, എത്യോപ്യന്‍, അര്‍മേനിയന്‍, സ്ലാവ് സഭകളിലെല്ലാം അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഈ മല്പാന്‍ സുറിയാനിക്കാരുടെ അഭിമാനവും സാര്‍വ്വത്രികസഭയിലെ ഒരു വിസ്മയവുമാണ്.
ഏകദേശം അഉ 306 നോടടുത്ത് തുര്‍ക്കിയിലെ നിസിബിസില്‍ ക്രൈസ്തവ മാതാപിതാക്കളില്‍ നിന്ന് ജനിച്ച അപ്രേമിന്‍റെ 63 വര്‍ഷങ്ങള്‍ മാത്രം നീണ്ട ആയുഷ്ക്കാലം തികച്ചും സംഭവബഹുലമായിരുന്നു. രക്തസാക്ഷികളായി എന്ന് കരുതപ്പെടുന്ന ധീരരായ മാതാപിതാക്കളില്‍ നിന്ന് അപ്രേം സ്വീകരിച്ച വിശ്വാസവിത്ത് അദ്ദേഹത്തില്‍ നൂറുമടങ്ങ് ഫലം പുറപ്പെടുവിച്ചുവെങ്കില്‍ അതിനു പിന്നില്‍ അവര്‍ക്കൊപ്പം അദ്ദേഹത്തിന്‍റെ ഗുരുവായ വിശ്രുതനായ നിസിബിസിലെ മാര്‍ യാക്കോബ് മെത്രാനും പങ്കുണ്ട്. അപ്രേമിന് മാമ്മോദീസായും മ്ശംശാനാപട്ടവും നല്‍കിയത് ഈ മെത്രാനാണ്. തന്‍റെ ഈ മേല്പട്ടക്കാരനെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ വിവരണങ്ങള്‍ അദ്ദേഹത്തിന്‍റെ ഗീതങ്ങളില്‍ കാണാം. പിന്നീട് ഉടമ്പടിയുടെ പുത്രന്മാര്‍ (ബ്നൈ ക്യാമ) എന്നറിയപ്പെട്ടിരുന്ന താപസസമൂഹത്തിലെ അംഗമായിതീര്‍ന്ന അപ്രേമിനെ മാര്‍ യാക്കോബ് നിസിബിസിലെ വിശ്രുതമായ ദൈവശാസ്ത്രകലാലയത്തില്‍ വി. ഗ്രന്ഥ വ്യാഖ്യാതാവായി നിയമിച്ചു. മാര്‍ അപ്രേമിന്‍റെ കീഴില്‍ ഈ പാഠശാല വിശ്വപ്രസിദ്ധമായി വളര്‍ന്നതിന് ചരിത്രം സാക്ഷി.
തന്‍റെ ജീവിതക്കാലത്ത് മാര്‍ അപ്രേം അനേകം യുദ്ധങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന ഷാപ്പൂര്‍ രണ്ടാമന്‍ 338, 346, 350 വര്‍ഷങ്ങളില്‍ അപ്രേമിന്‍റെ മാതൃനഗരമായ നിസിബിസ് കീഴടക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നുതവണയും നിസിബിസ് ഈ ആക്രമണത്തെ ചെറുത്തു നിന്നു. ഈ അവസരങ്ങളിലൊക്കെ യുദ്ധക്കെടുതികളില്‍ ദുരിതമനുഭവിച്ചിരുന്ന ജനങ്ങളെ സഹായിക്കാനും രാജ്യത്തെ ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കാനുമൊക്കെ മാര്‍ അപ്രേം അത്യധ്വാനം ചെയ്തു. എന്നാല്‍ അഉ 363 -ല്‍ പേര്‍ഷ്യ നിസിബിസിനെ കീഴടക്കി. മാര്‍ അപ്രേം ഉള്‍പ്പെടെ എല്ലാ ക്രിസ്ത്യാനികളും നിസിബിസ് വിട്ട് എദ്ദേസായിലേയ്ക്ക് കുടിയേറി. ശിഷ്ടകാലം മാര്‍ അപ്രേം എദ്ദേസായിലായിരുന്നു ജീവിച്ചത്. അദ്ദേഹത്തിന്‍റെ കൃതികളില്‍ പലതും ഇവിടെവച്ചാണ് എഴുതപ്പെട്ടത്. "നിസിബിയന്‍ ഗീതങ്ങള്‍" എന്ന കാവ്യസമുച്ചയം യഥാര്‍ത്ഥത്തില്‍ തന്‍റെ മാതൃനഗരത്തെക്കുറിച്ചുള്ള മാര്‍ അപ്രേമിന്‍റെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളുടെ ആവിഷ്ക്കാരമാണ്. മാര്‍ അപ്രേമിന്‍റെ വരവോടെ എദ്ദേസായിലെ ദൈവശാസ്ത്രകലാലയം പ്രശസ്തമായി. അനേകവര്‍ഷങ്ങള്‍ അദ്ദേഹത്തിന്‍റെ കൃതികളായിരുന്നു ഈ കലാലയത്തിലെ ഔദ്യോഗിക പാഠപുസ്തകങ്ങള്‍.
മാര്‍ അപ്രേം ഒരു ജീവിക്കുന്ന ഇതിഹാസമായിരുന്നു. അദ്ദേഹത്തിന്‍റെ അപരനാമങ്ങളുടെ ദീര്‍ഘ പട്ടികയിലെ ഓരോ നാമവും ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹത്തിന്‍റെ വ്യക്തിത്വസവിശേഷതകളുടെ വര്‍ണ്ണനകളായിരുന്നു. കവികള്‍ക്കിടയിലെ ദൈവശാസ്ത്രജ്ഞനും ദൈവശാസ്ത്രജ്ഞര്‍ക്കിടയിലെ കവിയുമായ മാര്‍ അപ്രേമിനെ അന്ത്യോക്യന്‍ ദൈവശാസ്ത്രകലാലയത്തിലെ മല്പാനായിരുന്ന സൈറസിലെ തിയഡൊറെറ്റ് "റൂഹാദ്ക്കുദ്ശായുടെ കിന്നരം" എന്ന് വിളിച്ചത് എത്രയോ അര്‍ത്ഥവത്താണ്. ആ കിന്നരത്തില്‍ നിന്നൊഴുകിയ കാവ്യങ്ങള്‍ വിവിധ സഭകളുടെ ആരാധനാഗീതങ്ങളിലും പ്രാര്‍ത്ഥനകളിലും ലയിച്ച് ഇന്നും അനേകരുടെ ഹൃദയങ്ങളെ ദൈവത്തിലേയ്ക്ക് ഉയര്‍ത്തുന്നു. 'സിറിയായിലെ സിംഹം' 'സഭയുടെ നെടുംതൂണ്‍', 'രണ്ടാമത്തെ മൂശ', 'മഹാന്‍', 'സഭയുടെ യൂഫ്രട്ടിസ് നദി', 'കര്‍ത്താവിന്‍റെ കയ്യിലെ വിശുമുറം', 'സുറിയാനിക്കാരുടെ സൂര്യന്‍', പ്രാവുകള്‍ക്കിടയിലെ കഴുകന്‍' എന്നിങ്ങനെ നീണ്ടുപോകുന്നു അദ്ദേഹത്തിന്‍റെ അപരനാമ പരമ്പര.
മാര്‍ അപ്രേമിന്‍റെ കൃതികളുടെ ബാഹുല്യവും വൈവിധ്യവും ആരിലും വിസ്മയം ജനിപ്പിക്കും ഗദ്യവും പദ്യവും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങുമായിരുന്നു. പതിരായിരക്കണക്കിന് കാവ്യങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ടെന്ന് കരുതുന്നു. 'തുര്‍ഗാമേ' (തനിഗദ്യം), മേമ്രേ (ഗദ്യ-പദ്യ മിശ്രിതം), മദ്രാശേ (പദ്യം) എന്നീ മൂന്നു ഗണങ്ങളിലായി രചിക്കപ്പെട്ടിരിക്കുന്ന അദ്ദേഹത്തിന്‍റെ കൃതികള്‍ കരകാണാകടലുപോലെ പരന്നു കിടക്കുന്നു. അദ്ദേഹത്തിന്‍റേതെന്ന് നിസംശയം തെളിഞ്ഞിട്ടുള്ള കൃതികള്‍ കൂടാതെ ഒട്ടേറെ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തില്‍ ആരോപിക്കപ്പെടുന്നുണ്ട്.
മാര്‍ അപ്രേമിന്‍റെ ദൈവശാസ്ത്രം മൗതികതയുടെ ഉച്ചസ്ഥായിലാണ് നില്‍ക്കുന്നത്. വി. ഗ്രന്ഥവും സ്രഷ്ടപ്രപഞ്ചവും ദൈവത്തിന്‍റെ രണ്ട് സാക്ഷികളാണ്. ദൈവം മീട്ടുന്ന കിന്നരങ്ങളാണവ. പ്രകൃതി ദൈവത്തിന്‍റെ കൂദാശയാണ്. ദൈവം പ്രകൃതിയിലൂടെ പ്രതീകങ്ങള്‍ വഴി സംസാരിക്കുന്നു. മാര്‍ അപ്രേമിന്‍റെ ഭാസുരനയനങ്ങള്‍ക്ക് പ്രപഞ്ചത്തില്‍ എവിടെ നോക്കിയാലും ദൈവമഹത്വം ദര്‍ശിക്കാനായി. പ്രകൃതി മുഴുവന്‍, മണ്ണും വിണ്ണും, പുഷ്പങ്ങളും പക്ഷിമൃഗാദികളും മനുഷ്യനുമെല്ലാം ദൈവത്തിന്‍റെ അദൃശ്യശക്തി (ഹയ്ലാ കസിയാ)യുടെ ദൃശ്യ അടയാളങ്ങളാണ്. ശിശുസഹജമായ നിഷ്കളങ്കത സ്വന്തമാക്കിയ അദ്ദേഹത്തിന്‍റെ നിര്‍മ്മല ഹൃദയത്തിനും അത്ഭുതം നിറഞ്ഞ കണ്ണുകള്‍ക്കും ഈ പ്രപഞ്ചത്തില്‍ നിഗൂഢമായിരിക്കുന്ന ദൈവമഹത്വം കാണാനായപ്പോള്‍ ആ വിസ്മയത്തില്‍ അദ്ദേഹം പാടി: "എവിടേയ്ക്ക് കണ്ണു തിരിച്ചാലും അവിടെയെല്ലാം ദൈവത്തിന്‍റെ അടയാളം. എന്തൊക്കെ വായിച്ചാലും അവിടെയെല്ലാം അവന്‍റെ പ്രതീകങ്ങള്‍" (കന്യാത്വഗീതങ്ങള്‍ 20:12). വിശ്വാസത്തിന്‍റെ നയനങ്ങള്‍ സ്വന്തമായുള്ള ആര്‍ക്കും ഈ ഉള്‍ക്കാഴ്ച സ്വന്തമാക്കാനാകുമെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. ഉദാഹരണമായി പ്രപഞ്ചത്തില്‍ എവിടെ നോക്കിയാലും മാര്‍ അപ്രേമിന് സ്ലീവാ ദര്‍ശിക്കാനായി. കപ്പലുകളുടെ പായ്മരത്തണ്ടിലും, നിലം ഉഴുതു മറിക്കുന്ന കലപ്പയിലും, കൈകള്‍ വിരിച്ചു പിടിക്കുന്ന മനുഷ്യനിലും ആകാശത്തു പറക്കുന്ന പക്ഷിയിലുമെല്ലാം അദ്ദേഹം കര്‍ത്താവിന്‍റെ സ്ലീവാ ദര്‍ശിച്ചു. തന്‍റെ വിശ്വാസഗീതത്തില്‍ അദ്ദേഹം ഇപ്രകാരം പാടുന്നു:
"കിളികള്‍ മൂന്നു ഘട്ടങ്ങളിലൂടെ വളരുന്നു - ഉദരത്തില്‍ നിന്ന് മുട്ടയിലേയ്ക്ക് - മുട്ടയില്‍ നിന്ന് കൂട്ടിലേയ്ക്ക് - കൂട്ടില്‍ നിന്ന് പാട്ടിലേയ്ക്ക് - പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോള്‍ സ്ലീവായുടെ ആകൃതിയില്‍ ചിറകു വിടര്‍ത്തി അവ വായുവിലൂടെ പറക്കുന്നു - പക്ഷി തന്‍റെ ചിറക് മടക്കി സ്ലീവായുടെ വിരിച്ച പ്രതീകത്തെ നിഷേധിച്ചാല്‍ വായുവും അതിനെ നിഷേധിക്കും - അതിന്‍റെ ചിറകുകള്‍ സ്ലീവായെ പ്രഘോഷിക്കാതിരുന്നാല്‍ വായു അതിനെ വഹിക്കുകയില്ലڈ. (തഢകക 2,6)
മാര്‍ അപ്രേമിന്‍റെ ദൈവശാസ്ത്രം അക്ഷരാര്‍ത്ഥത്തില്‍ വി. ഗ്രന്ഥത്തില്‍ ചാലിച്ചെടുത്തതാണ്. വി. ഗ്രന്ഥത്തിലെ മിക്ക പുസ്തകങ്ങള്‍ക്കും അദ്ദേഹം ഭാഷ്യം രചിച്ചിട്ടുണ്ട്. ദൈവവചനം വ്യാഖ്യാനിച്ച് തീര്‍ക്കുവാനുള്ളതല്ല എന്നാണ് മാര്‍ അപ്രേമിന്‍റെ അഭിപ്രായം. വി. ഗ്രന്ഥത്തിലെ വാക്കുകള്‍ക്ക് നിരവധി അര്‍ത്ഥങ്ങളുണ്ട്. ഓരോരുത്തനും അവനവനാവശ്യമുള്ളത് അതില്‍ കണ്ടെത്തുന്നു. നിറയെ ഫലം കായിച്ചു നില്‍ക്കുന്ന ജീവന്‍റെ വൃക്ഷമാണത്. അതിന്‍റെ ഏതു ഭാഗത്തു നിന്നും ഫലം കിട്ടുന്നു.
മഹാതാപസികനായിരുന്നെങ്കിലും അദ്ദേഹം ഒരിക്കലും സഭാ ജീവിതത്തില്‍ നിന്നോ സമൂഹ ജീവിതത്തില്‍ നിന്നോ അകന്ന് കഴിഞ്ഞ ഒരു ഏകാന്തവാസി ആയിരുന്നില്ല. 'ഉടമ്പടിയുടെ മക്കള്‍'ڔഎന്ന താപസസമൂഹത്തിന്‍റെ ഭാഗമായി നിന്ന് സഭാശുശ്രൂഷകള്‍ പൂര്‍ണ്ണഹൃദയത്തോടെ നിര്‍വ്വഹിച്ച ഈ എളിയ മ്ശംശാനയുടെ സ്പര്‍ശനമേല്ക്കാത്ത മേഖലകളില്ല. ഗായകസംഘ തലവന്‍ എന്ന നിലയില്‍ ഉടമ്പടിയുടെ പുത്രിമാരെ അദ്ദേഹം ഗീതങ്ങള്‍ പഠിപ്പിച്ചു. പാഷണ്ഡികള്‍ പ്രചരിപ്പിച്ച പല അബദ്ധ പ്രബോധനങ്ങള്‍ക്കുമെതിരെ ശരിയായ ദൈവശാസ്ത്രം പഠിപ്പിക്കുവാന്‍ മാര്‍ അപ്രേം രചിച്ച പ്രസ്തുത ഗീതങ്ങളില്‍ പലതും ഭാഷയുടെയും സംസ്ക്കാരത്തിന്‍റെയും അതിരുകള്‍ കടന്ന് വിവിധസഭകളുടെ ആരാധനാ ഗീതങ്ങള്‍ക്കിടയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മൗതികതയുടെ ആഴങ്ങള്‍ കണ്ടിരുന്നെങ്കിലും സഹജരുടെ ക്ലേശങ്ങളും പ്രയാസങ്ങളും ഒപ്പിയെടുക്കാനുള്ള ആര്‍ദ്രതയും അദ്ദേഹത്തിന്‍റെ ഹൃദയത്തിന് സ്വന്തമായിരുന്നു. അഉ 372 ല്‍ എദ്ദേസാ നിവാസികള്‍ പട്ടിണിയും പകര്‍ച്ചവ്യാധികളും മൂലം കഷ്ടപ്പെട്ടപ്പോള്‍ അവരെ ശുശ്രൂഷിക്കാനായി സന്നദ്ധസംഘങ്ങള്‍ തന്നെ അദ്ദേഹം രൂപീകരിച്ചു. ദരിദ്രരും രോഗികളും മൃതപ്രായരുമായ തന്‍റെ സഹോദരരെ ശുശ്രൂഷിക്കുവാന്‍ ആ വൃദ്ധതാപസന്‍ അഹോരാത്രം യത്നിച്ചു. ഒരു പക്ഷേ കഠിനമായ ആ ദിനങ്ങളിലെ ക്ലേശകരമായ അദ്ധ്വാനം മൂലമാകാം അഉ 373 ജൂണ്‍ 9 ാം തീയതി അദ്ദേഹം തേജസ്കൃതനായി ഇഹലോകവാസം വെടിഞ്ഞു. എങ്കിലും "റൂഹാദ്ക്കുദ്ശായുടെ ആ സുന്ദര കിന്നരത്തില്‍ നിന്നുയരുന്ന മനോഹര ഗീതങ്ങള്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറവും സഭ മുഴുവനിലും മാറ്റൊലി കൊള്ളുന്നു. മാര്‍ അപ്രേമിനൊപ്പം മാര്‍ അപ്രേം മാത്രം! നമ്മുടെ സഭയുടെ ലിറ്റര്‍ജിയില്‍ പ്രത്യേകിച്ച് യാമശുശ്രൂഷകളില്‍ നാം പങ്കുചേരുന്ന അവസരങ്ങളിലെല്ലാം മാര്‍ അപ്രേം താന്‍ രചിച്ച ഗീതങ്ങളിലൂടെ യഥാര്‍ത്ഥ വിശ്വാസം നമ്മെ പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ആ വിശ്രുത മല്പാന്‍റെ വിദൂര ശിഷ്യരായതില്‍ നമുക്കും അഭിമാനിക്കാം.
ബേത് തോമ ദയറ
Recent Posts
See Allകൈത്താക്കാലം രണ്ടാം വെള്ളി മാർ മാറി ശ്ലീഹായുടെ ദുക്റാന. മദ്ധ്യപൂർവ ദേശങ്ങളിലുള്ള പൗരസ്ത്യസുറിയാനി നസ്രാണികൾക്കും ഹെന്ദോയിലെ മാർതോമ്മാ...
സങ്കീർത്തനങ്ങൾ ഈശോയുടെ പാട്ടുപുസ്തകമായിരുന്നു. യൂദപാരമ്പര്യമനുസരിച്ചു പെന്തക്കുസ്താ, പെസഹാ, കൂടാരതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍...
നോമ്പ്: അര്‍ത്ഥവും ആചരണവും ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ ആമുഖം നോമ്പ് അഥവാ നോയമ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഏതൊക്കെ നോമ്പുകള്‍...
Comments