മാർപാപ്പായുടെ സ്ഥാനാരോഹണച്ചടങ്ങു് ഒരു വ്യാഖ്യാനം
- May 20, 2025
- 2 min read
ലിയോ പതിനാലാമൻ മാർപാപ്പായുടെ സ്ഥാനാരോഹണച്ചടങ്ങു്, ഒരു വ്യാഖ്യാനം!

ശ്ലീഹന്മാരുടെ ഇടയിൽ പ്രഥമസ്ഥാനീയനായ വി. പത്രോസിന്റെ ഇരുനൂറ്റിയറുപത്തിയേഴാമത് പിന്ഗാമിയും റോമിന്റെ മെത്രാനുമായി തിരഞ്ഞെടുക്കപ്പെട്ട കർദ്ദിനാൾ റോബെർട്ട് ഫ്രാൻസിസ് പ്രെവൊസ്റ്റ് ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ച്, കത്തോലിക്കാസഭയുടെ അമരത്തേക്കെത്തിയത് മെയ് എട്ടാം തീയതിയായിരുന്നു. എന്നാൽ അദ്ദേഹം വി. പത്രോസിനടുത്ത ശുശ്രൂഷ ഔദ്യോഗികമായി ആരംഭിക്കുന്ന ചടങ്ങാണ് മെയ് 18 ഞായറാഴ്ച രാവിലെ വത്തിക്കാനിൽ നടന്നത്. അപ്പസ്തോലന്മാരുടെ ഇടയിൽ വി. പത്രോസിനുണ്ടായിരുന്ന പ്രാധാന്യവും, അദ്ദേഹത്തിന്റെ ശുശ്രൂഷയും, രക്തസാക്ഷിത്വവും, സഭയുടെ ഐക്യവും ഒരുമയും എല്ലാം അനുസ്മരിക്കുന്ന അവിസ്മരണീയമായ നിമിഷങ്ങളായിരുന്നു ഇത്. ലിയോ പതിനാലാമൻ പാപ്പാ ആദ്യമായി പാലിയവും മുക്കുവന്റെ മോതിരവും ധരിച്ച ദിനമായിരുന്നു ഇത് . വി. പത്രോസിന്റെ ബസലിക്കയോട് ചേർന്നുള്ള ചത്വരത്തിൽ വിശുദ്ധ ബലിയർപ്പിച്ച്, ലിയോ പതിനാലാമനെന്ന റോമിന്റെ മെത്രാൻ പത്രോസിന്റെ ശുശ്രൂഷ ഔദ്യോഗികമായി തുടങ്ങിയ ദിനം.
വി. പത്രോസിന്റെ കല്ലറയ്ക്കരികിലെ പ്രാർത്ഥനയും ഐക്യവും!
വി. പത്രോസിന്റെ പിൻഗാമിയും റോമിന്റെ മെത്രാനുമായ പാപ്പായും പൗരസ്ത്യ കത്തോലിക്കാസഭയിലെ പാത്രിയർക്കീസുമാരും, അതായത് അപ്പസ്തോലന്മാരുടെ പിൻഗാമികൾ ഒരുമിച്ച്, പത്രോസിന്റെ കല്ലറയ്ക്കരികിലെത്തി പ്രാർത്ഥിക്കുകയും, തുടർന്ന് ആ കല്ലറ ധൂപിക്കുകയും ചെയ്യുന്ന ചടങ്ങു് സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 'മിശിഹയാകുന്ന മൂലക്കല്ലിന്മേൽ, അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേൽ പണിയപ്പെട്ട ഭവനമായ സഭ' എന്ന വി.പൗലോസിന്റെ ചിന്തയും (എഫേ. 2, 20) "നീ പത്രോസാണ്, ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും. നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല" എന്ന മിശിഹായുടെ വചനവും (മത്തായി 16, 18) ശ്ലീഹന്മാരുടെ പിൻഗാമികൾ ഒരുമിച്ച് വി. കേപ്പായുടെ കല്ലറക്കരികിൽ പ്രാർത്ഥനയ്‌ക്കെത്തുന്ന ഈ നിമിഷത്തിൽ നമ്മുടെ മനസ്സിലേക്കെത്തുന്നുണ്ട്. വി.പത്രോസിന്റെ പിൻഗാമിക്കൊപ്പം തങ്ങളുമുണ്ട് എന്ന് വിവിധ സഭാപാരമ്പര്യങ്ങളിലുള്ള കത്തോലിക്കാ പാത്രിയാർക്കീസുമാർ തങ്ങളുടെ പ്രാർത്ഥനാപൂർണ്ണമായ സാന്നിദ്ധ്യം കൊണ്ട് പ്രഖ്യാപിക്കുന്ന ഐക്യത്തിന്റെ മനോഹരമായ ഒരു മുഹൂർത്തം കൂടിയായിരുന്നു ഇത്. ശിഷ്യപ്രമുഖനായ പത്രോസിന്റെ പിൻഗാമിയായി സ്ഥാനമേറ്റെടുക്കുന്ന, ലിയോ പതിനാലാമൻ പാപ്പായോടുള്ള ഐക്യം കൂടിയാണ് പൗരസ്ത്യസഭാദ്ധ്യക്ഷന്മാർ ഇവിടെ ലോകത്തിനുമുന്പിൽ സാക്ഷ്യപ്പെടുത്തുന്നത്.
പാലിയവും മുക്കുവന്റെ മോതിരവും!
സ്ഥാനാരോഹണത്തിന്റെ ഭാഗമായി മാർപാപ്പാമാർ ധരിക്കുന്ന പ്രതീകാത്മകതയുടെ സമ്പന്നതയുള്ള രണ്ടു വസ്തുക്കളാണ് പാലിയവും മുക്കുവന്റെ മോതിരവും. ആട്ടിൻരോമങ്ങൾ കൊണ്ടുണ്ടാക്കിയ ചെറിയ ഒരു വസ്ത്രമാണ് പാലിയം. ഇംഗ്ലീഷ് അക്ഷരമാലയിലെ വൈ (Y) യുടെ ആകൃതിയിൽ കഴുത്തിൽ ചുറ്റി മുന്നിലേക്കും പിന്നിലേക്കും കിടക്കുന്ന ഇതിൽ മുന്നിലും പിന്നിലും കറുത്ത പട്ടുനൂലുകൊണ്ട് തുന്നിയ രണ്ടു കുരിശുകളും, കഴുത്തിൽ ചുറ്റിക്കിടക്കുന്ന ഭാഗത്ത് നാല് കുരിശുകളുമടക്കം ആറ് കുരിശുകളുണ്ട്. മിശിഹായുടെ കുരിശുമരണത്തെ അനുസ്മരിപ്പിക്കാനായി മൂന്ന് ചെറിയ ആണികളും ഇതിന്മേലുണ്ട്. വിശുദ്ധകുർബാനയ്ക്ക് ഉപയോഗിക്കുന്ന പുരോഹിതവസ്ത്രത്തിന് (chasuble) മേലെയാണ് ഇത് ധരിക്കുക. ദേ സാക്രിസ് ഓർദിനാസിയോണിബൂസിൽ (De sacris ordinationibus), തെസ്സലോനിക്കയിലെ ശിമയോൻ പാലിയത്തെക്കുറിച്ച് എഴുതുന്നത് ഇങ്ങനെയാണ്: "പാലിയം, നഷ്ടപ്പെട്ട കുഞ്ഞാടിനെ തോളിലേറ്റുന്ന രക്ഷകനായ മിശിഹയെയാണ് സൂചിപ്പിക്കുന്നത്.. മനുഷ്യാവതാരത്തിലൂടെ മനുഷ്യസ്വഭാവം സ്വീകരിച്ച അവൻ അതിനെ ദിവ്യമാക്കുകയും, കുരിശിലെ തന്റെ മരണത്തിലൂടെ നമ്മെ ദൈവപിതാവിന് സമർപ്പിക്കുകയും, തന്റെ ഉത്ഥാനത്തിലൂടെ നമ്മെ മഹത്വപ്പെടുത്തുകയും ചെയ്തു". ഇറ്റാലിയൻ കർദ്ദിനാൾ മാരിയോ സെനാറിയാണ് പാപ്പായെ പാലിയം ധരിപ്പിച്ചത്. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽനിന്നുള്ള കാർഡിനാൾ അബോംഗോ ബേസുഗു ചടങ്ങിനൊരുക്കമായ പ്രാർത്ഥന ചൊല്ലി.
"മുക്കുവന്റെ മോതിരം".
സഹോദരങ്ങളെ വിശ്വാസത്തിൽ ശക്തിപ്പെടുത്താൻ മിശിഹാ പത്രോസിന് നൽകിയ നിയോഗത്തെയും, റോമിന്റെ മെത്രാനെന്ന സ്ഥാനത്തേയും അനുസ്മരിപ്പിക്കുന്ന മുക്കുവന്റെ മോതിരം പാപ്പായെ അണിയിക്കുന്നതായിരുന്നു ലിയോ പാപ്പാ സ്ഥാനമേറ്റെടുക്കുന്നതിന്റെ ഭാഗമായുണ്ടായിരുന്ന മറ്റൊരു പ്രധാനപ്പെട്ട ചടങ്ങ്.
ഏഷ്യയിൽനിന്നുള്ള കർദ്ദിനാൾ അന്റോണിയോ താഗ്ലെയാണ് മുക്കുവന്റെ മോതിരം പാപ്പായെ അണിയിച്ചത്. മിശിഹായുടെ ശിഷ്യന്മാരെ ശക്തവും എന്നാൽ സൗമ്യവുമായി കൂട്ടായ്മയുടെ ഐക്യത്തിൽ സംരക്ഷിക്കുന്നതിനായി പാപ്പായെ ശക്തിപ്പെടുത്തണമേയെന്ന പ്രാർത്ഥനയോടെയാണ് പാപ്പായ്ക്ക് മോതിരം നൽകുന്ന ചടങ്ങ് അവസാനിച്ചത്.
പാപ്പായോടുള്ള അനുസരണം വാഗ്‌ദാനം ചെയുന്ന ചടങ്ങു്!
സാർവത്രിക സഭയെ പ്രതിനിധീകരിച്ച് വിവിധയിടങ്ങളിൽനിന്നുള്ള പന്ത്രണ്ട് പേർ പാപ്പായോട് അനുസരണം വാഗ്ദാനം ചെയ്യുന്ന മനോഹരമായ ചടങ്ങും പാപ്പായുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ചുണ്ടായിരുന്നു. കർദിനാൾ സംഘത്തിൽ നിന്നും, മെത്രാൻ സംഘത്തിൽ നിന്നും, സന്ന്യാസ സമൂഹങ്ങളെ പ്രധിനിധീകരിച്ചും കുടുംബങ്ങളെയും കുട്ടികളേം പ്രധിനിധീകരിച്ചുമായിരുന്നു ഈ ചടങ്ങു് നടത്തിയത്.
ലിയോ പതിനാലാമൻ പാപ്പാ ഔദ്യോഗികമായി തന്റെ സ്ഥാനം ഏറ്റെടുത്തിരിക്കുന്ന ഈ അവസരത്തിലും തുടർന്നും, മിശിഹായുടെ സഭയെ നയിക്കാനായി വിളിക്കപ്പെടും ഭാരിച്ച ഈ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്ത വി. കേപ്പായുടെ പിൻഗാമിക്കുവേണ്ടി പ്രാർത്ഥിക്കുവാനുള്ള നമ്മുടെ ഉത്തരവാദിത്വം നമുക്ക് മറക്കാതിരിക്കാം.


Comments