top of page

മാർപാപ്പമാരുടെ തിരഞ്ഞെടുപ്പ്


ഫാ. ജോർജ് തെക്കേക്കര


ക്രിസ്തുവിൻ്റെ വികാരിയും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തിൻ്റെ തലവനുമായ മാർപാപ്പയുടെ തിരഞ്ഞെടുപ്പ് ആകാംക്ഷയോടെയാണ് ലോകം മുഴുവൻ ഉറ്റ് നോക്കുന്നത്. ആരായിരിക്കും അടുത്ത മാർപാപ്പ എന്നത് സംബന്ധിച്ച് പല പ്രവചനങ്ങളും നിഗമനങ്ങളും നടത്തുക സ്വാഭാവികമാണ്. എന്നാല് പരിശുദ്ധാത്മാവിൻ്റെ പ്രചോദനത്തിൻകീഴിൽ സ്വതന്ത്രമായി നടത്തപ്പെടുന്ന തിരഞ്ഞെടുപ്പിൻ്റെ ഗതി മുൻകൂട്ടി പ്രവചിക്കുക എളുപ്പമല്ല. തിരഞ്ഞെടുപ്പ് സംബന്ധിച്ച് കത്തോലിക്കാ സഭയിൽ നിയതമായ നിയമങ്ങളുണ്ട്. അതനുസരിക്കാതെ നടത്തുന്ന തിരഞ്ഞെടുപ്പുകൾ അസാധുവായിരിക്കും.


1996ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പ്രസിദ്ധീകരിച്ച അപ്പസ്തോലിക കോൺസ്റ്റിട്യൂഷൻ ഉനിവേർസി ഡൊമിനിച്ചി ഗ്രേജിസ് (Universi Dominici Gregis - of the whole sheepfold of the Lord). ആണ് മാർപാപ്പയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് നിയതമായ നിയമങ്ങൾ നൽകുന്നത്. ബെനഡിക്ട് മാർപാപ്പ 2007 ലും 2013 ലും ഇതിൽ ചില മാറ്റങ്ങൾ വരുത്തുകയുണ്ടായി (Apostolic Letter issued Motu Proprio "Normas Nonnullas", 22 February 2013). ഈ നിയമത്തിൻ്റെ ചില വിശദാംശങ്ങൾ പരിശോധിക്കാം.


1. ആരാണ് മാർപാപ്പയെ തിരഞ്ഞെടുക്കുന്നത്?


മാർപാപ്പയുടെ വിയോഗം മൂലമോ രാജി വഴിയോ സ്ലൈഹിക സിംഹാസനം ശൂന്യമാകുമ്പോൾ സഭയിലെ 80 വയസ്സിൽ താഴെയുള്ള കർദിനാൾമാർ ഒരുമിച്ച് ചേർന്ന് രഹസ്യ ബാലറ്റ് വഴി മാർപാപ്പയെ തിരഞ്ഞെടുക്കുന്ന രീതിയാണ് നിലവിൽ ഉള്ളത്. ഈ സമ്മേളനത്തിന് കോൺക്ലേവ് (conclave) എന്നാണ് പറയുന്നത്. ഇങ്ങനെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാവുന്ന കർദിനാൾ മാരുടെ എണ്ണം 120ൽ കവിയരുത് എന്ന് തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രത്യേക നിയമത്തിൽ (Universi Dominici Gregis 33) ഉണ്ടെങ്കിലും നിലവിലുള്ള 252 കർദ്ദിനാൾ മാരിൽ 135 പേർ 80 വയസ്സിൽ താഴെ ഉള്ളവരാണ്. എന്നാൽ പ്രത്യേക നിയമത്തിൽ പറഞ്ഞിരിക്കുന്ന കാരണങ്ങളാൽ അല്ലാതെ തിരഞ്ഞെടുക്കുവാനോ തിരഞ്ഞെടുക്കപ്പെടുവാനോ ഉള്ള ആരുടെയും അവകാശം നിഷേധിക്കരുത് എന്നും നിയമം അനുശാസിക്കുന്നുണ്ട് (Universi Dominici Gregis 35). അതിനാൽ നിയമാനുസൃതം യോഗ്യതയുള്ള ആരെയും തിരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കുവാൻ സാധിക്കുകയില്ല.


2. ആരെയാണ് തിരഞ്ഞെടുക്കുന്നത്?


തിരഞ്ഞെടുക്കപ്പെടുന്ന ആളുടെ യോഗ്യത സംബന്ധിച്ച് പ്രത്യേക നിബന്ധനകൾ ഒന്നും നിയമത്തിൽ പറഞ്ഞിട്ടില്ലെങ്കിലും സഭയിൽ മെത്രാൻ പട്ടം സ്വീകരിക്കുന്നതിന് യോഗ്യതയുള്ള ആരെയും മാർപാപ്പയായി തിരഞ്ഞെടുക്കാവുന്നതാണ്. മെത്രാൻ പദവിയിൽ ഉള്ള ആളെയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ സമ്മതം നൽകുന്നതോടെ അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. മാർപാപ്പയുടെ അധികാരങ്ങൾ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്യും. എന്നാൽ മെത്രാൻ പദവി ഇല്ലാത്ത ആളെയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ പദവി സ്വീകരിക്കുന്നതിന് സമ്മതം നൽകിയ ശേഷം മാർപാപ്പയായി പ്രഖ്യാപിക്കപ്പെടുന്നത്തിന് മുമ്പേ മെത്രാഭിഷേകം നടത്തണം. പുരോഹിതൻ പോലുമല്ലാത്ത ഒരാളെ തിരഞ്ഞെടുക്കുവാൻ പറ്റുമോ എന്ന് ചോദിച്ചാൽ അത് പാടില്ല എന്ന് നിയമത്തിൽ പറയുന്നില്ല എന്ന് മാത്രമേ പറയുവാൻ പറ്റൂ. മെത്രാൻ അല്ലാത്തയാളെ തിരഞ്ഞെടുത്താൽ എന്നപോലെ തന്നെ പുരോഹിതൻ അല്ലത്തയാളെ തിരഞ്ഞെടുത്താലും പുരോഹിതപട്ടവും മെത്രാൻ പട്ടവും സ്വീകരിച്ച ശേഷം മാത്രമേ അദ്ദേഹത്തിന് മാർപാപ്പയുടെ സ്ഥാനം ഏറ്റെടുക്കുവാൻ സാധിക്കൂ. അതിനു യോഗ്യത ഉള്ള ആളെ ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്.


3. എന്നാണ് ഇലക്ഷൻ ആരംഭിക്കുന്നത്?


പരിശുദ്ധ സിംഹാസനം ശൂന്യമായി 15 ദിവസം കഴിയുമ്പോഴേ ഇലക്ഷൻ ആരംഭിക്കാവൂ. എന്നാൽ എല്ലാ കർദ്ദിനാൾമാരും എത്തിച്ചേർന്നു എന്ന് ഉറപ്പായാൽ അതിനു മുമ്പ് തന്നെ ആരംഭിക്കാം. തിരഞ്ഞെടുപ്പിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ള ആരും ഒഴിവാക്കപ്പെടാതിരിക്കാൻ ആണിത്. എന്നാൽ ഗൗരവമുള്ള കാരണങ്ങൾ ഉണ്ടെങ്കിൽ 15 ദിവസം കഴിഞ്ഞും ഇലക്ഷൻ നീട്ടി വയ്ക്കാം എന്നാൽ 20 ദിവസത്തിൽ കൂടുതൽ ആകരുത് എന്ന് മാത്രം (UDG 37).


4.എവിടെ വച്ചാണ് ഇലക്ഷൻ നടത്തേണ്ടത്?


നിലവിലുള്ള നിയമ പ്രകാരം വത്തിക്കാനിലെ സിസ്റ്റൈൻ കപ്പേളയിൽ മാത്രമേ ഇലക്ഷൻ നടത്താവൂ (UDG 51). അതുകൊണ്ട് ഇലക്ഷൻ കഴിയുന്നതുവരെ പുറത്തുനിന്ന് ആരെയും അതിൽ പ്രവേശിപ്പിക്കുന്നതല്ല.


ഇലക്ഷൻ തുടങ്ങുന്നതിനു മുമ്പേ അതിൽ പങ്കെടുക്കേണ്ട കർദിനാൾമാരും ഇലക്ഷനിൽ സഹായിക്കുന്നവരുംദോമുസ് മാർത്തയിൽ അവർക്കുന്നൽകിയിട്ടുള്ള മുറിയിൽ വന്ന് താമസിക്കണം. പുറമെ നിന്നുള്ള ആരെയും അവിടെ പ്രവേശിപ്പിക്കുവാൻ പാടില്ല. അകത്തുള്ളവർ പുറത്തുള്ള ആരുമായും സമ്പർക്കം നടത്തുവാനും പാടില്ല എന്നതാണ് നിയമം (UDG 41-44).


5. പ്രാരംഭ നടപടിക്രമങ്ങൾ:


ആദ്യം തന്നെ ഇലക്ഷനിൽ വിവിധ രീതികളിൽ സഹായിക്കുന്നവർ ഇതിൻറെ രഹസ്യാത്മകത സംബന്ധിച്ച് ഒരു പ്രതിജ്ഞയെടുക്കേണ്ടതുണ്ട്. ഇലക്ഷൻ സംബന്ധിച്ച വിവരങ്ങൾ പുതിയ മാർപാപ്പയുടെ അനുവാദത്തോടെ അല്ലാതെ പുറത്തു പറയുന്നവർ മഹറോൻ ശിക്ഷയ്ക്ക് വിധേയരാകും. അവർ വിചാരണ കൂടാതെ തന്നെ തിരുസഭയിൽ നിന്ന് പുറം തള്ളപ്പെടും. ഇലക്ഷനിൽ പങ്കെടുക്കുന്ന കാർദിനാൾമാരുടെ കാര്യത്തിലും ഈ നിയമം ബാധകം ആണ് .


കോൺക്ലേവ് തുടങ്ങുന്ന ദിവസം രാവിലെ വത്തിക്കാൻ ബസിലിക്കയിൽ നടക്കുന്ന വിശുദ്ധ കുർബാനയോടുകൂടിയാണ് തിരഞ്ഞെടുപ്പിന്റെ ക്രമങ്ങൾ ആരംഭിക്കുന്നത്. ഉച്ചകഴിഞ്ഞ് നിശ്ചിത സമയത്ത് ആഘോഷമായി എല്ലാവരും വിശുദ്ധ പൗലോസിന്റെ കപ്പേളയിൽ നിന്നും "വേനി ക്രെയാതോർ' (veni creator) പാടി പരിശുദ്ധാത്മാവിനോടു പ്രാർത്ഥിച്ച് കൊണ്ട് ഇലക്ഷൻ നടക്കുന്ന സിസ്റ്റൈൻ കപ്പേളയിലേക്ക് ആഘോഷമായി പ്രവേശിച്ച ശേഷം കാർഡിനൽ ഡീൻ്റെ നേതൃത്വത്തിൽ രഹസ്യം പാലിക്കുമെന്ന പ്രതിജ്ഞ ഏറ്റുപറഞ്ഞു അതിൽ ഒപ്പ് വയ്ക്കുന്നു. തുടർന്ന് ഒരു വൈദികൻ ധ്യാനം പ്രസംഗിക്കും. തുടർന്നുള്ള പ്രാർത്ഥനകൾക്ക് ശേഷം കാർഡിനൽ ഡീൻ ഇലക്ഷൻ സംബന്ധിച്ച നിയമങ്ങൾക്ക് വ്യക്തത വരുത്തും. ഭൂരിഭാഗം പേരും സമ്മതം നൽകിയാൽ തുടർന്നുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുന്നു.


ഇലക്ഷൻ സംബന്ധിച്ച എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കേണ്ടത്തുള്ളത്തിനാൽ കർദിനാൾമാർ ഫോൺ ഉപയോഗിക്കുവാനോ പുറത്താർക്കും സന്ദേശങ്ങൾ അയയ്ക്കുവാനോ സ്വീകരിക്കുവാനോ പാടില്ല. ദോമുസ് മാർത്തയ്ക്ക് പുറത്തുള്ള ആരുമായും ആംഗ്യ ഭാഷയിൽ പോലും സംസാരം അനുവദനീയമല്ല. അതുപോലെതന്നെ, ബാഹ്യമായ സ്വാധീനങ്ങൾ ഉണ്ടാകാതിരിക്കാൻ ഇലക്ഷൻ കഴിയുന്നത് വരെ പത്രം, റേഡിയോ, ടെലിവിഷൻ തുടങ്ങിയവ ഉപയോഗിക്കാൻ അവർക്ക് അനുവാദമില്ല.

ഇലക്ഷൻ സംബന്ധിച്ച് നടത്തുന്ന ചർച്ചകൾ, വോട്ടിംഗ് തുടങ്ങിയവയുടെ വിശദാംശങ്ങൾ ഇലക്ഷൻ കഴിഞ്ഞാലും പുറത്ത് പറയാവുന്നതല്ല.


6. തിരഞ്ഞെടുപ്പിൻ്റെ വിവിധ ഘട്ടങ്ങൾ:


ഇലക്ഷന് മൂന്ന് ഘട്ടങ്ങളുണ്ട്. സ്ക്രൂട്ടിനിക്ക് മുമ്പുള്ള ഘട്ടം (pre-scrutiny), സ്ക്രൂട്ടിനി ഘട്ടം (scrutiny), സ്ക്രൂട്ടിനിക്ക് ശേഷമുള്ള ഘട്ടം (post scrutiny) എന്നിങ്ങനെ ഇവയെ മനസ്സിലാക്കാം.


ആദ്യഘട്ടത്തിൽ എം സി (Masters of Ceremonies) മാർ ചതുരാകൃതിയിൽ പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള ബാലറ്റ് പേപ്പറുകൾ മൂന്നെണ്ണമെങ്കിലും വീതം കർദിനാൾമാർക്ക് വിതരണം ചെയ്യുന്നു. അതിനുശേഷം കർദിനാൾ മാരിൽ നിന്നുതന്നെ മൂന്ന് പേരെ പരിശോധന ഉദ്യോഗസ്ഥർ അഥവാ നിരീക്ഷകർ (scrutineers) ആയും മൂന്നു പേരെ രോഗികളിൽ നിന്ന് ബാലറ്റ് ശേഖരിക്കുന്നതിനായും (infirmarii) മൂന്നു പേരെ പുനഃ പരിശോധകരായും (revisers) നറുക്കിട്ട് തിരഞ്ഞെടുക്കുന്നു. വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് വോട്ട് ചെയ്യുന്ന കർദിനാൾമാർ മാത്രമേ സിസ്റ്റൈൻ ചാപ്പലിൽ ഉണ്ടാകാവൂ. ബാലറ്റിൽ ഒന്നിൽ കൂടുതൽ പേരുകൾ രേഖപ്പെടുത്തിയാൽ അത് അസാധുവാകും.


വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുന്നതാണ് രണ്ടാമത്തെ ഘട്ടം. അൾത്താരയ്ക്ക് സമീപം വെച്ചിട്ടുള്ള ബാലറ്റ് പെട്ടിയിൽ വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ നിക്ഷേപിക്കുന്നത് ഇപ്രകാരമാണ്. വോട്ട് ചെയ്ത ശേഷം കർദിനാൾ മാർ മുൻഗണനാക്രമമനുസരിച്ച് കയ്യിൽ ഉയർത്തിപ്പിടിച്ച ബാലറ്റുമായി അൾത്താരയ്ക്ക് സമീപം വന്നു "ദൈവതിരൂ മുമ്പാകെ തിരഞ്ഞെടുക്കപ്പെടണമെന്ന് ഞാൻ വിചാരിക്കുന്ന വ്യക്തിക്കാണ് എൻറെ വോട്ട് നൽകിയിട്ടുള്ളത്. ഇതിന് കർത്താവായ ക്രിസ്തു എനിക്ക് സാക്ഷിയും വിധിയാളനും ആയിരിക്കട്ടെ" എന്ന് ശപഥം ചെയ്യുകയും ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്തശേഷം അൾത്താരയെ വണങ്ങി സ്വസ്ഥാനത്തേക്ക് തിരികെ പോകുന്നു.


രോഗികളായി ആരെങ്കിലും സ്വന്തം മുറികളിൽ ആണ് കഴിയുന്നതെങ്കിൽ അവരുടെ വോട്ട് ശേഖരിക്കുവാൻ നിയുക്തരായവർ ബാലറ്റ് പെട്ടി എല്ലാ വോട്ടർമാരെയും തുറന്നു കാണിച്ച ശേഷം പൂട്ടി അവരുടെ മുറികളിൽ ചെന്ന് വോട്ട് ശേഖരിക്കുന്നു. ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുന്നതിന് മുമ്പ് അവരും മേൽപ്പറഞ്ഞ പ്രതിജ്ഞ ചൊല്ലേണ്ടതുണ്ട്. തിരികെ വന്ന ശേഷം രോഗികളുടെ എണ്ണവും ബാലറ്റിന്റെ എണ്ണവും തുല്യമാണെന്ന് തിട്ടപ്പെടുത്തണം. അതുപോലെതന്നെ രേഖപ്പെടുത്തിയ മൊത്തം വോട്ടുകളുടെ എണ്ണവും വോട്ടർമാരുടെ എണ്ണവും തുല്യമല്ലെങ്കിൽ എല്ലാ വോട്ടുകളും കത്തിച്ച് കളഞ്ഞ് വീണ്ടും വോട്ടെടുപ്പ് ആരംഭിക്കും.


വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തുന്നതാണ് മൂന്നാം ഘട്ടം. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രമേ ഒരാൾ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുകയുള്ളൂ. ആർക്കും ഭൂരിപക്ഷം കിട്ടിയിട്ടില്ലെങ്കിൽ ഉടൻ മറ്റൊരു ബാലറ്റിങ് ആരംഭിക്കും. ഇങ്ങനെ ഉച്ചയ്ക്ക് മുമ്പ് രണ്ട് ബാലറ്റിംഗ് ഉച്ചയ്ക്ക് ശേഷം രണ്ട് ബാലറ്റിംഗ് എന്ന രീതിയിൽ ആയിരിക്കും ഇലക്ഷൻ നടക്കുന്നത്. വോട്ടെണ്ണലിനും അതിൻറെ പുനഃ പരിശോധനയ്ക്കും ശേഷം വോട്ട് ചെയ്ത കർദ്ദിനാൾമാർ സിസ്റ്റൈൻ ചാപ്പൽ വിട്ടുപോകുന്നതിന് മുമ്പ് തന്നെ എണ്ണിക്കഴിഞ്ഞ ബാലറ്റുകൾ അതിന് നിയുക്തരായവർ കത്തിച്ച് കളയേണ്ടതാണ്. തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെങ്കിൽ ഇത് കത്തിക്കുമ്പോൾ കറുത്ത പുക വരത്തക്ക വിധം ചില കെമിക്കലുകൾ കൂട്ടിച്ചേർക്കുന്നു. തിരഞ്ഞെടുപ്പ് നടന്നാൽ വെളുത്ത പുക വരത്തക്ക വിധമുള്ള ക്രമീകരണവും ചെയ്തിട്ടുണ്ടാകും.


ഇലക്ഷൻ തുടങ്ങിയാൽ എല്ലാ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും വോട്ടിംഗിന് മുമ്പ് കോൺക്ലേവ് ചടങ്ങുകളുടെ ക്രമ (Ordo Rituum Conclavis) ത്തിൽ പറഞ്ഞിരിക്കുന്ന പ്രാർത്ഥനകളും തിരുകർമ്മങ്ങളും നടത്തിയ ശേഷമേ വോട്ടിംഗ് തുടങ്ങാവൂ.


ഇലക്ഷൻ തുടങ്ങി മൂന്ന് ദിവസമായിട്ടും ആരും തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ഒരു ദിവസത്തേക്ക് ഇലക്ഷൻ നിർത്തിവെച്ച് പ്രാർത്ഥനയും വിചിന്തനവും അനൗപചാരിക ചർച്ചകളും നടത്തിയശേഷമേ ഇലക്ഷൻ പുനരാരംഭിക്കുകയു ള്ളൂ. തുടർന്ന് നടത്തുന്ന വോട്ടിങ്ങിൽ അതിന് മുമ്പ് നടന്ന ബാലറ്റിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ രണ്ടുപേരിൽ നിന്നുമായിരിക്കും ഒരാളെ തിരഞ്ഞെടുക്കേണ്ടത്. അവർ രണ്ടുപേരും ഇതിൽ വോട്ട് രേഖപ്പെടുത്തേണ്ടതില്ല. എന്നാൽ മൂന്നിൽ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷം കിട്ടിയാലേ ഒരാൾ തിരഞ്ഞെടുക്കപ്പെടുകയുള്ളൂ.


7. തിരഞ്ഞെടുപ്പും പ്രഖ്യാപനവും:

മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ കൂടി ഒരാൾ തിരഞ്ഞെടുക്കപ്പെട്ടാൽ അയാളോട് സമ്മതം ചോദിക്കുന്നതാണ് അടുത്ത നടപടി. കാർഡിനൽ ഡീൻ അല്ലെങ്കിൽ കർദിനാൾ സംഘത്തിലെ ഒന്നാമൻ ആണ് സമ്മതം ചോദിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടയാൾ സമ്മതം നൽകിയാൽ അദ്ദേഹം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന പേര് പറയാൻ ആവശ്യപ്പെടും. തെരഞ്ഞെടുക്കപ്പെട്ടയാൾ മെത്രാൻ പദവിയിൽ ഉള്ള ആളാണെങ്കിൽ അതോടുകൂടി അദ്ദേഹത്തിന് മാർപാപ്പയുടെ എല്ലാ അധികാരങ്ങളും പദവിയും ലഭിക്കുന്നു. അതായത് സമ്മതം നൽകുന്ന നിമിഷം മുതൽ അദ്ദേഹം റോമിന്റെ ബിഷപ്പും മാർപാപ്പ എന്ന നിലയിൽ ലത്തീൻ സഭയുടെയും ആഗോള സഭയുടെയും മെത്രാൻ സംഘത്തിൻറെയും തലവനും ആയിരിക്കും. ഇക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തി കോൺക്ലേവ് ചടങ്ങുകളുടെ കർമ്മക്രമങ്ങളെല്ലാം പൂർത്തിയാക്കി ഇക്കാര്യം ജനങ്ങളോട് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വോട്ട് ചെയ്ത എല്ലാ കർദിനാൾമാരും പുതിയ മാർപാപ്പയുടെ മുമ്പിൽ ആദരവു പ്രകടിപ്പിക്കുകയും വിധേയത്വം പ്രഖ്യാപിക്കുകയും ചെയ്യുന്നു.

വെളുത്ത പുകയും വത്തിക്കാൻ ബസിലിക്കയിൽ നിന്നുയരുന്ന കൂട്ടമണിയും മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടു എന്നതിൻറെ പരമ്പരാഗത അടയാളങ്ങളാണ്. ഇത് മനസ്സിലാക്കി പുറത്ത് കാത്തു നിൽക്കുന്ന ജനത്തോട് ഇലക്ഷൻ നടന്ന കാര്യവും (habemus Papam) പുതിയ മാർപാപ്പയുടെ പേരും പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഏറ്റവും സീനിയർ ആയിട്ടുള്ള കാർഡിനൽ ഡിക്കൻ ആണ്. മാർപാപ്പ ജനങ്ങൾക്ക് വത്തിക്കാൻ ബസിലിക്കയുടെ ബാൽക്കണിയിൽ നിന്നും അപ്പസ്തോലിക ആശീർവാദം (Urbi et Orbi - to the city and to the world) നൽകുന്നതോടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകുന്നു. പിന്നീട് നിശ്ചയിക്കപ്പെട്ട സമയത്ത് ലാറ്ററൻ ബസിലിക്കയിൽ വച്ച് റോമിന്റെ മെത്രാനായി അദ്ദേഹം സ്ഥാനമേൽക്കും.


വോട്ടർമാരായ കർദിനാൾമാർ ശപഥം ചെയ്യുന്നതുപോലെ ദൈവ തിരുമുമ്പിൽ ഏറ്റവും യോഗ്യരായവരെ തിരഞ്ഞെടുക്കുവാൻ കർദിനാൾ സംഘത്തിന് സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

Recent Posts

See All
മരിയന്‍ വിശ്വാസസത്യങ്ങള്‍

സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മരിയന്‍ വിശ്വാസസത്യങ്ങള്‍ നാലെണ്ണമാണ്: മറിയം ദൈവമാതാവ് (Theotokos, AD 431-എഫേസൂസ് കൗണ്‍സില്‍) മറിയം...

 
 
 
നോമ്പ് :അര്‍ത്ഥവുംആചരണവും

നോമ്പ്: അര്‍ത്ഥവും ആചരണവും ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ ആമുഖം നോമ്പ് അഥവാ നോയമ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഏതൊക്കെ നോമ്പുകള്‍...

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page