“ഫീലിയോക്വേ” (filioque)
- sleehamedia
- Feb 2, 2024
- 1 min read
പരിശുദ്ധാത്മാവ് പിതാവില്‍നിന്ന് പുറപ്പെടുന്നു എന്ന് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കൗണ്‍സില്‍ (381) പഠിപ്പിച്ചു. എന്നാല്‍ 675ല്‍ തൊളേദോയില്‍ ചേര്‍ന്ന പ്രാദേശിക സൂനഹദോസ് പരിശുദ്ധാത്മാവ് പിതാവില്‍നിന്നും പുത്രനില്‍നിന്നും (filioque) പുറപ്പെടുന്നു എന്നു കൂട്ടിച്ചേര്‍ത്തു (DS 527). ഇതിനെ പൗരസ്ത്യസഭാപിതാക്കന്മാര്‍ എതിര്‍ത്തു. ഒരു സാര്‍വ്വത്രിക സൂനഹദോസിന്‍റെ പഠനത്തെ ഒരു പ്രാദേശികസൂനഹദോസ് തിരുത്തുന്നതിലെ അനൗചിത്യമാണ് പ്രധാനമായും അവര്‍ ചൂണ്ടിക്കാട്ടിയത്. പാശ്ചാത്യ-പൗരസ്ത്യസഭകളുടെ ത്രിത്വദര്‍ശനത്തില്‍ ഈ വ്യത്യാസം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഏ.ഡി. 447ല്‍ ലെയോ ഒന്നാമന്‍ മാര്‍പാപ്പാ "പരിശുദ്ധാത്മാവ് പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നു" എന്ന് ഔദ്യോഗികമായി പഠിപ്പിച്ചിട്ടുണ്ടായിരുന്നു. 1439ലെ ഫ്ളോറന്‍സ് കൗണ്‍സിലും സമാനമായ പ്രബോധനം നല്‍കുന്നുണ്ട്. പിതാവില്‍ നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നവനും പിതാവിന്‍റെയും പുത്രന്‍റെയും സ്വഭാവപ്രകൃതിയിലും (nature) അസ്ഥിത്വത്തിലും (subsistence) ഒരേ സമയം പങ്കുചേരുന്നവനുമാണ് പരിശുദ്ധാത്മാവ് എന്ന് ഈ സൂനഹദോസ് പഠിപ്പിച്ചു.
പൗരസ്ത്യ പാരമ്പര്യമാകട്ടെ "പരിശുദ്ധാത്മാവ് പിതാവില്‍ നിന്നും പുത്രനിലൂടെ പുറപ്പെടുന്നു" എന്ന സുവിശേഷപാരമ്പര്യത്തെയാണ് (യോഹ 15:26) മുറുകെപ്പിടിക്കുന്നത്. എന്നാല്‍, സൂക്ഷ്മാപഗ്രഥനത്തില്‍ ഈ രണ്ടു നിലപാടുകളും തമ്മില്‍ കാര്യമായ അന്തരമില്ല എന്നു വ്യക്തമാണ്. പരിശുദ്ധത്രിത്വത്തില്‍ പിതാവിനുള്ള പ്രഥമസ്ഥാനമാണ് പൗരസ്ത്യപാരമ്പര്യം ഊന്നിപ്പറയുന്നത്. എന്നാല്‍ പിതാവും പുത്രനും തമ്മിലുള്ള സത്താപരമായ ഐക്യത്തില്‍ ഊന്നിയാണ് പാശ്ചാത്യപാരമ്പര്യം പഠിപ്പിക്കുന്നത്. പിതാവിനും പുത്രനുമൊപ്പം ആരാധിക്കപ്പെടുന്നവനാണ് പരിശുദ്ധാത്മാവ് എന്ന് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂനഹദോസുതന്നെ പ്രഖ്യാപിച്ചിരുന്നതിനാല്‍ പാശ്ചാത്യ-പൗരസ്ത്യനിലപാടുകളെ പരസ്പര പൂരകങ്ങളായി മനസ്സിലാക്കാവുന്നതാണ്. ഒരേസത്യത്തെ രണ്ടുവീക്ഷണകോണുകളിലൂടെ അവതരിപ്പിക്കുന്നു എന്നതിനാല്‍ പാശ്ചാത്യ-പൗരസ്ത്യവീക്ഷണങ്ങളെ വിരുദ്ധാശയങ്ങളായി കാണാതെ പരസ്പര ബഹുമാനത്തോടെ മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്.
MAR JOSEPH PAMPLANI
Recent Posts
See Allഫാ. ജോർജ് തെക്കേക്കര ക്രിസ്തുവിൻ്റെ വികാരിയും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തിൻ്റെ തലവനുമായ മാർപാപ്പയുടെ...
KCBC Jagratha Commission തീവ്രവാദത്തെയും വർഗീയതയെയും എതിർക്കുകയും തള്ളിപ്പറയുന്ന നിലപാടാണ് എക്കാലവും കത്തോലിക്കാ സഭയ്ക്കുള്ളത്. വിവിധ...
Comments