top of page

വലിയനോമ്പ്: ചരിത്രവും ദൈവശാസ്ത്രവും.

  • Feb 16, 2023
  • 3 min read

Updated: Aug 7, 2023

🔹പ്രാര്‍ത്ഥനയും ഉപവാസവും വഴിയല്ലാതെ പിശാചുക്കളെ പുറത്താക്കാന്‍ പറ്റുകയില്ല എന്നാണ് ഈശോ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് (മത്താ 17:21).)




🔸ആമുഖം


മോശയുടെയും (പുറ. 24:18) ഏലിയായുടെയും (രാജ. 19:8) ഈശോയുടെ തന്നെയും (മര്‍ക്കോ 1:13) നാല്പത് ദിവസങ്ങളിലെ ഉപവാസത്തെ അനുസ്മരിച്ചാണ് ആറാഴ്ചക്കാലത്തെ ഉപവാസരീതി സഭയില്‍ രൂപം പ്രാപിച്ചത്. എങ്കിലും സീറോ-മലബാര്‍ മാർ തോമാ നസ്രാണികൾ പേത്തുര്‍ത്താ ഞായര്‍ തുടങ്ങി ഉയിര്‍പ്പു ഞായര്‍വരെയുള്ള അമ്പതുദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നു. തന്മൂലം ഇത് അമ്പതു നോമ്പ് എന്നറിയപ്പെടുന്നു. ലൗകികമായ സന്തോഷങ്ങള്‍ ഉപേക്ഷിച്ച് മിശിഹായിലേയ്ക്ക് തിരിയുവാന്‍ നോമ്പുകാലം നമ്മെ ആഹ്വാനം ചെയ്യുന്നു. മിശിഹായുടെ രക്ഷാകരഹസ്യങ്ങളായ പീഡാനുഭവം, കുരിശുമരണം, സംസ്കാരം എന്നിവ വഴി നാഥനുമായി താദാത്മ്യപ്പെടുവാന്‍ നോമ്പുകാലം നമ്മെ പ്രചോദിപ്പിക്കുന്നു.


നോമ്പിന്‍റെ വി. ഗ്രന്ഥാടിസ്ഥാനം

നോമ്പിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വി. ഗ്രന്ഥത്തിലുടനീളം പ്രതിപാദിച്ചിട്ടുണ്ട്. ദൈവസന്നിധിയില്‍നിന്നും പത്തുകല്പനകള്‍ സ്വീകരിക്കുന്നതിനുള്ള ഒരുക്കമായി മോശ ഒന്നും ഭക്ഷിക്കുകയോ, പാനം ചെയ്യുകയോ ചെയ്തില്ലെന്ന് പുറപ്പാട് പുസ്തകം സാക്ഷ്യപ്പെടുത്തുന്നു (പുറ 34: 28). ഫിലിസ്ത്യരുടെ കരങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനായി ഇസ്രായേല്‍ ജനത ദിവസം മുഴുവന്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ ഒരുമിച്ചുകൂടി ഉപവസിക്കുകയും തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറയുകയും ചെയ്തു (1 സാമു 7:6). നാബോത്തിനെതിരായി ചെയ്ത തെറ്റിനെയോര്‍ത്ത് ആഹാബ് രാജാവ് മനസ്തപിക്കുകയും ചാക്കുടുത്ത് ഉപവസിക്കുകയും ചെയ്തു (1 രാജാ 21:27). രാത്രി മുഴുവന്‍ ഉപവാസത്തില്‍ കഴിഞ്ഞ രാജാവിന്‍റെ പ്രാര്‍ത്ഥന വഴി ദാനിയേലിനെ സിംഹങ്ങള്‍ ഉപദ്രവിച്ചില്ല (ദാനി 6:18). ഇസ്രായേല്‍ ജനതയുടെ നാശം മുന്‍കൂട്ടി കാണുന്ന എസ്തേര്‍ രാജ്ഞി മൂന്നു രാത്രിയും പകലും ഉപവാസം പ്രഖ്യാപിച്ചു (എസ്തേര്‍ 12:16). നിനെവേ നഗരത്തിന്‍റെ നാശത്തെ ക്കുറിച്ചുള്ള യോനാപ്രവാചക ന്‍റെ പ്രസംഗം കേട്ട് അവിടെയുള്ളവര്‍ ഉപവാസം പ്രഖ്യാപിക്കുകയും നാശത്തില്‍നിന്ന് രക്ഷപ്പെടുകയും ചെയ്തു (യോന 3:5). ഫനുവേലിന്‍റെ പുത്രിയും ആ ഷേര്‍വംശജയുമായ അന്ന പ്രവാചിക രാപകല്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാര്‍ത്ഥനയിലും കഴിയുകയായിരുന്നുവെന്ന് ലൂക്കായുടെ സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു (ലൂക്കാ 2:37).


കര്‍ത്താവിന് വഴിയൊരുക്കാന്‍ വന്ന യോഹന്നാന്‍ മാംദാന താപസജീവിതമാണ് നയിച്ചിരുന്നത് (മത്താ 3:4). ഈശോ നാല്പതുരാവും നാല്പതു പകലും മരുഭൂമിയില്‍ വച്ച് ഉപവസിച്ചു (മത്താ 4:2). മനുഷ്യനെന്ന രീതിയില്‍ ഈശോ മരുഭൂമിയില്‍ നാല്പതുദിവസങ്ങള്‍ ഉപവസിക്കുകയും ദൈവമെന്ന രീതിയില്‍ മാലാഖമാര്‍ അവനെ ശുശ്രൂഷിക്കുവാന്‍ താഴ്ന്നിറങ്ങുകയും ചെയ്തുവെന്ന് പൗരസ്ത്യ പിതാവായ നിസിബിലെ നര്‍സായി സാക്ഷ്യപ്പെടുത്തുന്നു. പിശാചുബാധിതനെ സുഖപ്പെടുത്തുവാന്‍ ശിഷ്യന്മാര്‍ക്ക് കഴിയാതെ വരുന്നഘട്ടത്തില്‍, പ്രാര്‍ത്ഥനയും ഉപവാസവും കൊണ്ടല്ലാതെ പിശാചുക്കളെ പുറത്താക്കുവാന്‍ കഴിയുകയില്ലെന്നാണ് ഈശോ ശിഷ്യന്മാരെ ഉദ്ബോധിപ്പിക്കുന്നത് (മത്താ 9:28). സാവൂളിന്‍റെ മാനസാന്തരത്തിനുശേഷം മൂന്നു ദിവസത്തേയ്ക്ക് അദ്ദേഹം ഒന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ലെന്ന് അപ്പസ്തോലപ്രവര്‍ത്തനം രേഖപ്പെടുത്തുന്നു (അപ്പ 9:9). ഇവയെല്ലാം നോമ്പിന്‍റെയും ഉപവാസത്തിന്‍റെയും പൊരുളും ശക്തിയും നമ്മുടെ മുന്‍പില്‍ വരച്ചുകാണിക്കുന്ന സംഭവങ്ങളാണ്.


🔸നോമ്പുകാലം: ചരിത്രം


കര്‍ത്താവിന്‍റെ പെസഹാതിരുന്നാളിന് ഒരുക്കമായിട്ടാണ് സഭ നാല്പതുദിവസത്തെ വലിയ നോമ്പ് ആചരിക്കുന്നത്. തെര്‍ത്തുല്യന്‍റെയും (+220) ഹിപ്പോളിറ്റസിന്‍റയും (+235) കാലഘട്ടത്തില്‍ ദുഃഖവെള്ളിയും ദുഃഖശനിയും ഉപവാസദിനങ്ങളായി പാശ്ചാത്യസഭ ആചരിച്ചിരുന്നു. നാലാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ ചില സ്ഥലങ്ങളില്‍ ആറും ചില സ്ഥലങ്ങളില്‍ ഏഴും ആഴ്ചകള്‍ നോമ്പാചരണം നടത്തിയിരുന്നതായി സഭാപിതാക്കന്മാര്‍ വ്യക്തമാക്കുന്നു. പാശ്ചാത്യസഭയില്‍ വിഭൂതി ബുധനാഴ്ചയും ദുഃ ഖവെള്ളിയാഴ്ചയും നിര്‍ബന്ധിത ഉപവാസദിനങ്ങളാണെങ്കില്‍ പൗരസ്ത്യര്‍ക്ക് വലിയ നോമ്പാരംഭ ദിവസമായ തിങ്കളാഴ്ചയും ദുഃഖവെള്ളിയാഴ്ചയും ഉപവാസദിനങ്ങളാണ്. അവര്‍ ഉപവാസദിനങ്ങളില്‍ ഒരു നേരം മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. മത്സ്യ മാംസാദികള്‍ നോമ്പ് കാലത്ത് ആരും ഉപയോഗിച്ചിരുന്നില്ല.

സീറോ-മലബാര്‍ സഭയില്‍ വലിയനോമ്പ് ഏഴാഴ്ചക്കാലമാണ്. ഇതിലെ ഞായറാഴ്ചകള്‍ ഒഴിവാക്കുമ്പോള്‍ മുപ്പത്തിയാറു ദിവസങ്ങള്‍ വരുന്നു. വലിയ ആഴ്ചയിലെ തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങള്‍ കൂടിചേര്‍ത്ത് നാല്പതുദിവസത്തെ വലിയ നോമ്പാചരണം പൂര്‍ത്തിയാക്കുന്നു. വലിയ നോമ്പുകാലത്തിലെ ഏഴാമത്തെ ഞായറാഴ്ചയാണ് കര്‍ത്താവിന്‍റെ മഹത്ത്വപൂര്‍ണ്ണമായ ജറുസലേം പ്രവേശനത്തെ അനുസ്മരിപ്പിക്കുന്ന ഓശാന ഞായര്‍ ആഘോഷിക്കുന്നത്. അതോടുകൂടിയാണ് നമ്മള്‍ വലിയ ആഴ്ചയുടെ ആചരണത്തിന് തുടക്കം കുറിക്കുന്നത്.


അനുതാപവും മാനസാന്തരവും

പ്രാര്‍ത്ഥനയും ഉപവാസവും വഴി ആത്മാവില്‍ ശക്തിപ്പെട്ടാണ് ഈശോ തന്‍റെ പരസ്യജീവിതം ആരംഭിച്ചത്. അങ്ങനെ, പൈശാചികശക്തിയെ പരാജയപ്പെടുത്തുവാനും പ്രലോഭനങ്ങള്‍ക്ക് വശംവദനാകാതിരിക്കുവാനും ഈശോയ്ക്ക് സാധിച്ചു. ഈ ശോയുടെ മഹനീയ മാതൃക അനുകരിച്ചുകൊണ്ട് തിന്മകളെയും പ്രലോഭനങ്ങളെയും പരാജയപ്പെടുത്തുവാന്‍ ഉപവാസമെന്ന ആയുധമെടുക്കുവാന്‍ ഇക്കാലം നമ്മെ ആഹ്വാനം ചെയ്യുന്നു. പ്രാര്‍ത്ഥനയും ഉപവാസവും വഴിയല്ലാതെ ഈ ജാതിയെ പുറത്താക്കാന്‍ പറ്റുകയില്ല എന്ന ഈശോയുടെ വാക്കുകളുടെ ഉള്‍പ്പൊരുള്‍ മനസ്സിലാക്കിക്കൊ ണ്ട് പൈശാചികശക്തികള്‍ക്കെതിരെ സന്ധിയില്ലാസമരം ചെയ്യുവാനും മാനസാന്തരത്തിന്‍റെ സത്ഫലങ്ങള്‍ പുറപ്പെടുവിക്കുവാനും നോമ്പുകാലം ഓര്‍മ്മിപ്പിക്കുന്നു. ഇതിന് നമ്മള്‍ ഭക്ഷണം മാത്രം ഉപേക്ഷിച്ചാല്‍ പോരാ. നമ്മില്‍ കുടികൊള്ളുന്ന വഞ്ചനയും അസൂയയും ദ്രവ്യാസക്തിയും വര്‍ജ്ജിക്കുവാന്‍ നാം തയ്യാറാകണം. അതായത് ശരീരത്തെ ഭക്ഷണത്തില്‍നിന്നും ആത്മാവിനെ തിന്മകളില്‍നിന്നും സ്വതന്ത്രമാക്കുവാനുള്ളതാണ് ഈ കാലം. തിന്മകളെയും കുറവുകളെയും പരിഹരിക്കുവാനും നന്മ പരിശീലിക്കുവാനും നോമ്പുകാലത്ത് നാം പരിശ്രമിക്കണം.

ആദ്ധ്യാത്മികവും ശാരീരികവുമായ രൂപാന്തരീകരണം ആദ്ധ്യാത്മികവും ശാരീരികവുമായ വിശുദ്ധീകരണത്തിനും രൂപാന്തരീകരണത്തിനും നോമ്പുകാലം നമ്മെ സഹായിക്കുന്നു. ദൈവത്തിന്‍റെയും മനുഷ്യരുടെയും സന്നിധിയില്‍ എളിമയുള്ളവരാകാന്‍ നോമ്പുകാലം പ്രേരിപ്പിക്കുന്നു (ഉത്പ 37:34, ജോഷ്വാ 7:6, 1 സാമു 7:6). ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുക, നുകത്തിന്‍റെ കയറുകള്‍ അഴിക്കുക, വിശക്കുന്നവനുമായി ആഹാരം പങ്കു വയ്ക്കുക, മര്‍ദ്ദിതരെ സ്വതന്ത്രരാക്കുക, എല്ലാ നുകങ്ങളും ഒടിക്കുക തുടങ്ങിയവയാണ് നോമ്പി ന്‍റെ ഉള്‍പ്പൊരുളുകളായി വര്‍ത്തിക്കുന്നത് (ഏശ 58:6-7). ദൈവത്തില്‍ അനന്തമായി ആശ്രയിക്കുവാനും മറ്റുള്ളവരെ സഹായിക്കുവാനും നോമ്പ് നമ്മെ സജ്ജരാക്കുന്നു. കൂടാതെ, ഇത് ജീവിതത്തില്‍ വന്നുപോയിട്ടുള്ള പാകപ്പിഴകളില്‍നിന്നും തെറ്റുകുറ്റങ്ങളില്‍നിന്നും വിമുക്തമാക്കുന്നു. ദൈവവും സഹോദരങ്ങളുമായുള്ള അനുരജ്ജനം സാധ്യമാക്കുന്ന നോമ്പ് ആദ്ധ്യാത്മികവും ശാരീരികവുമായ രൂപാന്തരീകരണത്തിലേയ്ക്കും നമ്മെ കൈപിടിച്ചു നടത്തുന്നു.


ശാരീരിക ഉപവാസവും ആത്മനിയന്ത്രണവും നോമ്പിന്‍റെ ഇരുവശങ്ങള്‍ പോലെയാണ്. ആദ്ധ്യാത്മികവും ശാരീരികവുമായ നവീകരണം ഇതിലൂടെ സാധ്യമാകുന്നു. ശാരീരിക ഉപവാസവേളകളില്‍ ചില പ്രത്യേക ഭക്ഷണ- പാനീയങ്ങള്‍, വിനോദങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുന്നത് ഉചിതമാണ്. എന്നാല്‍ നോമ്പിന്‍റെ ആത്മീയമാനമെന്നത് വഞ്ചന, വെറുപ്പ്, അസൂയ, തഴക്കദോഷങ്ങള്‍, ദുഃസ്വഭാവങ്ങള്‍ എന്നിവയില്‍ നിന്നുള്ള പിന്മാറ്റമാണ്. ഉപവാസമെന്നത് ഭക്ഷണം കഴിക്കാതിരിക്കല്‍ മാത്രമല്ല പ്രത്യുത, നയനങ്ങളെ അശുദ്ധമായ കാഴ്ചകളില്‍ നിന്നും, ചെവികളെ അപവാദപ്രചരണങ്ങളില്‍ നിന്നും, കൈകാലുകളെ അനീതിയില്‍നിന്നും, ശരീരത്തിന്‍റെ മറ്റ് അവയവങ്ങളെ തിന്മകളില്‍നിന്നും അകറ്റിനിര്‍ത്തല്‍ കൂടിയാണെന്ന് സഭാപിതാവായ ജോണ്‍ ക്രിസോസ്തോമിന്‍റെ വാക്കുകള്‍ ഈയവസരത്തില്‍ സ്മരണീയമാണ്.

മിശിഹായോടുള്ള താദാത്മീകരണം

മനുഷ്യന്‍ മണ്‍പാത്രത്തിന് തുല്യനാണ്. മണ്‍പാത്രംപോലെ അവന്‍റെ സ്വഭാവം ദുര്‍ബലമാണ്. പക്ഷേ ഈശോ അവനില്‍ വസിക്കാന്‍ തുടങ്ങുമ്പോള്‍ അവന്‍ അമൂല്യമായ പാത്രമായിത്തീരുന്നുവെന്ന് പൗരസ്ത്യപിതാവായ നിസിബിലെ നര്‍സായി പഠിപ്പിക്കുന്നു.

മിശിഹാ നമുക്കുവേണ്ടി കുരിശില്‍ ആത്മദാനം നടത്തിയതു പോലെ നാഥനോട് ഐക്യപ്പെടുവാന്‍ നോമ്പിലൂടെയും ഉപവാസത്തിലൂടെയും ആത്മദാനം നടത്തുവാന്‍ നമ്മള്‍ തയ്യാറാകണം. അപ്രകാരം മറ്റൊരു ക്രിസ്തുവായിത്തീരുവാനും സുവിശേഷത്തിന് ധീരമായ സാക്ഷ്യം വഹിക്കുവാനുമുള്ള അവസരമായി നോമ്പുകാലത്തെ നമ്മള്‍ മനസ്സിലാക്കണം. ഈശോയുടെ പീഡാനുഭവവും സഹനവും മരണവും ഫലമണിയുന്നത് ഉത്ഥാനത്തിലാണ്. നാം അവനോടുകൂടെ മരിച്ചിട്ടുണ്ടെങ്കില്‍ അവനോടുകൂടെ ജീവിക്കും എന്നത് തീര്‍ച്ചയാണ് (2 തിമോ 2:11).


🔸ഉപസംഹാരം


ഈശോയുടെ പീഡാനുഭവത്തിലേയ്ക്കും ഉത്ഥാനത്തിലേക്കും യോഗ്യതാപൂര്‍വ്വം പ്രവേശിക്കുവാന്‍ നമ്മെ ഒരുക്കുകയെന്നതാണ് നോമ്പുകാല പ്രാര്‍ത്ഥനകളുടെയും ഗീതങ്ങളുടെയും കര്‍മ്മങ്ങളുടെയും ലക്ഷ്യം. ഇക്കാലത്തുള്ള നോമ്പും ഉപവാസവും ആത്മീയനവീകരണത്തിലേയ്ക്കും സുവിശേഷാത്മക ആനന്ദത്തിലേയ്ക്കും നമ്മെ കൈപിടിച്ചുയര്‍ത്തുന്നു. നീ മാംസം ഭക്ഷിക്കാതിരിക്കുകയും വിമര്‍ശനവും അപവാദങ്ങളും വഴി നിന്‍റെ സഹോദരനെ വിഴുങ്ങുകയും ചെയ്താല്‍ നീ അനുഷ്ഠിക്കുന്ന നോമ്പിന് പ്രയോജനമുണ്ടാവുകയില്ലെന്ന് വി. ബേസില്‍ ഓര്‍മ്മിപ്പിക്കുന്നു. വചനം ഒരു ദാനമാകുന്നു; മറ്റു വ്യക്തികളും എന്ന ഫ്രാന്‍സിസ് പാപ്പായുടെ 2017- ലെ നോമ്പുകാല സന്ദേശത്തിന്‍റെ അര്‍ത്ഥാന്തരങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ദൈവചനം വായിക്കുവാനും, പാപം ഉപേക്ഷിക്കുവാനും, അപരനെ സ്നേഹിക്കുവാനും ഉതകുന്ന രീതിയില്‍ പ്രാര്‍ത്ഥന ശീലങ്ങളെയും ഉപവാസരീതികളെയും നമുക്ക് ചിട്ടപ്പെടുത്താം. കാരണം, പ്രാര്‍ത്ഥനയുമായി സംയോജിക്കാത്ത ഉപവാസം ഫലം പുറപ്പെടുവിക്കുകയില്ല. പ്രാര്‍ത്ഥനയും ഉപവാസവും വഴിയല്ലാതെ പിശാചുക്കളെ പുറത്താക്കാന്‍ പറ്റുകയില്ല എന്നാണ് ഈശോ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് (മത്താ 17:21). കൂടാതെ, പ്രാര്‍ത്ഥനവഴി മിശിഹായുടെ രക്ഷാകര രഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കുവാനും ഉപവാസം വഴി പ്രലോഭനങ്ങളെ കീഴടക്കുവാനും ജീവിതനവീകരണം വഴി ഉയിര്‍പ്പിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിക്കുവാനും ഉള്ള അവസരമായി നോമ്പുകാലം ഭവിക്കട്ടെ.


- ഫാ. ഫ്രാൻസീസ് പിട്ടാപിള്ളീൽ.

(സിറോ മലബാർ സഭയുടെ ലിറ്റർജിക്കൽ കമ്മീഷൻ അസിസ്റ്റന്റ് സെക്രട്ടറിയായ കോതമംഗലം രൂപതയിൽ നിന്നുള്ള ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ അച്ചന്റെ മനോഹരമായ ലേഖനം. നോമ്പിന്റെ ചൈതന്യത്തിലേക്ക് ഉണരാൻ വായിക്കാം.. ഷെയർ ചെയ്യാം..)


Recent Posts

See All
പള്ളിക്കൂദാശക്കാലം

പള്ളിക്കൂദാശക്കാലം: സഭാമഹത്ത്വീകരണത്തിന്റെ മുന്നാസ്വാദനം റവ. ഡോ. ജോസ് കുറ്റിയാങ്കൽ പൗരസ്ത്യ സുറിയാനി ആരാധനവത്സരത്തിലെ ഏറ്റവും അവസാനത്തേതാണ് പള്ളിക്കൂദാശക്കാലം. ആരാധനാ വർഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ

 
 
 
മാർ മാറി ശ്ലീഹായുടെ തിരുനാൾ, കൈത്താ കാലം രണ്ടാം വെള്ളിയാഴ്ച

കൈത്താക്കാലം രണ്ടാം വെള്ളി മാർ മാറി ശ്ലീഹായുടെ ദുക്റാന. മദ്ധ്യപൂർവ ദേശങ്ങളിലുള്ള പൗരസ്ത്യസുറിയാനി നസ്രാണികൾക്കും ഹെന്ദോയിലെ മാർതോമ്മാ...

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page