ത്യാഗിവര്യനായ കറുകക്കളത്തിൽ ബ. ഗീവർഗീസ് കത്തനാർ (+ഒക്ടോ 11, 1937
- Oct 10, 2023
- 2 min read
*ത്യാഗിവര്യനായ കറുകക്കളത്തിൽ ബ. ഗീവർഗീസ് കത്തനാർ (+ഒക്ടോ 11, 1937*
- ഫാ ജോസ് കൊച്ചുപറമ്പിൽ
സഭയ്ക്കും സമുദായത്തിനുംവേണ്ടി ധീരോദാത്തവും ത്യാഗോജ്ജ്വലവുമായ സംഭാവനകൾ നൽകിയ കറുകക്കളം ബ. ഗീവർഗീസ് കത്തനാരുടെ 86ആം ചരമവാർഷികം 2023 ഒക്ടോബർ 11ന് ആചരിക്കുകയാണ്. സീറോ മലബാർ സഭയിൽ സ്വജാതിമെത്രാന്മാർ ക്കുവേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വംവഹിച്ച നിധീരിക്കൽ മാണിക്കത്തനാർ 1904ൽ ദിവംഗതനായശേഷം ആ ധീരപോരാട്ടം തുടർന്നുകൊണ്ടുപോയത് ഗീവർഗീസ് കത്തനാരുടെ നേതൃത്വത്തിലാണ്. "സ്വജാതിമെത്രാനെ ലഭിപ്പാൻവേണ്ടി ധീരധീര പോരാട്ടം നടത്തിയിട്ടുള്ള വീരപരമ്പരയിലെ അവസാനമഹാനായിരുന്നു ഇദ്ദേഹം. ഇക്കാര്യസാധ്യത്തിനായി മറ്റുള്ളവരെക്കാൾ കൂടുതൽ കഷ്ടപ്പാടും ത്യാഗവും ഇദ്ദേഹം സഹിക്കേണ്ടയതായി വന്നിട്ടുണ്ട്," എന്നാണ് "ഒരു ത്യാഗിവര്യന്റെ നിര്യാണം" എന്ന തലക്കെട്ടിൽ അദ്ദേഹത്തിന്റെ ചരമവേളയിൽ നസ്രാണി ദീപിക പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ പറയുന്നത് (ഒക്ടോ 14, 1937). " ഇങ്ങനെ ഒരു ത്യാഗിവര്യന്റെ ആവിർഭാവംകൊണ്ടാ ണ് ചങ്ങനാശ്ശേരി രൂപത ഇന്ന് കാണുന്ന നിലയിൽ എത്തുവാൻ കാലവിളംബം നേരിടാതിരുന്നത് എന്ന് അനുസ്മരിക്കുമ്പോൾ ഇദ്ദേഹത്തിന്റെ ഒരു സ്മാരകം ചങ്ങനാശ്ശേരിയിൽ സ്ഥാപിക്കേണ്ടത് ഉചിതമായിരിക്കുമെന്നു തോന്നുന്നു" എന്നും പ്രസ്തുത എഡിറ്റോറിയൽ അഭിപ്രായപ്പെടുന്നുണ്ട്.
പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് അദ്ദേഹത്തിന്റെ സംഭാവനകൾ സഭയ്ക്ക് അവിസ്മരണീയമായിത്തീർന്നിട്ടുള്ളത്.
ഒന്നാമതായി, മാർത്തോമാനസ്രാണികളുടെ അഭിമാനബോധവും വിശ്വാസപൈതൃകവും സത്യവിശ്വാസവും ഉറപ്പിച്ചെടുക്കുവാൻ അദ്ദേഹം നേതൃത്വം വഹിച്ചു. ബ്രിട്ടീഷ് പ്രസിഡണ്ട് ആയിരുന്ന മെക്കൻസി 1901ൽ പ്രസിദ്ധീകരിച്ച "തിരുവിതാംകൂറിലെ ക്രിസ്ത്യാനികൾ" എന്ന ലേഖനത്തിൽ മലബാറിലെ സുറിയാനിക്കാർ 1599 നു മുമ്പേ കത്തോലിക്കരായിരുന്നു എന്നും പോർട്ടുഗീസുകാർ അവരെ ലത്തീൻ മെത്രാൻമാരുടെ അധീനതയിലാക്കാൻ ശ്രമിക്കുകയായിരുന്നു എന്നും എഴുതിയതിന് പ്രതികരണമായി കൊച്ചി (Kochi Agus:1903), വരാപ്പുഴ (The Voice of Truth) മൈലാപ്പൂർ (Mylapore Catholic Register), ബോംബെ (Catholic Examiner) രൂപതകളിൽനിന്ന് പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ മാർത്തോമ്മാ ക്രിസ്ത്യാനികൾ 'നെസ്റ്റോറിയന്മാ'രായിരുന്നെന്നും 1599 ലെ ഉദയംപേരൂർ സൂനഹദോസാണ് അവരെ യഥാർത്ഥക്രിസ്ത്യാനികളാക്കിയതെന്നുമുള്ള ആരോപണങ്ങൾ പ്രസിദ്ധീകരിക്കുകയണ്ടായി. അടിസ്ഥാനരഹിതമായഈ ആരോപണങ്ങളെ ഖണ്ഡിച്ചുകൊണ്ട് പണ്ഡിതരായ സുറിയാനി വൈദികരോട് ചേർന്ന് നിധീകരിക്കൽ മാണിക്കത്തനാർ രചിച്ച ഗ്രന്ഥം പ്രസിദ്ധീകരിക്കാൻ തടസ്സം നേരിട്ടപ്പോൾ തന്റെ സ്വന്തം പേരുവെച്ച് അച്ചടിക്കാനുള്ള ധൈര്യം അദ്ദേഹം കാട്ടുകയുണ്ടായി (Rev. C.T. George Cathanar, The Orthodoxy of St. Thomas Christians Containing a Review of some Elucidations by the Bishop of Cochin together with some Vat. Docs. and Notes on the Syrian Christians in Malabar, CMS Press, Kottayam 1904). സീറോ മലബാർ സഭയുടെ ചരിത്രത്തിലെ പ്രഥമ പ്രൗഢഗവേഷണ പ്രബന്ധമാണ് ഈ കൃതി!
സ്വസമുദായത്തിൽ നിന്നുള്ള മെത്രാനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ആശ്രാന്തമായ പരിശ്രമമാണ് രണ്ടാമത്തേത്. തികച്ചും ന്യായവും മാന്യവും നിയമാനുസൃതമായ മാർഗത്തിലൂടെമാത്രമാണ് അതിനുവേണ്ടി അദ്ദേഹം പരിശ്രമിച്ചത്. ഒന്നിനു പിറകെ ഒന്നായി നിരവധി നിവേദനങ്ങളും കമ്പിസന്ദേശങ്ങളും റോമിലേക്ക് അയച്ചുകൊണ്ട് രൂപതയിലെ സാഹചര്യങ്ങളെക്കുറിച്ച് പരിശുദ്ധ സിംഹാസനത്തെ ധരിപ്പിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. അതിന്റെപേരിൽ അദ്ദേഹത്തിനു ഒന്നര വർഷക്കാലത്തേക്ക് തന്റെ മേലധികാരി (1909 ൽ) അംശമുടക്ക് ഏർപ്പെടുത്തിയെങ്കിലും "തന്റേത് സഭയിലെ ഏഴ് വ്യാകുലങ്ങളുടേതു പോലെയോ മാർ കരിയാറ്റിയുടേതോ പാറേമാക്കൽ തോമ്മാ കത്തനാരുടെ പോലുള്ള സഹനം മാത്രമാണ്" എന്ന് ഏറ്റുപറഞ്ഞുകൊണ്ട് അക്ഷോഭ്യനായി തന്റെയും തന്റെ സമൂഹത്തെയും നിലപാടുകളിൽ അദ്ദേഹം ഉറച്ചുനിന്നു (ഗീവർഗീസ് കത്തനാരുടെ ഓർമ്മക്കുറിപ്പുകൾ).നിവർത്തനകാലത്ത് തിരുവിതാംകൂറിൽ 'സംയുക്തക്കാർ' നടത്തിയതുപോലെയുള്ള ഒരു പ്രക്ഷോഭമാണ് അദ്ദേഹം ചങ്ങനാശ്ശേരി രൂപതയിൽ സർവ്വത്ര നടത്തിയത്" എന്ന് മൂന്നുദ്ധരിച്ച ദീപിക എഡിറ്റോറിയൽ വ്യക്തമാക്കുന്നുണ്ട്.
മൂന്നാമതായി, റോമിലേക്ക് ഹർജികൾ അയക്കുന്നതിന് വേണ്ടി അദ്ദേഹം തന്റെ സ്വന്തം കുടുംബസ്വത്ത് വ്യയംചെയ്യുകയും തത്ഫലമായി വലിയ കടബാധ്യതയിൽപ്പെടുകയും ചെയ്തു. ഇതേക്കുറിച്ചെല്ലാം തന്റെ ഓർമ്മക്കുറിപ്പുകളിൽ അദ്ദേഹം വിശദമായി വ്യക്തമാക്കുന്നുണ്ട് (കറുകക്കളത്തിൽ ജെ. ഗീവർഗീസ് കത്തനാരുടെ ഓർമ്മക്കുറിപ്പുകൾ, ഓഗസ്റ്റ് 15, 1930: അപ്രകാശിതം).
അദ്ദേഹത്തിന്റെ ഈ പരിശ്രമങ്ങളുടെ ഫലമായാണ് സഭയിലെ അസ്വസ്ഥതകൾക്ക് ശാശ്വതപരിഹാരമായി തെക്കുംഭാഗക്കാർക്കു വേണ്ടി കോട്ടയം വികാരിയത്ത് സ്ഥാപിതമാവുകയും ചങ്ങനാശ്ശേരിക്ക് മാർ തോമാ കുര്യാളശ്ശേരി മെത്രാൻ നിയമിതനാകുകയും ചെയ്തത്. മാർ കുര്യാളശേരി തോമാ മെത്രാൻ അധികാരമേറ്റ് 1911 ഡിസംബർ 15ആം തീയതി ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ പ്രവേശിച്ച ഉടനെ കറുകളത്തിലച്ചന്റെ അംശമുടക്ക് പിൻവലിച്ചുകൊണ്ട് ഉള്ള കൽപ്പന വായിക്കുകയാണുണ്ടായത്! " ഈ സമയം ദേവാലയത്തിനകത്തു കൂടിയിടുന്ന വൈദികരും ജനങ്ങളും കാട്ടിക്കൂട്ടിയ ആഹ്ലാദചിഹ്നങ്ങൾ ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു" എന്ന് നസ്രാണി ദീപിക റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പിന്നീട് അദ്ദേഹം എടത്വപള്ളി വികാരിയായി നിയമിതനാവുകയും എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനാൽ അവിടെ തുടരാൻ സാധിക്കാതെ സമുദായസേവനങ്ങൾക്കും തന്റെ കടം വീട്ടുവാനുള്ള പരിശ്രമങ്ങൾക്കുമായി സ്വന്തം ഇടവകപ്പള്ളിയായ കുമരങ്കരിയിലേയ്ക്ക് മാറുകയാണ് ഉണ്ടായത്.
അവിടെവെച്ച് 1937 ഒക്ടോബർ 11 തീയതി അദ്ദേഹം അന്തരിച്ചു. സ്വന്തം സ്ഥലത്ത് അദ്ദേഹം പണിയിച്ച ദേവാലയത്തിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
ഏറ്റവും ഒടുവിലായി, കടബാധ്യതകൾ വീട്ടുവാൻവേണ്ടി തന്റെ കുടുംബസ്വത്തിന്റെ ഒരു വലിയ ഭാഗം തന്നെ അദ്ദേഹം രൂപതയെ ഏൽപ്പിക്കുകയുണ്ടായി. കാലാന്തരത്തിൽ ചങ്ങനാശ്ശേരി പാലാ രൂപതകളുടെയും പൊതുസമൂഹത്തിന്റെയും വികസനത്തിന് അത് ഉപകാരപ്പെടുകയും ചെയ്തു എന്നതാണ് വസ്തുത.
അദ്ദേഹം സംഭാവന ചെയ്ത സ്ഥലങ്ങൾ താഴെപ്പറയുന്നവയാണ്: 1. എസ്.എച്ച് സ്കൂൾ ഇരിക്കുന്ന "കറുകക്കുളം തോട്ടം" എന്നറിയപ്പെടുന്ന ഏഴേക്കർ (ചങ്ങനാശ്ശേരി അതിരൂപത ഇന്നലെ, ഇന്ന്, vol II, 657): ഇന്നത്തെ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ- ബൈപ്പാസ് റോഡ്-ഹൌസിങ്ങ് കോളനി ഉൾപ്പെടുന്ന സ്ഥലം).
2. കൂത്രപ്പള്ളി മിസം എസ്റ്റേറ്റ് എന്ന് അറിയപ്പെടുന്ന 45 ഏക്കറോളം സ്ഥലം.
3. പതിനഞ്ച് ഏക്കർ നിലവും പുരയിടവും: കുമരങ്കരി പള്ളിയും സമീപപ്രദേശങ്ങളും: ചങ്ങനാശ്ശേരി പള്ളിയുടെ നിലങ്ങളും.
ഇങ്ങനെ, സഭയ്ക്കും സമുദായത്തിനും പൊതുസമൂഹത്തിനും വേണ്ടി ത്യാഗോജ്ജ്വലമായി ജീവിതം സമർപ്പിച്ച ആ പുണ്യപിതാവിന്റെ പാവനസ്മരണയ്ക്കു മുമ്പിൽ നമുക്ക് ആദരാഞ്ജലികൾ അർപ്പിക്കാം.
ചങ്ങനാശ്ശേരി,
ഒക്ടോബർ 10, 2023.



Comments