മാർ പീലിപ്പോസ്, ചെറിയ യാക്കോബ് ശ്ലീഹന്മാർ
- May 2, 2023
- 2 min read
മെയ് 3
വി. പീലിപ്പോസ് ശ്ലീഹ (എ.ഡി. 80)

യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു പീലിപ്പോസ്. മറ്റൊരു ശിഷ്യനായിരുന്ന പത്രോസിന്റെ സ്‌നേഹിതനായിരുന്നു അദ്ദേഹം. ബേത്‌സയ്ദായിലാണ് പീലിപ്പോസ് ജനിച്ചത്. പത്രോസിനെപ്പോലെ തന്നെ, മല്‍സ്യബന്ധനമായിരുന്നു പീലിപ്പോസിന്റെയും തൊഴില്‍. വിവാഹിതനും ധാരാളം പെണ്‍മക്കളുടെ അച്ഛനുമായിരുന്നെങ്കിലും യേശുവിന്റെ പിന്നാലെ ഒരു മടിയും കൂടാതെ ഇറങ്ങിത്തിരിച്ച ശിഷ്യനാണ് അദ്ദേഹം. യേശുവിനെ അനുഗമിക്കുന്നതിനു മുന്‍പ് പീലിപ്പോസ് സ്‌നാപകയോഹന്നാന്റെ ശിഷ്യനായിരുന്നുവെന്ന് കരുതപ്പെടുന്നു. ഒരു ദിവസം ഈശോ ഗലീലിയയിലേക്കു പോകുമ്പോള്‍ പീലിപ്പോസിനെ കാണുകയും തന്റെ പിന്നാലെ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 'എന്നെ അനുഗമിക്കുക' എന്ന് ഈശോ ആദ്യമായി പറഞ്ഞത് പീലിപ്പോസിനോടായിരുന്നു. അതുകൊണ്ടു തന്നെ, ഈശോ കണ്ടെത്തിയ ശിഷ്യന്‍ എന്നാണ് പീലിപ്പോസ് അറിയപ്പെടുന്നത്. മറ്റുള്ളവരെല്ലാം അവിടുത്തെ പിന്നാലെ പോകുകയായിരുന്നുവല്ലോ. യോഹന്നാന്റെ സുവിശേഷത്തിലാണ് പീലിപ്പോസിനെപ്പറ്റി ഏറെ പരാമര്‍ശങ്ങളുള്ളത്. മറ്റ് സുവിശേഷങ്ങളില്‍ പേരു പറഞ്ഞു പോയിട്ടുണ്ടെന്നു മാത്രം. നഥാനിയേലിനോട് യേശുവിനെ അനുഗമിക്കാന്‍ ആഹ്വാനം ചെയ്യുന്ന പീലിപ്പോസിനെ യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായത്തില്‍ കാണാം. ഈശോയുടെ അടുത്തേക്കു നഥാനിയേലിനെ അദ്ദേഹം കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഈശോ അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റിപ്പോറ്റുന്ന സന്ദര്‍ഭത്തിലും പീലിപ്പോസ് കടന്നുവരുന്നു. ''എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ ഇരുന്നൂറു ദനാറയെങ്കിലും വേണ്ടിവരും'' എന്ന് പീലിപ്പോസ് ഈശോയോട് പറയുന്നുണ്ട്. അന്ത്യത്താഴവേളയില്‍ 'കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരേണമേ' എന്നപേക്ഷിക്കുന്നതും പീലിപ്പോസാണ്. ''ഇത്രയും കാലം ഞാന്‍ നിങ്ങളോടുകൂടിയായിരുന്നിട്ടും പീലിപ്പോസെ, നീ എന്നെ അറിയുന്നില്ല. എന്നെ കാണുന്നവന്‍ എന്റെ പിതാവിനെയും കാണുന്നു'' എന്നാണ് ഈശോ ഇതിനു മറുപടി പറയുന്നത്. നടപടി പുസ്തകത്തിലും പീലിപ്പോസിനെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. സമരിയായിലും ഗ്രീസിലും ഏഷ്യയിലെ ഹീരാപ്പോളിസിലുമൊക്കെ സുവിശേഷം പ്രസംഗിച്ച പീലിപ്പോസ് ഹീരോപ്പോളിസില്‍ വച്ചാണ് മരിക്കുന്നത്. ക്രിസ്തുവര്‍ഷം എണ്‍പതിനോടടുത്തായിരുന്നു അത്. ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ മതമര്‍ദ്ദനകാലം. ഹീരാപ്പോളിസില്‍ ഒരു രാജാവ് ഉണ്ടായിരുന്നില്ല. റോമന്‍ ഗവര്‍ണറുടെ കീഴിലായിരുന്നു ആ രാജ്യത്തിന്റെ ഭരണം. ക്രിസ്തുമതത്തെ നഖശിഖാന്തം എതിര്‍ക്കുകയും ക്രൈസ്തവരെ പീഡിപ്പിക്കുകയും ചെയ്തിരുന്ന ക്രൂരനായ ഗവര്‍ണറായിരുന്നു അയാള്‍. ഒരിക്കല്‍ ഗവര്‍ണറുടെ ഭാര്യക്കു മാറാരോഗം പിടിപ്പെട്ടു. പീലിപ്പോസ് അവിടെയെത്തുകയും അദ്ദേഹത്തിന്റെ പ്രാര്‍ഥനയാല്‍ രോഗം സുഖപ്പെടുകയും ചെയ്തു. എന്നാല്‍, ഗവര്‍ണര്‍ ഇതോടെ കൂടുതല്‍ ക്ഷുഭിതനാകുകയാണ് ചെയ്തത്. അയാള്‍ പീലിപ്പോസിനെ തടവിലാക്കി. കാലിന്റെ കണ്ണയിലും തുടയിലും ദ്വാരങ്ങളുണ്ടാക്കി തലകീഴായി തൂക്കിയിട്ടു പീഡിപ്പിച്ചശേഷമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. പീലിപ്പോസിന്റെ അവസാന വാക്കുകള്‍ ഇങ്ങനെയായിരുന്നു: ''നിന്റെ മഹത്വപൂര്‍ണമായ വസ്ത്രം എന്നെ അണിയിക്കുക. ഈ ലോകത്തിന്റെ ഭരണാധിപന്മാരെയും പൈശാചിക ശക്തികളെയും എതിര്‍ത്തു തോല്‍പിക്കും വരെ എന്നും വിളങ്ങുന്ന നിന്റെ അഭൗമപ്രകാശം എന്നെ വലയം ചെയ്യുക.''
വിശുദ്ധ യാക്കോബ്
യൂദായുടെ സഹോദരനും അപ്പസ്തോലനുമായ യാക്കോബ് ഗലീലിയിലെ കാനാ സ്വദേശിയാണ്. പുതിയനിയമത്തിലെ അപ്പസ്തോലിക ലേഖനങ്ങളില്‍ ഒന്നിന്റെ രചയിതാവുമാണ് വിശുദ്ധ യാക്കോബ്. ഉത്ഥിതനായ യേശുവിനെ കാണുവാന്‍ ഭാഗ്യം ലഭിച്ചവരില്‍ ഒരാള്‍ കൂടിയാണ് വിശുദ്ധ യാക്കോബ് (1 കോറി. 15:7). അപ്പസ്തോലന്‍മാര്‍ നാലുപാടും ചിതറിപോയപ്പോള്‍ വിശുദ്ധ യാക്കോബ് ജെറൂസലേമിലെ മെത്രാനായി അഭിഷിക്തനായി. വിശുദ്ധ പൗലോസ് യാക്കോബിനെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ഗലാത്തിയക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട് (ഗലാ. 1:19).
അപ്പസ്തോലന്‍മാരുടെ കൂടികാഴ്ചയില്‍ പത്രോസിനു ശേഷം സംസാരിച്ചത് യാക്കോബാണെന്ന് അപ്പസ്തോല പ്രവര്‍ത്തനങ്ങളിലും സൂചിപ്പിക്കുന്നു (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 15:13). യേശുവിന്റെ ദിവ്യത്വത്തെ നിരാകരിക്കുവാന്‍ വിശുദ്ധന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മര്‍ദ്ദിക്കുകയും പിന്നീട് ദേവാലയത്തിന്റെ ഗോപുരത്തില്‍ നിന്നും വിശുദ്ധനെ താഴേക്കെറിഞ്ഞു കൊലപ്പെടുത്തുകയായിരിന്നു.
ആരാധനക്രമത്തില്‍ വളരെ ഹൃദയസ്പര്‍ശിയായ വിവരണമാണ് ഇതിനേപ്പറ്റി നല്‍കിയിട്ടുള്ളത്. “അവനു 96 വയസ്സായപ്പോഴേക്കും അവന്‍ സഭയെ 36 വര്‍ഷത്തോളം വളരെ നല്ല രീതിയില്‍ ഭരിച്ചുകഴിഞ്ഞിരുന്നു. അവനെ കല്ലെറിഞ്ഞു കൊല്ലുവാന്‍ ജൂതന്‍മാര്‍ പദ്ധതിയിടുകയും, ക്ഷേത്രത്തിന്റെ ഗോപുരത്തില്‍ കൊണ്ട് പോയി തലകീഴായി താഴത്തേക്ക് ഏറിയുകയും ചെയ്തു. വീഴ്ചയുടെ ആഘാതത്തില്‍ കാലുകള്‍ ഒടിഞ്ഞ് അവന്‍ അര്‍ദ്ധപ്രാണനായി കിടക്കുമ്പോള്‍, അവന്‍ തന്റെ കരങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി തന്റെ ശത്രുക്കളുടെ മോക്ഷത്തിനായി ഇപ്രകാരം പ്രാര്‍ത്ഥിച്ചു. 'ദൈവമേ അവരോടു ക്ഷമിക്കണമേ, കാരണം അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല' അപ്പസ്തോലന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ, മാരകമായ ഒരു മര്‍ദ്ദനം കൊണ്ട് അവന്റെ തലപിളര്‍ന്നു”.
റോമിലെ ഹോളി അപ്പോസ്തല്‍സ് ദേവാലയത്തില്‍ വിശുദ്ധ ഫിലിപ്പോസിന്റെ തിരുശേഷിപ്പുകള്‍ക്ക് സമീപത്തായിട്ടാണ് വിശുദ്ധ യാക്കോബിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളത്. ആരാധന നിയമത്തില്‍ ഈ വിശുദ്ധരുടെ പേരുകള്‍ ആദ്യ പട്ടികയില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്.



Comments