top of page

നോമ്പ് :അര്‍ത്ഥവുംആചരണവും

നോമ്പ്: അര്‍ത്ഥവും ആചരണവും


ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ


ആമുഖം


നോമ്പ് അഥവാ നോയമ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഏതൊക്കെ നോമ്പുകള്‍ ആരെല്ലാം അനുഷ്ഠിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു? കാനന്‍ നിയമത്തിന് ഈ വിഷയസംബന്ധിയായി എന്താണ് പറയുവാനുള്ളത്? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ചുരുക്കമായി ഉത്തരം നല്‍കുവാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം.


ലത്തീന്‍ സഭയുടെ കാനന്‍ നിയമത്തിലെ 1249-ാം കാനോന ഇപ്രകാരം വ്യക്തമാക്കുന്നു: "എല്ലാ കത്തോലിക്കാവിശ്വാസിയും, ദൈവീക നിയമപ്രകാരം, ഓരോരുത്തരും അവനവന്‍റെ രീതിയില്‍ നോമ്പ് അനുഷ്ഠിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു." ഇവിടെ നോമ്പ് എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് 'penance' എന്ന പദമാണ്. പ്രസ്തുത പദത്തിന് നോമ്പ്, തപസ്സ്, പ്രായശ്ചിത്തം എന്നിങ്ങനെ വിവിധങ്ങളായ അര്‍ത്ഥങ്ങളുണ്ട്. ഏതായാലും, മുകളിലുദ്ധരിച്ച കാനോനപ്രകാരം ഓരോ വിശ്വാസിയും നോമ്പ് അഥവാ പ്രായശ്ചിത്തം അനുഷ്ഠിക്കേണ്ടതുണ്ട്. അത് തന്‍റെ ആന്തരികമായ പശ്ചാത്താപത്തിന്‍റെയും മാനസാന്തരത്തിന്‍റേതുമായ ബാഹ്യമായ അടയാളങ്ങളാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, അത് ഓരോ വ്യക്തിയുടെയും പ്രായശ്ചിത്ത പ്രവൃത്തികളാണ്. ഇങ്ങനെയുള്ള പ്രായശ്ചിത്ത പ്രവൃത്തികള്‍ ഓരോ വ്യക്തിയും വ്യക്തിപരമായി അനുഷ്ഠിക്കേണ്ടതുണ്ട്. എന്നാല്‍, സഭ, വിശ്വാസികളുടെ ഒരു കൂട്ടായ്മയെന്ന നിലയില്‍ സഭാമക്കളെല്ലാം ഒരുമിച്ച് ആരാധനാവത്സരത്തിലെ ചില കാലഘട്ടങ്ങളില്‍ ഒന്നിച്ച് അനുഷ്ഠിക്കുന്ന പ്രായശ്ചിത്തത്തിന്‍റെ ചില പ്രവൃത്തികളുണ്ട്. അവയ്ക്കാണ് നാം പൊതുവേ നോമ്പ് എന്ന് പറയുന്നത്. ആരാധനാവത്സരത്തിലെ ചില കാലങ്ങളിലും ചില ദിനങ്ങളിലും സഭാസമൂഹം ഇങ്ങനെയൊരു കൂട്ടായ്മയായി അനുഷ്ഠിക്കുന്ന നോമ്പുകള്‍ ചില ഭക്ഷണസാധനങ്ങളുടെ വര്‍ജ്ജനവും അതുപോലെ ഉപവാസവുമാണ്. എന്നിരുന്നാലും അതിലുപരിയായുള്ള നോമ്പ് അഥവാ പ്രായശ്ചിത്ത പ്രവൃത്തികള്‍ അനുഷ്ഠിക്കുവാന്‍ ഓരോ വിശ്വാസിക്കും, തന്‍റേതായ അവസ്ഥയുടെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ടുതന്നെ, കടമയുണ്ട് താനും.


1. ഉപവാസവും പ്രായശ്ചിത്ത പ്രവൃത്തികളും വിശുദ്ധ ഗ്രന്ഥത്തില്‍


പഴയനിയമത്തില്‍, ദൈവം അറിയിച്ച ശിക്ഷയില്‍നിന്ന് രക്ഷപ്പെടുവാനായി ഉപവാസം പ്രഖ്യാപിച്ച നിനിവേ നിവാസികളുടെ ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്, ഉപവാസം, ചാക്കുവസ്ത്രം ധരിക്കല്‍, ചാരത്തില്‍ ഇരിക്കല്‍, ദുര്‍മാര്‍ഗങ്ങളില്‍നിന്ന് പിന്‍തിരിയല്‍, തീക്ഷ്ണമായ പ്രാര്‍ത്ഥന എന്നിവയിലൂടെയാണ് അവര്‍ ദൈവത്തെ പ്രസാദിപ്പിച്ചതും ആസന്നമായ ദൈവകോപത്തില്‍നിന്നും ശിക്ഷയില്‍നിന്നും രക്ഷപ്പെട്ടതുമെന്നാണ് (യോന 3: 4-10). യോനാ പ്രവാചകന്‍റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് നമ്മുടെ പാപപ്പരിഹാരത്തിനും ദൈവികശിക്ഷയില്‍നിന്ന് മോചിതരാകുവാനും ഉപവാസം തുടങ്ങിയുള്ള പ്രായശ്ചിത്ത പ്രവൃത്തികള്‍ ഉപകരിക്കുമെന്നതാണ്.


പുതിയ നിയമത്തിലേക്ക് വരുമ്പോള്‍, തന്‍റെ പരസ്യജീവിതാരംഭത്തിന് മുമ്പായിത്തന്നെ നാല്‍പ്പത് രാവും നാല്‍പ്പത് പകലും ഉപവസിച്ച കര്‍ത്താവിന്‍റെ ചിത്രമാണ് (മത്താ 4:2) നമ്മുടെ മനസ്സിലേക്ക് ആദ്യമായി കടന്നുവരിക. ആ ഉപവാസത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും ആന്തരികശക്തികൊണ്ടാണ് അവിടുന്ന് താന്‍ നേരിടേണ്ടിവന്ന പ്രലോഭനങ്ങളുടെമേല്‍ വിജയം വരിച്ചതെന്നും വ്യക്തം. അപസ്മാര രോഗിയെ ആവസിച്ചിരുന്ന പിശാചിനെ ബഹിഷ്കരിക്കുന്ന കര്‍ത്താവ് "പ്രാര്‍ത്ഥനയും ഉപവാസവും കൊണ്ട് മാത്രമേ ഈ വര്‍ഗ്ഗത്തെ ബഹിഷ്കരിക്കുവാന്‍ സാധിക്കുകയുള്ളൂ" എന്ന് തന്‍റെ ശിഷ്യന്മാരെ ഓര്‍മ്മിപ്പിക്കുന്നുമുണ്ട് (മത്താ 17:21). എന്നാല്‍, എങ്ങനെയാണ് ഉപവസിക്കേണ്ടതെന്നും മലയിലെ പ്രസംഗത്തിലൂടെ അവിടുന്ന് നമ്മെ ഇങ്ങനെ പഠിപ്പിക്കുന്നു: "നീ ഉപവസിക്കുന്നതായി മനുഷ്യര്‍ക്ക് കാണപ്പെടാതിരിക്കാന്‍, ഉപവസിക്കുമ്പോള്‍ നീ തലയില്‍ തൈലം പൂശുകയും മുഖം കഴുകുകയും ചെയ്യുക. അപ്പോള്‍ നിന്‍റെ അദൃശ്യനായ പിതാവ് മാത്രം കാണും. രഹസ്യത്തില്‍ നീ ചെയ്യുന്നത് കാണുന്ന നിന്‍റെ പിതാവ് നിനക്ക് പ്രതിഫലം നല്‍കുകയും ചെയ്യും" (മത്താ 6:17-18).


പൗലോസ് ശ്ലീഹാ കോറിന്തിലെ സഭയ്ക്ക് ഇപ്രകാരം എഴുതുന്നു: "മറ്റുള്ളവരോട് സുവിശേഷം പ്രസംഗിച്ച ഞാന്‍ തന്നെ തിരസ്കൃതനാകാതിരിക്കുന്നതിന് എന്‍റെ ശരീരത്തെ ഞാന്‍ കര്‍ശനമായി നിയന്ത്രിച്ച് കീഴടക്കുന്നു" (1 കോറി 9:27). മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ജഡികതയും ആത്മീയതയുമുള്ള മനുഷ്യന്‍, താന്‍ ആത്മീയതയില്‍ വളരുന്നതിന് ജഡത്തിന്‍റെ പ്രവണതകളെ നിയന്ത്രിക്കുന്നതിനും തപസ്സിന്‍റെയും പ്രായശ്ചിത്തത്തിന്‍റെതുമായ പ്രവൃത്തികളില്‍ ഏര്‍പ്പെടേണ്ടതായിട്ടുണ്ട് എന്ന വസ്തുതയാണ് ശ്ലീഹാ ഈ വചനത്തിലൂടെ തന്‍റെ അനുവാചകരെ ഓര്‍മ്മപ്പെടുത്തുന്നത്.


2. ഉപവാസവും മാംസവര്‍ജ്ജനവും


കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍

"സഭ നിശ്ചയിക്കുന്ന ദിവസങ്ങളില്‍ മാംസഭക്ഷണം വര്‍ജ്ജിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുക" എന്ന തിരുസ്സഭയുടെ കല്‍പ്പനകളിലെ നാലാം കല്‍പ്പന വിശദീകരിച്ചുകൊണ്ട്, കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം (CCC) 2043-ാം നമ്പര്‍ ഇങ്ങനെ വിശദീകരിച്ചിരിക്കുന്നു: "നാലാമത്തെ കല്‍പ്പന ആരാധനക്രമപരമായ തിരുനാളുകള്‍ക്ക് നമ്മെ സജ്ജരാക്കുന്ന ആത്മസംയമനത്തിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും കാലങ്ങളെ ഉറപ്പുവരുത്തുന്നു; നമ്മുടെ വാസനകളുടെയും ഹൃദയ സ്വാതന്ത്ര്യത്തിന്‍റെയുംമേല്‍ അധീശത്വം നേടാന്‍ അവ നമ്മെ സഹായിക്കുന്നു."

ക്രൈസ്തവ ജീവിതത്തില്‍


പ്രായശ്ചിത്തത്തിന്‍റെ വിവിധ രൂപങ്ങള്‍ എന്ന തലക്കെട്ടില്‍, നോമ്പിന്‍റെ വിവിധ വശങ്ങളെപ്പറ്റി കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ 1434 മുതല്‍ 1439 വരെയുള്ള നമ്പരുകളില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 1438-ാം നമ്പരില്‍ നാം ഇങ്ങനെ വായിക്കുന്നു: "ആരാധനാ വത്സരത്തില്‍ വരുന്ന പ്രായശ്ചിത്ത കാലങ്ങളും ദിവസങ്ങളും (വലിയ നോമ്പും കര്‍ത്താവിന്‍റെ മരണത്തെ അനുസ്മരിക്കുന്ന ഓരോ വെള്ളിയാഴ്ചയും) സഭയുടെ പ്രായശ്ചിത്ത പരിശീലനത്തിന്‍റെ മഹനീയ സന്ദര്‍ഭങ്ങളാണ്. ഈ സന്ദര്‍ഭങ്ങള്‍, ആധ്യാത്മികാഭ്യാസങ്ങള്‍ക്കും പ്രായശ്ചിത്തശുശ്രൂഷകള്‍ക്കും പ്രായശ്ചിത്തത്തിന്‍റെ അടയാളങ്ങളെന്ന നിലയിലുള്ള തീര്‍ത്ഥാടനങ്ങള്‍ക്കും ഉപവാസം, ധര്‍മ്മദാനം, സാഹോദര്യപരവുമായ പങ്കുവെക്കല്‍ (ജീവകാരുണ്യപരവും പ്രേക്ഷിത പ്രവൃത്തിപരവുമായ പ്രവൃത്തികള്‍) മുതലായ സ്വമേധയാ ഏറ്റെടുക്കുന്ന ആത്മപരിത്യാഗകര്‍മ്മങ്ങള്‍ക്കും പ്രത്യേകവിധം ചേര്‍ന്നവയാണ്." ലത്തീന്‍സഭയില്‍ ഉയര്‍പ്പ് തിരുന്നാളിന് മുമ്പുള്ള നോമ്പും വെള്ളിയാഴ്ചകളിലെ മാംസാഹാരവര്‍ജ്ജനവും മാത്രമേ പൊതുവായിട്ടുള്ള നോമ്പാചരണത്തിന്‍റെ ഭാഗമായി ഉള്ളൂ എന്നതിനാലാണ് ഈ നമ്പരില്‍ ആ രണ്ട് കാര്യങ്ങള്‍ മാത്രം സൂചിപ്പിച്ചിരിക്കുന്നത്.


ഇതേ മതബോധന ഗ്രന്ഥത്തിലെ 1434-ാം നമ്പരില്‍ നോമ്പാചരണത്തിന്‍റെ അന്തസത്ത ഇങ്ങനെ വിശദീകരിക്കപ്പെട്ടിരിക്കുന്നു: "ക്രൈസ്തവന്‍റെ ആന്തരികമായ പശ്ചാത്താപം വളരെ വ്യത്യസ്തങ്ങളായ രീതികളില്‍ പ്രകടിപ്പിക്കപ്പെടാം. വിശുദ്ധ ലിഖിതങ്ങളും സഭാപിതാക്കന്മാരും സര്‍വോപരി മൂന്ന് മാര്‍ഗ്ഗ ങ്ങള്‍ ഊന്നിപ്പറയുന്നു: ഉപവാസം, പ്രാര്‍ത്ഥന, ദാനധര്‍മ്മം. ഇവ തന്നോടുതന്നെയും ദൈവത്തോടും മറ്റുള്ളവരോടുമുള്ള ബന്ധത്തില്‍ മാനസാന്തരത്തെ വെളിവാക്കുന്നു. മാമ്മോദീസായോ രക്തസാക്ഷി ത്വമോ നല്‍കുന്ന മൗലീകമായ വിശദീകരണത്തോടൊപ്പം പാപപ്പൊറുതിക്കുള്ള ഉപാധികളായി താഴെപ്പറ യുന്നവയെക്കൂടി സൂചിപ്പിക്കുന്നു: അയല്‍ക്കാരനുമായി രമ്യപ്പെടുവാനുള്ള പരിശ്രമം, അനുതാപത്തിന്‍റെ കണ്ണുനീര്‍, അയല്‍ക്കാരന്‍റെ രക്ഷയിലുള്ള താല്‍പ്പര്യം, വിശുദ്ധന്മാരുടെ മാധ്യസ്ഥ്യം, "എണ്ണമറ്റ പാപങ്ങളെ മറയ്ക്കുന്ന" ഉപവിയുടെ പരിശീലനം."


3. നോമ്പ് സിറോ-മലബാര്‍ സഭയില്‍


പൗരസ്ത്യ കാനോന സംഹിതയിലെ 882-ാം കാനോന ഇങ്ങനെ അനുശാസിക്കുന്നു: "പ്രായശ്ചിത്ത ദിനങ്ങളില്‍ സ്വന്തം സ്വയാധികാരസഭയുടെ പ്രത്യേക നിയമം അനുശാസിക്കുന്ന പ്രകാരം ഉപവാസമോ (മാംസ) വര്‍ജ്ജനമോ പാലിക്കുവാന്‍ ക്രൈസ്തവ വിശ്വാസികള്‍ കടപ്പെട്ടിരിക്കുന്നു." ഇതിന്‍പ്രകാരം, സിറോ-മലബാര്‍ സഭയുടെ പ്രത്യേക നിയമ (particular law) ത്തില്‍ 196 മുതല്‍ 198 വരെയുള്ള ആര്‍ട്ടി ക്കിളുകളില്‍, ഈ സഭാംഗങ്ങള്‍ പാലിക്കേണ്ടണ്ട നോമ്പ് എന്താണെന്ന് വിശദമാക്കിയിട്ടുണ്ട്.


അതിന്‍പ്രകാരമാണ് "ഉപവാസദിവസങ്ങളില്‍ ഒരുനേരം മുഴുവന്‍ ഭക്ഷണം കഴിക്കാവുന്നതാണ്" (art 196, §1). "ഭക്ഷണവര്‍ജ്ജനം (abstinence) പാലിക്കേണ്ടത് മാംസഭക്ഷണവും മാംസവസ്തുക്കള്‍ ചേര്‍ന്ന ഭക്ഷണവും (meat and meat products) വര്‍ജ്ജിച്ചുകൊണ്ടാണ്" (art 196, §2). മറ്റൊരുവാക്കില്‍ പറഞ്ഞാല്‍ മാംസവര്‍ജ്ജനം മാത്രമേ നോമ്പിന്‍റെ ഭാഗമായി സിറോ-മലബാര്‍ വിശ്വാസികള്‍ ഉപേക്ഷിക്കണമെന്ന് സഭാനിയമം നിര്‍ദ്ദേശിക്കുന്നുള്ളൂ; അല്ലാതെ, മത്സ്യം, മുട്ട, പാല്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം നോമ്പിന്‍റെ ഭാഗമായുള്ള ഭക്ഷ്യവര്‍ജ്ജനത്തിന്‍റെ ഭാഗമായി സിറോ-മലബാര്‍ സിനഡ് നിഷ്കര്‍ഷിച്ചിട്ടില്ല എന്നത് വ്യക്തം. എന്നിരുന്നാലും, നിയമം നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടുന്നത് ഏറ്റവും കുറച്ച് (minimum) മാത്രമാണെന്ന് മനസ്സിലാക്കിക്കൊണ്ട് നോമ്പിന്‍റെ ഭാഗമായി, ഓരോരുത്തരും മാംസവര്‍ജ്ജനത്തിന് പുറമേ, തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ വര്‍ജ്ജിച്ചുകൊണ്ട് തന്‍റെ ആത്മീയശക്തി വര്‍ദ്ധിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തീര്‍ച്ചയായും ശ്ലാഘനീയം തന്നെ. എന്നിരുന്നാലും, ജീവനും ആരോഗ്യവും സംരക്ഷിക്കുകയെന്നത് ഓരോ വ്യക്തിയുടെയും അടിസ്ഥാനപരമായ ഉത്തരവാദിത്വമാകയാല്‍, ആരോഗ്യത്തിന് ക്ഷതം വരുത്തുന്ന രീതിയിലുള്ള നോമ്പാചരണം തീര്‍ച്ചയായും ദൈവഹിതത്തിനെതിരായുള്ളതായിക്കരുതി വര്‍ജ്ജിക്കേണ്ടതുതന്നെ. അതിനാല്‍, ഉപവാസദിനങ്ങളിലും പ്രമേഹ രോഗികള്‍ തങ്ങളുടെ ആരോഗ്യത്തെപ്രതി സമയാസമയ ങ്ങളില്‍ അത്യാവശ്യത്തിനുള്ള ഭക്ഷണം കഴിക്കുകയും അവര്‍ തങ്ങളുടെ നോമ്പാചരണത്തിന്‍റെ ഭാഗമായി ടിവി കാണല്‍, മൊബൈല്‍ ഫോണിന്‍റെ ഉപയോഗം തുടങ്ങി ആരോഗ്യത്തെ ബാധിക്കാത്ത മറ്റ് പ്രായശ്ചിത്ത പ്രവൃത്തികള്‍ പകരം ചെയ്യുന്നതുമായിരിക്കും ഉചിതം.


ഉപവാസദിവസങ്ങളായി സിറോ-മലബാര്‍ സഭാനിയമം അനുശാസിക്കുന്ന ദിനങ്ങള്‍ വെറും 2 മാത്രമാണ്: വലിയ നോമ്പിന്‍റെ ആരംഭദിനവും (വിഭൂതി തിങ്കള്‍) ദുഃഖവെള്ളിയും (cf. art 197). വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചയും സാധിക്കുന്നവര്‍ ഉപവസിക്കുന്നത് സിറോ-മലബാര്‍ സഭാനിയമം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഉപവാസദിനങ്ങളിലെ ഭക്ഷണരീതിയെ അപഗ്രഥിക്കുമ്പോള്‍ ഒരുനേരം മൃഷ്ടാന്നഭോജനം നടത്തി ബാക്കി ദിവസം മുഴുവന്‍ പട്ടിണി കിടക്കണം എന്നുള്ളതല്ല പ്രാധാന്യമര്‍ഹി ക്കുന്ന കാര്യം. വിശപ്പനുഭവിക്കുക; പാവപ്പെട്ടവരോട് താദാത്മ്യപ്പെടുക; അത്യാവശ്യത്തിന് ഭക്ഷണം കഴിക്കുക; നാല്‍പ്പത് രാവും നാല്‍പ്പത് പകലും ഉപവസിച്ച കര്‍ത്താവിനോട് താദാത്മ്യപ്പെടുവാന്‍ ശ്രമിക്കുക; ശരീരവാഞ്ചകളില്‍ ഒന്നായ ആഹാരത്തോടുള്ള താല്‍പ്പര്യത്തെ - വിശപ്പിനെ - ശിക്ഷണംകൊണ്ട് നിയന്ത്രിക്കുക തുടങ്ങിയ ആഴമായ അര്‍ത്ഥതലങ്ങളുണ്ടതിന്. ആഹാരത്തിന്‍റെയോ ഉദരത്തിന്‍റെയോ അടിമയല്ല താനെന്ന് ഓരോ വ്യക്തിയും പ്രഖ്യാപിക്കുന്ന ഒരു ആത്മീയ പ്രവൃത്തിയാണത്.


നിര്‍ബന്ധിത മാംസവര്‍ജ്ജനം സിറോ-മലബാര്‍ സഭ അനുശാസിച്ചിരിക്കുന്നത് ആണ്ടുവട്ടത്തിലെ എല്ലാ വെള്ളിയാഴ്ചകളിലുമാണ്. എന്നാല്‍ ക്രിസ്തുമസ്സിനും ദനഹാ തിരുനാളിനും ഇടയ്ക്ക് വരുന്ന ഒരു വെള്ളിയാഴ്ച അഥവാ 2 വെള്ളിയാഴ്ചകളിലും ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ആദ്യ വെള്ളിയാഴ്ചയിലും മാംസാഹാരം അനുവദനീയമാണ്. കാരണം, അവ ആഘോഷങ്ങളുടെ ദിവസങ്ങളാണ്. പിറവിത്തിരുനാള്‍ മുതല്‍ ദനഹാ തിരുനാള്‍ വരെയുള്ള ദിനങ്ങള്‍ ക്രിസ്തുമസ്സിന്‍റെ തിരുനാളിന്‍റെ തുടര്‍ച്ചയായാണ് സഭ കരുതുന്നത്. അതുപോലെതന്നെ, ഉയിര്‍പ്പ് തിരുനാളിന് ശേഷമുള്ള ആദ്യവെള്ളി സിറോ-മലബാര്‍ സഭയില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ദിനവുമാണ്.


സിറോ-മലബാര്‍ സഭയിലെ നോമ്പുകള്‍ താഴെപ്പറയുന്നവയാണ്: 1) ഉയിര്‍പ്പ് തിരുനാളിന് മുമ്പുള്ള 50 നോയമ്പ്; 2) പിറവിത്തിരുനാളിന് മുമ്പുള്ള 25 നോയമ്പ്; 3) മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണത്തിന് മുമ്പുള്ള 15 നോയമ്പ്; 4) മാതാവിന്‍റെ പിറവിത്തിരുനാളിന് മുമ്പുള്ള 8 നോയമ്പ്; 5) അമ്പത് നോയമ്പിന് രണ്ടാഴ്ച മുമ്പുള്ള 3 നോയമ്പ്. ഇതില്‍ നാം പൊതുവേ 25 നോമ്പ് എന്നുപറയുന്ന കാലഘട്ടത്തെ സിറോ-മലബാര്‍ സഭയുടെ പ്രത്യേക നിയമം 25 ദിവസമായിട്ടല്ല വിശേഷിപ്പിക്കുന്നത്; പ്രത്യുത, മംഗളവാര്‍ത്തക്കാല (സുവാറ) നോമ്പ് എന്നാണ്. അതിനര്‍ത്ഥം പ്രസ്തുത നോമ്പ് ആരംഭിക്കുന്നത് ഡിസംബര്‍ ഒന്നാം തീയതി അല്ല; പ്രത്യുത മംഗളവാര്‍ത്തക്കാലത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് എന്നതുതന്നെ. മുകളില്‍ വിവരിച്ചിരിക്കുന്ന അഞ്ചുവിധ നോമ്പുകാലങ്ങളിലും മാംസവര്‍ജ്ജനം സിറോ- മലബാര്‍ സഭാനിയമപ്രകാരം ശിപാര്‍ശ ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും മാത്രമേ ചെയ്യുന്നുള്ളൂ; അല്ലാതെ നിര്‍ബന്ധിതമാക്കിയിട്ടില്ല. അതിനാല്‍ത്തന്നെ പ്രസ്തുത നോമ്പുകാലങ്ങളില്‍, വെള്ളിയാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ മാംസഭക്ഷണം കഴിക്കുന്നത് കുമ്പസാരിക്കേണ്ടണ്ട പാപമല്ല. എന്നിരുന്നാലും, മേല്‍ സൂചിപ്പിച്ച അഞ്ച് നോമ്പ് കാലഘട്ടങ്ങളിലും തപസ്സിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും അരൂപിയില്‍ ചില ത്യാഗപ്രവൃത്തികളെങ്കിലും ചെയ്യുന്നത് അത്യുത്തമമാണ്. അത് മാംസം വര്‍ജ്ജിക്കുന്നതിനുപരിയോ പകരമോ ആയി മദ്യം വര്‍ജ്ജിക്കുന്നതോ, പുകവലി തുടങ്ങിയ മറ്റ് ദുര്‍സ്വഭാവങ്ങളില്‍നിന്ന് മാറുവാനുള്ള ശ്രമമോ, പാവപ്പെട്ടവരെ സാമ്പത്തികമായി സഹായിക്കലോ, രോഗീസന്ദര്‍ശനം, പാപികളുടെ മാനസാന്തരത്തിനായുള്ള പ്രാര്‍ത്ഥന തുടങ്ങിയ മറ്റ് നന്മപ്രവര്‍ത്തികളുമോ ഒക്കെയാവാം. മാംസം വര്‍ജ്ജിച്ചാലും ഇല്ലെങ്കിലും ഏഷണി വര്‍ജ്ജിക്കുകയും സ്നേഹത്തില്‍ വളരാന്‍ പരിശ്രമിക്കുകയും വീട്ടിലും ചുറ്റുപാടിലുമുള്ളവരുടെ നന്മ കാണുവാന്‍ ശ്രമിക്കുകയും നല്ലത് മാത്രം പറയാന്‍ ശ്രമിക്കുകയുമായാല്‍ത്തന്നെ, അത് മനോഹരമായ നോമ്പാചരണം തന്നെയാകും. മാംസം വര്‍ജ്ജിക്കുക എന്ന് സഭ നിര്‍ദ്ദേശിക്കുവാന്‍ കാരണം, എല്ലാവര്‍ക്കും ഏറ്റവും ഇഷ്ടമുള്ള ഭക്ഷണപദാര്‍ത്ഥം മാംസമാണ് എന്നുള്ള അനുമാനത്തിലാണ്. എന്നാല്‍, മാംസാഹാരം കഴിക്കാത്തവര്‍, പകരം അവര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം വര്‍ജ്ജിച്ചുകൊണ്ട് നോമ്പ് ആചരിക്കുന്നത് കൂടുതല്‍ അര്‍ത്ഥവത്താണ്. ഇഷ്ടമുള്ള ചില കാര്യങ്ങള്‍ വേണ്ടായെന്ന് മനസ്സിനെ പഠിപ്പിക്കുന്ന ശിക്ഷണമാണ് നോമ്പിന്‍റെ കാതല്‍. എന്‍റെ ശരീരമല്ല; പ്രത്യുത, എന്‍റെ ഇച്ഛാശക്തിയാണ് എന്നെ നിയന്ത്രിക്കുന്നതെന്ന ആത്യന്തിക വീക്ഷണമാണ് നോമ്പാചരണത്തിന്‍റെ അടിസ്ഥാനം. അതിനാല്‍ത്തന്നെ, കുറെ മണിക്കൂറുകളിലേക്കെങ്കിലും നോമ്പുകാലത്ത് ഫോണിന്‍റെ ഉപയോഗം വേണ്ടായെന്ന് വയ്ക്കുന്നതോ ഇഷ്ടപ്പെട്ട ടിവി പ്രോഗ്രാം വേണ്ടെന്ന് വയ്ക്കുന്നതുമൊക്കെ നോമ്പിന്‍റെ അരൂപിയില്‍ ചെയ്യുവാന്‍ സാധിക്കുന്ന പ്രായശ്ചിത്ത പ്രവൃത്തികളാണ്. അതിലൊക്കെ ഉപരിയായി, ഞാന്‍ മാംസവും, മത്സ്യവും, മുട്ടയും, പാലുമൊക്കെ വര്‍ജ്ജിച്ച് നോമ്പാചരിച്ചപ്പോള്‍ നീ ഇവയൊന്നും ചെയ്തില്ല എന്ന് വിധിക്കുന്ന ആത്മീയ അഹന്ത നമ്മെ ഒട്ടും ബാധിക്കാതിരിക്കുവാന്‍ നാമോരോരുത്തരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സ്നേഹത്തിലും ത്യാഗത്തിലും ആത്മീയതയിലും വളരുവാന്‍ നമ്മെ സഹായിക്കുന്നതാവണം നമ്മുടെ നോമ്പാചരണം.


4. നോമ്പാചരണം ലത്തീന്‍ സഭയില്‍


സിറോ-മലബാര്‍ സഭയില്‍ അഞ്ച് നോമ്പുകാലങ്ങളുണ്ടെങ്കില്‍ ലത്തീന്‍ സഭയില്‍ ഉയിര്‍പ്പ് തിരുനാളിന് മുമ്പുള്ള വിഭൂതി ബുധനാഴ്ച ആരംഭിക്കുന്ന വലിയ നോമ്പ് (lent) മാത്രമേയുള്ളൂ. ലത്തീന്‍ സഭയുടെ കാനന്‍ നിയമം ഇങ്ങനെ അനുശാസിക്കുന്നു: "നോമ്പിന്‍റെ (പ്രായശ്ചിത്തത്തിന്‍റെ) ദിനങ്ങള്‍ സാര്‍വത്രിക സഭയില്‍ വര്‍ഷത്തിലെ എല്ലാ വെള്ളിയാഴ്ചകളും വലിയ നോമ്പിന്‍റെ കാലഘട്ടവുമാണ്" (CIC c.1250). മാംസാഹാരത്തിന്‍റെയോ പകരം മെത്രാന്‍സമിതി നിശ്ചയിക്കുന്ന ഏതെങ്കിലും ഭക്ഷണപദാര്‍ത്ഥത്തിന്‍റെ വര്‍ജ്ജനമോ ആണ് (ഭക്ഷണ) വര്‍ജ്ജന (abstinence) ത്തിന്‍റെ ഭാഗമായി അനുഷ്ഠിക്കേണ്ടതെന്ന് CIC c.1251 ല്‍ കാണുന്നു. (മാംസ) വര്‍ജ്ജനനിയമം അനുസരിക്കുവാന്‍ 14 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കടമയുണ്ടെങ്കില്‍ ഉപവാസം അനുഷ്ഠിക്കുവാനുള്ള കടമ ലത്തീന്‍ സഭയില്‍ 18 വയസ്സ് പൂര്‍ത്തിയാക്കി യവര്‍ക്കും അറുപതാം വയസ്സിലേക്ക് പ്രവേശിക്കാത്തവര്‍ക്കും മാത്രമാണെന്ന് CIC c.1252 വ്യക്തമാക്കുന്നു. എന്നിരുന്നാലും പ്രായപരിധിക്കകത്ത് വരാത്തവരും ഉപവാസത്തിനും മാംസവര്‍ജ്ജനത്തിനും പകരമായോ അതിലൂടെയോ ഉള്ള പ്രായശ്ചിത്ത പ്രവൃത്തികള്‍ ചെയ്യുവാന്‍ വേണ്ടണ്ടപ്രോത്സാഹനം ആത്മീയനേതൃത്വം അവര്‍ക്ക് നല്‍കണമെന്നും പ്രസ്തുത കാനോന നിര്‍ദ്ദേശിക്കുന്നുണ്ട്. ആണ്ടുവട്ടത്തിലെ എല്ലാ വെള്ളിയാഴ്ചകളിലും മാംസവര്‍ജ്ജനം നിര്‍ദ്ദേശിക്കുന്ന ലത്തീന്‍ സഭാനിയമം ആണ്ടുവട്ടത്തിലെ വലിയ തിരുനാളുകളില്‍ (solemnity) മാംസാഹാരം അനുവദിക്കുന്നുണ്ട് എന്നുള്ളതും ഇവിടെ സ്മരണീയമാണ്. വര്‍ഷത്തിലെ രണ്ട് ദിവസങ്ങള്‍ മാത്രമേ നിര്‍ബന്ധിത ഉപവാസദിനങ്ങളായി ലത്തീന്‍ സഭയിലുള്ളൂ: അവ വിഭൂതിബുധനും ദുഃഖവെള്ളിയുമാണ്. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം, കര്‍ത്താവിന്‍റെ പിറവിത്തിരുനാളിനായി ഒരുങ്ങുന്ന ആഗമനകാലം ലത്തീന്‍ സഭയില്‍ നോമ്പിന്‍റെ കാലഘട്ടമല്ല; പ്രത്യുത, സന്തോഷത്തിന്‍റെയും പ്രതീക്ഷയുടെയും കാലമാണ് എന്നതാണ്.


5. നോമ്പാചരണം സിറോ-മലങ്കര സഭയില്‍

സിറോ-മലബാര്‍ സഭയില്‍ നിലവിലുള്ള അഞ്ച് നോമ്പ് കാലഘട്ടങ്ങള്‍ക്ക് പുറമേ, സിറോ-മലങ്കര സഭയില്‍ ശ്ലീഹാ നോമ്പ് എന്ന പേരില്‍ ഒരു 13 നോമ്പ് കൂടിയുണ്ട്. സിറോ-മലബാര്‍ സഭയില്‍ അഞ്ച് നോമ്പുകളും ഐച്ഛികമാണെങ്കില്‍, സിറോ-മലങ്കര സഭയില്‍ 25 നോമ്പും 3 നോമ്പും 50 നോമ്പും നിര്‍ബന്ധിതമാണ് (Syro-Malankara Particular Law, art 569). എല്ലാ മലങ്കര സഭാതനയരും 25 നോമ്പിന്‍റെയും 50 നോമ്പിന്‍റെയും 3 നോമ്പിന്‍റെയും കാലഘട്ടത്തിലും എല്ലാ വെള്ളിയാഴ്ചകളിലും മാംസവര്‍ജ്ജനം നടത്തണമെന്ന് സിറോ-മലങ്കര സഭാനിയമം അനുശാസിക്കുന്നു (art 571). എന്നിരുന്നാലും 3 നോമ്പിന് ശേഷമുള്ള 18 ദിവസങ്ങളിലും ഉയിര്‍പ്പ് തിരുനാളിന് ശേഷം പന്തക്കുസ്താ തിരുനാള്‍ വരെയുള്ള 50 ദിവസങ്ങളിലും ഉപവാസവും മാംസവര്‍ജ്ജനവും ആവശ്യമില്ല എന്നും പ്രസ്തുത നിയമം സൂചിപ്പിക്കുന്നു. മലങ്കര സഭാംഗങ്ങളില്‍ 21 നും 60 നും വയസ്സിനിടയിലുള്ളവര്‍ 3 നോമ്പ് ദിവസ ങ്ങളില്‍ ഉച്ചയ്ക്കും വലിയ നോമ്പിലെ ആദ്യത്തെ തിങ്കളാഴ്ചയും വലിയ നോമ്പിലെ എല്ലാ വെള്ളി യാഴ്ചകളിലും ഉപവസിക്കേണ്ടതാണ്. എന്നിരുന്നാലും കഠിനാധ്വാനമുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ ഉപവാസ നിയമത്തില്‍നിന്ന് വിടുതല്‍ കൊടുത്തിട്ടുണ്ട് (art 572).


സിറോ-മലങ്കര സഭയില്‍ മാംസവര്‍ജ്ജനത്തിന് പുറമേ, മത്സ്യവും മുട്ടയും 3 നോമ്പിന്‍റെ ദിനങ്ങളിലും വലിയ നോമ്പിലെ ആദ്യത്തെ തിങ്കളാഴ്ചയിലും വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും നാല്‍പ്പതാം വെള്ളിയാഴ്ച മുതല്‍ ഉയിര്‍പ്പ് തിരുനാള്‍വരെയും വര്‍ജ്ജിക്കണമെന്ന് നിയമം അനുശാസിക്കുന്നു (art 573). അതുപോലെതന്നെ ദുഃഖവെള്ളിയാഴ്ച പാല്‍പോലും വര്‍ജ്ജിക്കേണ്ടതാണ്. എന്നാല്‍, നാല്‍പ്പതാം വെള്ളിയാഴ്ച ഉപവാസ നിയമത്തില്‍നിന്ന് വിടുതല്‍ നല്‍കപ്പെട്ടിരിക്കുന്നു.


ഉപസംഹാരം


നോമ്പാചരണം സഭാത്മകമായുള്ള പ്രായശ്ചിത്ത പ്രവൃത്തികളാണ്. ഉപവാസവും മാംസവര്‍ജ്ജനവു മാണ് നോമ്പാചരണത്തിന്‍റെ പൊതുവായുള്ള അനുഷ്ഠാനങ്ങള്‍. സിറോ-മലബാര്‍ സഭയിലും ലത്തീന്‍ സഭയിലും സിറോ-മലങ്കര സഭയിലും നോമ്പാചരണ രീതികളും നിയമങ്ങളും തുലോം വ്യത്യസ്തങ്ങ ളാണ്. സിറോ-മലങ്കര സഭയില്‍ മാംസവര്‍ജ്ജനത്തിന് പുറമേ, മത്സ്യവും മുട്ടയും പാലുപോലും ചില ദിവസങ്ങളില്‍ വര്‍ജ്ജിക്കേണ്ടതായി പ്രസ്തുത സഭ അനുശാസിക്കുമ്പോള്‍ സിറോ-മലബാര്‍ സഭയില്‍ വര്‍ഷത്തില്‍ രണ്ട് ദിനങ്ങളിലുള്ള ഉപവാസവും ആണ്ടുവട്ടത്തിലെ രണ്ടോ മൂന്നോ വെള്ളിയാഴ്ച കളൊഴിച്ചുള്ള വെള്ളികളിലെ മാംസവര്‍ജ്ജനവും മാത്രമേ നോമ്പാചരണത്തിന്‍റെ ഭാഗമായി നിര്‍ബന്ധിതമാക്കിയിട്ടുള്ളൂ. എന്നിരുന്നാലും, തപസ്സിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും അരൂപിയില്‍ അഞ്ച് നോമ്പുകാലങ്ങളിലും കൂടുതല്‍ പ്രാര്‍ത്ഥിച്ചും കൂടുതല്‍ ദാനധര്‍മ്മപ്രവര്‍ത്തികളിലേര്‍പ്പെട്ടും കൂടുതലായി പ്രായശ്ചിത്ത പ്രവൃത്തികള്‍ ചെയ്തുകൊണ്ടും ക്രിസ്തീയജീവിതത്തില്‍ കൂടുതല്‍ ആഴപ്പെടുവാന്‍ ഓരോ വിശ്വാസിയും തന്‍റേതായ സാഹചര്യത്തില്‍ തനിക്ക് സാധിക്കുന്നതുപോലെ പരിശ്രമിക്കുന്നത് തീര്‍ത്തും നല്ലതാണ്.

Recent Posts

See All
മാർപാപ്പമാരുടെ തിരഞ്ഞെടുപ്പ്

ഫാ. ജോർജ് തെക്കേക്കര ക്രിസ്തുവിൻ്റെ വികാരിയും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തിൻ്റെ തലവനുമായ മാർപാപ്പയുടെ...

 
 
 
സങ്കീർത്തനങ്ങൾമ(മസ്മോറെ)ഈശോയുടെ പാട്ടുപുസ്തകം

സങ്കീർത്തനങ്ങൾ ഈശോയുടെ പാട്ടുപുസ്തകമായിരുന്നു. യൂദപാരമ്പര്യമനുസരിച്ചു പെന്തക്കുസ്താ, പെസഹാ, കൂടാരതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍...

 
 
 

תגובות

דירוג של 0 מתוך 5 כוכבים
אין עדיין דירוגים

הוספת דירוג
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page