വിശുദ്ധ ജിയന്ന ബെരേറ്റാ മോള്ള
- Apr 28, 2023
- 2 min read
🌹ഗർഭത്തിലുള്ള തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തജീവൻ പോലും സമർപ്പിച്ച വി. ജിയന്നയെ അനുസ്മരിക്കുന്നതും ആ സന്ദേശം പ്രചരിപ്പിക്കുന്നതും ഒരു പ്രോലൈഫ് ശുശ്രുഷ തന്നെയാണ്.
വിശുദ്ധ ജിയന്ന ബെരേറ്റാ മോള്ള ( 1922- 1962)

1922 ഒക്ടോബർ നാലിന് ഇറ്റലിയിലെ മഗേന്തിയിൽ പതിമൂന്നു കുട്ടികൾ ഉള്ള കുടുംബത്തിലെ പത്താമത്തെയാളായി ജിയന്ന ബെരേറ്റാ മോള ജനിച്ചു. 1942ൽ മിലാനിൽ മെഡിസൻ പഠനം ആരംഭിച്ചു. അക്കാഡമിക് ജീവിതത്തിലും വിശ്വാസ ജീവിതത്തിലും ജാഗ്രതയും കഠിനധ്വാനവും മുഖമുദ്രയാക്കിയ ജിയന്ന ഭാര്യ, അമ്മ, ശിശുരോഗ വിദഗ്ദ്ധ എന്നീ നിലയിൽ ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിക്കു പാത്രമായി. വിൻസെൻ്റ് ഡീപോൾ സോസൈറ്റിയിൽ അംഗമായിരുന്ന ജിയന്ന മുതിർന്നവരെയും പാവപ്പെട്ടവരെയും നിരന്തരം സഹായിച്ചുകൊണ്ടിരുന്നു. ഇടവക ദേവാലയവുമായി ഒത്തിരി സഹകരിച്ചു പ്രവർത്തിച്ചിരുന്ന ജിയന്ന വി കൂദാശകളിൽ ഏറ്റം തീക്ഷണതയോടെ ഉൾച്ചേർന്നിരുന്നു. വി. കുമ്പസാരത്തെ ക്കുറിച്ച് ജിയന്ന പറയുന്നു.
🔥“എൻ്റെ ആത്മാവിലേക്ക് യഥാർത്ഥ സമാധാനം കൊണ്ടുവരാൻ, ഭൂമിയിലുള്ള ഏക മാർഗ്ഗം വിശുദ്ധ കുമ്പസാരമാണ്, കാരണം ഈശോ വലിയ ഹൃദയത്തോടെ അവിടെ എനിക്കായി കാത്തിരിക്കുന്നു.”
1954 ജിയന്ന തൻ്റെ ജീവിത പങ്കാളി പിയത്രോ മോള്ളയെ പരിചയപ്പെടുകയും 1955 ൽ അവർ വിവാഹിതരാവുകയും ചെയതു.
1961 ൽ നാലാമത്തെ കുട്ടിയെ ഗർഭിണി ആയിരിക്കേ ജിയന്നയുടെ ഗർഭാശയത്തിൽ ഒരു മുഴ പ്രത്യക്ഷമായി. ജീവൻ രക്ഷിക്കുന്നതിനു ഡോക്ടർമാർ മൂന്നു നിർദ്ദേശങ്ങൾ വച്ചു.
1. ഭ്രൂണത്തെ നശിപ്പിച്ചു മുഴ നീക്കം ചെയ്യുക.
2. ഗർഭപാത്രം നീക്കം ചെയ്യുക.
3. ഗർഭ പാത്രത്തിലുള്ള മുഴ നീക്കം ചെയ്തുകൊണ്ട് കുഞ്ഞു പുറത്തുവരുന്നതു വരെ ചികിത്സ മാറ്റി വയ്ക്കുക.
ഇത് ഏറ്റവും സങ്കീർണ്ണവും അപകടകരവുമായിരുന്നു. പക്ഷേ ഉദരത്തിൽ വളരുന്ന കുഞ്ഞിൻ്റെ ജീവൻ സംരക്ഷിക്കാനായി ജിയന്ന തന്റെ ജീവിതത്തെ അപകടത്തിൽ ആക്കികൊണ്ട് മൂന്നാമത്തെ മാർഗ്ഗം തിരഞ്ഞെടുത്തു.
1962 ഏപ്രിൽ 21-ാം തീയതി ജിയന്ന തൻ്റെ നാലാമത്തെ കുഞ്ഞ് ഇമ്മാനുവേലയ്ക്ക് ജന്മം നൽകി. ഒരാഴ്ചയ്ക്കു ശേഷം രോഗം കലശലായി ഏപ്രിൽ 28 -ാം തീയതി ജിയന്ന സ്വർഗ്ഗത്തിലേക്കു യാത്രയായി.
ജീവിതകാലത്തു ഒരു നല്ല ക്രിസ്തീയ കുടുംബിനി ആയി ജീവിച്ച ജിയന്നയുടെ മരണവാർത്ത പെട്ടന്നുതന്നെ ആദ്യം ഇറ്റലിയിലും പിന്നീടു ലോകം മുഴുവനിലും വ്യാപിച്ചു. ജിയന്നയുടെ മദ്ധ്യസ്ഥതയിൽ ധാരാളം അത്ഭുതങ്ങൾ നടന്നു. ജോൺ പോൾ രണ്ടാമൻ പാപ്പ 1994 ഏപ്രിൽ 24നു ജിയന്നയെ വാഴ്ത്തപ്പെട്ടവളായും 2004 മെയ് മാസം പതിനാറാം തീയതി വിശുദ്ധയായും പ്രഖ്യാപിച്ചു. വത്തിക്കാനിൽ വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ജിയന്നയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച അവസരത്തിൽ ആ ശുശ്രുഷയിൽ പങ്ക് ചേരാൻ വിശുദ്ധയുടെ ഭർത്താവിനും മക്കൾക്കും അവസരം ലഭിച്ചത് ഒരു അസാധാരണ സംഭവം ആയിരുന്നു.
വിശുദ്ധ ജിയന്ന അമ്മമാരുടെയും ഡോക്ടർമാരുടെയും പിറക്കാതെപോയ കുഞ്ഞുങ്ങളുടെയും മദ്ധ്യസ്ഥയാണ്.
വിശുദ്ധ തന്റെ ജീവൻ നൽകി രക്ഷിച്ച കുഞ്ഞ് ഇമ്മനുവേല ഇന്ന് ഒരു ഡോക്ടറായി ലോകം മുഴുവനും പ്രോലൈഫ് ശുശ്രുഷയിൽ വ്യാപൃതയാണ്.
നമുക്ക് പ്രത്യാശയോടെ ജീവനെതിരായുള്ള വിവിധ അതിക്രമങ്ങൾക്കെതിരെ പ്രാർത്ഥിക്കാം....
അമ്മമാരുടെ ഉദരങ്ങളിൽ കൊല ചെയ്യപ്പെടുന്ന നിഷ്ക്കളങ്ക ജീവനുവേണ്ടി ദൈവതിരുമുമ്പിൽ യാചിക്കാം. ജീവനെതിരായ തെറ്റായ തീരുമാനങ്ങൾ എടുക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കാം.
ഈ മഹനീയ ശുശ്രുഷ സ്നേഹത്തോടെ തുടരാം.



Comments