പിതാവില്‍നിന്നും - പുത്രനില്‍നിന്നും - പുറപ്പെടുന്ന പരിശുദ്ധാത്മാവ്": മലയാളഭാഷയിലെ ചിഹ്നനരീതിയും വ്യാഖ്യാനസംബന്ധിയായ കാനന്‍നിയമങ്ങളും
- sleehamedia
- Jul 4, 2024
- 7 min read
ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ.
ആമുഖം
"പിതാവില്‍ നിന്നും - പുത്രനില്‍ നിന്നും - പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏകപരിശുദ്ധാത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു" എന്നുള്ള സീറോ-മലബാര്‍ സഭയുടെ തക്സായില്‍ കൊടുത്തിരിക്കുന്ന വിശ്വാസപ്രമാണത്തില്‍, "പുത്രനില്‍ നിന്നും" എന്നുള്ള ഭാഗം ചങ്ങനാശ്ശേരി തുടങ്ങിയ പല രൂപതകളിലും ചൊല്ലുന്നില്ലാത്തതിനാല്‍ പ്രസ്തുത രൂപതകള്‍ തെറ്റിലും പാഷണ്ഡതയിലുമൊക്കെയാണ് എന്നുള്ള ചില കുബുദ്ധികളുടെ ദുഷ്പ്രചരണം കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളിലായി നവമാധ്യമങ്ങളിലൂടെ ചില സഭാവിരുദ്ധര്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. അതിനൊരു വിശദീകരണമോ മറുപടിയോ നല്‍കി വിശ്വാസികളുടെ തെറ്റിദ്ധാരണ മാറ്റുവാന്‍ സീറോ-മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവ് (PRO) ശ്രമിച്ചതായും കാണപ്പെടുകയുണ്ടായില്ല. എന്നാല്‍, ശ്രദ്ധേയമായ ഒരു കാര്യം ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത, അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം പിതാവ് ഒരു സര്‍ക്കുലര്‍ വഴി (24 Ch. 299-381, വേദപ്രചാരമദ്ധ്യസ്ഥന്‍, വാല്യം 96, ലക്കം 9, 2024 മാര്‍ച്ച്, പേജ് 28-33) ഇക്കാര്യത്തെപ്പറ്റി വ്യക്തത വരുത്തുകയുണ്ടായി എന്നതാണ്. അതുപോലെ തന്നെ, സീറോ-മലബാര്‍ സഭയുടെതന്നെ പ്രസിദ്ധീകരണമായ സീറോമലബാര്‍ വിഷന്‍ എന്ന മാസികയുടെ 2024 മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ച "ഫീലിയോക്വേ പ്രശ്നം" എന്ന തലക്കെട്ടോടുകൂടി പണ്ഡിതനും സഭാചരിത്രകാരനുമായ ഡോ. ജയിംസ് പുലിയുറുമ്പില്‍ അച്ചന്‍റെ ലേഖനവും ഇതേ വിഷയ സംബന്ധിയായി വളരെയധികം അറിവുകള്‍ പ്രദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഈ വിവാദങ്ങള്‍ അനാവശ്യവും അനവസരത്തിലുള്ളതും സഭയില്‍ ഭിന്നത വരുത്തുവാനുള്ള ലക്ഷ്യത്തോടുകൂടി ദുരുദ്ദേശപരമായി സഭാശത്രുക്കള്‍ പടച്ചുവിടുന്നതുമാണെന്നത് കൂടുതല്‍ വ്യക്തമാക്കുവാന്‍ മലയാള ഭാഷാപരവും കാനോനികവുമായ ഒരു ഉപരിയായ അപഗ്രഥനം ഈ വിഷയത്തിലാവശ്യമുണ്ട് എന്നുള്ള ബോദ്ധ്യമാണ് ഈ ലേഖനത്തിന്‍റെ ആധാരം.
1. മലയാളഭാഷയിലെ ചിഹ്നനങ്ങള്‍ (Punctuation)
ലിഖിത ഭാഷയില്‍, വിവക്ഷിതം വ്യക്തമാക്കുന്നതിനായി വാക്കുകളില്‍ ചില അടയാളങ്ങള്‍ ഇടുന്നതിനാണ് ചിഹ്നനം എന്ന് പറയുന്നത്. ഭാഷണത്തിലെ വിരാമങ്ങളേയും അനുതാനങ്ങളെയും (intonation) എഴുത്തിന്‍റെ ഘടനയിലേക്ക് പരിവര്‍ത്തിപ്പിക്കുകയാണ് ചിഹ്നനം. അന്വയ prose order) ത്തില്‍ സന്ദേഹത്തിന് ഇടകൊടുക്കാതിരിക്കുകയാണ് ചിഹ്നനങ്ങളുടെ ധര്‍മ്മം. മലയാളഭാഷയിലെ ചിഹ്ന നങ്ങളെപ്പറ്റിയുള്ള ശരിയായ അറിവിന്‍റെ അഭാവമാണ് "പിതാവില്‍ നിന്നും - പുത്രനില്‍ നിന്നും - പുറപ്പെടുന്ന... പരിശുദ്ധാത്മാവ്" എന്ന വിശ്വാസപ്രമാണഭാഗം തെറ്റായി ചിലരെങ്കിലും മനസ്സിലാക്കുവാന്‍ കാരണമെന്നുള്ള തോന്നല്‍, ഈ വിഷയസംബന്ധിയായി അല്പം ആഴത്തിലുള്ള വിശദീകരണം ആവശ്യമാക്കുന്നു. ശബ്ദതാരാവലിയില്‍, 'ചിഹ്നനം' എന്ന വാക്കിന് നല്‍കുന്ന വിശദീകരണം "അങ്ങോട്ടും ഇങ്ങോട്ടും അന്വയിക്കാവുന്ന വാചകങ്ങളെ ഇന്നതില്‍ ചേരേണ്ടതെന്ന് വ്യവസ്ഥപ്പെടുത്താന്‍ വേണ്ടി ഉപയോഗിക്കുന്ന അടയാളം," (Punctuation) എന്നാണ്. എന്നാല്‍ വാചകങ്ങളെ മാത്രമല്ല, വാക്കുകളെ യോജിപ്പിക്കുകയോ വിയോജിപ്പിക്കുകയോ ചെയ്യുന്ന ധര്‍മ്മവും ചിഹ്നനങ്ങള്‍ക്കുണ്ട് എന്നു കൂടി ഇത്തരുണത്തില്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. ശ്രീകണ്ഠേശ്വരത്തിന്‍റെ ശബ്ദതാരാവലിയുടെ 42-ാം പതിപ്പ് (2017) അനുസരിച്ച് മലയാളഭാഷയിലെ ചിഹ്നനങ്ങള്‍ താഴെപ്പറയുന്നവയാണ്: അങ്കുശം (അല്‍പ്പവിരാമം: coma), ഉദ്ധരണി (Quotation mark), കാകൂ (ചോദ്യചിഹ്നം,interrogation mark), കോഷ്ടം (square bracket), പ്രശ്ലേഷം (avagraham), ബിന്ദു (പൂര്‍ണ്ണവിരാമം, കുത്ത്, full stop), ഭിത്തിക (അപൂര്‍ണ്ണവിരാമം, colon), രേഖ (dash), രോധിനി (അര്‍ത്ഥവിരാമം, semi colon), വലയം (ആവരണം, bracket), വിക്ഷേപിണി (ആശ്ചര്യചിഹ്നം, സ്തോഭചിഹ്നം, വ്യാക്ഷേപചിഹ്നം), വിശ്ലേഷം (ലോപിച്ചുപോയതിനെ സൂചിപ്പിക്കുന്ന അടയാളം), ശൃംഖല (ചെറുവര, hyphen), ഹംസപാദം എന്നിവയാണ്.
മുകളില്‍ കൊടുത്തിരിക്കുന്ന ചിഹ്നനങ്ങളില്‍ "പിതാവില്‍ നിന്നും - പുത്രനില്‍ നിന്നും - പുറപ്പെടുന്ന" എന്ന വിശ്വാസപ്രമാണഭാഗത്ത് കൊടുത്തിരിക്കുന്ന അടയാളം 'ശൃംഖല' അഥവാ ചെറുവര (hyphen) അല്ല എന്നും പ്രത്യുത, അത് രേഖ (dash) എന്നോ ദീര്‍ഘരേഖ എന്നോ വിശേഷിക്കപ്പെടുന്നതാണ് എന്നതുമാണ് വസ്തുത. ശൃംഖല അഥവാ hyphen രണ്ട് വാക്കുകളെ യോജിപ്പിക്കുവാന്‍ ഉദ്ദേശിച്ചുള്ള ചിഹ്നമാണെങ്കില്‍, രേഖ (dash) തികച്ചും വ്യത്യസ്തമായിട്ടുള്ള ഒരു അര്‍ത്ഥമാണ് ഉദ്ദേശിക്കുന്നത്. അത് ആദ്യത്തെ വാക്കിന്‍റെ വിശദീകരണമാവാം; അല്ലെങ്കില്‍, ആദ്യത്തെ വാക്കിന് പകരം വെക്കാവുന്നതുമാകാം. 'രേഖ' എപ്പോഴും ഉപയോഗിക്കുക ഒരു വാക്കിന് മുമ്പും ശേഷവുമായിട്ടായിരിക്കും. ശബ്ദതാരാവലി 'രേഖ'യ്ക്ക് കൊടുത്തിരിക്കുന്ന അര്‍ത്ഥം "ചുരുക്കിപ്പറഞ്ഞതിനെ വിവരിക്കുന്നു എന്നതിനുള്ള ഒരു ചിഹ്നനം" എന്നാണ്. മറ്റൊരുവാക്കില്‍ പറഞ്ഞാല്‍, "പിതാവില്‍ നിന്നും - പുത്രനില്‍ നിന്നും - പുറ പ്പെടുന്ന... പരിശുദ്ധാത്മാവ്" എന്നത് ഗ്രഹിക്കേണ്ടത്, പിതാവില്‍ നിന്നും, അതായത്, പുത്രനില്‍ നിന്നും' പുറപ്പെടുന്ന പരിശുദ്ധാത്മാവ് എന്നാണ്. അല്ലാതെ "പിതാവില്‍ നിന്നും-പുത്രനില്‍ നിന്നും" എന്നുള്ള ശൃംഖല അഥവാ ചെറുവരയായല്ല ഇവിടെ കാണുന്നത്. Hyphen അഥവാ ചെറുവരയിട്ട് യോജിപ്പിച്ചവയില്‍ ഒരു ഭാഗം ഉപേക്ഷിക്കുമ്പോള്‍ അത് ഒരു ആശയത്തെ ഉപേക്ഷിക്കുന്നതിന് തുല്യമാകും. എന്നാല്‍, രണ്ട് രേഖകള്‍ക്കുള്ളിലുള്ള ഭാഗം ഒരു വാചകത്തില്‍നിന്ന് ഉപേക്ഷിച്ചാല്‍പ്പോലും ആ വാചകത്തിന്‍റെ അര്‍ത്ഥത്തിന് ഒരു കോട്ടവും സംഭവിക്കുകയില്ല എന്നതാണ് ഈ വിഷയസംബന്ധിയായ വ്യാകരണനിയമം: അത് മലയാളഭാഷയിലാണെങ്കിലും മറ്റ് ഭാഷകളിലാണെങ്കിലും. ശൃംഖലയ്ക്കുദാഹരണമാണ് "സീറോ-മലബാര്‍", "നിഖ്യാ-കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണം" തുടങ്ങിയവ. രേഖ എന്ന ചിഹ്നനം, സീറോ-മലബാര്‍ തക്സയില്‍, വിശ്വാസപ്രമാണത്തില്‍ മാത്രമല്ല കാണുന്നത്; പ്രത്യുത, അത്, മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും നാമത്തിലുള്ള ഒന്നാമത്തെ കൂദാശക്രമത്തിന്‍റെ മൂന്നാം പ്രണാമജപത്തിന്‍റെ ഭാഗമായുള്ള കാര്‍മ്മികന്‍റെ കൈവിരിച്ചുപിടിച്ചുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയിലും കാണുന്നുണ്ട്. അവിടെ കാണപ്പെടുന്നതിങ്ങനെയാണ്: "...മെത്രാനും പുരോഹിതന്മാര്‍, മ്ശംശാനമാര്‍ - സമര്‍പ്പിതര്‍ അത്മായ പ്രേഷിതര്‍ - ഭരണകര്‍ത്താക്കള്‍, മേലധികാരികള്‍ എന്നിവര്‍ക്കും..." ഇവിടെ രണ്ട് രേഖകള്‍ക്ക് നടുവില്‍ കൊടുത്തിരിക്കുന്ന "സമര്‍പ്പിതര്‍, അത്മായ പ്രേഷിതര്‍" എന്ന ഭാഗം പിന്നീട് കൂട്ടിച്ചേര്‍ത്തിട്ടുള്ളതും ഉപേക്ഷിക്കാവുന്നതും അഥവാ ഐശ്ചികവും ആണ്. ഇതേ രീതിയിലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ മാര്‍ തെയദോറിന്‍റെയും മാര്‍ നെസ്തോറിയസ്സിന്‍റെയും കൂദാശക്രമത്തിലും രണ്ട് രേഖകളുടെ മദ്ധ്യേ നല്‍കിക്കൊണ്ട് സീറോ-മലബാര്‍ തക്സയില്‍ നടത്തിയിട്ടുണ്ട്.
2. പൗരസ്ത്യകാനന്‍ നിയമത്തിലെ വ്യാഖ്യാന സംബന്ധിയായുള്ള തത്ത്വങ്ങള്‍ (Hermeneutical Principles in CCEO)
പൗരസ്ത്യ കാനോനസംഹിതയിലെ 1488 മുതല്‍ 1505 വരെയുള്ള കാനോനകള്‍ പൊതുവായും, അതില്‍ത്തന്നെ 1498, 1499 എന്നീ കാനോനകള്‍ പ്രത്യേകമായും വ്യക്തമാക്കുന്നുണ്ട് സഭാനിയമങ്ങള്‍ എങ്ങനെയാണ് വ്യാഖ്യാനിച്ച് മനസ്സിലാക്കേണ്ടതെന്ന്. അതില്‍ത്തന്നെ 1498-ാം കാനോനയുടെ ഒന്നാം ഖണ്ഡിക ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു: "ആധികാരികമായി നിയമം വ്യാഖ്യാനിക്കുന്നത് നിയമ ദാതാവും ആധികാരിക വ്യാഖ്യാനത്തിനുള്ള അധികാരം അദ്ദേഹം ആര്‍ക്ക് കൊടുത്തിട്ടുണ്ടോ അയാളുമായിരിക്കും." മറ്റൊരുവാക്കില്‍ പറഞ്ഞാല്‍ സീറോ-മലബാര്‍ സഭയിലെ ദൈവാരാധന സംബന്ധിയായ നിയമങ്ങള്‍ (liturgical laws), ആധികാരികമായി വ്യാഖ്യാനിക്കുവാന്‍ അധികാരമുള്ള സമിതി അവ ഉണ്ടാക്കിയിരിക്കുന്ന സീറോ-മലബാര്‍ മെത്രാന്‍ സിനഡാണ് . ഏതായാലും, മെത്രാന്‍സിനഡ് ഈ അധികാരം എറണാകുളം വിമതര്‍ക്ക് നല്‍കിയിട്ടില്ല എന്നത് വ്യക്തം. എറണാകുളം വിമതരുടെ വാദം, "പിതാവില്‍ നിന്നും - പുത്രനില്‍ നിന്നും - പുറപ്പെടുന്ന" എന്ന വിശ്വാസപ്രമാണത്തിലെ "പുത്രനില്‍ നിന്നും" എന്നുള്ള ഭാഗം തക്സയിലെ പൊതുനിര്‍ദ്ദേശം 31-ാം നമ്പര്‍ പ്രകാരമുള്ള [ ] അടയാളപ്രകാരം ഉപേക്ഷിക്കാവുന്നതായി അടയാളപ്പെടുത്താത്തതിനാല്‍, സിനഡിന്‍റെ തീരുമാനം "പുത്രനില്‍ നിന്നും" എന്നുള്ള ഭാഗം ഐശ്ചികമല്ല എന്നും അതിനാല്‍ത്തന്നെ അത് ഉപേക്ഷിക്കുന്നത് നിയമവിരുദ്ധവും പാഷണ്ഡതയുമാണ് എന്നതുമാണ്. ഈ വാദം തീര്‍ത്തും തെറ്റാണ്. കാരണം, ഒന്നാമതായി, "പുത്രനില്‍ നിന്നും" എന്നുള്ളത് ഐശ്ചികമല്ലായിരുന്നുവെങ്കില്‍ "പിതാവില്‍ നിന്നും പുത്രനില്‍ നിന്നും" എന്ന് ഇടയ്ക്ക് രേഖാചിഹ്നനം ഇല്ലാതെ ഒന്നിച്ചെഴുതിയാല്‍ മാത്രം മതിയായിരുന്നു. അങ്ങനെയാണല്ലോ ലത്തീന്‍ സഭയുടെ റോമന്‍ മിസ്സലില്‍ കൊടുത്തിരിക്കുന്നതും. റോമന്‍ മിസ്സലിലെ രീതിയില്‍ നിന്ന് വ്യത്യസ്തമായി രേഖാചിഹ്നനത്തിനകത്ത് "പുത്രനില്‍ നിന്നും" എന്ന് കൊടുത്തിരിക്കുന്നതില്‍നിന്നുതന്നെ വ്യക്തമാണ് ആ ഭാഗം ഐശ്ചികമാണ് എന്നത്. യഥാര്‍ത്ഥത്തില്‍ "പുത്രനില്‍ നിന്നും" എന്നുള്ള ഭാഗം കാര്‍മ്മികന് ഉപേക്ഷിക്കുകയോ ചൊല്ലുകയോ ചെയ്യുവാന്‍ സാധിക്കുന്ന ഐശ്ചികത്തില്‍പ്പെടുന്നതുമല്ല എന്നുള്ള വസ്തുതയെ സൂചിപ്പിക്കുവാന്‍ കൂടിയാണ്, ഐശ്ചികത്തിനായി തക്സയിലെ പൊതുനിര്‍ദ്ദേശത്തിലെ 31-ാം നമ്പറിലെ അടയാളത്തിന് പകരം ഇവിടെ രേഖാചിഹ്നനം ഉപയോഗിച്ചിരിക്കുന്നത് എന്ന വാദം നൈയാമികമായി അംഗീകരിക്കാവുന്നതുമാണ്. കാരണം, "പുത്രനില്‍ നിന്നും" എന്നുള്ള ഭാഗം വിശ്വാസപ്രമാണത്തില്‍ ഉപയോഗിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം റോമാ മാര്‍പാപ്പ നല്‍കിയിരിക്കുന്നത് രൂപതാ മെത്രാന്മാര്‍ക്കാണ്; കുര്‍ബാനയര്‍പ്പണം നടത്തുന്ന കാര്‍മ്മികര്‍ക്കല്ല. 1959 ല്‍ മാര്‍പാപ്പയ്ക്കുവേണ്ടി പൗരസ്ത്യ കാര്യാലയം സീറോ-മലബാര്‍ രൂപതാമെത്രാന്മാര്‍ക്ക് നല്‍കിയിട്ടുള്ള ഈ അനുവാദം ഇന്നും നിലനില്‍ക്കുന്നു. പരിശുദ്ധ സിംഹാസനം നല്‍കിയ അനുവാദം മറ്റൊരു ഡിക്രി വഴി പരിശുദ്ധ സിംഹാസനമോ മാര്‍പാപ്പ നേരിട്ടോ പിന്‍വലിക്കുന്നതുവരെ ആ അനുവാദം നൈയാമികമായി നിലനില്‍ക്കുന്നുണ്ട്. മാര്‍പാപ്പ അഥവാ പരിശുദ്ധ സിംഹാസനം നല്‍കിയ ഒരു അനുവാദം റദ്ദ് ചെയ്യുവാന്‍ അതിലും താഴത്തെ അധികാരിയായ സീറോ-മലബാര്‍ സിനഡിന് സാധ്യമല്ലാത്തതിനാലാണ് അത് സൂചിപ്പിക്കുവാന്‍ രേഖാചിഹ്നന മദ്ധ്യേ "പുത്രനില്‍ നിന്നും" എന്ന് വിശ്വാസപ്രമാണത്തില്‍ ചേര്‍ത്തിരിക്കുന്നത്.
പൗരസ്ത്യ കാനോനസംഹിതയിലെ 1499-ാം കാനോന എങ്ങനെ നിഷ്കര്‍ഷിക്കുന്നു: "നിയമങ്ങള്‍ മനസ്സിലാക്കേണ്ടത് അവയുടെ മൂലവാക്യ (text) വും സന്ദര്‍ഭവും കണക്കിലെടുത്തുകൊണ്ട് വാക്കുകളുടെ ശരിയായ അര്‍ത്ഥമനുസരിച്ചായിരിക്കണം. എന്നിട്ടും അര്‍ത്ഥം സംശയകരമായിരിക്കുകയോ അവ്യക്തമായിരിക്കുകയോ ചെയ്താല്‍, സദൃശ്യവാക്യങ്ങള്‍ ഉണ്ടെങ്കില്‍ അവയും, നിയമത്തിന്‍റെ ലക്ഷ്യം, സാഹചര്യം, നിയമദാതാവിന്‍റെ ഉദ്ദ്യേശം എന്നിവയും കണക്കിലെടുക്കണം." നിയമവ്യാഖ്യാനത്തിലെ ആദ്യതത്ത്വം "മൂലവാക്യവും സന്ദര്‍ഭവും കണക്കിലെടുക്കുക" എന്നതാണ്. "പിതാവില്‍ നിന്നും" എന്നതിനുശേഷം രേഖാചിഹ്നനം ഉപയോഗിച്ചിരിക്കുന്നത് പ്രത്യേക സൂചന നല്‍കാനാണ് എന്നത് വ്യക്തം. ആ സൂചന, ഇക്കാര്യത്തില്‍ "പുത്രനില്‍ നിന്നും" എന്ന ഭാഗം ചൊല്ലണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അതാത് രൂപതകളിലെ രൂപതാമെത്രാന്‍റെ നിര്‍ദ്ദേശമനുസരിച്ചാണ് എന്നതുതന്നെ. അതേ കാനോന വ്യക്തമാക്കുന്ന മറ്റൊരു കാര്യം, മൂലവാക്യത്തില്‍ നിന്നും സന്ദര്‍ഭത്തില്‍ നിന്നും അര്‍ത്ഥം വ്യക്തമാകുന്നില്ലെങ്കില്‍ "സദൃശ്യവാക്യങ്ങള്‍" നോക്കുക എന്നതാണ്. സീറോ-മലബാര്‍ സഭയുടെ കുര്‍ബാന തക്സയില്‍ രേഖാചിഹ്നനം ഉപയോഗിച്ചിരിക്കുന്ന മറ്റൊരു ഭാഗം, നേരത്തെ പ്രതിപാദിച്ച മൂന്നാം പ്രണാമജപത്തിലെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയാണ്. അവിടെ കൊടുത്തിരിക്കുന്ന രേഖാ ചിഹ്നനത്തിനകത്തുള്ള ഭാഗം, അതായത്, "സമര്‍പ്പിതര്‍, അത്മായ പ്രേഷിതര്‍" എന്ന ഭാഗം, പിന്നീട് കൂട്ടിച്ചേര്‍ത്തിട്ടുള്ളതും ഐശ്ചികവുമാണെന്നതും അക്കാര്യത്തില്‍ രൂപതാദ്ധ്യക്ഷന്മാര്‍ക്ക് തങ്ങളുടെ രൂപതകളില്‍ നിര്‍ദ്ദേശം കൊടുക്കാവുന്നതുമാണെന്നുള്ള കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടെന്നും തോന്നുന്നില്ല.
ശ്രദ്ധേയമായ മറ്റൊരു വസ്തുത, സീറോ-മലബാര്‍ സഭയുടെ കുര്‍ബാന തക്സയില്‍ ഗീതരൂപത്തില്‍ കൊടുത്തിരിക്കുന്ന മൂന്ന് വിശ്വാസപ്രമാണങ്ങളില്‍ രണ്ടെണ്ണത്തിലും "പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്ന" പരിശുദ്ധാത്മാവിനെപ്പറ്റിയുള്ള ഭാഗം തന്നെ ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നതാണ്. എന്നാല്‍, ഇക്കാര്യത്തിലും ആരും സീറോ-മലബാര്‍ സഭയില്‍ പാഷണ്ഡത എന്ന് ആക്രോശിക്കേണ്ടതില്ല; കാരണം, ലത്തീന്‍ സഭയുടെ റോമന്‍ മിസ്സലിലും നിഖ്യാ-കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണത്തിന് പുറമേ, അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണം എന്നപേരില്‍ കൊടുത്തിരിക്കുന്ന വിശ്വാസപ്രമാണത്തിലും "പിതാവിലും പുത്രനിലും നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ്" എന്ന ഭാഗം ഇല്ല എന്നതുതന്നെ.
3. നിഖ്യാ-കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണവും ഫീലിയോക്വേ വിവാദവും
എ.ഡി 325 ലെ നിഖ്യായില്‍ വച്ചുനടന്ന ആദ്യത്തെ എക്യുമെനിക്കല്‍ സൂനഹദോസിലും എ.ഡി 381 ല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ വച്ചുനടത്തിയ രണ്ടാം എക്യുമെനിക്കല്‍ സൂനഹദോസിലുമായി രൂപപ്പെടുത്തി പ്രഖ്യാപിച്ചുറപ്പിച്ച വിശ്വാസപ്രമാണമാണ് നിഖ്യാവിശ്വാസപ്രമാണം എന്ന് പൊതുവേ അറിയപ്പെടുന്നതും ലത്തീന്‍ സഭയുടെ റോമന്‍ മിസ്സലിലുള്‍പ്പെടെ എല്ലാ പൗരസ്ത്യ കത്തോലിക്കാ അകത്തോലിക്കാ ബലിയര്‍പ്പണ ഗ്രന്ഥങ്ങളിലും കാണുന്നതും. പാശ്ചാത്യസഭയുടെ റോമന്‍ മിസ്സലില്‍, ഇതിനോടൊപ്പം തന്നെ അപ്പസ്തോലന്മാരുടെ പേരില്‍ അറിയപ്പെടുന്ന വിശ്വാസപ്രമാണം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നുമാത്രം.
എ.ഡി. 431 ലും എ.ഡി. 451 ലുമായി നടന്ന മൂന്നും നാലും എക്യുമെനിക്കല്‍ കൗണ്‍സിലുകളുടെ തീരുമാനം നിഖ്യ-കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണത്തില്‍ ആരും ഒരിക്കലും യാതൊരു വ്യത്യാസവും വരുത്തുവാന്‍ പാടില്ല എന്നതായിരുന്നു. ആ വിശ്വാസപ്രമാണത്തില്‍ പരിശുദ്ധാത്മാവിനെ പ്പറ്റി പറഞ്ഞിരുന്നത് "പിതാവില്‍നിന്ന് പുറപ്പെടുന്ന പരിശുദ്ധാത്മാവ്" എന്ന് മാത്രമാണ്. അവിഭക്ത കത്തോലിക്കാസഭയുടെ ആദ്യത്തെ നാല് സാര്‍വത്രിക സൂനഹദോസിന്‍റെ ഈ തീരുമാനത്തോട് - അതായത്, നിഖ്യാവിശ്വാസ പ്രമാണത്തില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുവാനോ മാറ്റം വരുത്തുവാനോ പാടില്ല എന്ന തീരുമാനത്തോട് - പൗരസ്ത്യ കത്തോലിക്കാ അകത്തോലിക്കാ സഭകളെല്ലാം എല്ലാക്കാലവും വിശ്വസ്തത പുലര്‍ത്തിയപ്പോള്‍, ലത്തീന്‍ സഭ, ആ വിശ്വാസപ്രമാണത്തില്‍ "പിതാവില്‍ നിന്നും" എന്നതിനോടൊപ്പം "പുത്രനില്‍ നിന്നും" എന്നുകൂടി കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഇങ്ങനെ "പുത്രനില്‍ നിന്നും" എന്നുള്ള കൂട്ടിച്ചേര്‍ക്കലിനാണ് "ഫീലിയോക്വേ" (filioque) വിവാദം എന്ന് സഭാചരിത്രത്തിലറിയപ്പെ ടുന്നത്. നമ്മുടെ കര്‍ത്താവിന്‍റെ മാമ്മോദീസയുടെ സമയത്ത് അവിടുത്തെമേല്‍ പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ ഇറങ്ങിവന്നതും അക്കൂട്ടത്തിലെ പിതാവായ ദൈവത്തിന്‍റെ ശബ്ദവും സൂചിപ്പിക്കുക പിതാവായ ദൈവത്തില്‍ നിന്ന് പുത്രനിലേക്ക് ഇറങ്ങിവന്ന പരിശുദ്ധാത്മാവിനെയാണല്ലോ. അതുപോലെ, "എന്‍റെ നാമത്തില്‍ പിതാവയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ്" (യോഹ 14:26), "പിതാവില്‍ നിന്നും പുറപ്പെടുന്ന സത്യാത്മാവ്" (യോഹ 15:26) എന്നീ കര്‍ത്താവിന്‍റെ വാക്കുകള്‍ പിതാവില്‍ നിന്നാണ് പരിശുദ്ധാത്മാവ് പുറപ്പെടുന്നതെന്ന വാദഗതിക്ക് ഉപോത്ബലകമായി പൗരസ്ത്യസഭകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, "ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുത്തേക്ക് ഞാന്‍ അയക്കും" (യോഹ 16:8) എന്നുതുടങ്ങിയ വിശുദ്ധ ഗ്രന്ഥഭാഗങ്ങള്‍ "പുത്രനില്‍ നിന്ന്" എന്ന് കൂട്ടിച്ചേര്‍ക്കുവാന്‍ പാശ്ചാത്യ സഭയ്ക്ക് പ്രേരണ നല്‍കി. ഏതായാലും, ആദ്യത്തെ നാല് സൂനഹദോസുകളിലെ പൊതുതീരുമാനത്തിന് വിരുദ്ധമായി ലത്തീന്‍സഭ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ പൗരസ്ത്യസഭകള്‍, പ്രത്യേകിച്ച് ഗ്രീക്ക് സഭ, പാശ്ചാത്യസഭയില്‍ പാഷണ്ഡത ആരോപിക്കുകയും എ.ഡി.1054 ലെ പാശ്ചാത്യ പൗരസ്ത്യ സഭകള്‍ തമ്മിലുള്ള പിളര്‍പ്പിന് ഒരു പ്രധാന കാരണമായിത്തീരുകയും ചെയ്തു എന്നതാണ് ചരിത്ര വസ്തുത.
എന്നാല്‍ ഫ്ളോറന്‍സില്‍ വച്ചുനടന്ന (1438-1445) സഭൈക്യ സാര്‍വത്രിക സൂനഹദോസില്‍ പൗരസ്ത്യ സഭകളുടെ പ്രതിനിധികളും പങ്കെടുക്കുകയും, അതിലെ ചര്‍ച്ചകളില്‍ നിന്നുരുത്തിരിഞ്ഞ "ആകാശമേ ആഹ്ലാദിച്ചാലും" (Laetentur Coeli: let the heavens rejoice) എന്ന 'പേപ്പല്‍ ബൂള്‍' വഴി, പൗരസ്ത്യ പാശ്ചാത്യ നിലപാടുകള്‍ സത്താപരമായി ഒന്നുതന്നെയാണെന്ന് പ്രഖ്യാപിക്കപ്പെടുകയുമാണുണ്ടായത്. അതിനുശേഷവും ലത്തീന്‍ സഭ "പുത്രനില്‍ നിന്നും" എന്ന് കൂട്ടിച്ചേര്‍ത്ത വിശ്വാസപ്രമാണം നിഖ്യാ വിശ്വാസപ്രമാണത്തിന്‍റെ ഭാഗമായി ഉപയോഗിച്ചുകൊണ്ടിരുന്നപ്പോള്‍, പൗരസ്ത്യ സഭകളില്‍ ആ കൂട്ടിച്ചേര്‍ക്കലില്ലാത്ത, കലര്‍പ്പില്ലാത്ത വിശ്വാസപ്രമാണം തുടര്‍ന്നുകൊണ്ടേയിരുന്നു.
1599 ലെ ഉദയംപേരൂര്‍ സൂനഹദോസിലൂടെ, മാര്‍ത്തോമ്മാ നസ്രാണികളുടെ പൗരസ്ത്യ സുറിയാനി ആരാധനക്രമം ലത്തിനീകരിച്ചതോടുകൂടി, ലത്തീന്‍ സഭയിലെ "പുത്രനില്‍ നിന്നും" എന്ന ഭാഗവും ഇവിടുത്തെ സുറിയാനി കത്തോലിക്കരുടെ ആരാധനക്രമഗ്രന്ഥങ്ങളില്‍ ചേര്‍ക്കപ്പെടുകയാണുണ്ടായത്. എന്നാല്‍ 1934 ല്‍ പരിശുദ്ധ സിംഹാസനം മുന്‍കൈയെടുത്ത് ആരംഭിച്ച സീറോ-മലബാര്‍ സഭയുടെ ആരാധനക്രമ പരിഷ്കരണവേളയില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് വരികയും അതില്‍ തത്സംബന്ധിയായി 1959 ല്‍ സീറോ-മലബാര്‍ സഭയ്ക്ക്, ഒരു ഒത്തുതീര്‍പ്പ് വ്യവസ്ഥ എന്ന രീതിയില്‍, "പുത്രനില്‍ നിന്നും" എന്ന ഭാഗം ഉപയോഗിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം അതാത് രൂപതാ മെത്രാന്മാര്‍ക്ക് നല്‍കുകയുമാണുണ്ടായത്. മാര്‍പാപ്പയുടെ നാമത്തില്‍ പരിശുദ്ധ സിംഹാസനം നല്‍കിയിട്ടുള്ള ഈ നിര്‍ദ്ദേശം ഇതുവരെ റദ്ദ് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ അത് സാധുവായും നൈയാമികമായും തുടരുന്നു എന്നതാണ് വസ്തുത. ഈ തീരുമാനം 'ഭരണപരമായ നടപടി' (administrative act) എന്ന വിഭാഗത്തിലാണ് വരിക. പൗരസ്ത്യ കാനോന സംഹിതയിലെ 1513-ാം കാനോനയുടെ ഒന്നാം ഖണ്ഡിക ഇങ്ങനെ പ്രസ്താവിക്കുന്നു: "മറ്റ് രീതിയില്‍ നിയമത്തില്‍ തന്നെ വ്യവസ്ഥ ചെയ്യുകയോ, ഭരണപരമായ നടപടികള്‍ പുറപ്പെടുവിച്ച അധികാരിയെക്കാള്‍ ഉയര്‍ന്ന അധികാരി നിയമം പാസ്സാക്കുകയോ ചെയ്യാത്ത പക്ഷം വിപരീതമായ ഒരു നിയമം വഴി ഭരണപരമായ ഒരു നടപടിയും പിന്‍വലിക്കപ്പെടുന്നില്ല." മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, "പിതാവില്‍ നിന്നും" എന്നതിനോടൊപ്പം "പുത്രനില്‍ നിന്നും" കൂടി കൂട്ടിച്ചേര്‍ക്കണമെന്ന് നിയമം നിര്‍മ്മിക്കുവാന്‍ മാര്‍പാപ്പയുടെ താഴെ മാത്രം അധികാരമുള്ള സീറോ-മലബാര്‍ സിനഡിനാവില്ല. ഇതറിയാവുന്ന സീറോ-മലബാര്‍ സിനഡ് അതിന് ശ്രമിച്ചിട്ടുമില്ല. അതിനാല്‍ത്തന്നെ, ഓരോ രൂപതയിലും ബലിയര്‍പ്പിക്കുമ്പോഴും അതുപോലെ വിശ്വാസം പരസ്യമായിട്ട് പ്രഖ്യാപിക്കേണ്ടണ്ട അവസരം വരുമ്പോഴും ഉപയോഗിക്കേണ്ട വിശ്വാസപ്രമാണം, അതാത് രൂപതയില്‍ ഉപയോഗത്തിലിരിക്കുന്ന "പുത്രനില്‍ നിന്നും" എന്ന് കൂടിയതോ, അത് ഒഴിവാക്കിയതോ ആയ രൂപത്തിലായിരിക്കണം. അതാണ്, സീറോ-മലബാര്‍ സഭയില്‍ ഇന്ന് നിലവിലുള്ള നിയമം; ഇനി ഒരു മാര്‍പാപ്പ മറ്റൊരു തീരുമാനമെടുത്ത് പ്രഖ്യാപിക്കുന്നതുവരെ.
4. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പഠനം
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പൗരസ്ത്യസഭകളെപ്പറ്റിയുള്ള ഡിക്രി ഓറിയെന്താലിയും എക്ലെസിയാരും (Orientalium Ecclesiarum) ഇങ്ങനെ പഠിപ്പിക്കുന്നു: "നിയമാനുസൃതമായ ആരാധനക്രമ ങ്ങളും ശിക്ഷണങ്ങളും സംരക്ഷിക്കാമെന്നും സംരക്ഷിക്കണമെന്നും എല്ലാ പൗരസ്ത്യസഭകളും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ. ജീവാത്മകമായ വളര്‍ച്ചയ്ക്ക് മാത്രമല്ലാതെ യാതൊരു മാറ്റവും അവയില്‍ വരുത്താവുന്നതല്ല. അതിനാല്‍, ഏറ്റവും വിശ്വസ്തതയോടെ ഇവയെല്ലാം പൗരസ്ത്യര്‍ തന്നെ അനുസരിക്കണം. മുമ്പത്തേക്കാള്‍ കൂടുതലായി ഇവ പഠിക്കുകയും പൂര്‍ണ്ണമായി ആചരിക്കുകയും വേണം. കാലത്തിന്‍റെയോ വ്യക്തിയുടെയോ സാഹചര്യങ്ങള്‍ക്ക് അടിപ്പെട്ട് തങ്ങള്‍ക്ക് ചേരാത്ത വിധത്തില്‍ ഇവയില്‍നിന്നും വ്യതിചലിച്ചുപോയിട്ടുണ്ടെങ്കില്‍ പൗരാണിക പാരമ്പര്യത്തിലേക്ക് തിരിയുവാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതാണ്" (OE 6). പൗരസ്ത്യസഭകളുടെയെല്ലാം പാരമ്പര്യം നിഖ്യാ-കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണം "പുത്രനില്‍ നിന്നും" എന്നുള്ള കൂട്ടിച്ചേര്‍ക്കല്‍ കൂടാതെ ചൊല്ലുക എന്നതാണ്. മാര്‍ത്തോമാ നസ്രാണികളുടെ പൗരസ്ത്യസുറിയാനി ആരാധനക്രമവും പിന്തുടര്‍ന്നിരുന്ന പാരമ്പര്യവും അതുതന്നെ. എന്നാല്‍, ആ വ്യക്തിസഭയില്‍ നിയമവിരുദ്ധമായി അടിച്ചേല്‍പ്പിച്ച ഉദയംപേരൂര്‍ സൂനഹദോസിലെ തീരുമാനങ്ങളുടെ പരിണിതഫലമായി, ആ സഭാപാരമ്പര്യത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ട "പുത്രനില്‍ നിന്നും" പുറപ്പെടുന്ന പരിശുദ്ധാത്മാവ് എന്ന ഭാഗം തങ്ങളുടെ രൂപതകളില്‍ വേണ്ടെന്ന് വയ്ക്കുവാനുള്ള ആര്‍ജ്ജവവും വിവേകവുമാണ്, സീറോ-മലബാര്‍ സഭ എന്ന പൗരസ്ത്യ കത്തോലിക്കാസഭയിലെ മെത്രാന്മാര്‍ ഇന്ന് കാണിക്കേണ്ടിയിരിക്കുന്നത്. 1959 ലെ സീറോ-മലബാര്‍ മെത്രാന്മാരെല്ലാവരും പാശ്ചാത്യദൈവശാസ്ത്ര പഠനങ്ങളിലൂടെ വളര്‍ന്നു വന്നവരായിരുന്നു. അതിനാല്‍, അവര്‍ക്ക് പാശ്ചാത്യമായതെല്ലാം സ്വീകാര്യവും ഉന്നതവുമായി തോന്നിയിരിക്കാം. എന്നാല്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പൗരസ്ത്യ സഭകളെപ്പറ്റിയുള്ള വ്യക്തമായ പഠനത്തിനുശേഷവും, പൗരസ്ത്യപാരമ്പര്യമായ "പിതാവില്‍ നിന്നു പുറപ്പെടുന്ന... പരിശുദ്ധാത്മാവ്" എന്ന വിശ്വാസപ്രഘോഷണ രീതിയിലേക്ക് തിരിച്ചുപോകാന്‍ മടിക്കുന്നത്, പ്രസ്തുത മെത്രാന്മാരുടെ ആഴമായ ബോധ്യങ്ങളുടെ അഭാവമായി ആരെങ്കിലും കണ്ടാല്‍ അവരെ കുറ്റം പറയാനാവില്ല. സ്വന്തം സഭയുടെ സ്വത്വം തിരിച്ചറിയുവാനും അതില്‍ അഭിമാനിക്കുവാനും അത് ഏറ്റു ചൊല്ലുവാനുമുള്ള വരം സീറോ-മലബാര്‍ സഭയിലെ എല്ലാ വൈദികമേലദ്ധ്യക്ഷന്മാര്‍ക്കും വൈദികര്‍ക്കും അല്മായര്‍ക്കും ലഭിക്കുന്നതിനായി എല്ലാവരും പ്രാര്‍ത്ഥിക്കുക മാത്രമേ കരണീയമായുള്ളൂ എന്ന് തോന്നുന്നു. ഏതായാലും, "പിതാവില്‍ നിന്ന് പുറപ്പെടുന്ന പരിശുദ്ധാത്മാവ്" എന്ന അവിഭക്ത കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണവും "പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ്" എന്ന ലത്തീന്‍സഭയുടെ വിശ്വാസപ്രമാണവും, പിതാവും പുത്രനും പരിശുദ്ധാത്മാവും ഏകസത്തയായതിനാല്‍, ഒന്നുതന്നെയെന്നും അതില്‍ ഏത് ചൊല്ലിയാലും തെറ്റോ പാഷണ്ഡതയോ ഇല്ല എന്നും 1439 ല്‍ ഫ്ളോറന്‍സ് സാര്‍വത്രിക സൂനഹദോസിലെ തീരുമാനത്തിന്‍റെ ഭാഗമായി മാര്‍പാപ്പ പ്രഖ്യാപിച്ചതിനുശേഷം ഇതിലേത് രൂപത്തില്‍ വിശ്വാസപ്രഖ്യാപനം നടത്തിയാലും അത് തെറ്റല്ലെങ്കില്‍ കൂടി, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ (OE 6) ആഹ്വാനത്തിനുശേഷം, നാം നമ്മുടെ പൗരസ്ത്യപാരമ്പര്യങ്ങളിലേക്ക് തിരിച്ച് പോകുന്നതാണ് കൂടുതല്‍ ഉചിതം.
ഉപസംഹാരം
"കപടലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം" എന്ന് കവി ചങ്ങമ്പുഴ കൃഷ്ണപിള്ള തന്‍റെ പാടുന്ന പിശാച് എന്ന ഖണ്ഡകാവ്യത്തിലെഴുതിയിട്ടുണ്ട്. സീറോ-മലബാര്‍ സഭയെ സംബന്ധിച്ചിടത്തോളം, അതൊരു പൗരസ്ത്യസഭയാണെന്നും അതിന്‍റെ സ്വത്വത്തിലും പാരമ്പര്യത്തിലും നമുക്ക് അഭിമാനിക്കാമെന്നും അറിവില്ലാത്ത, അഥവാ അത് മറക്കാന്‍ ശ്രമിക്കുന്ന, ചില വിമതക്കോമരങ്ങളുടെ പാശ്ചാത്യാനുകരണശ്രമങ്ങളെ വേണ്ട രീതിയില്‍ പ്രതിരോധിക്കുവാന്‍ ശ്രമിക്കാത്ത, സാലഭഞ്ജികകള്‍പോലെ തോന്നുന്ന വൈദികമേലദ്ധ്യക്ഷന്മാരുടെ സാന്നിധ്യവും, സത്യമറിയാമെങ്കിലും സത്യത്തിനുവേണ്ടി സഹിക്കുവാനുള്ള മടിമൂലം, എന്താണ് സത്യമെന്ന് ചോദിച്ച പീലാത്തോസിനെപ്പോലെ സ്വന്തം കൈകള്‍ കഴുകി അധികാരത്തിന്‍റെ ശീതളഛായയില്‍ സ്വസ്ഥമായി വിശ്രമിക്കുന്നവരുമാണെന്ന് പറയാതെ വയ്യ. "നമുക്കും പോകാം, അവനോടുകൂടെ പോയി മരിക്കാം" എന്ന് പറഞ്ഞ മാര്‍ത്തോമ്മാ ശ്ലീഹായുടെ മാതൃക സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ എല്ലാ വൈദികമേലദ്ധ്യക്ഷന്മാരും നിശ്ചയദാര്‍ഢ്യത്തോടെ, ഒത്തൊരുമയോടെ, തീരുമാനിച്ചുറപ്പിച്ച് തങ്ങളുടെ ദൗത്യനിര്‍വഹണത്തിനായി ഇറങ്ങിത്തിരിച്ചാല്‍ അന്ന് തീരും എല്ലാ വിമതസ്വരങ്ങളും സംരംഭങ്ങളും ഈ സഭയില്‍.
ഒന്നുകൂടി ചുരുക്കി പറഞ്ഞാല്‍, സീറോ-മലബാര്‍ തക്സയില്‍ കൊടുത്തിരിക്കുന്ന വിശ്വാസപ്രമാണത്തിലെ "പുത്രനില്‍ നിന്നും" എന്നുള്ള ഭാഗം രണ്ട് രേഖകളുടെ മദ്ധ്യത്തില്‍ കൊടുത്തിരിക്കുന്നത് ഒരു പ്രത്യേക ഉദ്ദ്യേശത്തോടുകൂടിയാണ്. അതിന്‍റെ അര്‍ത്ഥം ആ ഭാഗം ചൊല്ലണമോ വേണ്ടയോ എന്ന തീരുമാനം രൂപതാദ്ധ്യക്ഷന് വിട്ടുകൊടുത്തിരിക്കുന്നു എന്നുതന്നെയാണ്. തത്സംബന്ധിയായ പരിശുദ്ധ മാര്‍പാപ്പയുടെ 1959 ലെ തീരുമാനം ഇന്നും നിലനില്‍ക്കുന്നു. ''പുത്രനില്‍ നിന്നും" എന്നുള്ള ഭാഗം ചൊല്ലിയാലും ഇല്ലെങ്കിലും പ്രഖ്യാപിക്കുന്ന വിശ്വാസം ഒന്നുതന്നെ. എന്നിരുന്നാലും, ഒരു പൗരസ്ത്യ കത്തോലിക്കാസഭ എന്ന നിലയില്‍ സീറോ-മലബാര്‍ സഭയിലെ രൂപതകള്‍ തങ്ങളുടെ പരമ്പരാഗതമായ വിശ്വാസപ്രഘോഷണത്തിലേക്ക് തിരിച്ചു പോകുന്നതാണ് വത്തിക്കാന്‍ കൗണ്‍സില്‍ ചൈതന്യത്തോട് വിശ്വസ്തത പാലിക്കുവാന്‍ കൂടുതല്‍ സഹായകമാകുന്നത്.
Recent Posts
See Allനോമ്പ്: അര്‍ത്ഥവും ആചരണവും ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ ആമുഖം നോമ്പ് അഥവാ നോയമ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഏതൊക്കെ നോമ്പുകള്‍...
ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ. ആമുഖം പൗരസ്ത്യ കാനോന സംഹിതയിലെ 1437-ാം കാനോന ഇപ്രകാരം നിഷ്കര്‍ഷിച്ചിരിക്കുന്നു: "സഭയുടെ പരമോന്നത...
Comments