top of page

ശീശ്മയും വലിയ മഹറോന്‍ ശിക്ഷയും അതിന്‍റെ പരിണിതഫലങ്ങളും: ഒരു കാനോനിക അവലോകനം



ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ.


ആമുഖം


പൗരസ്ത്യ കാനോന സംഹിതയിലെ 1437-ാം കാനോന ഇപ്രകാരം നിഷ്കര്‍ഷിച്ചിരിക്കുന്നു: "സഭയുടെ പരമോന്നത അധികാരത്തോടുള്ള വിധേയത്വമോ അതിന് വിധേയരായ ക്രൈസ്തവ വിശ്വാസികളോടുള്ള കൂട്ടായ്മയോ നിരസിക്കുകയും, നിയമാനുസൃതം താക്കീത് നല്‍കിയിട്ടും അനുസരിക്കാതിരിക്കുകയും ചെയ്യുന്ന ഒരാള്‍ ശീശ്മക്കാരനെന്ന നിലയില്‍ വലിയ മഹറോന്‍ ശിക്ഷയ്ക്കര്‍ഹനാണ്." കത്തോലിക്കാ സഭയുടെ കാനന്‍ നിയമമനുസരിച്ച് ശിക്ഷാര്‍ഹമായ ഗൗരവതരമായ ഒരു കുറ്റമാണ് ശീശ്മ എന്നത്. ഈ ശീശ്മ ഇപ്പോള്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാനയര്‍പ്പണ സംബന്ധിയായ അനുസരണക്കേടിന്‍റെ പശ്ചാത്തലത്തില്‍ ഒരു യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു എന്നതും ആ ശീശ്മയില്‍നിന്ന് 2024 ജൂലൈ മൂന്നാം തീയതിയെങ്കിലും മാറാത്തവരെ ശിക്ഷിക്കുമെന്നുള്ള അന്ത്യശാസനം സീറോ-മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂര്‍ പിതാവുംകൂടി 2024 ജൂണ്‍ 9-ാം തീയതി പുറപ്പെടുവിച്ച ഒരു സംയുക്ത സര്‍ക്കുലറിന്‍റെ പശ്ചാത്തലത്തിലാണ് ഈ ലേഖനം എഴുതുന്നത്.


1. 2024 ജൂണ്‍ ഒമ്പതാം തീയതിയിലെ സര്‍ക്കുലര്‍: ഒരു അപഗ്രഥനം


2024 മെയ് 15-ാം തീയതി, പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരം റോമില്‍ വച്ച് നടന്ന സീറോ-മലബാര്‍ സഭയുടെ ഉന്നതാധികാരസമിതി അഥവാ ഹൈക്കമാന്‍ഡ് എടുത്ത തീരുമാനങ്ങളാണ് 2024 ജൂണ്‍ ഒമ്പതാം തീയതിയിലെ സംയുക്ത സര്‍ക്കുലറിലെ പ്രതിപാദ്യവിഷയം. മാര്‍പാപ്പയുടെ പരമാധികാരം തന്നെയാണ് ഈ ഉന്നതാധികാരസമിതിയും വിനിയോഗിച്ചിരിക്കുന്നത്. മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരം കൂടിയ യോഗത്തിന്‍റെ തീരുമാനമായതിനാലും, അതില്‍ മാര്‍പാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയേത്രോ പരോളിനും പേപ്പല്‍ ഡെലഗേറ്റ് ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ പിതാവും പൗരസ്ത്യ കാര്യാലയത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ക്ലാവുദിയോ ഗുജറോത്തിയും സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും പങ്കെടുത്തതിനാലും, ആ യോഗത്തിന്‍റെ തീരുമാനങ്ങള്‍ മാര്‍പാപ്പയുടെ അധികാരമുപയോഗിച്ചെടുത്തിട്ടുള്ള തീരുമാനങ്ങളാ കയാലും ബന്ധപ്പെട്ട കത്തോലിക്കാ വിശ്വാസികളെല്ലാവരും അവ അനുസരിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു. ഈ തീരുമാനങ്ങളെ തള്ളിക്കളയുവാനോ തിരുത്തുവാനോ സീറോ-മലബാര്‍ സിനഡിനോ കത്തോലിക്കാ സഭയുടെ പരമോന്നത കോടതി ആയ സിഞ്ഞത്തൂര അപ്പസ്തോലിക്കയ്ക്കോ പോലും സാധ്യവുമല്ല. ഇതില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ മാര്‍പാപ്പയ്ക്ക് മാത്രമേ ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമാവുകയുള്ളു.


ഉന്നതാധികാരസമിതിയുടെ യോഗത്തിലെ തീരുമാനങ്ങള്‍ 8 നമ്പരുകളിലായി സര്‍ക്കുലറില്‍ നല്‍കിയിരിക്കുന്നത് ഇങ്ങനെ സംഗ്രഹിക്കാം:


1. സീറോ-മലബാര്‍ സഭയുടെ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്‍റെ ഏകീകൃതരൂപം എല്ലായിടത്തും നടപ്പിലാക്കണമെന്ന തീരുമാനത്തിന് യാതൊരു മാറ്റവുമില്ല.

2. മാര്‍പാപ്പയുടെയും സിനഡിന്‍റെയും ഇത് സംബന്ധിയായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തവര്‍ ശീശ്മയിലാണ് നിപതിക്കുക. അത് കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍ നിന്ന് ബഹിഷ്കരിക്കപ്പെടുന്നതിന് ഇടവരുത്തും.

3. അതിനാല്‍, ഇതുവരെ അനുസരിക്കാത്തവര്‍ക്കുള്ള അന്ത്യശാസനം ഈ സര്‍ക്കുലറിലൂടെ നല്‍കുന്നു: 2024 ജൂലൈ മൂന്നാം തീയതി എങ്കിലും അനുസരിച്ച് ഏകീകൃത ബലിയര്‍പ്പണം ആരംഭിക്കാത്ത സീറോ-മലബാര്‍ സഭാവൈദികരെല്ലാം പിറ്റേദിവസം മുതല്‍ കത്തോലിക്കാസഭയില്‍നിന്ന് സ്വയമേ പുറത്തുപോയവരായി കണക്കാക്കപ്പെടും. അവര്‍ക്ക് കത്തോലിക്കാസഭയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതില്‍നിന്നും വിലക്കേര്‍പ്പെടുത്തും.

4. എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങളായി പ്രസ്തുത അതിരൂപതയ്ക്ക് പുറത്ത് പഠനത്തിലും മറ്റു ശുശ്രൂഷകളിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ 2024 ജൂലൈ മൂന്നാം തീയതിക്കകം, തങ്ങള്‍ ഏകീകൃത ബലിയര്‍പ്പണരീതി മാത്രമേ തുടര്‍ന്ന് ഉപയോഗിക്കുകയുള്ളൂ എന്ന സത്യവാങ്മൂലം നല്‍കാത്തപക്ഷം, അവരെയും കത്തോലിക്കാസഭയില്‍ പുരോഹിത ശുശ്രൂഷ ചെയ്യുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തുന്നതും അവര്‍ ആയിരിക്കുന്ന സ്ഥലത്തെ അധികാരികളെ പ്രസ്തുത കാര്യം അറിയിക്കുന്നതുമാണ്.

5. 2024 ജൂലൈ 3 ന് ശേഷം ഏകീകൃതരീതിയിലല്ലാതെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വൈദികന്‍റെ കുര്‍ബാനയര്‍പ്പണത്തില്‍നിന്നും മറ്റ് തിരുക്കര്‍മ്മങ്ങളില്‍നിന്നും എല്ലാ വിശ്വാസികളും വിട്ടുനില്‍ക്കണം. അങ്ങനെയുള്ള വിശുദ്ധ കുര്‍ബാനയിലെ ഭാഗഭാഗിത്വം ഞായറാഴ്ച കടത്തില്‍നിന്ന് വിടുതല്‍ നല്‍കുന്നില്ല.

6. ശീശ്മയില്‍പ്പെട്ട് സഭാശുശ്രൂഷാവിലക്കില്‍പ്പെട്ട വൈദികര്‍ ആശീര്‍വദിക്കുന്ന വിവാഹങ്ങള്‍ സാധുവായി കത്തോലിക്കാസഭ പരിഗണിക്കുകയില്ല. അവര്‍ക്ക് കത്തോലിക്കാസഭയിലെ ഒരു ഇടവകയിലും സ്ഥാപനങ്ങളിലും ഭരണനിര്‍വഹണം നടത്താനാകില്ല.

7. ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണം മാത്രമേ നടത്തുകയുള്ളൂ എന്ന് സത്യവാങ്മൂലം നല്‍കാത്ത വൈദികവിദ്യാര്‍ത്ഥികള്‍ക്ക് ഡീക്കന്‍പട്ടമോ പൗരോഹിത്യപട്ടമോ നല്‍കുകയില്ല.

8. ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണത്തോട് ഇതുവരെ ചേര്‍ന്നുനിന്ന വൈദികരെയും സന്യസ്തരെയും അത്മായരെയും കൃതജ്ഞതയോടെ ഓര്‍ക്കുന്നു. കത്തോലിക്കാ സഭയുടെ കൂട്ടായ്മയോട് ചേര്‍ന്നുനില്‍ക്കുവാന്‍ വിശ്വാസസമൂഹം ജാഗ്രത പുലര്‍ത്തണം. വിഭാഗീയതയുടെ വിത്തുവിത്യ്ക്കുന്ന നിക്ഷിപ്ത താല്പര്യക്കാരുടെ നുണപ്രചരണങ്ങള്‍ ക്രൈസ്തവമായ രീതിയില്‍ പ്രതിരോധിക്കണം.


ഒന്നാമതായി, ഈ തീരുമാനങ്ങളെപ്പറ്റി പറയുവാനുള്ളത്, ഈ തീരുമാനങ്ങള്‍ റോമില്‍വച്ച് 2024 മെയ് 15-ാം തീയതിയിലെ ഉന്നതാധികാരയോഗത്തിലെടുത്ത തീരുമാനങ്ങളാണ് എന്നതാണ്. അത് 2024 ജൂണ്‍ 14-ാം തീയതിയിലെ സിനഡിന്‍റെ തീരുമാനങ്ങളായി പുറത്തിറക്കുവാനോ സിനഡിന്‍റെ അംഗീകാരത്തോടുകൂടി പുറത്തിറക്കുവാനോ ഉദ്ദേശിച്ച് തയ്യാറാക്കിയതാണ് എന്ന് കരുതുക ബുദ്ധിമുട്ടുള്ളതാണ്. പ്രധാന കാരണം, എറണാകുളം-അങ്കമാലി അതിരൂപത സീറോ-മലബാര്‍ സിനഡിന്‍റെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലല്ല എന്നതുതന്നെ. അത് മാര്‍പാപ്പയുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലാണ്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂരിനാണ് ഇപ്പോഴും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല. അത് വത്തിക്കാന്‍ മാറ്റാത്തിടത്തോളംകാലം, സിനഡിന്‍റെ സര്‍ക്കുലറിനുപരി മാര്‍ ബോസ്കോ പുത്തൂര്‍ പിതാവും സീറോ-മലബാര്‍ സഭാതലവന്‍ എന്ന നിലയില്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവും തന്നെയാണ് ഇങ്ങനെയുള്ള സര്‍ക്കുലര്‍ ഇറക്കേണ്ടത്. അതിനാല്‍ത്തന്നെ, ഈ സര്‍ക്കുലര്‍ സാധുവും നൈയാമികവും എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങളെ സംബന്ധിച്ചിടത്തോളം അനുസരിക്കേണ്ടതും തന്നെ; തീര്‍ച്ച.


ശ്രദ്ധേയമായ മറ്റൊരു കാര്യം, അനുസരണക്കേടിലൂടെ ശീശ്മയില്‍ നിപതിച്ച, തദ്വാര, കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍നിന്നും പുറത്തുപോയ വൈദികരുടെ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍നിന്നും കത്തോലിക്കാ വിശ്വാസികളായവരെല്ലാവരും വിട്ടുനില്‍ക്കണമെന്ന നിര്‍ദ്ദേശമാണ്. ഇത് അത്മായ വിശ്വാസികളോട് മാത്രമുള്ള നിര്‍ദ്ദേശമല്ല; പ്രത്യുത, സന്യാസിനീ- സന്യാസികളോടുമുള്ള നിര്‍ദ്ദേശം തന്നെയാണ്. അതിനോടുചേര്‍ന്ന് പോകുന്നതാണ്, അങ്ങനെ ശീശ്മയില്‍ നിപതിച്ച വൈദികരുടെ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ പങ്കുചേരുന്നതുകൊണ്ട് ഞായറാഴ്ചകടം വീടുകയില്ല എന്നുള്ള സര്‍ക്കുലറിലെ പ്രസ്താവനയും. ഇക്കാര്യങ്ങള്‍ മനസ്സിലാകുവാന്‍ പൗരസ്ത്യ കാനോന സംഹിതയിലെ വലിയ മഹറോന്‍ ശിക്ഷയുടെ സ്വഭാവവും അതിന്‍റെ പരിണിതഫലങ്ങളും മനസ്സിലാക്കേണ്ടിയിരിക്കുന്നു.


2. വലിയ മഹറോന്‍ ശിക്ഷയുടെ സ്വഭാവവും പ്രത്യാഘാതങ്ങളും


കത്തോലിക്കാസഭയില്‍ ഒരാള്‍ അംഗമാകുന്നത്, കത്തോലിക്കാസഭയിലെ 23 സ്വയംഭരണാധികാരമുള്ള പൗരസ്ത്യ സഭകളിലേതിലെങ്കിലുമോ, അല്ലെങ്കില്‍ ലത്തീന്‍ സഭയിലോ മാമ്മോദീസ സ്വീകരിക്കുന്നത് വഴിയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും ക്രൈസ്തവ വിഭാഗത്തില്‍ സാധുവായി മാമ്മോദീസ സ്വീകരിച്ച ശേഷം പിന്നീട് കത്തോലിക്കാസഭയുടെ 24 വ്യക്തിസഭകളിലേതിലെങ്കിലും ചേരുകയോ ചെയ്യുന്നത് വഴിയുമാണ്. ഇങ്ങനെ കത്തോലിക്കാസഭയിലെ അംഗമായ ഒരു വിശ്വാസി കത്തോലിക്കാസഭയുടെ പരമാധികാരിയായ മാര്‍പാപ്പയെയും മാര്‍പാപ്പവഴി നല്‍കപ്പെട്ട കാനന്‍ നിയമവും മറ്റ് തീരുമാനങ്ങളും അനുസരിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു. മറ്റൊരുവാക്കില്‍ പറഞ്ഞാല്‍, കത്തോലിക്കാസഭയുടെ വിശ്വാസവും സന്മാര്‍ഗപഠനങ്ങളുമനുസരിച്ചാല്‍ മാത്രം ഒരാള്‍ കത്തോലിക്കാസഭയിലെ അംഗമാകില്ല; പ്രത്യുത, പ്രസ്തുത സഭയുടെ പരമാധികാരത്തെയും മാര്‍പാപ്പയുടെ കല്‍പ്പനകളും നിയമങ്ങളുംകൂടി അനുസരിക്കണം. മാര്‍പാപ്പയെ അനുസരിക്കാതിരിക്കുമ്പോള്‍ ഒരു കത്തോലിക്കാവിശ്വാസി ചെയ്യുന്ന കുറ്റമാണ് ശീശ്മ. ശീശ്മക്കുള്ള ശിക്ഷ വലിയ മഹറോന്‍ ശക്ഷയാണെന്ന് പൗരസ്ത്യ കാനോന സംഹിത വ്യക്തമാക്കുന്നു (cf. CCEO c.1437).


വലിയ മഹറോന്‍ശിക്ഷ എന്തെന്ന് മനസ്സിലാക്കുവാന്‍ ചെറിയ മഹറോന്‍ ശിക്ഷ എന്താണെന്നുകൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. പൗരസ്ത്യ കാനോന സംഹിതയുടെ 1431-ാം ഇങ്ങനെ നിഷ്കര്‍ഷിച്ചിരിക്കുന്നു: "§1. ചെറിയ മഹറോന്‍ ശിക്ഷയില്‍പ്പെട്ടിട്ടുള്ളവര്‍ വി. കുര്‍ബാന സ്വീകരിക്കുന്നതില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. കൂടാതെ, വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നതില്‍നിന്നും, പരസ്യമായി ദൈവാരാധന നടക്കുന്ന സമയത്ത് പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്നുപോലും, അവരെ ഒഴിവാക്കുവാന്‍ സാധിക്കും. §2. ഈ ശിക്ഷ ചുമത്തുന്ന വിധിയോ, കല്പനയോ, ശിക്ഷയുടെ വ്യാപ്തിയും, കാര്യത്തിന്‍റെ സ്വഭാവവുമനുസരിച്ച് ശിക്ഷയുടെ കാലദൈര്‍ഘ്യവും നിശ്ചയിക്കേണ്ടതാണ്."


ചെറിയ മഹറോന്‍ശിക്ഷ പ്രധാനമായും വിശുദ്ധ കുര്‍ബാനയുടെ സ്വീകരണത്തില്‍ നിന്നുള്ള വിലക്കാ ണെങ്കില്‍, വലിയ മഹറോന്‍ശിക്ഷ, വളരെയധികം പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നവയാണ്. പൗരസ്ത്യ കാനോന സംഹിതയിലെ 1434-ാം ഇങ്ങനെ വ്യക്തമാക്കുന്നു: "വലിയ മഹറോന്‍ശിക്ഷ ഒരുവനെ കാനോന 1431 §1 ല്‍ സൂചിപ്പിച്ചിരിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും പുറമെ, മറ്റ് കൂദാശകള്‍ സ്വീകരിക്കുന്നതില്‍നിന്നും, കൂദാശകളും കൂദാശാനുകരണങ്ങളും പരികര്‍മ്മം ചെയ്യുന്നതില്‍നിന്നും ഏതെങ്കിലും ഉദ്യോഗങ്ങളോ ശുശ്രൂഷകളോ ചുമതലകളോ നിര്‍വഹിക്കുന്നതില്‍നിന്നും ഭരണനടപടികള്‍ നടത്തുന്നതില്‍നിന്നും വിലക്കുന്നു. എന്നിരുന്നാലും ഭരണനടപടികള്‍ നടത്തുകയാണെങ്കില്‍ അവ നിയമത്താല്‍ത്തന്നെ അസാധുവാണ്. §2. വലിയ മഹറോന്‍ ശിക്ഷയില്‍പ്പെട്ടിരിക്കുന്ന ഒരു വ്യക്തി വിശുദ്ധ കുര്‍ബാനയിലും ദൈവാരാധനയുടെ മറ്റ് പരസ്യാഘോഷങ്ങളിലും പങ്കെടുക്കുന്നതില്‍നിന്നും അകറ്റി നിര്‍ത്തപ്പെടേണ്ടതാണ്. §3. വലിയ മഹറോന്‍ ശിക്ഷയില്‍പ്പെട്ടിരിക്കുന്ന ഒരു വ്യക്തി തനിക്ക് നേരത്തെ അനുവദിക്കപ്പെട്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍നിന്നും വിലക്കപ്പെട്ടിരിക്കുന്നു. ബഹുമതികളോ, ഉദ്യോഗങ്ങളോ ശുശ്രൂഷകളോ സഭയിലെ മറ്റേതെങ്കിലും ചുമതലയോ പെന്‍ഷനോ സാധുവായി സ്വീകരിക്കുവാന്‍ അദ്ദേഹത്തിന് സാധിക്കുകയില്ല. ഇവയോട് ചേര്‍ന്നുള്ള വരുമാനങ്ങളും സ്വന്തമാക്കുവാന്‍ അദ്ദേഹത്തിന് സാധിക്കുകയില്ല. കൂടാതെ, തെരഞ്ഞെടുക്കുവാനും തിരഞ്ഞെടുക്കപ്പെടുവാനുമുള്ള അവകാശം അദ്ദേഹത്തിനില്ലാതാകുന്നു."


മഹറോന്‍ ശിക്ഷയില്‍പ്പെട്ട ഒരു വ്യക്തി അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയും പരികര്‍മ്മം ചെയ്യുന്ന മറ്റ് കൂദാശകളും കൂദാശാനുകരണങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ ഭരണപരമായ നടപടികളും അസാധുവാണ് എന്നതാണ് മാര്‍പാപ്പായാല്‍ നല്‍കപ്പെട്ടിരിക്കുന്ന കാനന്‍നിയമത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ശീശ്മവഴി കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍നിന്ന് പുറത്തുപോയ ഒരു വ്യക്തി, ആ അവസ്ഥയില്‍നിന്ന് മോചിതനാകുന്നതുവരെ കത്തോലിക്കനായി സഭാനിയമം കരുതുന്നില്ല. അങ്ങനെയുള്ള ഒരു അകത്തോലിക്കന്‍ നിയമവിരുദ്ധമായി ഒരു കത്തോലിക്കാ പള്ളിയില്‍ അര്‍പ്പിക്കുന്ന അസാധുവായ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍നിന്നും എല്ലാ കത്തോലിക്കരും വിട്ടുനില്‍ക്കേണ്ടതുണ്ട്. ഇതുതന്നെയാണ് സംയുക്ത സര്‍ക്കുലറില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും ആവശ്യപ്പെട്ടിരിക്കുന്നത്. അത് അസാധുവായ വിശുദ്ധ കുര്‍ബാനയര്‍പ്പണമാ യതുകൊണ്ടാണ്, അങ്ങനെയുള്ള അര്‍പ്പണത്തില്‍ പങ്കുചേരുന്നതുകൊണ്ട് ഞായറാഴ്ചകടം വീടില്ല എന്ന് പ്രസ്തുത സര്‍ക്കുലര്‍ വ്യക്തമാക്കിയിരിക്കുന്നത്.


3. ജൂലൈ 3-ാം തീയതിയുടെ പ്രത്യേകത


എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വൈദികരുടെ നിയമവിരുദ്ധ വിശുദ്ധ കുര്‍ബാന യര്‍പ്പണം ശിക്ഷാര്‍ഹമായ കുറ്റമായി മാറുന്നത് 2024 ജൂലൈ 3 മുതലാണെന്നാണ് 2024 ജൂണ്‍ 9-ാം തീയതിയിലെ സംയുക്ത സര്‍ക്കുലറില്‍നിന്ന് നാം മനസ്സിലാക്കേണ്ടത്. അതായത്, ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന നിയമലംഘനങ്ങളെ ശിക്ഷിക്കുവാന്‍ സഭാധികാരികള്‍ ഉദ്ദേശിക്കുന്നില്ല എന്ന് സാരം. 2024 ജൂലൈ 3-ാം തീയതിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 2000 ജൂലൈ 3-ാം തീയതി ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണം എല്ലാ സീറോ-മലബാര്‍ രൂപതകളിലും നടപ്പിലാക്കണമെന്ന സീറോ- മലബാര്‍ സിനഡിന്‍റെ 1999-ലെ കല്പന കഴിഞ്ഞ് 24 വര്‍ഷങ്ങളിലെ പരിശ്രമങ്ങള്‍ക്കുശേഷമാണ് ശിക്ഷാ നടപടികളിലൂടെ ആ തീരുമാനത്തിന്‍റെ സമ്പൂര്‍ണ്ണമായ നടപ്പിലാക്കലിന് സഭാധികാരികള്‍ തുനിഞ്ഞിരിക്കുന്നത്. ക്ഷമയുടെ നെല്ലിപ്പലകയും കണ്ടശേഷമെന്നോ, ഏഴു വീതം 70 തവണ ക്ഷമിച്ച ശേഷമെന്നുമോ ഈ ദീര്‍ഘകാലത്തെ പരിശ്രമശ്രമങ്ങളെ വിശേഷിപ്പിക്കാം എന്ന് തോന്നുന്നു. 2024 ജൂലൈ 3-ാം തീയതിയെങ്കിലും മാനസാന്തരപ്പെട്ട് ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതിയിലേക്ക് തിരിയുന്നവര്‍ക്ക് ശിക്ഷയുണ്ടാവുകയില്ല എന്ന സംയുക്ത സര്‍ക്കുലറിലെ തീരുമാനം 2024 മെയ് 13-ാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പ മനസ്തപിച്ച് വരുന്ന ധൂര്‍ത്തപുത്രന് വാതില്‍ തുറന്നു കൊടുക്കണമെ ന്നുള്ള നിര്‍ദ്ദേശത്തിന്‍റെ സ്വീകരണമായാണ് കാണേണ്ടത്.


4. വൈദികര്‍ മാത്രമോ ശീശ്മയില്‍പ്പെടുക?


കത്തോലിക്കാസഭയുടെ കാനന്‍ നിയമമനുസരിച്ച് ശീശ്മ, പാഷണ്ഡത എന്നീ കുറ്റങ്ങള്‍ വൈദികര്‍ മാത്രം ചെയ്യുന്ന കുറ്റങ്ങളായല്ല കരുതപ്പെട്ടിരിക്കുന്നത്; പ്രത്യുത, സന്യസ്തരും അല്മായരും ഈ കുറ്റങ്ങള്‍ ചെയ്യുവാനുള്ള സാധ്യതയുണ്ട്. അതിനാല്‍ത്തന്നെ, സന്യസ്തരെയും അത്മായരെയും മഹറോന്‍ ശിക്ഷമൂലം ശിക്ഷിക്കാനുമാകും. എന്നാല്‍, ഒരാള്‍ ശീശ്മയില്‍ നിപതിച്ചുവെന്ന് നൈയാമികമായി ഉറപ്പുവരുത്തുന്നതിന്, അയാള്‍ക്ക് തത്സംബന്ധിയായ മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും ആ വിശ്വാസി അനുസരണക്കേടില്‍ തുടരുമ്പോള്‍ മാത്രമാണ്. അതായത്, വ്യക്തിപരമായ ശിക്ഷിക്കപ്പെടുമെന്നുള്ള മുന്നറിയിപ്പോ (penal precept) അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് പരസ്യപ്പെടുത്തിയ ഒരു സര്‍ക്കുലറിലൂടെയുള്ള ഒരു മുന്നറിയിപ്പോ നല്‍കാതെ, ഒരാളെ ശീശ്മ എന്ന കുറ്റത്തില്‍ വീണതായി കരുതാനാവുകയില്ല. അതിനാല്‍ത്തന്നെ, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും കൂരിയായും അല്മായരെയും സന്യസ്തരെയും ശിക്ഷിക്കുവാനുദ്ദേശിക്കുന്നുവെങ്കില്‍, അതിനുതകുന്ന പീനല്‍ പ്രീസെപ്റ്റുകള്‍ നല്‍കേണ്ടതായുണ്ട്. ഇങ്ങനെയുള്ള ശിക്ഷിക്കപ്പെടുമെന്നുള്ള മുന്നറിയിപ്പിനെ 1437-ാം കാനോനയില്‍ പ്രതിപാദിച്ചിരിക്കുന്ന നിയമാനുസൃതമായ താക്കീതായാണ് കരുതുക.


2024 ജൂണ്‍ 9-ാം തീയതിയിലെ സംയുക്ത സര്‍ക്കുലറിലെ അന്ത്യശാസനം വൈദികരെ സംബന്ധിച്ചിടത്തോളമുള്ള 1437-ാം കാനോനയില്‍ പറഞ്ഞിരിക്കുന്ന നിയമാനുസൃതമായ താക്കീതായി കണക്കാക്കാമോ എന്ന ചോദ്യവും പ്രസക്തമാണ്. ശിക്ഷാനിയമങ്ങളുടെ വ്യാഖ്യാനത്തിലും ശിക്ഷിക്കുന്നതിലും "കൂടുതല്‍ ദാക്ഷണ്യപൂര്‍വകമായ വ്യാഖ്യാനം നടത്തേണ്ടതാണ്" എന്നുള്ള 1404-ാം കാനോനയുടെ ഒന്നാം ഖണ്ഡിക പരിഗണിക്കുമ്പോള്‍, സര്‍ക്കുലറില്‍ ഇത് 1437-ാം കാനോനയനുസരിച്ചുള്ള നിയമാനുസൃതമായ താക്കീതായി കരുതണമെന്ന് വ്യക്തമായി പറയാത്തത് കൊണ്ടുതന്നെ, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററോ മേജര്‍ ആര്‍ച്ച് ബിഷപ്പ് തന്നെയോ എത്രയും നേരത്തെ, അതായത്, ജൂലൈ 3-ാം തീയതിക്ക് മുമ്പുതന്നെ ഓരോ വൈദികനേയും 1406-ാം കാനോനയുടെ രണ്ടാം ഖണ്ഡിക പ്രകാരമുള്ള വ്യക്തിഗത പ്രമാണം (penal precept) വഴി ഇക്കാര്യത്തില്‍ ഒരുതവണകൂടി മുന്നറിയിപ്പ് നല്‍കുന്നതും പ്രസ്തുത വിവരം എറണാകുളം മിസ്സത്തിലൂടെ എല്ലാവരെയും അറിയിക്കുകയും ചെയ്യുന്നതാണ് കൂടുതല്‍ അഭികാമ്യം. ഈ പശ്ചാത്തലത്തില്‍, നിയമവ്യാഖ്യാന സംബന്ധിയായ തത്വങ്ങളില്‍ (Hermeneutical principles) 1512-ാം കാനോനയില്‍ വ്യക്തമാക്കിയിരിക്കുന്ന "ക്ലിപ്താര്‍ത്ഥത്തിലുള്ള വ്യാഖ്യാന" (strict interpretation) മാണ് ശിക്ഷകള്‍കൊണ്ട് ഭീഷണിപ്പെടുത്തുന്ന അവസരങ്ങളില്‍ ഉപയോഗിക്കേണ്ടത്, എന്ന കാര്യവും വിസ്മരിക്കുവാനാവില്ല (cf. CCEO c.1512, §2). ഇതിനോടൊപ്പം തന്നെ ഓര്‍മ്മിക്കേണ്ടണ്ട മറ്റൊരു വസ്തുത, പൗരസ്ത്യ കാനന്‍ നിയമത്തില്‍, ലത്തീന്‍ സഭയിലെ കാനന്‍ നിയമത്തിലേതുപോലെ, ഹമമേല ലെിലേിശേമല ശിക്ഷകള്‍, അഥവാ ഓട്ടോമാറ്റിക് ശിക്ഷകള്‍ ഇല്ല എന്നതുമാണ് (cf. CCEO c.1408). എന്നാല്‍, ആനുകാലികമായ ശീശ്മയുടെ പശ്ചാത്തലത്തില്‍, റോമാ മാര്‍പാപ്പയ്ക്ക് പ്രസ്തുത ശിക്ഷാരീതി സീറോ-മലബാര്‍ സഭയില്‍ നടപ്പിലാക്കുന്നത് ആത്മാക്കളുടെ രക്ഷയ്ക്കുതകുമെന്ന് കരുതുന്നപക്ഷം അങ്ങനെ ചെയ്യാവുന്നതുമാണ്. എന്നാല്‍ സീറോ-മലബാര്‍ സിനഡ് രേഖാമൂലം ആവശ്യപ്പെടാതെ പരിശുദ്ധ മാര്‍പാപ്പ അങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് കരുതാനുമാവില്ല. അതിനാല്‍ത്തന്നെ, ഇപ്പോഴത്തെ നിയമവ്യവസ്ഥ തുടരുന്നിടത്തോളംകാലം, വലിയ മഹറോന്‍ ശിക്ഷവഴി ഒരാളെ ശിക്ഷിക്കുന്നതിന് 1471 മുതല്‍ 1482 വരെയുള്ള കാനോനകള്‍ പാലിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ 1473 കാനോനയനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ 2024 ജൂലൈ 4-ാം തീയതി തന്നെ, അനുസരണക്കേടില്‍ തുടരുന്നവരുടെമേല്‍ ഏര്‍പ്പെടുത്തുവാന്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ക്ക് കഴിയും.


5. സീറോ-മലബാര്‍ സഭയില്‍നിന്നുള്ള പുറത്താക്കല്‍ കത്തോലിക്കാസഭയില്‍നിന്നുള്ള പുറത്താക്കല്‍ തന്നെ


2024 ജൂലൈ 3-ാം തീയതിക്ക് ശേഷവും അനുസരിക്കാതെ ശീശ്മയില്‍ തുടര്‍ന്നുകൊണ്ട് വലിയ മഹറോന്‍ ശിക്ഷ സ്വീകരിക്കുവാനൊരുങ്ങുന്ന വിമതര്‍ മനസ്സിലാക്കേണ്ടണ്ടഒരു കാര്യം, വലിയ മഹറോന്‍ ശിക്ഷയിലായിരിക്കുന്നിടത്തോളം കാലം അവര്‍ സീറോ-മലബാര്‍ സഭയില്‍നിന്ന് മാത്രമല്ല, പ്രത്യുത, കത്തോലിക്കാസഭയില്‍നിന്ന് മുഴുവനായും പുറത്താകുമെന്നതാണ്. മറ്റൊരുവാക്കില്‍ പറഞ്ഞാല്‍, കത്തോലിക്കാസഭയിലെ ഒരു വിശ്വാസിയുടെ അംഗത്വം മാര്‍പാപ്പയാല്‍ അംഗീകരിച്ച ഏതെങ്കിലും ഒരു സ്വയംഭരണാധികാരസഭയിലൂടെ മാത്രമാണ്. അതിനാല്‍ത്തന്നെ, സീറോ-മലബാര്‍ സഭയില്‍നിന്നും വലിയ മഹറോന്‍ ശിക്ഷയിലൂടെ പുറത്താക്കപ്പെട്ട ഒരു വ്യക്തി, ആ ശിക്ഷയില്‍നിന്ന് മോചനം ലഭിക്കുന്നതുവരെ കത്തോലിക്കനായിട്ട് കരുതുവാന്‍ കാനന്‍ നിയമം അനുവദിക്കുന്നില്ല. എന്നാല്‍, വലിയ മഹറോന്‍ ശിക്ഷ പൗരസ്ത്യ കാനോന സംഹിതയുടെ കാഴ്ചപ്പാടില്‍ ഒരു രോഗത്തിനുള്ള ചികിത്സ എന്ന രീതിയില്‍ (medicinal penalty) ആണ് കണക്കാക്കപ്പെടുന്നത്. അതിനാല്‍, കുറ്റം ചെയ്ത വ്യക്തി ആത്മാര്‍ത്ഥമായി അനുപിക്കുകയും അതോടൊപ്പംതന്നെ ആ കുറ്റം മൂലമുണ്ടായ ഉതപ്പും ഉപദ്രവവും പരിഹരിക്കുവാനുള്ള സംവിധാനങ്ങള്‍ ചെയ്യപ്പെട്ട് കഴിയുകയും ചെയ്യുന്ന സാഹചര്യത്തില്‍, കുറ്റവാളിയുടെ ശിക്ഷയില്‍ ഇളവ് അനുവദിക്കുവാനോ ശിക്ഷ റദ്ദ് ചെയ്യുവാനോ ശിക്ഷ വിധിച്ച അധികാരിക്കോ അദ്ദേഹത്തിന്‍റെ ഉന്നതാധികാരിക്കോ സാധിക്കും (cf. CCEO c.1424, §1).


6. വലിയ മഹറോന്‍ ശിക്ഷയില്‍പ്പെട്ടവരുടെ കത്തോലിക്കാസഭയിലെ സ്വത്തിലും സ്ഥാപനങ്ങളിലുമുള്ള അവകാശം


ഇടവക ദേവാലയം തുടങ്ങി ഇടവകയുടെ സ്ഥാവരജംഗമ വസ്തുക്കളുടെ ഉടമസ്ഥാവകാശം രൂപതാ മെത്രാനോ മാര്‍പാപ്പയ്ക്കോ അല്ല; പ്രത്യുത, ആ ഇടവകയിലെ കത്തോലിക്കാവിശ്വാസികള്‍ക്കാണ്. ഉടമസ്ഥാവകാശത്തെപ്പറ്റി പറയുമ്പോള്‍ നാല് കാര്യങ്ങളാണ് പ്രസക്തമായിട്ടുള്ളത്. അവ വസ്തുവിന്‍റെ വാങ്ങല്‍, കൈവശംവയ്ക്കല്‍, അവ വിനിയോഗിക്കല്‍, അതിന്‍റെ വില്‍പ്പന എന്നിവയാണ് (acquire, possess, administer and alienate). ഇടവക ഒരു നൈയാമിക വ്യക്തി ആയതുകൊണ്ട് ഓരോ ഇടവകയുടെയും പൊതുയോഗത്തിന് കാനന്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിക്കൊണ്ട് ഇടവകയുടെ സ്വത്തില്‍ മുകളില്‍ പറഞ്ഞ നാല് കാര്യങ്ങളും ചെയ്യാവുന്നതാണ്. എന്നാല്‍, കത്തോലിക്കാ സഭയുടെ കാനന്‍ നിയമമനുസരിച്ച് ഒരു ഇടവകയും ഒരു കമ്പനി അല്ല; അതിനാല്‍ത്തന്നെ, ഇടവകാംഗങ്ങള്‍ ഷെയര്‍ ഹോള്‍ഡേഴ്സുമല്ല. ഒരു വിശ്വാസി ഒരു ഇടവകയില്‍ നിന്ന് മറ്റൊരു ഇടവകയിലേക്ക് മാറി പോകുമ്പോള്‍ ആദ്യത്തെ ഇടവകയിലെ അംഗത്വം നഷ്ടപ്പെടുന്നതുപോലെ തന്നെ, വലിയ മഹറോന്‍ ശിക്ഷയിലൂടെ കത്തോലിക്കാസഭയിലെ അംഗത്വം നഷ്ടപ്പെടുമ്പോഴും ഇടവകയിലെ അംഗത്വം നഷ്ടപ്പെടും. കാരണം, ഇടവകയിലെ അംഗത്വം കത്തോലിക്കര്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍ തന്നെ, വിമതരുടെ, കത്തോലിക്ക ദൈവാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും സ്വത്തും പിടിച്ചെടുക്കാ മെന്നുള്ള, സ്വപ്നം നൈയാമികമായി ഒരിക്കലും നടക്കാത്ത ഒരു വ്യാമോഹം മാത്രമായിരിക്കാനാണ് സാധ്യത. കത്തോലിക്കാസഭയുടെ സ്വത്ത് കത്തോലിക്കര്‍ക്ക് എന്ന് വിധിക്കാനേ സിവിള്‍ കോടതികള്‍ക്കും സാധിക്കുകയുള്ളൂ. എന്നാല്‍, ഇതില്‍നിന്നും വ്യത്യസ്തമാണ് രജിസ്റ്റേര്‍ഡ് ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയും കാര്യം. അതിനാല്‍ത്തന്നെ, വിമതര്‍ അങ്ങനെയുള്ളവ പിടിച്ചെടുക്കാതിരിക്കുവാന്‍ മാര്‍പാപ്പയോടും സിനഡിനോടും ചേര്‍ന്നുനില്‍ക്കുന്ന വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. അതോടൊപ്പംതന്നെ, ഉത്തരവാദിത്തപ്പെട്ട മേലധികാരികള്‍ ഉചിതമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിയുമിരിക്കുന്നു.


7. ശീശ്മക്കാരോട് ചേര്‍ന്നുനില്‍ക്കുന്ന സന്യസ്തര്‍ക്ക് എന്ത് സംഭവിക്കും?


ശീശ്മക്കുറ്റത്തിന് വലിയ മഹറോന്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട വൈദികരുടെ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ പങ്കെടുക്കുന്നത് നിയമലംഘനം തന്നെയാണ്. കത്തോലിക്കാസഭയില്‍നിന്ന് പുറത്താക്കപ്പെട്ടവരെ വിളിച്ച് സ്വന്തം സന്യാസഭവനങ്ങളില്‍ ബലിയര്‍പ്പിക്കുവാന്‍ അനുവദിക്കുന്ന സന്യാസ ഭവനാധികാരികളും ആ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ പങ്കെടുക്കുന്ന സന്യസ്തരും മറ്റ് അല്‍മായവിശ്വാസികളും ചെയ്യുന്നത് ഗൗരവതരമായ തെറ്റാണെങ്കിലും അത് ശീശ്മയെന്ന കുറ്റമായി മാറണമെങ്കില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പോ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററോ, അങ്ങനെയുള്ള നിയമലംഘനത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും പ്രസ്തുത നിയമലംഘനത്തെ ശീശ്മ എന്ന കുറ്റമായി കണക്കാക്കി വലിയ മഹറോന്‍ ശിക്ഷകൊണ്ട് ശിക്ഷിക്കുമെന്നുമുള്ള പീനല്‍ പ്രീസെപ്റ്റ് നല്‍കേണ്ടതായിട്ടുണ്ട്. എന്നാല്‍, അതിന്‍റെ അഭാവത്തിലും ഗൗരവതരമായ നിയമലംഘനത്തിന് സന്യാസസഭയില്‍ നിന്നുള്ള ഡിസ്മിസ്സല്‍ തുടങ്ങിയുള്ള മറ്റ് ശിക്ഷാനടപടികളോ അച്ചടക്ക നടപടികളോ സ്വീകരിക്കുവാന്‍ സന്യാസസഭയുടെ പൊതു ഭരണാധികാരികള്‍ക്കും പ്രവിശ്യാ ഭരണാധികാരികള്‍ക്കും സാധിക്കും.


ഉപസംഹാരം


ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ 2024 മെയ് 13-ാം തീയതിയിലെ സീറോ-മലബാര്‍ സഭാംഗങ്ങള്‍ക്കായി നല്‍കിയ സന്ദേശത്തില്‍ സൂചിപ്പിച്ച, പശ്ചാത്തപിച്ച് തിരിച്ചുവരുന്ന വിമതര്‍ക്കായി തുറന്നിട്ട വാതില്‍ 2024 ജൂലൈ 4-ാം തീയതി അടയുന്നതിനുമുമ്പായി, വിമത നേതാക്കളുടെ വിഷലിപ്തവും തെറ്റിദ്ധാരണാജനകവുമായ പഠനങ്ങളില്‍നിന്നും ദുഷ്പ്രചാരണങ്ങളില്‍നിന്നും അവരുടെ പിറകില്‍ ഇപ്പോള്‍ നിലകൊണ്ടിരിക്കുന്ന നിഷ്കളങ്കരായ അനേകായിരങ്ങളെ പിന്‍തിരിപ്പിച്ച് അവരെ സത്യത്തിന്‍റെ പാതയിലേക്കും മാര്‍പാപ്പയുടെ ഭരണത്തിന്‍കീഴിലേക്കും തിരിച്ചുകൊണ്ടുവരുവാന്‍ എല്ലാ സഭാസ്നേഹികളും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുന്നു. മാര്‍പാപ്പയുടെയും സിനഡിന്‍റെയും മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെയും ഭരണത്തിന്‍കീഴിലല്ലാതെ സീറോ-മലബാര്‍ തനയര്‍ക്ക് കത്തോലിക്കാസഭയില്‍ തുടരാനാവില്ല എന്നുള്ള നഗ്നസത്യം ആര്‍ജ്ജവത്തോടെ വിളിച്ചുപറയുവാന്‍ സിനഡ് പിതാക്കന്മാര്‍ തുടങ്ങി, ധ്യാനഗുരുക്കന്മാരുള്‍പ്പെടെ, സന്യസ്തരും അല്മായ നേതാക്കളും രംഗത്തിറങ്ങേണ്ടണ്ടസമയം അതിക്രമിച്ചിരിക്കുന്നു. പത്രപ്രസ്താവനകളും ടിവി ചര്‍ച്ചകളും അഭിവന്ദ്യ പിതാക്കന്മാരുടെ നേതൃത്വത്തില്‍ ഈ വിഷയത്തില്‍ ആരംഭിക്കുവാന്‍ അഭിവന്ദ്യ പിതാക്കന്മാരും ശാലോം, ഗുഡ്നെസ്സ്, ഷെക്കീനാ തുടങ്ങിയ ടെലിവിഷന്‍ ചാനലുകളും അലസത വെടിഞ്ഞ് രംഗത്തെത്തേണ്ട സമയം തുലോം അതിക്രമിച്ചിരിക്കുന്നു എന്നുതന്നെ പറയാം. വരാന്‍പോകുന്ന വിപത്തിനെ എങ്ങനെയാണ് നേരിടാന്‍ പോവുക എന്നതിനൊരു വിശദമായ പ്ലാനും പദ്ധതിയും 2024 ജൂണ്‍ 19-ാം തീയതിയില്‍ തുടരുവാന്‍ പോകുന്ന സീറോ-മലബാര്‍ മെത്രാന്‍ സിനഡ് തയ്യാറാക്കുമെന്നും യാതൊരു ശീശ്മയും സഭയാകുന്ന നൗകയെ മുക്കുവാനോ തകര്‍ക്കുവാനോ ഇടവരാത്ത രീതിയില്‍ സഭാനിയമങ്ങള്‍ അനുശാസിക്കുന്ന രീതിയിലുള്ള ശിക്ഷാനടപടികളിലൂടെ കുറ്റത്തില്‍ തുടരുന്നവരെ ശിക്ഷിച്ചുകൊണ്ടും മനസ്തപിച്ച് തിരിച്ചുവരുന്നവരെ ചേര്‍ത്തുപിടിച്ചുകൊണ്ടും ശീശ്മക്കാര്‍ സഭാസ്ഥാപനങ്ങള്‍ പിടിച്ചെടുക്കാതിരിക്കുവാന്‍ വേണ്ടണ്ടഎല്ലാ നൈയാമിക നടപടികളും സ്വീകരിച്ചുകൊണ്ടും നമ്മുടെ സഭാനേതൃത്വം സ്വയംഭരണാധികാരം വിനിയോഗിക്കുവാനുള്ള പക്വത നേടിയിട്ടുണ്ട് എന്ന് മാലോകരെ അറിയിക്കുവാനുള്ള സമയമാണിപ്പോള്‍.

Recent Posts

See All
നോമ്പ് :അര്‍ത്ഥവുംആചരണവും

നോമ്പ്: അര്‍ത്ഥവും ആചരണവും ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ ആമുഖം നോമ്പ് അഥവാ നോയമ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഏതൊക്കെ നോമ്പുകള്‍...

 
 
 
പിതാവില്‍നിന്നും - പുത്രനില്‍നിന്നും - പുറപ്പെടുന്ന പരിശുദ്ധാത്മാവ്": മലയാളഭാഷയിലെ ചിഹ്നനരീതിയും വ്യാഖ്യാനസംബന്ധിയായ കാനന്‍നിയമങ്ങളും

ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ. ആമുഖം "പിതാവില്‍ നിന്നും - പുത്രനില്‍ നിന്നും - പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ...

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page