ഹയരാർക്കി:പൗരസ്ത്യതനിമയും വ്യക്തിത്വവും സംരക്ഷിച്ചു വളരാനുള്ള അവകാശം
- sleehamedia
- Dec 21, 2023
- 2 min read
മാർ ജോസഫ് പെരുന്തോട്ടം
(ചങ്ങനാശേരി ആർച്ച്ബിഷപ്)
സഭയിൽ ഹയരാർക്കി എന്ന പദത്തിന് രണ്ട് അർത്ഥങ്ങളുണ്ട്. ഒന്ന് തിരുപ്പട്ട സ്വീകരണം വഴി രൂപപ്പെടുന്ന ഹയരാർക്കി. മെത്രാന്മാരും വൈദികരും ഡീക്കന്മാരുമാണ് ഇപ്രകാരം രൂപപ്പെടുന്ന ഹയരാർക്കിയിലെ അംഗങ്ങൾ. ഭരണാധികാരത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് മറ്റേത്. മാർപാപ്പയും അദ്ദേഹത്തിന്റെ അധികാരത്തിൻകീഴിൽ മെത്രാന്മാരും ചേരുന്നതാണിത്. ഈ അധികാരം ഒന്നാം ഗണത്തിൽപെട്ട പട്ടക്കാരുമായി പങ്കുവയ്ക്കാവുന്നതാണ്. അതുകൊണ്ട് സഭയിലെ ഹയരാർക്കിയിൽ ഈ രണ്ടു ഗണങ്ങളിലും പെട്ടവർ ഉൾപ്പെടുന്നു.
ഹയരാർക്ക്വും
ഈ ഗ്രീക്കുപദത്തിന്റെ അർഥം വിശുദ്ധ ഭരണാധികാരി എന്നാണ്. ഹയരാർക്കിയിലെ ഏതൊരംഗത്തെയും ഈ പദംകൊണ്ട് സൂചിപ്പിക്കാമെങ്കിലും ആർച്ച്ബിഷപ്പിനെയോ പാത്രിയർക്കീസിനെയോ ആണ് പ്രധാനമായും അർഥമാക്കുന്നത്.
വികാരിയും വികാരിഅപ്പസ്തോലിക്കയും
സഭയിലെ ഒരു നിയമാനുസൃത അധികാരിക്കു പകരമായി അദ്ദേഹത്തിന്റെ നാമത്തിൽ അധികാരം വിനിയോഗിക്കുന്ന പട്ടക്കാരനാണ് വികാരി. പരിശുദ്ധ സിംഹാസനത്തിന്റെ നേരിട്ടുള്ള അധികാരത്തിൻകീഴിൽ പരിശുദ്ധ സിംഹാസനത്തിനുവേണ്ടി അധികാരം വിനിയോഗിക്കുന്ന സഭാധികാരിയാണ് വികാരിഅപ്പസ്തോലിക്ക. മാർപാപ്പയുടെ പകരക്കാരനാണദ്ദേഹം. ഇപ്രകാരമുള്ള ഭരണസംവിധാനമായിരുന്നു 1887 മുതൽ 1923ൽ ഹയരാർക്കി സ്ഥാപിതമാകുന്നതുവരെ സീറോമലബാർ സഭയിൽ നിലനിന്നിരുന്നത്.
ഹയരാർക്കി സ്ഥാപനം എന്തിനുവേണ്ടി?
സഭയിൽ ഹയരാർക്കിയുടെയും സ്വയംഭരണാധികാരത്തിന്റെയും ലക്ഷ്യം എന്ത് എന്നതിലേക്ക് വെളിച്ചം വീശുന്നതാണ് മാർപാപ്പമാരുടെ പ്രബോധനങ്ങൾ. പൗരസ്ത്യസഭകളെ സംബന്ധിച്ചിടത്തോളം ബെനഡിക്ട് 15-ാമൻ മാർപാപ്പയുടെ നിലപാടുകളും നടപടികളും അവിസ്മരണീയങ്ങളാണ്.
സഭയിൽ എല്ലാ റീത്തുകൾക്കും തുല്യപദവിയാണെന്നും പൗരാണിക സുന്ദരവുമായ പൗരസ്ത്യലിറ്റർജികൾ സംരക്ഷിക്കുകയും വളർത്തുകയുമാണ് പരിശുദ്ധ സിംഹാസനത്തിന്റെ താത്പര്യമെന്നും പൗരസ്ത്യസഭകൾക്ക് മാർപാപ്പ ഉറപ്പുനൽകി. മാത്രമല്ല, അവയുടെ പഠനവും വികാസവും പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ലക്ഷ്യങ്ങളോടെയാണ് മാർപാപ്പ 1917ൽ പൗരസ്ത്യസഭാകാര്യാലയം എന്ന പുതിയൊരു ഡിപ്പാർട്ട്മെന്റ് വത്തിക്കാനിൽ ആരംഭിച്ചത്. പൗരസ്ത്യവിഷയങ്ങൾ ആഴത്തിൽ പഠിക്കുന്നതിനായി പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടും 1917 റോമിൽ സ്ഥാപിച്ചു.
പൗരസ്ത്യസഭകളെക്കുറിച്ചുള്ള തന്റെ മുൻഗാമികളുടെ സമീപനം തന്നെ പുലർത്തിക്കൊണ്ട് 11-ാം പിയൂസ് മാർപാപ്പയും എല്ലാറീത്തുകൾക്കും തുല്യാവകാശവും സംരക്ഷണവും നൽകണമെന്ന് ഉദ്ബോധിപ്പിച്ചു. പൗരസ്ത്യസഭകളിൽ ലത്തീനീകരണത്തിന്റെ നിഴൽപോലും ഉണ്ടാകരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ നിലപാടാണ് സീറോമലബാർ സഭയുടെ പുരാതനമായ റീത്ത്- ആരാധനാക്രമം- പുനരുദ്ധരിക്കാൻ 1934ൽ 11-ാം പീയൂസ് മാർപാപ്പ കൽപ്പനനൽകി നടപടികളെടുത്തത്. അതിന്റെ തുടർച്ചയാണ് സീറോമലബാർ സഭയിലെ ആരാധനാക്രമപരിഷ്കരണപ്രവർത്തനങ്ങൾ.
ലത്തീൻകാരിൽനിന്ന് സുറിയാനികത്തോലിക്കരെ വേർതിരിച്ച് 1887ൽ രണ്ടു സുറിയാനി വികാരിയാത്തുകളാക്കിയതും പിന്നീട് 1923ൽ സീറോമലബാർ ഹയരാർക്കി സ്ഥാപിച്ചതുമെല്ലാം പൗരസ്ത്യസുറിയാനിറീത്തുകാരായ നസ്രാണികത്തോലിക്കർ തങ്ങളുടെ സ്വന്തം റീത്തും പാരന്പര്യങ്ങളുമനുസരിച്ച് ജീവിച്ച്, പൗരസ്ത്യതനിമയും വ്യക്തിത്വവുമുള്ള ഒരു സ്വതന്ത്രസഭയായി വളരണം എന്നുള്ള ലക്ഷ്യത്തോടെയാണ്.
12-ാം പിയൂസ് മാർപാപ്പയും ഇതേ നിലപാട്തന്നെ ആവർത്തിച്ചുറപ്പിക്കുകയാണ് ചെയ്തത്. അദ്ദേഹം ഉത്ബോധിപ്പിക്കുന്നു. “എല്ലാ പൗരസ്ത്യരും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ, തങ്ങളുടെ നിയമാനുസൃതമായ രീതികൾ ഉപേക്ഷിക്കാനോ, തങ്ങളുടെ ആദരണീയങ്ങളും പരന്പരാഗതവുമായ ആചാരങ്ങൾ ലത്തീൻ രീതികളും ആചാരങ്ങളുമായി കൈമാറ്റം ചെയ്യപ്പെടാനോ ഒരിക്കലും നിർബന്ധിക്കപ്പെടുകയില്ലെന്ന്. ഇവയെല്ലാം തുല്യ ആദരവോടും ബഹുമാനത്തോടെ കൂടി പരിഗണിക്കപ്പെടേണ്ടതാണ്.
രണ്ടാം വത്തിക്കാൻ കൗണ്‍സിൽ
രണ്ടാം വത്തിക്കാൻകൗണ്‍സിൽ പൗരസ്ത്യസഭകളുടെ സ്വയം ഭരണാവകാശത്തെപ്പറ്റി വ്യക്തമായി ഉദ്ബോധിപ്പിക്കുന്നു. പൗരസ്ത്യസഭകളുടെ സഭാപരവും ആധ്യാത്മികവുമായ പിതൃസ്വത്തിനെ സാർവത്രികസഭയുടെതായി കൗണ്‍സിൽ വിലമതിക്കുന്നു. അക്കരണത്താലാണ് അവയ്ക്കും പാശ്ചാത്യസഭകളെപ്പോലെ തങ്ങളുടെ പ്രത്യേക ശിക്ഷണത്തിനനുസരിച്ച് സ്വയം ഭരിക്കാനുള്ള അവകാശവും കടമയുമൂള്ളത്.
പൗരസ്ത്യ സഭകളെക്കുറിച്ചുള്ള പ്രമാണരേഖയിലൂടെ കൗണ്‍സിൽ പഠിപ്പിക്കുന്നു: “ഈ സൂനഹദോസ് സഗൗരവം പ്രഖ്യാപിക്കുന്നു; പടിഞ്ഞാറൻ സഭകളെപ്പോലെതന്നെ കിഴക്കൻസഭകൾക്കും സ്വന്തം പ്രത്യേകശിക്ഷണരീതികൾക്കനുസരിച്ച് സ്വയം ഭരിക്കുന്നതിനുള്ള അവകാശവും കടമയുമുണ്ട്. എന്തുകൊണ്ടെന്നാൽ, അവ സംപൂജ്യമായ പൗരാണികതയാൽ അഭികാമ്യമെന്നനിലയ്ക്ക് സ്വന്തം വിശ്വാസികളുടെ ആചാരങ്ങൾക്കു കൂടുതൽ അനുയോജ്യവും ആത്മാക്കളുടെ നന്മയ്ക്കു കൂടുതൽ ഉപയുക്തവുമായി കാണപ്പെടുന്നു”.
Recent Posts
See Allഫാ. ജോർജ് തെക്കേക്കര ക്രിസ്തുവിൻ്റെ വികാരിയും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തിൻ്റെ തലവനുമായ മാർപാപ്പയുടെ...
സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മരിയന്‍ വിശ്വാസസത്യങ്ങള്‍ നാലെണ്ണമാണ്: മറിയം ദൈവമാതാവ് (Theotokos, AD 431-എഫേസൂസ് കൗണ്‍സില്‍) മറിയം...
コメント