top of page

പൗരസ്ത്യസഭകളുടെ കാനന്‍ നിയമസംഹിത

  • Jul 25, 2023
  • 4 min read


പൗരസ്ത്യസഭകള്‍ക്കുവേണ്ടി പരിഷ്കരിച്ച പൊതുവായ നിയമസംഹിത SACRI CANONS എന്ന തിരുവെഴുത്തുവഴി 1990 ഒക്ടോബര്‍ 18-ാം തീയതി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഒപ്പുവച്ചു പ്രസിദ്ധീകരിച്ചു.

CCEO-Cpdex Canonum Ecelesiarum Orientalium -The code of canons of the eastern churches(പൗരസ്ത്യസഭകളുടെ കാനോന്‍ നിയമസംഹിത) എന്ന ശീര്‍ഷകത്തില്‍ പ്രകാശനംചെയ്ത നിയമസംഹിത 1991 ഒക്ടോബര്‍ 1-ാം തീയതി മുതല്‍ പ്രാബല്യത്തില്‍വന്നു. ഈ പുതിയ കാനന്‍ നിയമസംഹിതയെ പൗരസ്ത്യസഭകളുടെ ഉത്തമഭരണമാധ്യമമായും സഭാചരിത്രത്തിലെ നാഴികക്കല്ലായും മാര്‍പാപ്പ വിശേഷിപ്പിച്ചു. 21 പൗരസ്ത്യ വ്യക്തിഗത കത്തോലിക്കാ സഭകള്‍ക്കു മുഴുവനുമായുള്ള common code ആയ CCEO-യെ പൗരസ്ത്യസഭകളുടെ 'മാഗ്നാകാര്‍ട്ട' എന്നുവിശേഷിപ്പിക്കാം. മെത്രാന്മാരുടെ സിനഡില്‍ CCEO-യെ അവതരിപ്പിച്ചുകൊണ്ട് ജോണ്‍പോള്‍ മാര്‍പാപ്പ നടത്തിയ പ്രസംഗത്തിലെ ചില പ്രധാന പരാമര്‍ശങ്ങള്‍ താഴെക്കൊടുക്കുന്നു.

  1. വത്തിക്കാന്‍ കൗണ്‍സില്‍ വിഭാവനംചെയ്ത സഭാനിയമപരിഷ്കരണത്തിന്‍റെ കാര്യത്തിലെ മൂന്നാമത്തെ ചുവടുവയ്പായിരുന്നു CCEO യുടെ പ്രസിദ്ധീകരണം. 1983-ല്‍ CIC യും 1988-ല്‍ റോമന്‍ കൂരിയായുടെ പരിഷ്കരണം ലക്ഷ്യംവച്ചു പുറപ്പെടുവിച്ച 'നല്ല ഇടയന്‍' (Pastor Bonus) എന്ന തിരുവെഴുത്തുമാണ് മറ്റു സുപ്രധാന നാഴികക്കല്ലുകള്‍. സാര്‍വ്വത്രികസഭയുടെ നിയമസംവിധാനതലങ്ങളില്‍ ലത്തീന്‍-പൗരസ്ത്യസഭകളുടെ നിയമസംഹിതകള്‍ക്ക് തുല്യസ്ഥാനമാണുള്ളത്.

  2. സാര്‍വ്വത്രികസഭയുടെ എല്ലാ വിഭാഗങ്ങളും ഈ നിയമസംഹിതയെ (CCEO) അതിന്‍റെ വിശദാംശങ്ങളോടുകൂടി സ്വീകരിച്ച് അംഗീകരിക്കേണ്ടിയിരിക്കുന്നു.

  3. പൗരസ്ത്യസഭകളുടെ ഭരണസീമകള്‍ക്കുവെളിയില്‍ സ്ഥിതിചെയ്യുന്ന പൗരസ്ത്യകത്തോലിക്കാ വിശ്വാസികളുടെ പ്രത്യേകസാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള പ്രത്യേകനിയമങ്ങള്‍ക്കായുള്ള (Particular law- Jus speciale) വ്യവസ്ഥകള്‍ ഈ നിയമസംഹിത വിഭാവനം ചെയ്തിട്ടുണ്ട്.

  4. പുതിയ നിയമസംഹിതയുടെ (CCEO) എക്യുമെനിക്കല്‍ സ്വഭാവമാണ് അതിന്‍റെ എടുത്തുപറയാവുന്ന മറ്റൊരു സവിശേഷത.

ജോണ്‍പോള്‍ മാര്‍പാപ്പ CCEOയ്ക്കു നല്കുന്ന വിശേഷണം 'സഭാശുശ്രൂഷയിലെ സ്നേഹവാഹനം' (The vehicle of charity in the service of the church) എന്നാണ്. "പൗരസ്ത്യസഭകള്‍ വളര്‍ന്നുവികസിക്കാനും അതോടൊപ്പം അവയില്‍ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം നവമായ അപ്പസ്തോലിക ചൈതന്യത്തോടെ പൂര്‍ണ്ണമാക്കുവാനും" (OE.I) CCEO ഏറെ സഹായകരമാകുമെന്ന് ഇതിനാല്‍ വ്യക്തമാണ്.

CCEO യുടെ രൂപീകരണചരിത്രം

എല്ലാ പൗരസ്ത്യസഭകള്‍ക്കും പൊതുവായും സമ്പൂര്‍ണ്ണമായതുമായ ഒരു കാനന്‍നിയമസംഹിതയ്ക്കു രൂപംകൊടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പതിനൊന്നാം പീയൂസ് മാര്‍പാപ്പ അധ്യക്ഷനായുള്ള ഒരു സമിതി 1927-ല്‍ നിയമിതമായി. തുടര്‍ന്ന് 1929-ല്‍ കര്‍ദ്ദിനാള്‍ ഗാസ്പാരിയുടെ അധ്യക്ഷതയില്‍ കര്‍ദ്ദിനാള്‍മാരുടെ പ്രാരംഭ കമ്മീഷന്‍ നിലവില്‍വന്നു. 1935-ല്‍ കാനന്‍ നിയമ സംഹിതയുടെ ക്രോഡീകരണത്തിനായി പതിനൊന്നാം പീയൂസ് പാപ്പാ ഒരു പൊന്തിഫിക്കല്‍ കമ്മീഷനെ നിയമിച്ചു. പ്രസ്തുത കമ്മീഷന്‍റെ പ്രവര്‍ത്തനഫലമായി 1948 ല്‍ സമ്പൂര്‍ണ്ണനിയമസംഹിതയുടെ കരടുരേഖ അംഗീകാരത്തിനും പ്രസിദ്ധീകരണത്തിനുമായി പന്ത്രണ്ടാംപീയൂസ് മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചു. എങ്കിലും ഈ കരടുരേഖയില്‍ നിന്ന് ചില ഭാഗങ്ങള്‍മാത്രം പല തവണകളിലായി തിരുവെഴുത്തുകള്‍ (Motu Proprio) മുഖേന പ്രസിദ്ധപ്പെടുത്തുകയാണുണ്ടായത്. അവ:-

  • 1948-ല്‍ വിവാഹം സംബന്ധിച്ചവ (crebrae allatac)

  • 1950-ല്‍ നീതിന്യായം, കോടതിനടപടികള്‍ എന്നിവയെ സംബന്ധിച്ചവ

  • 1952-ല്‍ സന്യസ്തരെ സംബന്ധിച്ചും പള്ളിവസ്തുക്കളുടെ ഭരണക്രമം സംബന്ധിച്ചും ഉള്ളവ

  • 1957-ല്‍ വ്യക്തികളെ സംബന്ധിച്ചവ

മറ്റ് കൂദാശകളെ സംബന്ധിച്ച കാനോനകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല. വത്തിക്കാന്‍ ശേഖരത്തില്‍ ഇന്നും അതിന്‍റെ ഫയല്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. 12-ാം പീയൂസ് പാപ്പായുടെ കാലശേഷം സ്ഥാനാരോഹണം ചെയ്ത 23-ാം ജോണ്‍ മാര്‍പാപ്പ പൗരസ്ത്യനിയമ സംഹിതയുടെ ബാക്കിവരുന്ന ഭാഗങ്ങളുടെ പ്രസിദ്ധീകരണം തല്ക്കാലം നിറുത്തിവയ്ക്കുകയാണുണ്ടായത്. 2-ാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടിയ പാപ്പായ്ക്ക് സാര്‍വ്വത്രികസഭയുടെ നിയമസംവിധാനം മുഴുവനായും വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളുടെ വെളിച്ചത്തില്‍ പരിഷ്കാര വിധേയമാക്കാനായിരുന്നു താല്പര്യം. സഭയിലും ലോകത്തിലും ത്വരിതഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ച് കാലാനുഗതമായ ഒരു നവീകരണം പൗരസ്ത്യസഭകളുടെ കാനോനസംഹിതകള്‍ക്കും ഉണ്ടായിരിക്കണമെന്ന് പാപ്പാ നിഷ്കര്‍ഷിച്ചു. അതിനാല്‍ 1959 ജനുവരി 25 ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആഹ്വാനംചെയ്ത അവസരത്തില്‍ത്തന്നെ പ്രസ്തുത കൗണ്‍സിലില്‍വച്ച് കാനന്‍നിയമപരിഷ്കരണങ്ങള്‍ക്കുള്ള സജ്ജീകരണവുംകൂടി ഉണ്ടായിരിക്കുമെന്ന് സഭയെ അറിയിച്ചതായി നാം മുമ്പ് കണ്ടതാണല്ലോ. എങ്കിലും 1965-ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കഴിഞ്ഞിട്ടും കാനന്‍ പരിഷ്കരണക്രമീകരണങ്ങള്‍ കാര്യമായി പുരോഗമിയ്ക്കാകയാല്‍ 1972-ല്‍ പോള്‍ ആറാമന്‍ പാപ്പ പൗരസ്ത്യ നിയമ സംഹിതയുടെ സമഗ്രപരിഷ്കരണത്തിനായി കര്‍ദ്ദേനാള്‍ ജോസഫ് പാറേക്കാട്ടില്‍ അധ്യക്ഷനായുള്ള ഒരു പൊന്തിഫിക്കല്‍ കമ്മീഷനെ നിയമിച്ചു. 1974 മാര്‍ച്ച് 18-ാം തീയതിയിലെ ഉദ്ഘാടനസമ്മേളനത്തോടുകൂടി നിയുക്തകമ്മീഷന്‍ (PCCICOR) ജോലി ആരംഭിച്ചു. ഇരുപത്തൊന്നു പൗരസ്ത്യവ്യക്തിസഭകളുടെ (Ecclesia Sui iuris) പ്രാതിനിധ്യസ്വഭാവമുള്ള ഒരു വിദഗ്ധസംഘമാണ് നിയമസംഹിതയുടെ ജോലി നിര്‍വ്വഹിക്കുവാനുണ്ടായിരുന്നത്. ഈ കമ്മീഷന് പോള്‍ ആറാമന്‍ പാപ്പാ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കിയത് ചുരുക്കമായി നമുക്കു കാണാം.

  1. തിരുസ്സഭ (LG), പൗരസ്ത്യസഭകള്‍ (OE), എക്യുമെനിസം ഇവയെ സംബന്ധിച്ച വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍ ക്രോഡീകരണപ്രക്രിയയ്ക്ക് അടിസ്ഥാനമായി സ്വീകരിക്കുക.

  2. എല്ലാ പൗരസ്ത്യവ്യക്തിസഭകള്‍ക്കും ബാധകമാകുന്ന പൊതുനിയമങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് പുതിയ നിയമസംഹിത ക്രോഡീകരിക്കുക

  3. യഥാര്‍ത്ഥവും കാലോചിതവും പൗരസ്ത്യപാരമ്പര്യങ്ങളില്‍ അടിയുറച്ചതും പൗരസ്ത്യസ്വഭാവമുള്ളതുമായ നിയമസംഹിതയ്ക്ക് രൂപംനല്‍കുക. ഓരോ സഭയ്ക്കും തങ്ങളുടെ പൈതൃകം കാത്തുസൂക്ഷിക്കാനും സ്ഥലകാല അനുരൂപണങ്ങള്‍ നടത്താനുമുള്ള സാധ്യത ഉണ്ടായിരിക്കണം.

  4. എക്യുമെനിസത്തെ പ്രോത്സാഹിപ്പിക്കുന്നതും നൈയാമിക സ്വഭാവമുള്ളതും (Juridical) അജപാലനാഭിമുഖ്യമുള്ളതും (postoral) ആയിരിക്കണം. "പ്രത്യേകനിയമം" ഉണ്ടാകാനുള്ള സാധ്യത ഓരോ സഭയ്ക്കും ഉണ്ടായിരിക്കണം

ഈ കമ്മീഷനിലെ അംഗങ്ങള്‍: 6 പാത്രിയര്‍ക്കീസുമാര്‍, 8 കര്‍ദ്ദിനാള്‍മാര്‍, 7 മെത്രാന്മാര്‍, കണ്‍സള്‍ട്ടേഴ്സായി 11 മെത്രാന്മാര്‍, 33 രൂപതാ വൈദികര്‍, 21 സന്യാസവൈദികര്‍, 2 അല്മായര്‍ എന്നിവരാണ്.

ഒന്‍പത് പഠനഗ്രൂപ്പുകള്‍ ആയി തിരിച്ച് നിയമസംഹിതയുടെ കരടിനു രൂപം കൊടുത്തതോടുകൂടി 1980 ല്‍ ക്രോഡീകരണപ്രക്രിയയുടെ 1-ാം ഘട്ടം അവസാനിക്കുകയും കണ്‍സള്‍ട്ടേഴ്സിന്‍റെ ദൗത്യം പൂര്‍ത്തിയാവുകയും ചെയ്തു. ലത്തീന്‍ കാനോന്‍ നിയമത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ക്രമീകരണത്തോടുകൂടിയ ഘടനയാണ് CCEO യ്ക്കുള്ളത്. വത്തിക്കാന്‍റെ ഔദ്യോഗിക പ്രസിദ്ധീകരണമായ "Acta apostolica sedis AAS vol. 82NO.II ല്‍ ആണ് CCEO യുടെ ലത്തീന്‍ രൂപത്തിലുള്ള ഗ്രന്ഥം കൊടുത്തിരിക്കുന്നത്. നീണ്ടവര്‍ഷങ്ങളിലെ ക്രോഡീകരണചരിത്രം 32 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

CCEO യുടെ ഘടനയും ഉള്ളടക്കവും

ശീര്‍ഷകം: പൗരസ്ത്യസഭകളുടെ കാനോന്‍നിയമസംഹിതയുടെ തലക്കെട്ട് എന്തായിരിക്കണമെന്നത് ഒരു നീണ്ട വിവാദമായിരുന്നു. ലാറ്റിന്‍കോഡ് ലാറ്റിന്‍ സഭയ്ക്കുള്ളതായതിനാല്‍ അതു ദ്യോതിപ്പിക്കുന്ന ഒരു ശീര്‍ഷകം ലത്തീന്‍ കോഡിന് ഉണ്ടാകണമെന്ന് കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ നിര്‍ബന്ധം പറഞ്ഞിരുന്നു. എങ്കിലും ലത്തീന്‍സഭ ഈ നിര്‍ദ്ദേശം ഉള്‍ക്കൊണ്ടില്ലെന്നു മാത്രമല്ല, The code of Canon Law എന്ന പൊതുശീര്‍ഷകം സ്വീകരിക്കുകയും അത് പല വിവാദങ്ങള്‍ക്കും വഴി തെളിക്കുകയും ചെയ്തു. പൗരസ്ത്യസഭാനിയമസംഹിതയ്ക്ക് ആ സഭകള്‍ക്കാണ് നിയമം എന്നു കാണിക്കത്തക്ക രീതിയിലുള്ള ഒരു ശീര്‍ഷകം വേണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അവസാനം ഏറെ ചര്‍ച്ചയ്ക്കും പഠനത്തിനുംശേഷം സ്വീകൃതമായത് CCEOഎന്ന ശീര്‍ഷകം ആണ്. കമ്മീഷന്‍റെ നല്ലൊരുശതമാനം വോട്ട് ഈ പേരിനു കിട്ടിയിരുന്നു. ഈ ശീര്‍ഷകം പൗരസ്ത്യസഭകള്‍ക്കുള്ള നിയമത്തെ വേര്‍തിരിച്ചുകാണിക്കുകയും അതോടൊപ്പം ആദ്യകാലസഭയുടെ നിയമസംഹിതകളുടെ മധുരിമ നിലനിര്‍ത്തുകയും ചെയ്യുന്നു.

ഭാഷ: ക്രോഡീകരണത്തിന്‍റെ ആരംഭംമുതലേ (1972) പുതിയ നിയമസംഹിതയുടെ ഭാഷ എന്തായിരിക്കണമെന്നതിനെക്കുറിച്ചൊരു തര്‍ക്കം കമ്മീഷന്‍ അംഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഗ്രീക്കു വേണമെന്ന് ഒരുകൂട്ടവും അതല്ല ലാറ്റിന്‍മതിയെന്ന് മറുപക്ഷവും വാദിച്ചു. ഒരു ഘട്ടത്തില്‍ പുതിയനിയമസംഹിത ഈ പറഞ്ഞ രണ്ടുഭാഷയിലും പ്രസിദ്ധീകരിക്കാമെന്ന തീരുമാനത്തിലെത്തി എങ്കിലും ആദ്യസമ്പൂര്‍ണ്ണകരടുരൂപം ലത്തീന്‍ഭാഷയില്‍ മാത്രമേ പുറത്തിറങ്ങിയുള്ളൂ. ഒരു ഭാഗവും ഗ്രീക്കുഭാഷയിലുണ്ടായിരുന്നില്ല.



ഗ്രീക്കുഭാഷ ഇന്ന് വളരെ ചുരുക്കം ജനങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഗ്രീക്ക് മൂലഭാഷയാക്കി നിയമം പുറത്തിറക്കിയാല്‍ പൗരസ്ത്യസഭാംഗങ്ങളില്‍ വളരെ ചുരുക്കംപേര്‍ മാത്രമേ ഇതു വായിക്കാനും പഠിക്കാനും ഇടവരികയുള്ളൂ. കൂടുതല്‍പേര്‍ ഉപയോഗിക്കുന്ന ഭാഷ എന്നത് ഒരു മാനദണ്ഡമാക്കുകയാണെങ്കില്‍ ഉക്രേനിയന്‍, മലയാളം, അറബിക് എന്നീ ഭാഷകളിലൊന്ന് സ്വീകരിക്കേണ്ടിവരും. കാരണം, ഗ്രീക്കുഭാഷയെക്കാള്‍ പൗരസ്ത്യസഭകളില്‍ പ്രാധാന്യം ഈ ഭാഷകള്‍ക്കാണ്. മാര്‍പാപ്പയ്ക്ക് വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഒരു ഭാഷയായിരിക്കണം ഉപയോഗിക്കേണ്ടത് എന്നതിനാലും ഔദ്യോഗികഭാഷ ലത്തീന്‍ ആയതുകൊണ്ടും മാര്‍പാപ്പായുടെ ഇന്നുവരെയുള്ള എല്ലാ രേഖകളും ലത്തീന്‍ഭാഷയില്‍ പ്രസിദ്ധീകരിച്ച പാരമ്പര്യം നിലനില്‍ക്കുന്നതുകൊണ്ടും ഇന്നുവരെ വത്തിക്കാനില്‍ വേറെ യാതൊരു ഭാഷയും ഔദ്യോഗികമായി ഉപയോഗിച്ചിട്ടില്ലാത്തതുകൊണ്ടും CCEO ഉം ലത്തീന്‍ ഭാഷയില്‍ത്തന്നെ 1990 ല്‍ പ്രസിദ്ധപ്പെടുത്തി. എന്നാല്‍ വിവിധഭാഷകളിലേയ്ക്ക് വിവര്‍ത്തനം നടത്താനുള്ള അവകാശം ഇതോടൊപ്പം കൊടുത്തിരിക്കുന്നു. ലത്തീന്‍ഭാഷയില്‍ പുറത്തിറങ്ങിയ CCEO യുടെ മൂലകൃതിയില്‍ ഒട്ടേറെ ഗ്രീക്കുപദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അത് CCEO യുടെ ഭംഗി വര്‍ധിപ്പിച്ചിട്ടേ ഉള്ളൂ.

നിയമനിര്‍മ്മാണം: പൗരസ്ത്യസഭകള്‍ക്കായുള്ള കാനന്‍നിയമസംഹിത മാര്‍പാപ്പയ്ക്കൊപ്പം പൗരസ്ത്യവ്യക്തിസഭകളുടെ തലവന്മാരും കൂടിച്ചേര്‍ന്ന് പ്രസിദ്ധപ്പെടുത്തുവാനുള്ള ചിന്തകളും ചര്‍ച്ചകളും ഏറെ നടന്നിരുന്നു. 'ഒരുമിച്ചുള്ള' ഒരു വിളംബരം സഭയുടെ കൂട്ടായ്മ വര്‍ദ്ധിപ്പിക്കാനും കൂട്ടുത്തരവാദിത്വം എടുത്തുകാണിക്കാനും ഉപയുക്തമായ ഒരു വിലപ്പെട്ട അവസരമായിരിക്കുമെന്ന ചിന്തയാണ് ഇതിനു പിന്നില്‍ പ്രബലപ്പെട്ടിരിക്കുന്നത്. പക്ഷേ വിവിധകാരണങ്ങളാല്‍ ഈ ചിന്ത ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്. അതിനുനിരത്തപ്പെട്ട കാരണങ്ങള്‍:

  1. ഇന്നുവരെയുള്ള കത്തോലിക്കാ സഭാ ചരിത്രത്തില്‍ ഒരു നിയമസംഹിതയും 'ഒരുമിച്ച്' പുറത്തിറക്കിയതായി കേട്ടിട്ടില്ല.

  2. പൗരസ്ത്യസഭകള്‍ക്ക് ഏകനേതൃത്വം ഇല്ലാത്തസ്ഥിതിക്ക് ആരെ തലവനായി സ്വീകരിക്കും എന്ന പ്രശ്നം അവശേഷിച്ചു.

  3. വ്യത്യസ്ത റീത്തുകളെയും സഭകളെയും സംബന്ധിക്കുന്ന തീരുമാനങ്ങള്‍ പുറപ്പെടുവിക്കുവാനുള്ള അധികാരം മാര്‍പാപ്പയ്ക്കു മാത്രമേ ഉള്ളൂ.

അതിനാല്‍ അന്നത്തെ മാര്‍പാപ്പ തന്നെ CCEO ഒപ്പുവച്ച് പ്രസിദ്ധപ്പെടുത്തി.

ഉള്ളടക്കവും ഘടനയും

CIC യും CCEO യും തമ്മില്‍ എന്തെങ്കിലും വ്യത്യാസങ്ങളുണ്ടോ? അതോ ഒരേ കാര്യങ്ങള്‍ രണ്ടു ശീര്‍ഷകങ്ങള്‍കൊണ്ടു സൂചിപ്പിക്കുന്നതാണോ? എന്നു സംശയം തോന്നാം.

ഒറ്റവാക്കില്‍ പറഞ്ഞാല്‍, ആഗോള കത്തോലിക്കാസഭയെ സംബന്ധിച്ച പൊതുവായതും സാമ്യമുള്ളതുമായ കാര്യങ്ങള്‍ രണ്ടു നിയമസംഹിതകളിലും ഉണ്ട്. ഏതു നിയമവും സഭയുടെ തനിമയും നാനാത്വവും പരിരക്ഷിക്കാനുള്ള മാധ്യമമാണ്. നിയമത്തിന്‍റെ സ്വഭാവവും ഘടനയും മാറുമ്പോഴും തനിമ നഷ്ടപ്പെടുന്നില്ല. തിരുസഭയുടെ ഐക്യം കാത്തുസൂക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നത് വിവിധങ്ങളായ നിയമങ്ങളാണ്. CIC യിലും CCEO യിലും പൊതുവായിട്ടുള്ള കാനോനകളുണ്ട്. അവ പ്രധാനമായും ഒരേ കാര്യങ്ങളാമ് ദ്യോതിപ്പിക്കുന്നത്. ചിലകാര്യങ്ങളില്‍ CCEO യില്‍ നിന്നു ഇകഇ വ്യത്യസ്തമായിരിക്കേണ്ടതുണ്ട്. അതിന് കാരണം, ലാറ്റിന്‍ സഭയില്‍ നിന്ന് വളരെ ഭിന്നമായ അനേകം ഘടകങ്ങള്‍ പൗരസ്ത്യസഭകളിലുണ്ട്. അതിന്‍റെ പാരമ്പര്യങ്ങളും ആചാരങ്ങളും വിശ്വാസവും നിയമവും കാത്തുരക്ഷിക്കേണ്ട ചുമതല CCEO യ്ക്കാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ രണ്ടു സഭകള്‍ക്കും ഐക്യരൂപ്യം വേണം താനും. ഉദാ: നടപടി ക്രമങ്ങളെ സംബന്ധിക്കുന്ന നിയമങ്ങള്‍. സഭയില്‍ നീതി നടപ്പാക്കാന്‍ രണ്ടു നിയമസംഹിതകളിലും വ്യത്യസ്തമായ നിയമം ഉണ്ടാകുന്നത് ഉചിതമല്ലല്ലോ.

CCEO 21 (+1) വ്യക്തിഗത കത്തോലിക്കാസഭകള്‍ക്ക് (Eceleisia Sui iuris) വേണ്ടിയുള്ള പൊതുനിയമമാണ്. ഈ സഭകളുടെ പാരമ്പര്യം, ദൈവശാസ്ത്രം, ആരാധനാക്രമങ്ങള്‍, ആദ്ധ്യാത്മികത എല്ലാം വളരെ വ്യത്യസ്തമാണ്. അതിനാല്‍ വ്യതിരിക്തമായ കാര്യങ്ങള്‍ക്ക് ഓരോ വ്യക്തിസഭയ്ക്കും അതിന്‍റേതായ പ്രത്യേകനിയമം (particular law) ഉണ്ടാക്കാനുള്ള അനുവാദം CCEO യില്‍ കൊടുത്തിട്ടുണ്ട്.

CCEO യില്‍ 153 സ്ഥലത്ത് 'ius particulare' പ്രത്യേകനിയമം-ഉണ്ടാക്കാനുള്ള അവസരം നല്കിയിരിക്കുന്നത് ശ്രദ്ധേയമാണ്. പ്രധാനകാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാനും നിയമങ്ങള്‍ നിര്‍മ്മിക്കാനുമുള്ള സാധ്യത ഈ അവസരം പ്രദാനംചെയ്യുന്നു. CCEO യുടെ ഉള്ളടക്കവും ഘടനയും പൗരസ്ത്യസഭകളുടെ ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കുമനുസരിച്ചാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം CCEO യ്ക്ക് മുമ്പുണ്ടായിരുന്ന നിയമസംഹിതകളുടെ (CCEO, MP) രീതികളും സ്വീകരിച്ചിട്ടുണ്ട്. പൗരസ്ത്യപാരമ്പര്യമാണ് 'ശീര്‍ഷകങ്ങള്‍' ആയി 1546 കാനോനകളെയും വിന്യസിപ്പിച്ചിരിക്കുന്നത്. പാശ്ചാത്യരീതി ആയിരുന്നെങ്കില്‍ "പുസ്തകം" ആകുമായിരുന്നു. 30 ശീര്‍ഷകങ്ങള്‍ വിഷയങ്ങളുടെ പ്രാധാന്യമനുസരിച്ച് ക്രമാനുഗതമായി ചിട്ടപ്പെടുത്തിയിരിക്കുന്നു.

CCEO യുടെ ഘടന

30 ശീര്‍ഷകങ്ങള്‍ - അധ്യായങ്ങള്‍ - ഉപാധ്യായങ്ങള്‍ - കാനനുകള്‍ - ഖണ്ഡികകള്‍ ഉപകാനനുകള്‍

ആകെ 1546 കാനനുകള്‍

Recent Posts

See All
നോമ്പ് :അര്‍ത്ഥവുംആചരണവും

നോമ്പ്: അര്‍ത്ഥവും ആചരണവും ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ ആമുഖം നോമ്പ് അഥവാ നോയമ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഏതൊക്കെ നോമ്പുകള്‍...

 
 
 
പിതാവില്‍നിന്നും - പുത്രനില്‍നിന്നും - പുറപ്പെടുന്ന പരിശുദ്ധാത്മാവ്": മലയാളഭാഷയിലെ ചിഹ്നനരീതിയും വ്യാഖ്യാനസംബന്ധിയായ കാനന്‍നിയമങ്ങളും

ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ. ആമുഖം "പിതാവില്‍ നിന്നും - പുത്രനില്‍ നിന്നും - പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ...

 
 
 
ശീശ്മയും വലിയ മഹറോന്‍ ശിക്ഷയും അതിന്‍റെ പരിണിതഫലങ്ങളും: ഒരു കാനോനിക അവലോകനം

ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ. ആമുഖം പൗരസ്ത്യ കാനോന സംഹിതയിലെ 1437-ാം കാനോന ഇപ്രകാരം നിഷ്കര്‍ഷിച്ചിരിക്കുന്നു: "സഭയുടെ പരമോന്നത...

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page