top of page

ദേവാലയസംഗീതത്തിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും

ദേവാലയസംഗീതത്തിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും


ഫാ. അനു സി., നെയ്യാറ്റിൻകര രൂപത


ആമുഖം


ആരാധനാക്രമം വളരെ ഉചിതമായും സജീവമായും മനോഹരമായും ആഘോഷിക്കുന്നതിൽ വിശുദ്ധ സംഗീതത്തിന് വളരെയധികം പ്രാധാന്യമുണ്ട്. വിശുദ്ധ അഗസ്റ്റിൻ പറയുന്നതുപോലെ, "സ്നേഹിക്കുന്നവരുടേതാണ് ഗാനാലാപനം." ഗാനം ഹൃദയാനന്ദത്തിന്റെ അടയാളമാണ് (അപ്പ 2:46). കർത്താവിന്റെ ആഗമനം പ്രതീക്ഷിച്ച് ഒരുമിച്ചുകൂടുന്ന ക്രൈസ്തവവിശ്വാസികൾ സങ്കീർത്തനങ്ങൾ, ഗാനങ്ങൾ, ആധ്യാത്മികഗീതികൾ എന്നിവ ആലപിക്കാൻ വിശുദ്ധ പൗലോസ് അപ്പോസ്തലൻ ആഹ്വാനം ചെയ്യുന്നു (കൊളോ 3:16). "പാടുന്നവൻ രണ്ട് പ്രാവശ്യം പ്രാർഥിക്കുന്നു" (വിശുദ്ധ അഗസ്റ്റിൻ). ദൈവ ശുശ്രൂഷകൾ സംഗീതത്തോടെ ആഘോഷപൂർവമായി നടത്തുകയും അതിൽ വിശുദ്ധ ശുശ്രൂഷകർ സന്നിഹിതരാവുകയും ജനങ്ങൾ സജീവമായി പങ്കെടുക്കുകയും ചെയ്യുമ്പോൾ ആരാധനക്രമപരികർമം കൂടുതൽ ഉദാത്തമായ ഭാവം കൈക്കൊള്ളുന്നു (ദൈവാരാധനയെക്കുറിച്ചുള്ള പ്രമാണരേഖ - 'അതിപരിശുദ്ധ സൂനഹദോസ്' [SC] 113).


ദേവാലയ സംഗീതം: വിശുദ്ധ സംഗീതം (Sacred music)


വെറുമൊരു വിനോദപരിപാടിയോ മതപരമായ ഗാനാലാപനമോ അല്ല ദേവാലയ സംഗീതം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവാരാധനയെക്കുറിച്ചുള്ള പ്രമാണരേഖയിൽ ആറാം അധ്യായം ദേവാലയ സംഗീതത്തെക്കുറിച്ചുള്ളതാണ്. ഈ അധ്യായത്തിന്റെ തലക്കെട്ടുതന്നെ 'വിശുദ്ധ സംഗീതം' എന്നാണ്. ഈ അധ്യായത്തിൽ, ദേവാലയത്തിൽ ആലപിക്കുന്ന സംഗീതം എങ്ങനെയാണ് വിശുദ്ധമാകുന്നത് എന്നതിനെപ്പറ്റി നാം ഇങ്ങനെ വായിക്കുന്നു: പ്രാർഥന കൂടുതൽ മധുരമാക്കാനും ദൈവജനത്തിന്റെ ഐക്യം കൂട്ടിയുറപ്പിക്കാനും തിരുകർമങ്ങൾ കൂടുതൽ ആഘോഷപൂർണതയിൽ സമ്പന്നമാക്കാനും വിശുദ്ധ സംഗീതം ആരാധനാനുഷ്ഠാനത്തോട് എത്ര കൂടുതൽ ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നുവോ അത്രയും കൂടുതൽ അത് വിശുദ്ധമാകുന്നു (SC 112). വിശുദ്ധ സംഗീതം എന്നതുകൊണ്ട്, ദൈവാരാധനയുടെ ആഘോഷത്തിനായി ഒരു നിശ്ചിത വിശുദ്ധ ആത്മാർഥതയുടെ രൂപത്താൽ സമ്പന്നമായി സൃഷ്ടിക്കപ്പെട്ടത് എന്ന് അർഥമാക്കുന്നു (Musicam Sacram - 'വിശുദ്ധ സംഗീതം' [MS - 1967] 4).


വിശുദ്ധ സംഗീതത്തിന് സുപ്രധാനമായ മൂന്നു മാനദണ്ഡങ്ങൾ ഉണ്ട്: പ്രാർഥനയെ പ്രകടമാക്കുന്ന സൗന്ദര്യം, നിശ്ചിത സമയങ്ങളിൽ സമൂഹത്തിന്റെ ഒന്നിച്ചുള്ള പങ്കുചേരൽ, ആചരണത്തിന്റെ ആഘോഷപൂർവകമായ സ്വഭാവം (കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം [CCC] 1157). ഈ മാനദണ്ഡങ്ങൾക്കനുസരിച്ച് വിശുദ്ധ സംഗീതം ആലപിച്ച് വിശുദ്ധ സംഗീതത്തിന്റെ ലക്ഷ്യമായ ദൈവമഹത്വവും വിശ്വാസികളുടെ വിശുദ്ധീകരണവും (SC 112) സാധ്യമാക്കണം. അല്ലാതെ വിശ്വാസിസമൂഹത്തിന് വിനോദം പകരുക എന്നതോ മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റുകയോ അല്ല ദേവാലയ സംഗീതത്തിന്റെ ലക്ഷ്യം.


ദേവാലയ സംഗീതത്തിന്റെ ഒരു ലക്ഷ്യം ദൈവ മഹത്ത്വം ആയതിനാൽ ദൈവം നല്കിയ സംഗീത അഭിരുചികളെ ദൈവ മഹത്ത്വത്തിനായി സമർപ്പിക്കുന്നത് കൃതജ്ഞത മനോഭാവത്തോടെ ആയിരിക്കണം. ദേവാലയ സംഗീതാംഗങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നതല്ല ഒരു ഗായകൻ/ ഗായിക മുന്നിൽ കാണേണ്ട ലക്ഷ്യം. അതോടൊപ്പംതന്നെ തിരഞ്ഞെടുക്കുന്ന ഗാനങ്ങൾ എപ്പോഴും ദൈവ മഹത്ത്വം പ്രഘോഷിക്കുന്നതാണെന്ന് ഉറപ്പുവരുത്തുകയും വേണം.


വിശ്വാസികളുടെ വിശുദ്ധീകരണം ദേവാലയ സംഗീതത്തിന്റെ മറ്റൊരു ലക്ഷ്യമായതിനാൽ, സംഗീതാലാപനത്തിലൂടെ വിശ്വാസികളെ രസിപ്പിക്കുക അല്ലെങ്കിൽ, 'ഫീൽ' (feel) നല്കുക എന്നതിനേക്കാൾ അവരുടെ ആത്മാവിനെ വിശുദ്ധീകരിക്കുന്ന ഗാനങ്ങൾ ആലപിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് ഗാനങ്ങളിലെ വാക്കുകൾ വിശുദ്ധീകരിക്കുന്ന ദൈവവചനം തന്നെയായിരിക്കണം. എഴുത്തുകാരന്റെ വ്യക്തിപരമായ അനുഭവങ്ങളും വിശ്വാസികളുടെ വൈകാരികതയെ ചൂഷണം ചെയ്യുന്ന വരികളും ദേവാലയ സംഗീതത്തിന് എതിരാണ്. ആത്മാവിനെ വിശുദ്ധീകരിക്കുന്നത് ദൈവമാണ്. അതുകൊണ്ടുതന്നെ, ദൈവത്തിന്റെ വിശുദ്ധ വചനങ്ങളാണ് ഗാനങ്ങളുടെ അടിസ്ഥാനമായി മാറേണ്ടത്.


ദേവാലയ സംഗീതം ഒരു ശുശ്രൂഷ


ദൈവജനത്തിന് തിരുകർമങ്ങളിൽ വ്യത്യസ്തങ്ങളായ ധർമങ്ങൾ നിർവഹിക്കാനുണ്ട്. തിരുകർമങ്ങൾ അനുഷ്ഠിക്കുന്ന കാർമികൻ, കാർമികനെ സഹായിക്കുന്ന ഡീക്കൻ, അൾത്താര ശുശ്രൂഷകൻ (Acolyte), പാഠകങ്ങൾ വായിക്കുന്ന വായനക്കാരൻ (Lector), കപ്യാർ തുടങ്ങി വ്യത്യസ്തങ്ങളായ ശുശ്രൂഷകർ തിരുകർമങ്ങളിൽ തങ്ങളുടെതായ ഭാഗം നിറവേറ്റിക്കൊണ്ട് പങ്കുചേരുന്നു. അവയിൽ ഒന്നാണ് ദേവാലയ സംഗീതം. അതിനാൽത്തന്നെ, അതൊരു ശുശ്രൂഷയാണ്. ശുശ്രൂഷാ മനോഭാവത്തോടെയാണ് ഗായകസംഘം ദേവാലയത്തിൽ പെരുമാറേണ്ടത്.


തിരുകർമങ്ങൾ ദൈവത്തിന് അർപ്പിക്കുന്ന ശുശ്രൂഷയാണ്. അതിനാൽ, 'ദേവാലയ സംഗീതത്തിന് ഒരു ശുശ്രൂഷാ ധർമമുണ്ട് - അത് ദിവ്യരഹസ്യങ്ങളെയും വിശ്വാസിസമൂഹത്തെയും ശുശ്രൂഷിക്കുന്നു. അത് സമൂഹത്തെ ഒന്നിപ്പിക്കുന്നു, ആരാധനക്രമ ആഘോഷത്തിന്റെ സ്വഭാവത്തെയും ഭാഗങ്ങളെയും ഉയർത്തി കാണിക്കുന്നു. ദേവാലയ സംഗീതം ആരാധനയുടെ ഒരു പ്രവർത്തിയാണ്, വിനോദ പരിപാടിയല്ല' (CCBI, 'Directives for the Celebration of the Liturgy,' 14, 2016).


ഗായകസംഘം വിശ്വാസിസമൂഹത്തിൽ ആരാധനാക്രമപരമായ ഒരു ധർമമാണ് നിറവേറ്റുന്നത്. ഗായകസംഘത്തിനായി നിർദേശിച്ചിരിക്കുന്ന വിവിധ ഭാഗങ്ങൾ അവയുടെ സാഹിത്യരൂപം അനുസരിച്ച് അവർ ആലപിക്കുകയും ഗാനാലാപനത്താൽ വിശ്വാസികളുടെ സജീവപങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യണം (MS 19); റോമൻ മിസ്സാളിന്റെ പൊതുനിർദേശം [GIRM] 103). തിരുകർമങ്ങൾക്കിടയിൽ ഗായകസംഘാംഗങ്ങൾ ദേവാലയത്തിന് പുറത്തുപോകുന്നതോ സംസാരിക്കുന്നതോ ശരിയായ കാര്യമല്ല. വിവാഹം, തിരുപട്ടം തുടങ്ങിയ കൂദാശകൾക്കുവേണ്ടിയുള്ള അർഥികൾ ഗായകസംഘത്തിൽപോയി അഥവാ അവർ മാത്രമായി ഗാനങ്ങൾ ആലപിക്കുന്നത് ഉചിതമല്ല.


വിശ്വാസി സമൂഹത്തിന്റെ പങ്കാളിത്തം


ജനങ്ങളെ പ്രാർഥിക്കാൻ സഹായിക്കുക എന്നതും ദിവ്യബലിയിൽ സജീവമായി മറുപടി നല്കാൻ അവരെ സഹായിക്കുക എന്നതും ദേവാലയസംഗീത അംഗങ്ങളുടെ ചുമതലയാണ്. അതുകൊണ്ടുതന്നെ, വിശ്വാസിസമൂഹത്തിനുകൂടി അറിയാവുന്ന ഗാനങ്ങൾ ആലപിക്കാൻ കൂടുതൽ ശ്രദ്ധിക്കണം. എല്ലാവർക്കും അറിയാവുന്നതും ഒരുമിച്ചുള്ള ആലാപനത്തിന് സൗകര്യപ്രദവുമായ ഈണത്തിലും താളത്തിലുമുള്ള ഗാനങ്ങൾ തിരഞ്ഞെടുക്കണം. പരമ്പരാഗത ഗാനങ്ങളും പഴയഗാനങ്ങളും കൂടുതൽ അർഥമുള്ളതുകൊണ്ടും പരമാവധിപേർക്ക് അറിയാവുന്നതുകൊണ്ടും അവ പ്രോത്സാഹിപ്പിക്കേണ്ടതാണ്. അവ പഴയതായതുകൊണ്ട് മാറ്റിനിറുത്തേണ്ട ആവശ്യമില്ല.


അംഗങ്ങൾ കത്തോലിക്കാ വിശ്വാസികൾ മാത്രം


ആരാധനക്രമ ആഘോഷത്തിൽ ദൈവജനത്തെ സജീവ പങ്കാളിത്തത്തിന് സഹായിക്കുന്ന ശുശ്രൂഷകർ എന്ന നിലയിൽ ഗായകസംഘത്തിലുള്ളവർ ഉത്തമ കത്തോലിക്കർ ആയിരിക്കണം. ഗായകസംഘത്തിൽ അക്രൈസ്തവർ സംഗീതോപകരണം ഉപയോഗിക്കുന്നതുപോലും അഭികാമ്യമല്ല. 2014 ജനുവരിയിൽ കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി ഇതിനോട് ബന്ധപ്പെട്ടു കൈക്കൊണ്ട തീരുമാനം ഇതാണ്: ഗായകസംഘം തിരുകർമ അനുഷ്ഠാനത്തിന്റെ അവിഭാജ്യഘടകമാകയാൽ, വിശ്വാസികൾ മാത്രമേ അതിൽ അംഗങ്ങളാകാവൂ. അതോടൊപ്പംതന്നെ, ഇടവകയുടെ മുഴുവൻ പങ്കാളിത്തത്തിന് ഇടവകയുടെതന്നെ ഗായകസംഘത്തിനാണ് പ്രാധാന്യവും മുൻഗണനയും നല്കേണ്ടത്.


ദേവാലയ സംഗീതവും ഭക്തിയും


ദേവാലയസംഗീതത്തിൽനിന്ന് വിശ്വാസിസമൂഹത്തിന് ലഭിക്കേണ്ടത് വിനോദത്തിന്റെ (entertainment) അനുഭവമോ വെറും വൈകാരിക അനുഭൂതിയോ (feel) അല്ല, മറിച്ച് ഭക്തിയുടെയും ദൈവസ്നേഹത്തിന്റെയും അനുഭവമാണ്. ദൈവജനത്തിന് ദൈവാനുഭവം പകരാനും ഭക്തിയുടെ അനുഭവത്തിലേക്ക് അവരെ കൊണ്ടുവരാനും ദേവാലയ സംഗീതത്തിന് സാധിക്കണം. ഗാനങ്ങളിലൂടെയുള്ള ശ്രവണസുഖം ദേവാലയ സംഗീതത്തിന്റെ ലക്ഷ്യമല്ല, അത് വെറും ഇന്ദ്രിയസുഖമാണ് (sensual pleasure) എന്ന് വിശുദ്ധ അഗസ്റ്റിൻ തൻ്റെ ആത്മകഥയിൽ രേഖപ്പെടുത്തുന്നു (അഗസ്റ്റിന്റെ ആത്മകഥ, പേജ് 307). ആരാധനാക്രമ ആഘോഷങ്ങളിൽ പങ്കെടുക്കാൻ വന്നിരിക്കുന്നവർ വെറും കേൾവിക്കാരല്ല, വിശ്വാസി സമൂഹമാണ്; "തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്" (1 പത്രോ 2:9).


ആരാധനാക്രമ കാലങ്ങൾക്കും കർമങ്ങൾക്കും ചേർന്നത്


ആരാധനാക്രമ ആഘോഷങ്ങളിൽ ആലപിക്കാൻ അവയുടെ ഓരോ സന്ദർഭങ്ങൾക്കും യോജിച്ചതും വേദഗ്രന്ഥാടിസ്ഥാനത്തിൽ ഉള്ളതും തിരുസഭയുടെ പ്രബോധനങ്ങളോട് ചേർന്നുപോകുന്നതുമായ ഗാനങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ആരാധനാക്രമവത്സരത്തിലെ കാലഭേദങ്ങൾ (ആഗമനകാലം, തിരുപിറവിക്കാലം, ആണ്ടുവട്ടം, തപസ്സുകാലം, പെസഹാക്കാലം) അനുസരിച്ചുള്ള ഗാനങ്ങൾ ഉൾപ്പെടുത്തണം. അവ ദേവാലയ സംഗീതത്തിന് അഥവാ വിശുദ്ധ സംഗീതത്തിനും ആരാധനക്രമകാലത്തിനുംചേർന്ന ഈണമുള്ളതും ആയിരിക്കണം.


ആരാധനക്രമത്തിലെ വിവിധങ്ങളായ ഭാഗങ്ങൾക്ക് അനുസരിച്ചാണ് ആരാധന ക്രമസംഗീതം ഉൾചേർക്കുന്നത്. ഓരോ കർമത്തിനും അതിന്റേതായ പ്രത്യേക അർഥവും ധർമവും ഉണ്ട്. പ്രവേശക ഗാനങ്ങൾക്ക് നാലു ലക്ഷ്യങ്ങളാണുള്ളത്: (1) അനുഷ്ഠാനത്തിന് ആരംഭം കുറിക്കുക, (2) സമ്മേളിച്ചിരിക്കുന്ന ജനങ്ങളുടെ ഐക്യം ദൃഢപ്പെടുത്തുക, (3) ആരാധനക്രമകാലങ്ങളുടെയോ തിരുനാളുകളുടെയോ രഹസ്യത്തിലേക്ക് അവരുടെ ചിന്തകൾ നയിക്കുക, (4) പുരോഹിതന്റെയും ശുശ്രൂഷകരുടെയും പ്രവേശക പ്രദക്ഷിണത്തിന് അകമ്പടി സേവിക്കുക (GIRM 47). ഈ നാല് ലക്ഷ്യങ്ങളും പൂർത്തിയാക്കുന്ന പ്രവേശക ഗാനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അതുകൊണ്ടുതന്നെ, പ്രവേശക ഗാനമായി പരിശുദ്ധാത്മാവിനോടുള്ള ഗാനങ്ങൾ ആലപിക്കുന്നത് ഉചിതമല്ല. തിരുകർമങ്ങൾക്ക് അകമ്പടി സേവിക്കുന്ന ഗാനങ്ങൾ അതത് കർമങ്ങൾ അവസാനിക്കുമ്പോൾത്തന്നെ അവസാനിപ്പിച്ചിരിക്കണം. ഗാനാലാപനം തീരുന്നതുവരെ കാർമികൻ കാത്തുനില്ക്കേണ്ടിവരുന്നത് ഒഴിവാക്കണം. കാഴ്ചദ്രവ്യങ്ങൾ ഒരുക്കുന്ന സമയത്ത് ശുശ്രൂഷകൻ ദൈവജനത്തെ ധൂപിച്ചുകഴിയുന്നതുവരെ കാഴ്ചസമർപ്പണ ഗാനം പാടാവുന്നതാണ്. ദൈവജനത്തെയും ധൂപിച്ചുകഴിഞ്ഞതിനുശേഷം മാത്രമേ 'പ്രിയ സഹോദരരേ...' എന്ന പ്രാർഥനയ്ക്കുള്ള ക്ഷണം കാർമികൻ ആരംഭിക്കാൻ പാടുള്ളൂ.


കാഴ്ചവസ്തുക്കൾ ഒരുക്കുന്ന കർമത്തിലും ദിവ്യകാരുണ്യസ്വീകരണ കർമത്തിലും അകമ്പടി സേവിക്കുന്ന ഗാനങ്ങൾ അതതു കർമങ്ങൾക്ക് അനുസരിച്ചുള്ളതായിരിക്കണം. പരേതർക്കുവേണ്ടിയുള്ള ദിവ്യബലിയിൽ കാഴ്ചവെപ്പ് സമയത്തും ദിവ്യകാരുണ്യസ്വീകരണ സമയത്തും, സാധാരണ ദിവ്യബലിയിൽ എന്നപോലെ, ആ സന്ദർഭത്തിനുള്ള ഗാനങ്ങൾ മാത്രമേ പാടാവൂ. മറ്റ് പരേതസ്മരണഗാനങ്ങൾ ആലപിക്കുന്നത് തികച്ചും തെറ്റാണ്. മൃതസംസ്കാരവേളയിലെ ദിവ്യബലിയിലും പരേതർക്കുവേണ്ടിയുള്ള അനുസ്മരണ ദിവ്യബലിയിലും 'ഹല്ലേലൂയ്യ' സാധാരണ എന്നപോലെ പാടേണ്ടതാണ്. അതുപോലെതന്നെ, കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി അംഗീകരിച്ചിട്ടുള്ള പരേതസ്മരണഗാനങ്ങൾ മാത്രം ആലപിക്കാനും ശ്രദ്ധിക്കേണ്ടതാണ്. 'പോകുന്നേ ഞാനും എൻ ഗൃഹം തേടി' എന്ന ഗാനം അനുചിതവും സഭാപ്രബോധനത്തിന് ചേരാത്തതുമായതിനാൽ, ഒഴിവാക്കേണ്ടതാണ്. (കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി അംഗീകരിച്ച പരേതസ്മരണ ഗാനങ്ങൾ 'Roman Rite - Kerala' എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാണ്).


ആരാധനാക്രമത്തിലെ പ്രാർഥനകൾ ഗാനങ്ങളായോ ഗീതങ്ങളായോ ആലപിക്കുമ്പോൾ ആ പ്രാർഥനയുടെ വാക്കുകൾക്ക് മാറ്റം വരുത്താൻ പാടില്ല. കർത്താവേ കനിയണമേ, അത്യുന്നതങ്ങളിൽ, വിശ്വാസപ്രമാണം, പരിശുദ്ധൻ, സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, ലോകത്തിൻ പാപങ്ങൾ നീക്കുന്ന... മുതലായവ ദിവ്യപൂജാഗ്രന്ഥത്തിലെ വാക്കുകൾ അനുസരിച്ചുതന്നെയാണ് ആലപിക്കേണ്ടത്. അതോടൊപ്പം, പരിഷ്കരിച്ച റോമൻ മിസ്സാളിൽ 'സ്വർഗസ്ഥനായ പിതാവേ' എന്ന പ്രാർഥനയിൽ അന്നന്നുവേണ്ട ആഹാരം 'ഇന്ന്' ഞങ്ങൾക്ക് തരണമേ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് (ഇന്നും എന്നത് തിരുത്തിയിരിക്കുന്നു). അതുപോലെ, ലോകത്തിൻ പാപങ്ങൾ നീക്കുന്ന ദൈവകുഞ്ഞാടെ ഞങ്ങളിൽ കനിയണമേ എന്നും തിരുത്തിയിരിക്കുന്നു ('നീ' ഒഴിവാക്കിക്കൊണ്ട് ആലപിക്കണം). 'സ്വർഗസ്ഥനായ പിതാവേ' എന്ന പ്രാർഥനയ്ക്കുള്ള ക്ഷണത്തിൽ ഏറ്റവും അവസാനം 'ഏറ്റു ചൊല്ലാം' എന്നുതന്നെയാണ് കാർമികൻ പറയേണ്ടത്. ആരാധനാക്രമത്തിൽ 'ചൊല്ലുക' അഥവാ 'പറയുക' (ലത്തീനിൽ 'dicere') എന്നതിന് 'ചൊല്ലുക' എന്നും 'ആലപിക്കുക' എന്നും അർഥങ്ങളുണ്ട്. അതുകൊണ്ട്, കാർമികൻ മുൻകൂട്ടി നല്കിയിരിക്കുന്ന നിർദേശം അനുസരിച്ച് ഗായകസംഘത്തിന് അത് ചൊല്ലുകയോ ആലപിക്കുകയോ ചെയ്യാവുന്നതാണ്.


ദിവ്യകാരുണ്യ ആരാധനയുടെ സമയത്ത് ദിവ്യകാരുണ്യ സ്വീകരണഗാനങ്ങൾ പാടുന്നത് ഉചിതമല്ല. ആരാധനയുടെ സമയത്ത് ദിവ്യകാരുണ്യ ഗീതങ്ങളും ആരാധനയുടെ ഗാനങ്ങളും പ്രാർഥനാ ഗാനങ്ങളും സ്തുതിയുടെ ഗാനങ്ങളുമാണ് ആലപിക്കേണ്ടത്. അതൊരിക്കലും ദിവ്യകാരുണ്യ സ്വീകരണഗാനങ്ങൾ അല്ല.


ആരാധനക്രമഗാനങ്ങളിലെ വാക്കുകളും അവയുടെ സംഗീതവും


ആരാധനക്രമസംഗീതത്തേക്കാളുപരി ആരാധനാക്രമ വാക്കുകൾക്കാണ് പ്രാധാന്യമുള്ളത്. ദേവാലയ സംഗീതം എന്നത് 'വിശുദ്ധ സംഗീതം' (sacred music) ആണ്. അതുകൊണ്ട്, ആരാധനാക്രമ നിയമങ്ങൾ പാലിച്ചുകൊണ്ടാണ് ഗാനങ്ങൾ രചിക്കേണ്ടതും അവയ്ക്ക് ഈണം നല്കേണ്ടതും ആലപിക്കേണ്ടതും. ആരാധനക്രമത്തിൽ ഉപയോഗിക്കുന്ന ഗാനങ്ങളുടെയും ഗീതങ്ങളുടെയും വാക്കുകളും അർഥവും സഭാപഠനങ്ങൾക്കും ദൈവവചനത്തിനും അനുസൃതമായിരിക്കണം. "ഭക്തിയിലും വിശുദ്ധാഭ്യാസങ്ങളിലും ആരാധനാശുശ്രൂഷകളിലും സഭയുടെ നിയമങ്ങൾക്കനുസൃതമായാണ് "വിശ്വാസികളുടെ സ്വരങ്ങൾ മുഴങ്ങേണ്ടത്." അതിനാൽ, ആലപിക്കാൻ ഉദ്ദേശിക്കുന്ന ഗാനത്തിന്റെ വാക്കുകൾ എപ്പോഴും കത്തോലിക്കാ പ്രബോധനത്തിനുചേർന്നതായിരിക്കണം. യഥാർഥത്തിൽ, അവ പ്രധാനമായും വിശുദ്ധ ലിഖിതങ്ങളിൽനിന്നും ആരാധനാക്രമ സ്രോതസ്സുകളിൽനിന്നും എടുത്തവയായിരിക്കണം" (CCC 1158; SC 118; 121).


അല്ലാതെ കേൾക്കാൻ ഇമ്പമുള്ളതും കേൾവിക്കാരെ രസിപ്പിക്കുന്നതുമായ ഗാനങ്ങൾ അല്ല തിരഞ്ഞെടുക്കേണ്ടത്. വിശുദ്ധ അഗസ്റ്റിൻ ഗാനങ്ങളിലെ വാക്കുകളേക്കാൾ ഈണത്തിന് പ്രാധാന്യം കൊടുക്കുന്നത് തെറ്റാണെന്ന് ഓർമപ്പെടുത്തുന്നു: "ഭജനകീർത്തനങ്ങളിലെ ആശയത്തേക്കാൾ അവയുടെ സംഗീതഗുണം എൻ്റെ ഹൃദയത്തെ കൂടുതൽ സ്പർശിക്കാൻ ഇടവരുമ്പോഴെല്ലാം ഗുരുതരമായ ഒരു തെറ്റിൽ വീഴുകയാണ് ഞാൻ ചെയ്യുന്നതെന്ന് സമ്മതിക്കുന്നു" (അഗസ്റ്റിന്റെ ആത്മകഥ, പേജ് 308).


വിശുദ്ധ സംഗീതത്തിന്റെയും വിശുദ്ധ വാക്കുകളുടെയും ഒരു സമ്മിശ്രമാണ് ദേവാലയ സംഗീതത്തിൽ ഉൾപ്പെടേണ്ടത് (SC 112). ഗാനരചയിതാവിന്റെ വ്യക്തിപരമായ അനുഭവങ്ങളും വികാരങ്ങളും പ്രകടിപ്പിക്കുന്നതും വിശ്വാസികളുടെ വികാരങ്ങളെയും വിചാരങ്ങളെയും ചൂഷണം ചെയ്യുന്നതുമായ ഗാനങ്ങൾ ആരാധനക്രമത്തിൽ ഉപയോഗിക്കാൻ പാടില്ല. ഓരോ സന്ദർഭത്തിലും ആലപിക്കുന്ന ഗാനത്തിലൂടെ ദൈവമഹത്ത്വം പ്രഘോഷിക്കുന്നതും തിരുവചനങ്ങൾ ഉൾക്കൊള്ളുന്നതും കത്തോലിക്കാവിശ്വാസം പ്രകടിപ്പിക്കുന്നതുമായ ഗാനങ്ങൾ രചിക്കുകയും മെത്രാൻ സമിതിയുടെ അംഗീകാരത്തോടെ ആലപിക്കുകയും ചെയ്യണം.


ആരാധനക്രമ ഗാനങ്ങളും ഈണവും തിരഞ്ഞെടുക്കേണ്ടത് മെത്രാൻസമിതി


പ്രവേശകഗാനത്തിന്റെയും കാഴ്ചവെപ്പ് ഗാനത്തിന്റെയും ദിവ്യഭോജനഗാനത്തിന്റെയും പുസ്തകരൂപങ്ങൾ ക്രമപ്പെടുത്തേണ്ടതും അംഗീകാരം നല്കേണ്ടതും മെത്രാൻ സമിതിയാണ് (GIRM 390). അതായത്, ആരാധനാക്രമത്തിൽ ആലപിക്കേണ്ട ഗാനങ്ങൾ തിരഞ്ഞെടുത്തുനല്കേണ്ടത് മെത്രാൻ സമിതിയാണ്. ഗായകസംഘ നേതാവിന്റെയോ അംഗങ്ങളുടെയോ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ഗാനങ്ങൾ തിരഞ്ഞെടുക്കാൻ ആർക്കും അനുവാദമില്ല. ഏതെങ്കിലും ഗാനങ്ങളോ അല്ലെങ്കിൽ, സാമൂഹിക മാധ്യമങ്ങളിൽ 'ഏറ്റവും പുതിയ' അല്ലെങ്കിൽ പ്രശസ്തരായ സംഗീതസംവിധായകർ 'സംഗീതം നല്കിയ' അല്ലെങ്കിൽ പ്രശസ്തരായ ഗായകർ 'ആലപിച്ചത്' എന്നൊക്കെയുള്ള തലക്കെട്ടുകളിൽവരുന്ന ഗാനങ്ങളോ ആരാധനാക്രമത്തിൽ തിരഞ്ഞെടുത്ത് ആലപിക്കാൻ ആർക്കും അനുവാദമില്ല. പ്രവേശകഗാനത്തിനും കാഴ്ചവെപ്പ് ഗാനത്തിനും ദിവ്യഭോജനഗാനത്തിനും ആ തലക്കെട്ടുകൾ നല്കേണ്ടതും ആരാധനക്രമ ആഘോഷത്തിൽ അവ പാടാൻ അനുവാദം നല്കേണ്ടതും മെത്രാൻസമിതിയാണ്.


തിരുകർമത്തിനുള്ള പ്രത്യേകിച്ച്, ദിവ്യപൂജക്രമത്തിനും സമൂഹത്തിന്റെ പ്രത്യുത്തരങ്ങൾക്കും പ്രഘോഷണങ്ങൾക്കും ആരാധനാക്രമവർഷത്തിൽ വരുന്ന പ്രത്യേക കർമങ്ങൾക്കുംവേണ്ടിയുള്ള ഉചിതമായ സംഗീതം അംഗീകരിക്കേണ്ടത് മെത്രാൻസമിതിയാണ്. അതുപോലെ, തിരുകർമങ്ങളിൽ ഏതെല്ലാം സംഗീതരൂപങ്ങളാണ്, ഈണങ്ങളാണ്, സംഗീത ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത് എന്ന് തീരുമാനിക്കുന്നതും അവ തിരുകർമത്തിന് അനുയുക്തമാക്കേണ്ടതും മെത്രാൻസമിതിയാണ് (GIRM 393).


ദിവ്യപൂജ ഗാനരൂപത്തിൽ അർപ്പിക്കാൻ ചാന്റ് (Chant mass - Gregorian), രാഗം (Ragam), ട്രഡീഷണൽ (Traditional), താളം എന്നിങ്ങനെ നാല് ഈണങ്ങൾ കേരള കത്തോലിക്കാ മെത്രാൻ സമിതി നല്കിയിട്ടുണ്ട്. ഇതിൽ 'താളം' എന്ന ഈണം പലപ്പോഴും വിശ്വാസിസമൂഹത്തിന് ഭക്തിപൂർവം പങ്കുചേരാനും മറുപടി നല്കാനും കഴിയാത്തതിനാൽ, ഒഴിവാക്കുന്നത് നല്ലതാണ്. അനുവദിച്ചിട്ടുള്ള ഈ ഈണങ്ങൾ പരസ്പരം കൂട്ടിക്കുഴക്കുന്നത് ഒട്ടും ഉചിതമല്ല. ദിവ്യബലിയുടെ ആരംഭം മുതൽ അവസാനംവരെയും ഒരു ഈണത്തിൽതന്നെ ദിവ്യബലി അർപ്പിക്കുന്നതാണ് ശരിയായ രീതി. 'സർവശക്തനായ ദൈവത്തോടും' എന്ന അനുതാപ പ്രാർഥനയും 'സ്വർഗസ്ഥനായ പിതാവേ' എന്ന പ്രാർഥനയും ഈ ഈണങ്ങളിൽപ്പെടാത്ത ഗാനരൂപത്തിലും മറ്റുവാക്കുകളിലും ആലപിക്കുന്നത് നിർത്തലാക്കേണ്ടതാണ്. അതിനുപകരം, കേരള കത്തോലിക്കാ മെത്രാൻ സമിതി അംഗീകരിച്ചിട്ടുള്ള സംഗീതത്തിൽ മാത്രം അത് ഈണത്തിൽ ചൊല്ലണം. കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി അംഗീകരിച്ചിട്ടില്ലാത്ത ഈണങ്ങളിൽ ദിവ്യപൂജ ആലപിക്കുന്നത് വൈദികരും നിർത്തലാക്കേണ്ടതാണ് (GIRM 393).


ഗ്രിഗോറിയൻ സംഗീതം


മറ്റെല്ലാം സമമാണെങ്കിലും റോമൻ ലിറ്റർജിയുടെ തനതായ സംഗീതം എന്ന നിലയിൽ ഗ്രിഗോറിയൻ സംഗീതത്തിന് സവിശേഷമായ സ്ഥാനം കൊടുക്കേണ്ടതാണ് (GIRM 41). റോമൻ ആരാധന ക്രമത്തിന് ഗ്രിഗോറിയൻ ഗാനരീതിയാണ് അനുരൂപമായി സഭ അംഗീകരിക്കുന്നത്. അതുകൊണ്ട്, അതിന് മറ്റ് സമാനരീതികളേക്കാൾ ആരാധനാക്രമ കർമങ്ങളിൽ പ്രധാനസ്ഥാനം നല്കണം. മറ്റു വിശുദ്ധ സംഗീത രീതികൾ, പ്രത്യേകിച്ചും പോളിഫോണിയാ തിരുകർമാഘോഷങ്ങളിൽ ഉപയോഗിക്കാവുന്നതാണ്. എന്നാൽ, അത് ആരാധനാക്രമത്തിന്റെ ചൈതന്യത്തിന് ഇണങ്ങുന്നവയായിരിക്കണം (SC 116).


വിശുദ്ധ സംഗീതവും സംഗീതോപകരണങ്ങളും


ഗായക സംഘത്തിന് സംഗീതോപകരണം ഒരിക്കലും നിർബന്ധമല്ല. ഓർഗനും മറ്റ് അംഗീകൃത സംഗീതോപകരണങ്ങളും ഗാനാലാപനവേളയിൽ ഗായകസംഘത്തെയും ജനങ്ങളെയും സഹായിക്കുന്നതിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്. അല്ലാതെ, സംഗീതോപകരണങ്ങളുടെ പ്രകടനമല്ല ആരാധന ക്രമത്തിൽ കാണേണ്ടത്. അതുകൊണ്ട്, ഗാനങ്ങളുടെ സ്വരത്തേക്കാളുപരി ഒരിക്കലും സംഗീതോപകരണത്തിന്റെ ശബ്ദം മുഴങ്ങിക്കേൾക്കാൻ പാടില്ല. അതിനാൽ, സംഗീതോപകരണങ്ങൾ പരിമിതമായി മാത്രമേ ഉപയോഗിക്കാവൂ. ഓർഗൻ അതിന്റെ ആരാധനക്രമപരമായ ഉപയോഗത്തിനുമുമ്പ് റോമൻ കർമാനുഷ്ഠാനത്തിൽ കൊടുത്തിരിക്കുന്ന കർമമനുസരിച്ച് ആശീർവദിക്കുന്നത് സമുചിതമാണ് (GIRM 313).


ആഗമനകാലത്തിന്റെ സ്വഭാവത്തിന് ചേർന്നരീതിയിൽ ഓർഗന്റെയും മറ്റ് സംഗീതോപകരണങ്ങളുടെയും ഉപയോഗത്തിൽ മിതത്വം പാലിക്കണം. തപസ്സുകാലത്ത് ഗാനാലാപനത്തിന് സഹായിക്കാൻവേണ്ടി മാത്രമാണ് ഓർഗന്റെയും മറ്റ് സംഗീതോപകരണങ്ങളുടെയും ഉപയോഗം അനുവദിച്ചിരിക്കുന്നത്. എന്നാൽ, തപസ്സുകാലത്തിലെ 'ലെത്താരെ ഞായർ' (തപസ്സുകാലത്തെ നാലാമത്തെ ഞായറാഴ്ച), മഹോത്സവങ്ങൾ, തിരുനാളുകൾ എന്നിവയ്ക്ക് ഈ നിയമം ബാധകമല്ല (GIRM 313).


ആരാധനാക്രമ പ്രാർഥനയുടെ സമയത്ത്, പ്രത്യേകിച്ച് സ്ഥാപകവചനത്തിന്റെ സമയത്തും കർത്താവിന്റെ തിരുശരീരവും തിരുരക്തവും ജനങ്ങളുടെ ദർശനത്തിന് ഉയർത്തുന്ന സമയത്തും ദിവ്യകാരുണ്യ സ്വീകരണഗാനം അവസാനിച്ചതിനുശേഷമുള്ള നിശ്ശബ്ദതയുടെ സമയത്തും സംഗീതോപകരണം ഉപയോഗിക്കാൻ പാടില്ല. ആ സമയത്ത് സംഗീത ഉപകരണങ്ങൾ ജനങ്ങളിൽ ഭക്തി ഉളവാക്കും എന്നത് തെറ്റിദ്ധാരണയാണ്.


ആരാധന ക്രമത്തിലെ സജീവപങ്കാളിത്തത്തിന്റെ തത്ത്വത്തിനെതിരായതിനാൽ, സംഗീതോപകരണം ഉപയോഗിക്കാൻ അറിഞ്ഞുകൂടാത്തവർ മുൻകൂട്ടി റെക്കോർഡ് ചെയ്ത സംഗീതം ഉപയോഗിക്കാൻ പാടില്ല. കാരണം, ബോധപൂർവകവും (conscious) സജീവവുമാണ് (active) ആരാധന ക്രമം. ഇതിനെപ്പറ്റി 2014 ജനുവരിയിൽ കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി ഇപ്രകാരം തീരുമാനിച്ചിട്ടുണ്ട്: 'കരോക്കെയും മൈനസ് ട്രാക്കുകളും ഫ്ലോപ്പി ഡ്രൈവിലും ഇലക്ട്രോണിക് ഓർഗനിലും പകർത്തി പശ്ചാത്തല സംഗീതത്തിന്റെ അതിപ്രസരത്തോടെ ഗാനങ്ങളുടെ തുടക്കത്തിലും പല്ലവികൾക്കിടയിലും നീണ്ട ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉപയോഗിച്ച് നടത്തുന്ന സംഗീതാലാപനം ആരാധനാക്രമ സംഗീതത്തിന്റെ ചൈതന്യത്തിന് വിരുദ്ധമാകയാൽ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തേണ്ടതും ക്രമാനുഗതമായി നിർത്തലാക്കേണ്ടതുമാണ്' (നമ്പർ 16).


എല്ലാ ക്രിസ്തീയ ഭക്തിഗാനങ്ങളും ആരാധനക്രമത്തിൽ ആലപിക്കാൻ ഉൾപ്പെടുത്താവുന്നവയല്ല. ആരാധന ക്രമത്തിലെ പ്രാർഥനകൾക്ക് എന്നപോലെ അവയിൽ ആലപിക്കുന്ന ഗാനങ്ങൾക്കും ഭദ്രമായ ദൈവശാസ്ത്ര അടിത്തറ ഉണ്ടായിരിക്കണം. ഓരോ അവസരത്തിനും യോജ്യമായതും അംഗീകരിക്കപ്പെട്ടതുമായ ഗാനങ്ങൾ മാത്രമേ തിരുകർമങ്ങളിൽ ഉപയോഗിക്കാവൂ. ആരാധനക്രമത്തിന് ഔദ്യോഗികമായി അംഗീകരിച്ച ഗാനങ്ങളും ക്രിസ്തീയ ഭക്തിഗാനങ്ങളും തമ്മിലുള്ള വേർതിരിവ് തിരിച്ചറിയണം. അതിനാൽ, ഗാനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സവിശേഷമായ ശ്രദ്ധ പാലിക്കേണ്ടതാണ്. അതിനായി, സംഗീതം നല്കുന്നവർക്കും ഗായക സംഘത്തിനും യഥാർഥത്തിലുള്ള ദേവാലയ സംഗീത പരിശീലനം നല്കണം (SC 115; 121; MS 24).


ഗാനങ്ങൾക്ക് ഈണം നല്കുന്നതിലും അവയുടെ ആലാപനത്തിലും മലയാളഭാഷയുടെ ഉച്ചാരണനിയമങ്ങൾ പാലിക്കേണ്ടതാണ്. അത് പാലിക്കാത്തതുകൊണ്ടാണ് ക്രിസ്തുവിനു പകരം 'ക്രീ......സ്തുവും' കർത്താവിനുപകരം 'കർർർർർത്താവും' പരിശുദ്ധനുപകരം പരിശൂ....ദ്ധനും ആലാപനത്തിൽ കടന്നുകൂടിയത്.


സിനിമയിൽനിന്നുള്ള ഗാനങ്ങൾ ഒഴിവാക്കണം


ഏതവസരത്തിലായാലും സിനിമയിൽ നിന്നുള്ള ക്രിസ്തീയഗാനങ്ങൾ ദേവാലയത്തിൽ പാടുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണ്. സിനിമാഗാനങ്ങൾ സിനിമയ്ക്കുവേണ്ടി എഴുതിയതാണ്, അല്ലാതെ ആരാധനാക്രമ ആഘോഷങ്ങൾക്കുവേണ്ടി എഴുതിയവയല്ല. സിനിമ വിനോദത്തിനു വേണ്ടിയാണ്, ദേവാലയ സംഗീതം വിനോദപരിപാടി അല്ല. സാധാരണ സംഗീതത്തിൽ നിന്ന് വിശുദ്ധ സംഗീതത്തെ വേർതിരിച്ചുതന്നെ നിലനിറുത്തണം. 'നമ്മോടുകൂടെ വസിക്കുന്ന ദൈവമേ' (ഇമ്മാനുവേൽ, 2013), 'സ്നേഹസ്വരൂപനാം നാഥാ' (പ്രിയം, 2000), 'വാഴ്ത്തിടുന്നിതാ, സ്വർഗനായകാ' (സമാഗമം, 1993), 'നിത്യ വിശുദ്ധയാം കന്യാമറിയമേ' (നദി, 1969), 'നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം' (മിസ്സ് മേരി, 1972), 'നന്മ നേരും അമ്മ' (അപരാധി, 1977) തുടങ്ങിയ സിനിമയിൽനിന്നുള്ള ഗാനങ്ങൾ ഒഴിവാക്കേണ്ടവതന്നെ.


ആലാപനരീതിയെ സംബന്ധിച്ച്


ആരാധനാക്രമ ആഘോഷങ്ങളിൽ ഗാനങ്ങളുടെ വരികൾ ക്രമം തെറ്റിച്ചു പാടുന്നത് ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. കോറസോ അനുപല്ലവിയോ ആദ്യം പാടിയശേഷം പിന്നീട് പല്ലവി പാടുന്നത് അസംബന്ധമാണ്. ദേവാലയ സംഗീതം ഒരു വിനോദപരിപാടിയല്ല. ആരാധനാക്രമ ഗാനങ്ങൾ അഥവാ പ്രാർഥനാ ഗാനങ്ങൾ യാചന/ ആരാധന/ സ്തുതി എന്നിവ ഉൾക്കൊള്ളുന്നവയാണ്. ഒരു വാചിക പ്രാർഥനയുടെ ക്രമം മാറ്റാതെ നാം ചൊല്ലുന്നതുപോലെത്തന്നെ ആരാധനക്രമ ഗാനങ്ങളും ആലപിക്കേണ്ടതാണ്. തിരുകർമങ്ങളിൽ ഭക്തിപൂർവം പങ്കെടുക്കുന്ന വിശ്വാസിസമൂഹത്തിന്റെ സാമാന്യബോധത്തെയും (common sense) വിശ്വാസബോധത്തെയും (sense of the faith) മുറിവേല്പിക്കുന്ന ഇത്തരം വികലതകൾ പൂർണമായും ഒഴിവാക്കേണ്ടതാണ്.


ദൈവത്തിന്റെ വിശുദ്ധനാമം (യഹോവ/ യാഹ്വേ) ഉപയോഗിക്കാൻ പാടില്ല


ദൈവാരാധനയ്ക്കും കൂദാശകളുടെ അച്ചടക്കത്തിനും വേണ്ടിയുള്ള ഡികാസ്റ്ററി (Dicastery for Divine Worship and the Discipline of the Sacraments) 2008 -ൽ ‘ദൈവത്തിന്റെ നാമം’ (The Name of God) എന്നപേരിൽ മെത്രാന്മാർക്ക് അയച്ച കത്തിൽ ദൈവത്തിന്റെ വിശുദ്ധ നാമം ഉപയോഗിക്കുന്നത് സംബന്ധിച്ച് മൂന്നു നിർദേശങ്ങൾ നല്കി.


അതിൽ, ഒന്നാമത്തെ നിർദേശമനുസരിച്ച്, ആരാധനക്രമആഘോഷങ്ങളിൽ, ഗാനങ്ങളിലും പ്രാർഥനകളിലും, ഹീബ്രു ടെട്രാഗ്രാമ്മത്തോൺ രൂപത്തിലുള്ള ദൈവനാമം (യഹോവ അഥവാ യാഹ്വേ) ഉപയോഗിക്കാനോ ഉച്ചരിക്കാനോ പാടില്ല. അതായത്, ദൈവത്തിന്റെ വിശുദ്ധ നാമമായ യഹോവ/യാഹ്വേ ഉൾകൊള്ളുന്ന ഗാനങ്ങൾ പൂർണമായും ദേവാലയ സംഗീതത്തിൽനിന്ന് ഒഴിവാക്കേണ്ടതാണ്. ഉദാ. ‘യഹോവയാം ദൈവമെൻ ഇടയനത്രെ’ എന്ന ഗാനം ഹീബ്രു ടെട്രാഗ്രാമ്മത്തോൺ അടങ്ങിയിരിക്കുന്നതുകൊണ്ട്, ആരാധനക്രമആഘോഷങ്ങളിൽ ഉപയോഗിക്കാൻ പാടില്ല. അല്ലെങ്കിൽ, ‘കർത്താവ്’ എന്ന വാക്ക് പകരം ഉപയോഗിക്കണം.


ഉപസംഹാരം


ആരാധനക്രമത്തിന്റെ ഭാഗമായ ദേവാലയ സംഗീതം വിശുദ്ധ സംഗീതമാണ്. അത് നിർവഹിക്കുന്നവർ ശുശ്രൂഷകരുമാണ്. അതിനാൽത്തന്നെ, സ്വന്തം ഇഷ്ടങ്ങളെയും താത്പര്യങ്ങളെയുംകാൾ ഉപരി ആരാധനാക്രമ നിർദേശങ്ങൾക്കനുസരിച്ചുള്ള ഗാനങ്ങൾ സഭാധികാരികളുടെ അനുവാദത്തോടെ തിരഞ്ഞെടുക്കുകയും ആരാധനക്രമത്തിനും വിശുദ്ധ സംഗീതത്തിനും ചേർന്നരീതിയിൽ ആലപിക്കുകയും അതുവഴി വിശ്വാസിസമൂഹത്തിന്റെ സജീവപങ്കാളിത്തം നിലനിറുത്തുകയുംചെയ്യാൻ ഗായക സംഘാംഗങ്ങൾ ശ്രദ്ധിക്കണം.

Recent Posts

See All
സങ്കീർത്തനങ്ങൾമ(മസ്മോറെ)ഈശോയുടെ പാട്ടുപുസ്തകം

സങ്കീർത്തനങ്ങൾ ഈശോയുടെ പാട്ടുപുസ്തകമായിരുന്നു. യൂദപാരമ്പര്യമനുസരിച്ചു പെന്തക്കുസ്താ, പെസഹാ, കൂടാരതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍...

 
 
 
നോമ്പ് :അര്‍ത്ഥവുംആചരണവും

നോമ്പ്: അര്‍ത്ഥവും ആചരണവും ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ ആമുഖം നോമ്പ് അഥവാ നോയമ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഏതൊക്കെ നോമ്പുകള്‍...

 
 
 
മംഗള വാർത്ത - പിറവി കാലങ്ങൾ (സൂവാറ -യൽദാ) Season of Annunciation and Nativity

സീറോ മലബാർ സഭയുടെ ആരാധനാവത്സരം ആരംഭിക്കുന്നത് മനുഷ്യാവതാര രഹസ്യത്തെ അനുസ്മരിക്കുന്ന മംഗളവാർത്ത കാലത്തോടുകൂടിയാണ്. ഡിസംബർ 25 ആം തീയതി...

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page