പരി. കന്യകാമറിയം സ്വർഗീയവാഗ്ദാന പേടകം
- sleehamedia
- Aug 15, 2023
- 2 min read
- ഫാ. ജോസ് കൊച്ചുപറമ്പിൽ

പരി. കന്യകാമറിയത്തിന്റെ സർഗ്ഗാരോപണം കിഴക്കും പടിഞ്ഞാറുമുള്ള സഭകളുടെ വിശ്വാസപാരമ്പര്യത്തിന്റെ അഭിഭാജ്യഘടകമാണ്. പരിശുദ്ധ മറിയത്തിന്റെ നിദ്ര എന്ന ഗ്രീക്ക് സഭകളും മറിയത്തിന്റെ ശൂനായ അഥവാ കടന്നുപോകൽ വാങ്ങിപ്പുതിരുനാൾ എന്ന് സുറിയാനിസഭകളും മറിയത്തിന്റെ സർഗാരോപണം - അസംപ്ഷൻ- എന്ന് പൊതുവിൽ പശ്ചാത്യപാരമ്പര്യവും ഉദ്ഘോഷിക്കുന്ന തിരുനാളാണിത്. ലോകരക്ഷകനായ മിശിഹായ്ക്ക് ജന്മം നൽകിയ മറിയത്തെ വാഗ്ദാനത്തിന്റെ പുതിയ പെട്ടകമായി സ്വർഗ്ഗാരോപണ വിശ്വാസസത്യം വിളംബരം ചെയ്ത ശ്ലൈഹിക രേഖയിൽ (മുനിഫിച്ചെൻസിയുസ് ദേവൂസ്, 26, നവംബർ 1, 1950) പന്ത്രണ്ടാം പീയൂസ് മാർപാപ്പാ വ്യക്തമാക്കുന്നുണ്ട്.
പഴയനിയമ വാഗ്ദാന പേടകത്തിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണഭരണിയിലെ മന്നായും , അഹറോന്റെ തളിർത്ത വടിയും പത്തു കൽപ്പനകളുടെ ഫലകങ്ങളും (ഹെബ്രാ 9:4) ഇസ്രായേൽക്കാർക്ക് ദൈവസാന്നിധ്യത്തിന്റെ അടയാളമായിരുന്നല്ലോ. എന്നാൽ ബാബിലോണിയൻ വിപ്രവാസകാലത്ത് (ബി. സി.587) ഈ ഉടമ്പടിപേടകം നഷ്ടപ്പെടാതിരിക്കാൻ ജെറമിയ പ്രവാചകൻ അത് എടുത്തുകൊണ്ടുപോയി, മോശ കാനാൻദേശം അന്തിമമായി ദർശിച്ച നെബോമലയിലെ ഒരു ഗുഹയിൽ അടച്ചു ഭദ്രമാക്കി വച്ചതിനുശേഷം അത് കണ്ടുപിടിക്കാൻ ആർക്കും കഴിഞ്ഞില്ല (2മക്ക 2:4-5).
എന്നാൽ വിശുദ്ധഗ്രന്ഥ പാരമ്പര്യവും സഭാ പിതാക്കന്മാരും ഈ വാഗ്ദാനപേടകത്തിന്റെ പൂർത്തീകരണമായാണ് പരിശുദ്ധ മറിയത്തെ വിശേഷിപ്പിക്കുന്നത്. ജീവമന്നായും നവപൗരോഹിത്യവും പുതിയ കൽപ്പനകളും നൽകിയ ഈശോയെ ഗർഭം ധരിച്ച പരി. മറിയമാണ് ഈ പുതിയ ഉടമ്പടിപേടകം. "നമുക്ക് അവിടത്തെ വാസസ്ഥലത്തേക്ക് പോകാം; അവിടുത്തെ പാദപീഠത്തിങ്കൽ ആരാധിക്കാം, കർത്താവേ, എഴുന്നേറ്റ് അവിടത്തെ ശക്തിയുടെ പേടകത്തോടൊപ്പം അങ്ങയുടെ വിശ്രമസ്ഥലത്തേക്ക് വരണമേ " (സങ്കീ 132:7-8) എന്ന സങ്കീർത്തനവചനത്തെ ഒരു മരിയൻ പരിപ്രേക്ഷ്യത്തിലാണ് പന്ത്രണ്ടാം പീയൂസ് പാപ്പ വ്യാഖ്യാനിക്കുന്നത്. വാഗ്ദാനപേടകം നിർമ്മിച്ച ദ്രവിക്കാത്ത (അക്കേഷ്യ) മരം പോലെ ഒരിക്കലും അഴിവുകാണാത്ത മറിയത്തിന്റെ ശരീരത്തെക്കുറിച്ചും പ്രസ്തുത പേപ്പൽരേഖ പ്രതിപാദിക്കുന്നുണ്ട് (no. 26).
പഴയ വാഗ്ദാന പേടകം നഷ്ടപ്പെട്ടതിനാൽ വിപ്രവാസകാലത്തിനുശേഷം പുതുക്കിപ്പണിത രണ്ടാം ജെറുസലേം ദേവാലയത്തിൽ അത് സ്ഥാപിക്കാനായില്ല. എന്നാൽ വാഗ്ദാനപേടകം പുതിയ രൂപഭാവത്തിൽ സ്വർഗ്ഗത്തിൽ എത്തിയിരിക്കുന്നുവെ ന്നാണ് യോഹന്നാന്റെ വെളിപാട് പുസ്തകം സൂചിപ്പിക്കുന്നത്: "സ്വർഗ്ഗത്തിൽ ദൈവത്തിന്റെ ആലയം തുറക്കപ്പെട്ടപ്പോൾ കാണാനായ വാഗ്ദാനപേടകം"
(വെളി 11:19) പരി. മറിയമാണ്. തുടർന്നുള്ള വെളിപാട് പന്ത്രണ്ടാം അധ്യായത്തിൽ സ്വർഗ്ഗത്തിലെ വലിയ അടയാളം: "സൂര്യനെ ഉടയാടയാക്കിയ സ്ത്രീ, അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ, ശിരസ്സിൽ പന്ത്രണ്ടു നക്ഷത്രങ്ങളുള്ള കിരീടം" (വെളി 12:1) - എന്നത് പരി. മറിയത്തെ സൂചിപ്പിക്കുന്നുവെന്നാണ് പിതാക്കന്മാർ വ്യാഖ്യാനിക്കുന്നത്.
പഴയ ഉടമ്പടിയുടെയും വാഗ്ദാനപേടകത്തിന്റെയും പൂർണിമയും തിരുസഭയുടെ പ്രതീകവും മാതൃകയും മധ്യസ്ഥയുമായ പരിശുദ്ധ കന്യകാമറിയം തന്റെ പുത്രനോടുകൂടി സ്വർഗ്ഗത്തിൽ ആയിരിക്കുന്നു എന്ന വിശ്വാസ സത്യമാണ് സർഗാരോപണത്തിരുനാളിൽ നാം പ്രഘോഷിക്കുന്നത്. സഭാപിതാവായ അംബ്രോസ് (397) സ്വയുക്തം ഇങ്ങനെ ഉദ്ഘോഷിക്കുന്നു: "പഴയനിയമകാലത്ത് ഹെബ്രായകന്യകയായ മിറിയാം സൈന്യത്തെ കടലിലൂടെ നയിച്ചെങ്കിൽ (പുറ 15:21) പുതിയ നിയമത്തിൽ ഒരു രാജപുത്രി, പരിശുദ്ധ കന്യകാമറിയം, രക്ഷയിലേക്കുള്ള സ്വർഗ്ഗീയവാതായനമായി തിരഞ്ഞെടുക്കപ്പെട്ടു." അക്രമവും അനീതിയും പ്രതിസന്ധികളും സൃഷ്ടിക്കുന്ന ഈ ലോകത്തിലെ അനിശ്ചിതത്വത്തിൽ മാനവലോകത്തിന്റെ പ്രത്യാശയാണ് സ്വർഗ്ഗീയ കവാടമായി വിരാജിക്കുന്ന പരിശുദ്ധ കന്യകാമറിയം!
Recent Posts
See Allസങ്കീർത്തനങ്ങൾ ഈശോയുടെ പാട്ടുപുസ്തകമായിരുന്നു. യൂദപാരമ്പര്യമനുസരിച്ചു പെന്തക്കുസ്താ, പെസഹാ, കൂടാരതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍...
നോമ്പ്: അര്‍ത്ഥവും ആചരണവും ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ ആമുഖം നോമ്പ് അഥവാ നോയമ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഏതൊക്കെ നോമ്പുകള്‍...
സീറോ മലബാർ സഭയുടെ ആരാധനാവത്സരം ആരംഭിക്കുന്നത് മനുഷ്യാവതാര രഹസ്യത്തെ അനുസ്മരിക്കുന്ന മംഗളവാർത്ത കാലത്തോടുകൂടിയാണ്. ഡിസംബർ 25 ആം തീയതി...
Comments