top of page

മൂന്ന് നോമ്പ്

എന്താണ് മൂന്ന് നോമ്പ്? ❤️

ഇലഞ്ഞിമറ്റം യൗസേപ്പ് കത്തനാർ


സുറിയാനി സഭകളില്‍ നിലവിലുള്ള അനന്യമായൊരു പാരമ്പര്യമാണ് മൂന്ന് നോമ്പ്. വലിയ നോമ്പാരംഭത്തിന് 18 ദിവസം മുമ്പുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മൂന്നു നോമ്പ് ആചരിക്കുന്നു. അതിനാല്‍ ഈ നോമ്പ് പതിനെട്ടാമിടം എന്നുകൂടി അറിയപ്പെട്ടിരുന്നു. ഈസ്റ്ററിന്‍റെ തിയതിയനുസരിച്ച് സാധാരണ ജനുവരി 12നും ഫെബ്രുവരി 18നും മധ്യേയാണ് ഈ നോമ്പ് വരുന്നത്. പഴയ നിയമത്തില്‍ യോനാപ്രവാചകന്‍ ദൈവകല്പനയനുസരിച്ച് നിനവേ നഗരത്തില്‍ മാനസാന്തരത്തിനുള്ള ആഹ്വാനം നടത്തിയതിന്‍റെയും അതേത്തുടര്‍ന്നുള്ള അവരുടെ മനസുതിരിവിന്‍റെയും അനുസ്മരണമായാണ് ഈ നോമ്പ് ആചരിച്ചു പോരുന്നത്.

ഈ നോമ്പാചരണം നിനവേക്കാരുടെ യാചന (Rogation of the Ninivites) അഥവാ നിനവേ നോമ്പ് എന്ന പേരിലും അറിയപ്പെടുന്നു. യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ ഉദരത്തില്‍ ചിലവഴിച്ചു മാനസാന്തരപ്പെട്ടു (യോനാ 1:17) എന്നതാണ് മൂന്നു ദിവസത്തെ നോമ്പിന്‍റെ പ്രസക്തി. അതേത്തുടര്‍ന്ന് നിനവേയില്‍ ചെന്നുള്ള അദ്ദേഹത്തിന്‍റെ പ്രസംഗം കേട്ടപ്പോള്‍ അവിടെയുള്ളവര്‍ ചാക്കുടുത്ത് ചാരം പൂശി അനുതപിച്ചു എന്നതാണ് നിനവേ നോമ്പ് എന്ന പേരിന്‍റെ സാംഗത്യം. അപ്പോള്‍ മൂന്നു നോമ്പ് യോനായുടെ മാനസാന്തരത്തിന്‍റെ അനുസ്മരണമാണോ നിനവേക്കാരുടെ മാനസാന്തരത്തിന്‍റെ അനുസ്മരണമാണോ എന്നൊരു സമസ്യയുണ്ട്. എന്നാല്‍ യോനായുടെ മൂന്നു ദിവസത്തെ മത്സ്യോദരത്തിലെ വാസവും നിനവേക്കാരുടെ മാനസാന്തരവും ഒന്നിച്ചു മനസിലാക്കാവുന്നതും പരസ്പരപൂരകവും ആയതിനാല്‍ ഈ നോമ്പിന്‍റെ പേരോ ദിവസക്കണക്കിന്‍റെ കാരണമോ നോമ്പിന്‍റെ ചൈതന്യത്തിന് ക്ഷതമേല്പ്പിക്കുന്നുമില്ല; വൈരുദ്ധ്യം ക്ഷണിച്ചു വരുത്തുന്നുമില്ല.

എന്നാല്‍ ബൈബിള്‍ പ്രചോദിതമായ ഒരു ആചരണം എന്നതിനേക്കാള്‍ ചരിത്രപരമായ കാരണങ്ങളാണ് ഈ നോമ്പിന്‍റെ പിന്നില്‍ എന്നാണ് പണ്ഡിതമതം. എ.ഡി 570 - 580 കാലത്ത് നിനവേ, ബേസ്ഗര്‍മേ, അസോര്‍ തുടങ്ങിയ പേര്‍ഷ്യന്‍ നഗരങ്ങളെ പ്ളേഗു ബാധിച്ച് ജനസംഖ്യയില്‍ വലിയൊരു ഭാഗം മരണപ്പെട്ടപ്പോള്‍ ദുഃഖാര്‍ത്തരും ഭയഭീതരുമായ വിശ്വാസിഗണം ഞായറാഴ്ച്ച ദേവാലയത്തില്‍ ഒന്നിച്ചുകൂടി ഈ നിയോഗത്തെ സമര്‍പ്പിച്ച് പ്രാര്‍ഥന ആരംഭിച്ചു. ഉപവസിച്ച് പ്രാര്‍ഥിക്കാന്‍ അപ്പോള്‍ അവര്‍ക്ക് ദൈവിക അരുളപ്പാടുണ്ടായി. അതനുസരിച്ച് അവര്‍ തിങ്കളാഴ്ച്ച തുടങ്ങി ഉപവസിച്ച് പ്രാര്‍ഥിക്കാന്‍ തീരുമാനിച്ചു. പിന്നീട് ആരും രോഗബാധിതരായില്ല. ബുധനാഴ്ച്ച ആയപ്പോഴേക്കും രോഗം പരക്കുന്നത് അവസാനിച്ചതായി ജനം തിരിച്ചറിഞ്ഞു. ഇതില്‍ കൃതജ്ഞതാനിര്‍ഭരരായ വിശ്വാസിഗണം ഇനിയൊരിക്കലും ഇത്തരം പ്ളേഗുബാധ ഉണ്ടാകാതിരിക്കേണ്ടതിനുകൂടി തുടര്‍ന്ന് എല്ലാ വര്‍ഷവും മൂന്നു ദിവസത്തെ നോമ്പ് ആചരിക്കാന്‍ നിശ്ചയിച്ചു. പേര്‍ഷ്യന്‍ സഭയുമായി ആത്മബന്ധമുണ്ടായിരുന്ന കേരളസഭയിലേക്കും കാലക്രമേണ ഈ നോമ്പാചരണം വ്യാപിച്ചു. മൂന്ന് നോമ്പെടുത്തില്ലെങ്കില്‍ ആപത്തു ഭവിക്കും എന്ന ചിന്താഗതി പോലും ഒരുകാലത്ത് നസ്രാണി സമൂഹത്തിനിടയിലുണ്ടായിരുന്നു.

മാര്‍ത്തോമ്മാ നസ്രാണികള്‍ നിഷ്ഠയോടെ ആചരിച്ചിരുന്ന നോമ്പുകളെപ്പറ്റിയുള്ള റിപ്പോര്‍ട്ടില്‍ 1578ല്‍ ഈശോസഭാ വൈദികനായ ഫ്രാന്‍സിസ് ഡയനീഷ്യസ് മൂന്നു നോമ്പിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജസ്യൂട്ട് സഭാ പ്രൊക്കുറേറ്ററായിരുന്ന ഫാദര്‍ പേരോ ഫ്രാന്‍സിസ്കോ മലബാറില്‍ മിഷണറിയായി എത്തി ഇവിടുത്തെ സ്ഥിതിവിവരങ്ങള്‍ അറിയിച്ചുകൊണ്ട് തന്റെ സുപ്പീരിയര്‍ ജനറല്‍ ക്ളൗദിയോ അക്വാവിവായക്ക് 1612ല്‍ എഴുതിയ കത്തിൽ കേരളസഭയിലെ മൂന്നു നോമ്പാചരണത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മൂന്നു ദിവസവും ഉപവസിച്ച് ദേവാലയത്തില്‍ ഭജനമിരിക്കുന്ന ജനങ്ങളോട് ചേര്‍ന്ന് വൈദികര്‍ തുടര്‍ച്ചയായി സങ്കീർത്തനാലാപനം നടത്തുകയും നിനിവേക്കാരുടെ മാനസാന്തരത്തെപ്പറ്റിയുള്ള വി. അപ്രേമിന്റെ വ്യാഖ്യാനഗീതങ്ങൾ വായിക്കുകയും ചെയ്തിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ സാക്ഷ്യം. കര്‍മ്മങ്ങളുടെ മധ്യേ നിരവധി തവണ ആമേൻ എന്നേറ്റു പറഞ്ഞ് കൊണ്ട് സര്‍വ്വരും സാഷ്ടാംഗനമസ്കാരം ചൊല്ലിയിരുന്നതായും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. സന്ധ്യാനമസ്കാരത്തോടുകൂടി അവസാനച്ചിരുന്ന ഒരോ ദിവസത്തെയും തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം നേര്‍ച്ചഭക്ഷണവുമുണ്ടായിരുന്നു. നേര്‍ച്ചഭക്ഷണം കഴിക്കാനാണ് നസ്രാണികള്‍ മൂന്നു നോമ്പാചരണം നടത്തുന്നതെന്ന് ഇതേപ്പറ്റി ഒരു പരാമര്‍ശം ഉദയംപേരൂര്‍ സൂനഹദോസ് കാനോനകളിലുണ്ട്.

മൂന്നു ദിവസത്തെ ഉപവാസത്തിനു ശേഷം വ്യാഴാഴ്ച്ച മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ ഒന്നുചേര്‍ന്ന് ആദരപൂര്‍വ്വം ദേവാലയത്തില്‍ പ്രവേശിക്കുകയും സ്ളീവാ വന്ദിക്കുകയും ചെയ്തിരുന്നതായി ഒന്നര ദശാബ്ദക്കാലം (1644 - 1659) കൊടുങ്ങലൂര്‍ മെത്രാപ്പോലീത്താ ഫ്രാന്‍സിസ് ഗാര്‍സ്യായുടെ സഹചാരിയായിരുന്ന ജിയാക്വീന്തോ ദെ മാജിസ്ത്രീസ് തന്‍റെ ഗ്രന്ഥത്തില്‍ കുറിച്ചിരിക്കുന്നു. നാലാം ദിവസം ആഘോഷപൂർവ്വമായ കുർബ്ബാനയർപ്പിച്ചാണ് നോമ്പ് സമാപിപ്പിച്ചിരുന്നത്. മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ക്ക് മൂന്നു നോമ്പിനോടുള്ള പ്രതിപത്തി പരിഗണിച്ച് പ്രസ്തുത നോമ്പാചരണം തുടരാന്‍ സഭാനവീകരണത്തിനുദ്യമിച്ച ഉദയംപേരൂര്‍ സൂനഹദോസ് അനുവദിച്ചു.

പൊതുവേ മൂന്നു നോമ്പാചരണത്തിനു കേരളസഭയില്‍ മങ്ങലേറ്റിട്ടുണ്ടെങ്കിലും കുറവിലങ്ങാട്, കടുത്തുരുത്തി തുടങ്ങിയ പുരാതന ദേവാലയങ്ങളില്‍ ഇന്നും ശോഭകെടാതെ ഈ നോമ്പും തിരുനാളും നടത്തപ്പെടുന്നുണ്ട്. യോനാ പ്രവാചകന്‍റെ സംഭവത്തെ അനുസ്മരിക്കുന്ന കപ്പലോട്ടം കുറവിലങ്ങാട് പള്ളിയിലെ മൂന്നു നോമ്പ് പെരുന്നാളിന്‍റെ മുഖ്യ ആകര്‍ഷണമാണ്. ചേരമാന്‍ പെരുമാളിന്‍റെ കാലം മുതലേ കുറവിലങ്ങാട് പെരുന്നാളിന് ആന അകമ്പടിയുള്ള പ്രദക്ഷിണത്തിന് അവകാശം നല്കിയിരുന്നു എന്നത് പൊതുസമൂഹത്തില്‍ ഈ തിരുനാളിനുണ്ടായിരുന്ന സ്വീകാര്യതയുടെ തെളിവാണ്.

വലിയ നോമ്പിന്‍റെ ഒരുക്കമായി വേണം ഇക്കാലത്ത് നാം മൂന്നു നോമ്പിനെ മനസിലാക്കാന്‍. അതുകൊണ്ട് മൂന്നു നോമ്പിനെ ചെറിയ നോമ്പ് എന്നു വിളിച്ചു പോന്നിരുന്നു. സമാഗതമാകുന്ന വലിയ നോമ്പിനായി മനസിനെയും ശരീരത്തെയും ഒരുക്കാന്‍ മൂന്ന് നോമ്പ് പ്രചോദിപ്പിക്കുന്നു. ഏവര്‍ക്കും മൂന്നു നോമ്പിന്‍റെ മംഗളങ്ങള്‍.


Recent Posts

See All
മാർപാപ്പമാരുടെ തിരഞ്ഞെടുപ്പ്

ഫാ. ജോർജ് തെക്കേക്കര ക്രിസ്തുവിൻ്റെ വികാരിയും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തിൻ്റെ തലവനുമായ മാർപാപ്പയുടെ...

 
 
 
സങ്കീർത്തനങ്ങൾമ(മസ്മോറെ)ഈശോയുടെ പാട്ടുപുസ്തകം

സങ്കീർത്തനങ്ങൾ ഈശോയുടെ പാട്ടുപുസ്തകമായിരുന്നു. യൂദപാരമ്പര്യമനുസരിച്ചു പെന്തക്കുസ്താ, പെസഹാ, കൂടാരതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍...

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page