പണ്ടകശാലക്കടവ് കുരിശുപള്ളി ചരിത്രത്തിന്റെ നാഴികക്കല്ല്
- sleehamedia
- Jul 26, 2024
- 2 min read
ചങ്ങനാശ്ശേരി പള്ളിയുടെ കുരിശുപള്ളികൾ ചങ്ങനാശ്ശേരിയുടെ ചരിത്രത്തിന്റെ നാഴികക്കല്ലുകൾകൂടിയാണ്.

*1. അങ്ങാടി കുരിശുപള്ളി*
പതിനാലാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പഴയപള്ളിയോളം ചരിത്രമുള്ള ഒരു കുരിശുപള്ളി ചങ്ങനാശ്ശേരിയിലെ ഏറ്റവും ആദ്യത്തെ മാർക്കറ്റ് ആയിരുന്ന അങ്ങാടിയിൽ സ്ഥാപിച്ചിരുന്നു. 1978ൽ പണികഴിപ്പിച്ച പുതിയ പള്ളിയാണ് ഇവിടെ ഇന്ന് കാണുന്നത്. പുരാതന സുറിയാനി പള്ളികൾക്കെല്ലാം ഉണ്ടായിരുന്ന അങ്ങാടികൾ വാണിജ്യ -വ്യാപാരകേന്ദ്രങ്ങൾ കൂടിയായിരുന്നു. ഈ അങ്ങാടിക്കടവിലാണ് യാത്രാ-ചരക്കുവള്ളങ്ങൾ അടുത്തിരുന്നത്.
*2. ചന്തക്കടവ് കുരിശുപള്ളി*
എന്നാൽ പിന്നീട് മാർക്കറ്റ് വളർന്നപ്പോൾ അതിന്റെ കേന്ദ്രഭാഗത്ത് തിരുകുടുംബത്തിന്റെ നാമത്തിലുള്ള ചന്തക്കടവ് കുരിശുപള്ളി 1804ൽ പണികഴിച്ചു. അവിടെ ഇന്ന് കാണുന്ന കുരിശുപള്ളി 1939 ലാണ് ആശീർവദിച്ചത്. തുടർന്ന് 980 തുലാം 17 ന് (1805ൽ) ദിവാൻ വേലൂത്തമ്പി ദളവ പുതിയ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ശതാബ്ദിസ്മാരകമായി മതമൈത്രിയുടെ പ്രതീകമായ അഞ്ചുവിളക്കുകൾ 1905ൽ സ്ഥാപിച്ചത് ചവുക്ക ജംഗ്ഷൻ (ചുങ്കം പിരിക്കുന്ന സ്ഥലം) എന്ന ഇന്നത്തെ പണ്ടകശാലക്കടവിലേക്കുള്ള പ്രവേശനഭാഗത്തായി രുന്നു.
*3. പണ്ടകശാലക്കടവ് കുരിശുപള്ളി*
മാർക്കറ്റിലേക്കുള്ള ചരക്കുവള്ളങ്ങൾ അടുത്തിരുന്ന സ്ഥലത്ത് ഒരു ഉപ്പുപണ്ടകശാല, അഥവാ സംഭരണകേന്ദ്രം ഉണ്ടായിരുന്നതിൽനിന്നാണ് ഇവിടം പണ്ടകശാലക്കടവ് എന്ന് അറിയപ്പെട്ടത്. മാർക്കറ്റിന്റെ ഒരു പ്രധാന ഭാഗമായ ഇവിടെ 1934 ജൂലൈ 25ന് മാർ കാളാശ്ശേരി പിതാവ് മാർ യാക്കോബ് ശ്ലീഹായുടെ നാമധേയത്തിലുള്ള കുരിശടി ആശീർവദിച്ചു. സെന്റ് ജെയിംസിന്റെ നാമധേയത്തിലുള്ള ചങ്ങനാശ്ശേരി അതിരൂപതയിലെ മൂന്നു കപ്പേളകളിലൊ ന്നാണിത് . 'മാർ ചാക്കോശ്ലീഹാച്ചന്റെ കുരിശടി' എന്നാണ് നാനാജാതിമതസ്ഥരായ ഭക്തജനങ്ങൾ ഇതിനെ വിളിച്ചിരുന്നത്. സുറിയാനി ഭാഷയിലെ യാക്കോബ് എന്ന നാമത്തിന്റെ മലയാളരൂപങ്ങളാണല്ലോ ചാക്കോ, ചാക്കപ്പൻ, ചാക്കമ്മ, ചാക്കുണ്ണി, കുഞ്ചാക്കോ, ഇക്കാക്കോ തുടങ്ങിയവ!
ദുഷ്ടശക്തികളെ സംഹരിക്കുന്ന വാളേന്തിയ ആശ്വാരൂഢനായ ഒരു യോദ്ധാവിനെപ്പോലെയാണ് കപ്പേളയിലെ യാക്കോബ്ശ്ലീഹായുടെ തിരുസ്വരൂപം ചിത്രീകരിച്ചിരിക്കുന്നത്. യാക്കോബ് ശ്ലീഹാ കുതിരപ്പുറത്ത് വന്ന് തങ്ങളെ രക്ഷിച്ചു എന്ന മധ്യയുഗചരിത്രവിവരണങ്ങളിലും ഐതിഹ്യങ്ങളിൽനിന്നു മാണ് ഈ ചിത്രീകരണമുണ്ടായത്. ചങ്ങനാശ്ശേരി മാർക്കറ്റ്പ്രദേശത്തു നിന്നുമാത്രമല്ല, വിദൂരസ്ഥലങ്ങളിൽനിന്നുപോലും അനേകംപേർ ഇവിടെ യാക്കോബ് ശ്ലീഹായുടെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർത്ഥിച്ചുവരുന്നു.
*മാർ കാളാശ്ശേരി ഹാൾ*
1997 ഒക്ടോബർ 27ന് ഈ കപ്പേളയോട് ചേർന്ന് 'മാർ കാളശ്ശേരി ഹാൾ' കൂട്ടിച്ചേർത്ത് മാർ ജോസഫ് പൗവ്വത്തിൽ മെത്രാപ്പോലീത്താ ആശിർവദിച്ചു.
*കുരിശടി നവീകരണം*
കാലപ്പഴക്കംകൊണ്ട് ജീർണാവസ്ഥയിലാ യിരുന്ന കുരിശുപള്ളി നവീകരിച്ചു ഹാൾ വിപുലമാക്കി 2022 ഡിസംബർ 8 ന് ന് മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ പുനർ:കൂദാശ ചെയ്തു.
കേരളശൈലിയിലുള്ള മുഖവാരത്തിൽ ഇരുവശത്തും മയിലുകൾ ഉള്ള, ചങ്ങനാശ്ശേരി പഴയ പള്ളിയിലും കല്ക്കുരിശിലും കാണുന്ന 'ചങ്ങനാശേരിക്കുരിശ്' ചിത്രീകരിച്ചിരിക്കുന്നു. പൌരസ്ത്യശൈലിയിൽ പുന:സംവിധാനം ചെയ്ത കപ്പേളയുടെ മദ്ബഹായിലെ 'ദാരുരൂപഐക്കണുകൾ' ഒരു നൂതന വിശുദ്ധകലാസംരംഭമാ ണ്.
കുരിശുപള്ളിയുടെ മുൻപിലെ ജംഗ്ഷനിൽ യാക്കോബ് ശ്ലീഹായുടെ ചിഹ്നങ്ങളോടുകൂടിയു ള്ള ഒരു ദാരുചിത്രരൂപവും പ്രതിഷ്ഠിച്ചിരിക്കുന്നു.
യാക്കോബ് ശ്ലീഹായുടെ കബറിടം സ്ഥിതിചെയ്യുന്ന സ്പെയിനിലെ ലോകപ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ സാന്തിയാഗോ ദി കമ്പോസ്തെല്ലയിലേക്കുള്ള തീർത്ഥാടകരുടെ സംരക്ഷണസംഘങ്ങളുടെ ചിഹ്നമായ 'യാക്കോബ്ശ്ലീഹാക്കു രിശ്,' തീർത്ഥാടകരുടെ ചിഹ്നമായ യാത്രാവടികൾ, കടൽക്കക്കാ എന്നിങ്ങനെ യാക്കോബ് ശ്ലീഹായുടെ മുദ്രകളെല്ലാം ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. മാർത്തോമാശ്ലീഹായുടെ ഏഴരപ്പള്ളികളിലൊന്നായ കോട്ടക്കാവിലേതുപോലുള്ള 'നസ്രായപുഷ്പിതസ്ലീവായും' ഇതിനുമുകളിൽ ചിത്രീകരിച്ചിരിക്കുന്നു. കുരിശുപള്ളിയോടുചേർന്ന് പുതിയ കൊടിമരം, പുതിയ പള്ളിമണി, ബെൽടവർ, കൽവിളക്ക് എന്നിവയും ക്രമീകരിച്ചിരിക്കുന്നു.
*തിരുശേഷിപ്പുപ്രതിഷ്ഠ*
കപ്പേളയുടെ നവതി യാഘോഷങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ട് 2023 ജൂലൈ 25 ന് യാക്കോബ് ശ്ലീഹാ യുടെ തിരുശേഷിപ്പ് പ്രതിഷ്ഠിക്കുകയുണ്ടായി. യാക്കോബ് ശ്ലീഹായുടെ കബറിടം സ്ഥിതിചെയ്യുന്ന സ്പെയിനിലെ സാന്തിയാഗോ ദി കൊമ്പോസ്ത്തെല്ലയിൽനിന്നുമുള്ള തിരുശേഷിപ്പ് അതിമത്രാസനഭവനത്തിൽനിന്നും പ്രദക്ഷിണമായി കൊണ്ടുവന്ന് മാർ ജോർജ് കോച്ചേരി മെത്രാപ്പോലീത്തായുടെ കർമ്മികത്വത്തിൽ പ്രതിഷ്ഠിക്കുകയുണ്ടായി. തിരുശേഷിപ്പുപ്രതിഷ്ഠയ്ക്കുശേഷം നാനാജാതി മതസ്ഥരായ ഒട്ടേറെ ഭക്തജനങ്ങൾ ഇവിടം ഇവിടം സന്ദർശിച്ചു പ്രാർത്ഥിച്ചുവരുന്നു.
*സെന്റ് ജെയിംസ് സ്കൂൾ*
തെരഞ്ഞെടുപ്പ് സമയത്ത് ഒരു പോളിംഗ് ബൂത്തായും പ്രളയകാലങ്ങളിൽ ഒരു ദുരിതാശ്വാസകേന്ദ്രമായുംകൂടി പ്രവർത്തിക്കുന്ന 1936ൽ സ്ഥാപിതമായ സെന്റ് ജെയിംസ് എൽ. പി. സ്കൂളിന്റെ അനുബന്ധസൗകര്യങ്ങളും ഇതോടൊപ്പം വിപുലീകരിച്ചിട്ടുണ്ട്.
ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ ഇടവക ജനങ്ങളുടെ, പ്രത്യേകിച്ച് പണ്ടകശാലക്കടവ് പ്രദേശത്തെ കുടുംബങ്ങളുടെ ഒത്തൊരുമയുടെയും സഹകരണത്തിന്റെയും പ്രതീകംകൂടിയാണ് ഈ കുരിശടി.
ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ
ജൂലൈ 25, 2024
Recent Posts
See Allഫാ. ജോർജ് തെക്കേക്കര ക്രിസ്തുവിൻ്റെ വികാരിയും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തിൻ്റെ തലവനുമായ മാർപാപ്പയുടെ...
സങ്കീർത്തനങ്ങൾ ഈശോയുടെ പാട്ടുപുസ്തകമായിരുന്നു. യൂദപാരമ്പര്യമനുസരിച്ചു പെന്തക്കുസ്താ, പെസഹാ, കൂടാരതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍...
Comments