പരിശുദ്ധ കുർബാനയിലെ ദൈവവചന ശുശ്രൂഷ
- sleehamedia
- Sep 30, 2023
- 6 min read
പരിശുദ്ധ കുർബാനയിലെ ദൈവവചന ശുശ്രൂഷ.
(ܛܲܟܣܵܐ ܕܡܸܠܬܵܐ ܕܐܲܠܵܗܵܐ)
പൗരസ്ത്യ സുറിയാനി സഭയുടെ പരിശുദ്ധ കുർബാന ക്രമത്തിലെ ആദ്യഭാഗം ദൈവവചനശുശ്രൂഷയാണ്. ഈശോയുടെ പരസ്യ ജീവിതത്തിൻ്റെ അനുസ്മരണമാണ് നിയമവും നിവ്യാന്മാരും ശ്ലീഹായും സുവിശേഷവും എന്നറിയപ്പെടുന്ന ഈ നാല് വായനകൾ. ഭൗമിക ഓർശ്ലെമിൻ്റെ പ്രതീകമായ ഹൈക്കലായുടെ മധ്യത്തിലുള്ള ബേമ്മയിലെ വചനവേദിയിൽ വച്ചാണ് ദൈവവചന ശുശ്രൂഷ നടത്തപ്പെടുന്നത്. ഇത് ഈശോ ഭൂമിയിൽ ആയിരുന്നപ്പോൾ തൻ്റെ ശിഷ്യരെ ഓർശ്ലെത്തുവച്ച് പഠിപ്പിച്ചിരുന്നതിൻ്റെ സൂചകമാണ്. നമ്മുടെ പള്ളിയുടെ ഘടനയുടെ പ്രത്യേകതയാണ് പള്ളിയുടെ കിഴക്കേ അറ്റത്ത് സ്ഥാപിക്കുപ്പെട്ടിരിക്കുന്ന അതിവിശുദ്ധ സ്ഥലമായ പരിശുദ്ധ മദ്ബഹായും ഹൈക്കലായിൽ ജനമധ്യത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ബേമ്മയും. സ്വർഗ്ഗത്തിൻ്റെ അഥവാ സ്വർഗ്ഗീയ ഓർശ്ലെമിൻ്റെ പ്രതീകവും അതിവിശുദ്ധ സ്ഥലവുമായ പരിശുദ്ധ മദ്ബഹായിൽ നമ്മുടെ കർത്താവിൻ്റെ തിരുശരീര രക്തങ്ങളുടെ റാസയുടെ ആഘോഷം നടക്കുമ്പോൾ ഭൗമീക ഓർശ്ലെമിൻ്റെ പ്രതീകമായ ബേമ്മയിൽ അവിടുത്തെ വചനങ്ങളുടെയും പരസ്യ ജീവിതത്തിൻ്റെയും ആഘോഷം നടക്കുന്നു. ബേമ്മയിലുള്ള വചനവേദിയെയും ബലിപീഠം എന്നുതന്നെ വ്യാഖ്യാതാക്കൾ വിശേഷിപ്പിക്കാറുണ്ട് എന്നതും ശ്രദ്ധേയമാണ്. ഓർശ്ലേം ഭൂമിയുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്നു എന്നൊരു വിശ്വാസം ആദിമ കാലങ്ങളിൽ ഉണ്ടായിരുന്നു. അതിനാൽ ആദാമിൻ്റെ തിരുശേഷിപ്പുകൾ പുനഃസംസ്കരിക്കപ്പെട്ടത് ഓർശ്ലേമിൽ ആയിരുന്നെന്നും, അതിൻ്റെ മുകളിലാണ് നമ്മുടെ കർത്താവ് സ്ലീവായിൽ തറയ്ക്കപ്പെട്ടതെന്നും, ഈശോ മരിച്ച സമയത്ത് ഭൂകമ്പം ഉണ്ടാവുകയും അപ്രകാരം ഭൂമിയിൽ ഉണ്ടായ വിള്ളലിലൂടെ നമ്മുടെ കർത്താവിൻ്റെ തിരുരക്തം ആദാമിൻ്റെ തിരുശേഷിപ്പുകളുടെ മേൽ ഒഴുകിയെന്നും അപ്രകാരം ആദാമിന് നിത്യജീവൻ ലഭിച്ചു എന്നും പുരാതന സുറിയാനി കൃതികൾ മനോഹരമായി അവതരിപ്പിക്കുന്നു. നമ്മുടെ പള്ളിയുടെ ഘടനയിൽ, ഭൂമിയുടെ പ്രതീകമായ ഹൈക്കലായുടെ മധ്യത്തിലാണ് ഓർശ്ലേമിൻ്റെ പ്രതീകമായ ബേമ്മ സംവിധാനം ചെയ്തിരിക്കുന്നത്.
പൗരസ്ത്യ സുറിയാനി കുർബാന ക്രമത്തിൽ നാല് വിശുദ്ധ ഗ്രന്ഥവായനകളാണ് ഉള്ളത്. ഇപ്രകാരം നാല് വായനകൾ ഉണ്ടായിരിക്കണമെന്ന് 410ലെ സെലൂഷ്യ സൂന്നഹദോസ് നിശ്ചയിച്ചിരിക്കുന്നു. സുറിയാനി വിശുദ്ധ ഗ്രന്ഥമായ പ്ശീത്തായാണ് വായനകൾക്ക് ഉപയോഗിക്കുന്നത്. ഒന്നാമത്തെയും രണ്ടാമത്തെയും വായനകളുടെ (പഴയ നിയമത്തിൻ്റെയും പ്രവചനങ്ങളുടെയും) തുടർച്ചയും പൂർത്തീകരണവും മൂന്നാമത്തെയും നാലാമത്തെയും പുതിയ നിയമ വായനകൾ നൽകുന്നു. ഇപ്രകാരം ഒരു ദിവസത്തെ വായനകൾ നാലും പരസ്പര ബന്ധികളാകുന്നു. ആദ്യത്തെ രണ്ട് വായനകൾ പഴയ നിയമത്തിൽ നിന്നുമാണ്. അവ കെറിയാന (ܩܪܝܢܐ) എന്നറിയപ്പെടുന്നു.
ഒന്നാമതായി നിയമഗ്രന്ഥങ്ങളായ തോറാ (ܟܬܒܐ ܕܐܘܪܝܬܐ) അഥവാ പഞ്ചഗ്രന്ഥിയിൽ നിന്നും, അതേത്തുടർന്ന് നിവ്യൂസാ (ܟܬܒܐ ܕܢܒܝܐ) അഥവാ പ്രവാചക ഗ്രന്ഥങ്ങളിൽ നിന്നുമാണ് വായിക്കുക. ഇത് മദ്ബഹായ്‌ക്ക് അഭിമുഖമായി നിൽക്കുന്ന വൈദികൻ്റെ ഇടതു വശത്തുള്ള വായനാ പീഠമായ കെറിയാനാ പീഠത്തിൽ നിന്നുകൊണ്ട് കാറോയാമാർ വായിക്കുന്നു. പഴയ നിയമ വായനകൾ രണ്ടും കാറോയാമാരാണ് വായിക്കേണ്ടത്. ആദ്യത്തെ വായനയ്ക്ക് മുൻപ് "നിങ്ങൾ ഇരുന്ന് ശ്രദ്ധാപൂർവ്വം കേൾക്കുവിൻ" എന്ന് വായനക്കാരൻ ആഹ്വാനം നൽകുകയും എല്ലാവരും ഇരിക്കുകയും ചെയ്യുന്നു. നിയമ വായനയെ തുടർന്ന് നിവ്യൂസാ വായിച്ചതിനു ശേഷം, പഴയ നിയമ വായനകൾക്ക് മറുപടിയായി "ദൈവമായ കർത്താവിന് സ്തുതി" എന്ന് വിശ്വാസികൾ പ്രത്യുത്തരിക്കുന്നു.
ഇതിനുശേഷം "ശൂറായാ ആലപിക്കുവാനായി നിങ്ങൾ എഴുന്നേൽക്കുവിൻ" എന്ന് മ്ശംശാനാ ഉദ്ഘോഷിക്കുക്കയും, എല്ലാവരും എഴുന്നേറ്റ് നിന്ന് മസ്മോറാ ഉൾപ്പെടുന്ന ദിവസത്തിൻ്റെ ശൂറായ (ܫܘܪܝܐ) ആലപിക്കുകയും ചെയ്യുന്നു.
അതേത്തുടർന്ന് രണ്ട് പുതിയനിയമ വായനകൾ. ആദ്യം ഏങ്കർത്താ (ܐܓܪܬܐ) അഥവാ ലേഖന വായന. വായനയ്ക്ക് മുൻപ്, മ്ശംശാനാമാർ രണ്ടുപേർ സമൂഹത്തിന് അഭിമുഖമായി നിന്നുകൊണ്ട് തുർഗാമാ (ܬܘܪܓܡܐ) അഥവാ വ്യാഖ്യാന ഗീതം ആലപിക്കുന്നു. മദ്ബഹായ്‌ക്ക് അഭിമുഖമായി നിൽക്കുന്ന വൈദികൻ്റെ വലതു വശത്തുള്ള വായനാ പീഠമായ ഏങ്കർത്താ പീഠത്തിൽ നിന്നുകൊണ്ട് മ്ശംശാനാ / ഗബ്രിയേൽ വായിക്കുന്നു. ഇതിന് ശ്ലീഹാ (ܫܠܝܚܐ) വായന എന്നും പറയുന്നു. കാരണം മിക്കവാറും തന്നെ പൗലോസ് ശ്ലീഹയുടെ ഏങ്കർത്താ അഥവാ ലേഖനങ്ങളാണ് ഇവിടെ വായിക്കപ്പെടുന്നത്. ഏങ്കർത്താ വായിക്കുന്ന സമയത്ത്, ബേമ്മയിലെ വചനവേദിയിൽ നിന്നെടുത്ത കത്തിച്ച തിരിയുമായി ഒരു ശുശ്രൂഷി, വായിക്കുന്ന ആളിൻ്റെ വശത്ത് നിൽക്കുന്നു. വായിക്കുമ്പോൾ ആദ്യത്തെ വാക്യം വളരെ ഉയർന്ന ശബ്ദത്തിലും തുടർന്നുള്ള വാക്യങ്ങൾ സാധാരണ ശബ്ദത്തിലും വായിക്കുന്നു. വായനയ്ക്ക് ശേഷം ഈ തിരി യഥാസ്ഥാനത്ത് തിരികെ വയ്ക്കുകയും ചെയ്യുന്നു. ശ്ലീഹാ ഗ്രന്ഥം എപ്പോഴും മ്ശംശാനായാണ് വായിക്കേണ്ടത്. ഏങ്കർത്താ വായനയ്ക്ക് ശേഷം മറുപടിയായി ജനങ്ങൾ "നമ്മുടെ കർത്താവായ മ്ശീഹായ്ക്ക് സ്തുതി" എന്ന് പ്രത്യുത്തരം നൽകുന്നു.
ഈ മൂന്ന് വായനകൾക്കും മുൻപ് വായിക്കുന്ന ആൾ വൈദികനിൽ നിന്നും "ബാറേക്മാർ" എന്ന് ഉച്ചരിച്ചുകൊണ്ട് ആശീർവാദം യാചിക്കുകയും ആശീർവാദം സ്വീകരിക്കുകയും ചെയ്യുന്നു. ശ്ലീഹാ വായനയ്ക്ക് മുൻപായി വായിക്കുന്ന ആൾ കാർമ്മികൻ്റെ വലതുകരം ചുംബിച്ചുകൊണ്ടാണ് ഈ ആശീർവാദം സ്വീകരിക്കുന്നത്.
പഴയനിയമ വായനകളുടെ സമയത്ത് എല്ലാവരും ഇരുന്നുകൊണ്ട് ശ്രവിക്കുന്നു. ഇത് പഴയനിയമത്തിലെ മൃതമായ അവസ്ഥയെ സൂചിപ്പിക്കുന്നു. എന്നാൽ പുതിയനിയമ വായനകൾ നിന്നുകൊണ്ടാണ് ശ്രവിക്കുന്നത്, ഇത് മ്ശീഹായുടെ ഉത്ഥാനത്തിലൂടെ നമുക്ക് ലഭ്യമായ നവജീവനെ സൂചിപ്പിക്കുന്നു. ഈ മൂന്ന് വായനകളുടെയും സമയത്ത്, വായിക്കുന്ന ആൾ ഒഴികെ ബേമ്മയിൽ ഉളളവർ എല്ലാവരും മദ്ബഹായ്ക്കഭിമുഖമായുള്ള പീഠങ്ങളിൽ ഇരിക്കുന്നു. മെത്രാൻ ഉണ്ടെങ്കിൽ അദേഹത്തിൻ്റെ അംശവടി പിടിച്ചുകൊണ്ട് അർക്കദിയാക്കോൻ മെത്രാൻ്റെ ഇടതുവശത്ത് നിൽക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ, ഈ മൂന്ന് വായനകൾക്കും, വായിക്കേണ്ട ആൾ വായിക്കേണ്ട പുസ്തകവുമായി വായിക്കേണ്ട സമയത്ത് ബേസ്ദിയാക്കോനിൽ നിന്നും മദ്ബഹായെ വന്ദിച്ച ശേഷം സ്കാക്കോനായിലൂടെ ബേമ്മയിലേക്ക് വരുന്നു എന്നാണ് വ്യാഖ്യാതാക്കൾ പറയുന്നത്.
ഏങ്കർത്താ വായന അവസാനിക്കുമ്പോൾ മ്ശംശാനാ ܗܠܠܘܝܐ" ٫ܗܠܠܘܝܐ ٫"ܗܠܠܘܝܐ (ഹല്ലേല്ലൂയ്യാ, ഹല്ലേല്ലൂയ്യാ, ഹല്ലേല്ലൂയ്യാ) എന്ന് ഉദ്ഘോഷിക്കുന്നു. തുടർന്ന് ദിവസത്തിൻ്റെ മസ്മോറാ ഉൾപ്പെടുന്ന സൂമ്മാറാ (ܙܘܡܪܐ) അഥവാ ഹല്ലേലൂയാ ഗീതം ആലപിക്കുന്നു. ഇത് മ്ശീഹായുടെ മുന്നോടിയായി അനുതാപതിൻ്റെ സന്ദേശവുമായി വന്ന മാർ യോഹന്നാൻ മാംദാനായെ സൂചിപ്പിക്കുന്നു.
ഇതിനു ശേഷം വൈദികൻ ധൂപം ആശീർവദിക്കുന്നു. മ്ശംശാനാ ബേമ്മയിലെ സ്ലീവയെ ധൂപിക്കുന്നു. ബേമ്മായിൽ ഉളളവർ എല്ലാവരും ആഘോഷപൂർവ്വം സ്കാക്കോനായിലൂടെ മദ്ബഹായിലേക്ക് പോകുന്നു. മുന്നിൽ ധൂപവും, രണ്ട് വശങ്ങളിലും കത്തിച്ച ദീപങ്ങളും അകമ്പടിയായി അവർ സ്വർഗ്ഗത്തിലേക്ക് - മദ്ബഹായിലേക്ക് - കയറുന്നു. ഈ പ്രദക്ഷിണ സമയത്ത് സുവിശേഷം വഹിക്കുവാനുള്ള വൈദികൻ, പൈനയുടെ പുറമേ ദീർഘചതുരാകൃതിയിലുള്ള ഒരു തോൾവസ്‌ത്രം ധരിക്കുന്നു എന്നും അത് മഹത്വത്തിൻ്റെ വസ്ത്രമണിഞ്ഞ നമ്മുടെ കർത്താവിൻ്റെ സ്ഥാനത്ത് അദേഹം നിൽക്കുന്നു എന്ന് സൂചിപ്പിക്കുന്നു എന്നും മാർ ഗബ്രിയേൽ ഖത്രായ പഠിപ്പിക്കുന്നു. സ്വർസാ (ܣܒܪܬܐ) എന്ന സുറിയാനി പദത്തിൻ്റെ അർത്ഥം സുവിശേഷം എന്നാണ്. ഏവൻഗാലിയോൻ (ܐܘܢܓܠܝܘܢ) എന്ന ഗ്രീക്ക് പദവും സുവിശേഷം എന്നതിന് തത്തുല്യമായി ഉപയോഗിക്കുന്നു. നമ്മുടെ കർത്താവിൻ്റെ സൂലാക്കാ തിരുനാൾ മുതൽ കൂദാശ് ഏത്താ വരെയുള്ള കാലയളവിൽ സൂമ്മാറാ അവസാനിക്കുമ്പോൾ "ക്സാവാ റമ്പാ......" എന്നാരംഭിക്കുന്ന ഓനീസാ ദ്ഏവൻഗാലിയോൻ (ܐܘܢܝܬܐ ܕܐܘܢܓܠܝܘܢ ) ആലപിക്കുന്നു. (മറ്റവസരങ്ങളിൽ ഇത് ആലപിക്കാറില്ല). ഈ സമയത്ത് വൈദികൻ മദ്ബഹായിൽ വലതുവശത്ത് പട്ടുവസ്ത്രത്തിൽ പൊതിഞ്ഞ് വച്ചിരിക്കുന്ന സുവിശേഷ ഗ്രന്ഥത്തെ ചുംബിക്കുന്നു, തുടർന്ന് വിശുദ്ധ ഗ്രന്ഥത്തെ വൈദികൻ ധൂപിച്ചശേഷം അവിടെനിന്നെടുത്ത് മദ്ബഹായുടെ മധ്യത്തിലേക്ക് (തബലീത്തായുടെ മുകളിൽ) അതിനെ മാറ്റി വയ്ക്കുന്നു. സുവിശേഷ ഗ്രന്ഥം പട്ടുതുണിയിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നു എന്ന് യോഹന്നാൻ ബർ സോബി പഠിപ്പിക്കുന്നു. തുടർന്ന് അദേഹം അദേഹത്തിൻ്റെ കൂടെ വന്ന ഓരോരുത്തരെയും കൊണ്ട് വിശുദ്ധ ഗ്രന്ഥം ചുംബിപ്പിക്കുന്നു. എല്ലാവരും ചുംബിച്ച ശേഷം വിശുദ്ധ ഗ്രന്ഥം മദ്ബഹായുടെ മധ്യത്തിൽത്തന്നെ തിരികെ വയ്ക്കുന്നു. അപ്പോൾ മ്ശംശാനാമാർ രണ്ട് പാദങ്ങളായി തുർഗാമ (ܬܘܪܓܡܐ) ആലപിക്കുന്നു. അതിനുശേഷം തോൾവസ്ത്രം ധരിച്ച കാർമ്മികൻ ഏറ്റവും പുറകിലായി പൊതിഞ്ഞ് വച്ചിരിക്കുന്ന സുവിശേഷ ഗ്രന്ഥം എടുത്ത് തൻ്റെ മുഖം മറച്ച് ബേമയിലേക്കുള്ള പ്രദക്ഷിണത്തിന് തയാറായി നിൽക്കുന്നു. വൈദികനല്ല, മ്ശീഹാതന്നെയാണ് സംസാരിക്കുന്നത് എന്ന് ഇത് അർത്ഥമാക്കുന്നു. സമൃദ്ധമായ ധൂപം, തിരികൾ, മക്ശാനീസാകൾ എന്നിവ വിശുദ്ധ ഗ്രന്ഥത്തിന് മുന്നിൽ അണിനിരക്കുന്നു. കങ്കേയുടെ ഇടതുവശത്ത് സ്ഥാപിച്ചിരിക്കുന്ന ദണ്ഡിന്മേലുയർത്തിയ മൊന്ത കെട്ടിയ സ്ലീവ ഏറ്റവും മുന്നിലായി സംവഹിക്കപ്പെടുന്നു. ഇത് മദ്ബഹായുടെ പ്രതലത്തിൽ ഇടതുവശത്ത് സ്ഥാപിച്ചിരിക്കുന്ന സ്ലീവായല്ല, സുവിശേഷ പ്രദക്ഷിണത്തിന് മാത്രമായി ഉപയോഗിക്കുന്ന "ദണ്ഡിന്മേലുയർത്തിയ മൊന്ത കെട്ടിയ സ്ലീവ"യാണ്. ഈ സ്ലീവാ സുവിശേഷ പ്രദക്ഷിണത്തിന് തൊട്ടുമുൻപായി ബേസ് ദിയാക്കോനിൽ നിന്നും കങ്കേയുടെ ഇടതുവശത്ത് കൊണ്ടുവന്ന് സ്ഥാപിക്കുന്നതാണ്. അത്യാഘോഷപൂർവ്വം ഇപ്രകാരം മദ്ബഹായിൽനിന്ന് സ്കാക്കോനായിലൂടെ ബേമ്മയിലേക്ക് സംവഹിക്കപ്പെടുന്നു. ഇത് ഓശാന ഞായറാഴ്ചത്തെ നമ്മുടെ കർത്താവിൻ്റെ മഹത്വപൂർണമായ ഓർശ്ലേം പ്രവേശനത്തെ സൂചിപ്പിക്കുന്നു. ഇത് സ്വർഗ്ഗത്തിൽ നിന്നും അവിടുന്ന് ഭൂമിയിലേക്ക് ഇറങ്ങി വന്നതിനെയും, യോർദ്നാനിൽ വച്ച് അദേഹം സ്വയം വെളിപ്പെടുത്തിയതിനെയും സൂചിപ്പിക്കുന്നു.
ബേമ്മയിലെത്തുമ്പോൾ വൈദികന് അഭിമുഖമായി ദണ്ഡിലുയർത്തിയ സ്ലീവാ വഹിക്കുന്ന ശുശ്രൂഷിയും സ്കാക്കോനായിലും, വൈദികൻ്റെ രണ്ട് വശങ്ങളിലുമായി മക്ശാനീസാകളും വിളക്കുകളും വഹിക്കുന്ന ശുശ്രൂഷകരും നിൽക്കുന്നു. ശുശ്രൂഷി സദാസമയവും സമൃദ്ധമായി ധൂപിക്കുന്നു. "നമുക്ക് ശ്രദ്ധാപൂർവ്വം നിന്ന് പരിശുദ്ധ സുവിശേഷം ശ്രവിക്കാം" എന്ന് ഇടതു വശത്ത് നിൽക്കുന്ന മ്ശംശാനാ (ഗബ്രിയേൽ) ആഹ്വാനം ചെയ്യുന്നു. കാർമ്മികൻ തൻ്റെ മുഖം മറച്ചിരിക്കുന്ന സുവിശേഷ ഗ്രന്ഥം ഉപയോഗിച്ച് "ശ്ലാമാ അമ്കോൻ"(സമാധാനം നിങ്ങളോട് കൂടെ) എന്ന് പറഞ്ഞ് ജനത്തെ സ്ലീവായടയാളത്തിൽ റൂശ്മ ചെയ്യുന്നു. എല്ലാവരും തദവസരത്തിൽ തങ്ങളുടെമേൽ തന്നെ വിശുദ്ധ സ്ലീവാ വരച്ച് ആശീർവാദം സ്വീകരിക്കുന്നു.
"അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ" എന്ന് ജനങ്ങൾ പ്രത്യുത്തരം നൽകുന്നു. തുടർന്ന് കാർമ്മികൻ വിശുദ്ധ ഗ്രന്ഥത്തെ പൊതിഞ്ഞിരിക്കുന്ന വസ്ത്രം മാറ്റുന്നു. ഇത് മ്ശീഹായുടെ ലോകത്തിലുള്ള വെളിപ്പെടുത്തലിനെ സൂചിപ്പിക്കുന്നു.
കാർമ്മികൻ മറ്റൊരു വൈദികനെ സുവിശേഷ പുസ്തകം ഏൽപ്പിക്കുന്നു. അദ്ദേഹം അത് കൈകളിൽ ഉയർത്തിപ്പിടിക്കുകയും കാർമ്മികൻ വായിക്കുകയും ചെയ്യുന്നു. "രണ്ടോ മൂന്നോ സാക്‌ഷികളുടെ സാന്നിധ്യത്തിൽ ഓരോ വാക്കും സ്‌ഥിരീകരിക്കപ്പെടുന്നു."(മത്തായി 18 : 16) എന്ന വചനമാണ് ഇതിന് അടിസ്ഥാനം.
"വിശുദ്ധ ....... പ്രസംഗിച്ച നമ്മുടെ കർത്താവ് ഈശോ മ്ശീഹായുടെ പരിശുദ്ധ സ്വർസാ" എന്ന് കാർമ്മികൻ ഉദ്ഘോഷിക്കുന്നു, "നമ്മുടെ കർത്താവായ മ്ശീഹായ്ക്ക് സ്തുതി" എന്ന് വിശ്വാസികൾ മറുപടി നൽകുകയും ചെയ്യുന്നു.
നിവ്യാന്മാരുടെ പ്രതീക്ഷയും പഴയ നിയമത്തിൻ്റെ പൂർത്തീകരണവുമായ മ്ശീഹായെ വൈദികൻ പ്രഘോഷിക്കുന്നു. എല്ലാവരും നിന്നുകൊണ്ട് തന്നെ ദൈവവചനം ശ്രവിക്കുന്നു.
വായനയ്ക്ക് ശേഷം "നമ്മുടെ കർത്താവായ മ്ശീഹായ്ക്ക് സ്തുതി" എന്ന് വിശ്വാസികൾ വീണ്ടും മറുപടി നൽകുന്നു. വിശുദ്ധ ഗ്രന്ഥവായന കഴിയുമ്പോൾ മദ്‌ബഹായുടെ വിരി അടയ്ക്കുന്നു.
വിശുദ്ധ ഗ്രന്ഥം വഹിക്കുന്ന വൈദികൻ വിശുദ്ധ ഗ്രന്ഥം അടയ്ക്കുകയും വായിക്കുന്ന വൈദികൻ അതിൽ ചുംബിക്കുകയും ചെയ്യുന്നു. മ്ശംശാനാമാർ ധൂപം അർപ്പിക്കുന്നതും, മാക്ശാനീസാ വീശുന്നതും അവസാനിപ്പിക്കുകയും വിളക്കുകൾ വചനവേദിയിൽ യഥാസ്ഥാനത്ത് തിരികെ വയ്ക്കുകയും ചെയ്യുന്നു. അർക്കദിയാക്കോൻ വിശുദ്ധ ഗ്രന്ഥം സ്വീകരിച്ച്, അത് പട്ടുതുണിയിൽ പൊതിഞ്ഞ് അത് വചനവേദിയിൽ സ്ഥാപിക്കുന്നു. കാറോസൂസാ (ܟܪܘܙܘܬܐ) കഴിയുന്നതുവരെ വിശുദ്ധ ഗ്രന്ഥം വചന വേദിയിൽ തന്നെ വയ്ക്കുന്നു. ഇത് മ്ശീഹാ തൻ്റെ ശിഷ്യരെ അവരുടെ മധ്യത്തിൽ ഇരുന്നുകൊണ്ട് പഠിപ്പിച്ചതിനെ അനുസ്മരിപ്പിക്കുന്നു.
സുവിശേഷ ഗ്രന്ഥം ഉപയോഗിച്ച് മുഖം മറയ്ക്കുന്നതു വഴി, വൈദികനല്ല നമ്മുടെ കർത്താവ് തന്നെയാണ് സംസാരിക്കുന്നത് എന്ന് സഭ പഠിപ്പിക്കുന്നു.
ഇതിനു ശേഷം വൈദികൻ ദൈവവചന വ്യാഖ്യാനം നൽകുന്നു. അന്നേദിവസം വായിക്കപ്പെട്ട നാല് വായനകളെയും അദേഹം വിശ്വാസികൾക്ക് വ്യാഖ്യാനിച്ച് നൽകുന്നു.
ആരാധന ക്രമ വത്സര പ്രകാരമുള്ള വായനകൾ ഉൾക്കൊള്ളിച്ച് തയാറാക്കിയ പ്രഘോഷണ ഗ്രന്ഥമാണ് സുവിശേഷ വായനയ്ക്ക് ഉപയോഗിക്കുന്നത്. മാർത്തോമ്മാ നസ്രാണികളുടെ എല്ലാ പള്ളികളിലും സ്വർണ്ണത്തിലും വെള്ളിയിലുമായി നിർമ്മിച്ച് രത്നങ്ങളാൽ അലങ്കരിച്ച വിശുദ്ധ ഗ്രന്ഥത്തിൻ്റെ ഓരോ പ്രതി മദ്‌ബഹായിൽ എപ്പോഴും സൂക്ഷിച്ചിരുന്നു എന്നും, വിശ്വാസത്തിൻ്റെ അടിസ്ഥാനമായ വിശുദ്ധ ഗ്രന്ഥം അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ അത് മദ്ബഹായിൽനിന്നും പുറത്തേക്ക് എടുത്തിരുന്നില്ല എന്നും പാശ്ചാത്യ മിഷനറിമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. "സ്ലീവയും വിശുദ്ധ ഗ്രന്ഥവും ഒരിക്കലും മദ്ബഹായിൽനിന്നും മാറ്റപ്പെടരുത് എന്നും, ഇവ രണ്ടും നമ്മുടെ കർത്താവിൻ്റെ ക്നോമാ (ܩܢܘܡܐ) അഥവാ സത്തയുടെ പ്രതീകമാണ് എന്നും അതിനാൽ ഇവ രണ്ടാം ഒരിക്കലും വേർപെടുത്തരുത് എന്നും, സ്ലീവയും വിശുദ്ധ ഗ്രന്ഥവും ഇല്ലാതെ കൂദാശ പരികർമ്മം ചെയ്യപ്പെടുവാൻ പാടില്ല" എന്നും മാർ നർസൈ, മാർ യോഹന്നാൻ ബർ സോബി, മാർ ഗബ്രിയേൽ ഖത്രായ, മാർ അവ്റാഹം ബർ ലിഫാ, മാർ ഈശോയാവ് നാലാമൻ കാസോലിക്കാ തുടങ്ങിയവർ പഠിപ്പിക്കുന്നു. പരിശുദ്ധ കുർബാന അർപ്പിക്കുന്നില്ലാത്ത സമയത്തും ഈ രണ്ട് സാക്ഷ്യങ്ങൾ എപ്പോഴും പരിശുദ്ധ മദ്ബഹായിലുണ്ടായിരിക്കും.
സുവിശേഷ പ്രഘോഷണത്തിനുശേഷം ദണ്ഡിലുറപ്പിച്ച സ്ലീവാ മദ്ബഹായുടെ കവാടത്തിൽ നാട്ടിനിർത്തുന്നു. "ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും"
(യോഹന്നാന്‍ 12 : 32) എന്ന നമ്മുടെ വചനത്തെയും, സ്ലീവാവഴിയായി അവിടുന്ന് മരണത്തിന്മേൽ നേടിയ വിജയത്തെയും ഈ സ്ലീവാ സൂചിപ്പിക്കുന്നു.
സാഷ്ടാംഗ പ്രണാമത്തിന് ഒരുക്കമായി മാത്രമാണ് പിന്നീട് സുവിശേഷ ഗ്രന്ഥം വചനവേദിയിൽ നിന്നും മദ്ബഹായിലേക്ക് മാറ്റപ്പെടുന്നത്. ആഘോഷപൂർവ്വം ബേമ്മയിലേക്ക് വരുന്ന സുവിശേഷ ഗ്രന്ഥം തിരികെ പോകുന്നത് ആഘോഷരഹിതമായാണ്. ഈ മടക്കപ്രദക്ഷിണം നമ്മുടെ കർത്താവ് സ്ലീവാരോഹണത്തിനായി ഓർശ്ലേമിൽ നിന്നും പോയതിനെ സൂചിപ്പിക്കുന്നു. സ്ലീവായിൽ തറയ്ക്കപ്പെടുവാൻ പോകുമ്പോൾ നമ്മുടെ കർത്താവ് സർവ്വരാലും പരിത്യജിക്കപ്പെട്ടു എന്നതിനെ ഇത് സൂചിപ്പിക്കുന്നു.
ഓനീസാ ദ്റാസേയ്ക്ക് മുൻപ്, അതുവരെ വചനവേദിയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന സ്ലീവയും വിശുദ്ധ ഗ്രന്ഥവും വൈദികൻ മ്ശംശാനാമാരെ ഏൽപ്പിക്കുന്നു. അതിപ്രകാരമാണ്. അർക്കദിയാക്കോൻ വചനവേദിയിൽ നിന്നും സ്ലീവായെടുത്ത് കാർമ്മികനെ ഏൽപ്പിക്കുന്നു. കാർമ്മികൻ അത് ഒന്നാം മ്ശംശാനായെക്കൊണ്ട് ചുംബിപ്പിച്ച ശേഷം അവനെ ഏൽപ്പിക്കുന്നു. സ്ലീവാ വഹിക്കുന്ന ഈ മ്ശംശാന, നമ്മുടെ കർത്താവിൻ്റെ സ്ലീവാ വഹിച്ച കിറേനക്കാരൻ ശെമ്ഓനെ സൂചിപ്പിക്കുന്നു. അപ്രകാരം തന്നെ അർക്കദിയാക്കോൻ വചനവേദിയിൽ നിന്നും വിശുദ്ധ ഗ്രന്ഥമെടുത്ത് കാർമ്മികനെ ഏൽപ്പിക്കുന്നു. കാർമ്മികൻ അത് രണ്ടാം മ്ശംശാനായെക്കൊണ്ട് ചുംബിപ്പിച്ച ശേഷം അവനെ ഏൽപ്പിക്കുന്നു. അവരിരുവരും മദ്ബഹായിലേക്ക് കയറിച്ചെന്ന് ഒന്നാം മ്ശംശാനാ സ്ലീവായുമായി വലതുവശത്തും രണ്ടാം മ്ശംശാനാ വിശുദ്ധ ഗ്രന്ഥവുമായി ഇടതുവശത്തുമായി മദ്ബഹായുടെ
മുന്നിൽ, താഴത്തെ പടിയിൽ മുഖാഭിമുഖം നിൽക്കുന്നു. ഈ സമയം കാർമ്മികൻ അർക്കദിയാക്കോൻ്റെ കൂടെ സാഷ്ടാംഗ പ്രണാമത്തിനായി ഹൈക്കലായിലേക്ക് പോകുന്നു. ഹൈക്കലായുടെ മധ്യത്തിൽ നിന്നുകൊണ്ട് കാർമ്മികൻ കൈവയ്പ്പു പ്രാർത്ഥന ചൊല്ലുന്നു. അതിനുശേഷം ഒന്നാം മ്ശംശാനാ രണ്ടാം മ്ശംശാനായിൽനിന്ന് സ്ലീവാ ചുംബിച്ചു സ്വീകരിക്കുന്നു. അപ്രകാരം രണ്ടാം മ്ശംശാനാ ഒന്നാം മ്ശംശാനായിൽനിന്ന് വിശുദ്ധ ഗ്രന്ഥം ചുംബിച്ചു സ്വീകരിക്കുന്നു. സ്ലീവായും വിശുദ്ധ ഗ്രന്ഥവും അവരിരുവരും മദ്ബഹായിൽ യഥാസ്ഥാനത്ത് പുനഃസ്ഥാപിച്ചശേഷം സാഷ്ടാംഗ പ്രണാമം ആരംഭിക്കുകയും ചെയ്യുന്നു. ഇത് കൂദാശയ്ക്ക് ഒരുക്കമാണ്. വിശുദ്ധ ഗ്രന്ഥത്തിൻ്റെയും വിശുദ്ധ സ്ലീവായുടെയും മധ്യത്തിലാണ് വിശുദ്ധ രഹസ്യങ്ങൾ പരികർമ്മം ചെയ്യപ്പെടുന്നത്. ഇപ്രകാരം വിശുദ്ധ ഗ്രന്ഥവും സ്ലീവായും തമ്മിൽ വേർപെടുത്തി രണ്ട് വശങ്ങളിലായി വയ്ക്കുന്നത് നമ്മുടെ കർത്താവിൻ്റെ ശരീരത്തിൽ നിന്നുമുള്ള അവിടുത്തെ ആത്മാവിൻ്റെ വേർപാടിൻ്റെയും, അവിടുത്തെ ആത്മാവ് പർദൈസായിലേക്ക് പോകുന്നതിൻ്റെയും റാസായുടെ പ്രതീകമാണ് എന്ന് മാർ ഗബ്രിയേൽ ഖത്രായ, അവ്റാഹം ബർ ലിഫാ, മാർ ഔദീശോ, മാർ തിമോത്തി രണ്ടാമൻ കാസോലിക്ക എന്നിവർ പഠിപ്പിക്കുന്നു.
- ഡോ. ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ.
References:
1. മല്പാൻ മല്പാനേ കൂനമ്മാക്കൽ തോമ്മാക്കത്തനാർ.
2. സീറോ മലബാർ സഭയുടെ റാസക്രമം.
3. ശ്ലീഹന്മാരുടെ കൂദാശ ക്രമം: പൗരസ്ത്യ കൽദായ സുറിയാനി സഭ.
4. കൂദാശയുടെ ആഘോഷ ക്രമം, സീറോ മലബാർ സഭയുടെ ഉപയോഗത്തിന് : പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള തിരുസംഘം, റോമാ 1959
5. സിനോഡിക്കോൺ ഓറിയെന്താളെ: ജി. ചേടിയത്ത്, കെ. വി. ജോസഫ്.
6. നിധികളുടെ ഗിരിഗന്ദരം: ഗ്രിഗർ ആർ കൊള്ളന്നൂർ കശ്ശീശ.
7. The celebration of the holy mysteries: Dr. Fr. Francis Pittappillil.
8. Subsidiary Mysteries in the East: Lonappan Arangassery.
9. Apostolic roots of Syro Malabar Liturgy: Naiju Jose Kalambukatt CMI.
10. Elevation to the Divine State through Holy Qurbana: Geo Pallikkunnel CMI.
11. Architectural details, An imperative in the liturgical celebration (A study on Bema and it's missionary importance in the Syro Malabar Qurbana: John Kondooparampil.
12. A commentary on the Mass by Nestorian George, Bishop of Mosul and Arbel: Tran. Dom R. H. Connolly, Ed. Fr. Robert Matthaeus.
13. Structure and Theology of East Syriac Qurbana: Sr. Jean Mathew SH.
14. ആരാധനാ ക്രമത്തിന് ഒരു ആമുഖം: ഡോ. തോമസ് മണ്ണൂരാംപറമ്പിൽ.
15. പിതാക്കന്മാരുടെ കൂദാശ ഭാഷ്യങ്ങൾ: ഡോ. തോമസ് മണ്ണൂരാംപറമ്പിൽ.
16. സീറോ മലബാർ സഭയുടെ കുർബാന ഒരു പഠനം -1: ഡോ. തോമസ് മണ്ണൂരാംപറമ്പിൽ.
17. മാർത്തോമ്മായുടെ മാർഗം: വർഗീസ് പാത്തിക്കുളങ്ങര.
18. കേരളത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കരുടെ കുർബാന: ഫാ. ഫാബിയാൻ റ്റി. ഓ. സി. ഡി.
19. കുർബാന ഒരു പഠനം -1: ജേക്കബ് വെള്ളിയാൻ.
20. കൂദാശകളുടെ പ്രതീകാത്മകത്വം: ജേക്കബ് വെള്ളിയാൻ.
21. Roman Documents on Syro Malabar Liturgy: Congregatio Pro Ecclesiis Orientalibus.
22. Directives on the Order of Syro Malabar Qurbana in Solemn and Simple Forms: Congregatio Pro Ecclesiis Orientalibus.
Recent Posts
See Allസങ്കീർത്തനങ്ങൾ ഈശോയുടെ പാട്ടുപുസ്തകമായിരുന്നു. യൂദപാരമ്പര്യമനുസരിച്ചു പെന്തക്കുസ്താ, പെസഹാ, കൂടാരതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍...
നോമ്പ്: അര്‍ത്ഥവും ആചരണവും ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ ആമുഖം നോമ്പ് അഥവാ നോയമ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഏതൊക്കെ നോമ്പുകള്‍...
സീറോ മലബാർ സഭയുടെ ആരാധനാവത്സരം ആരംഭിക്കുന്നത് മനുഷ്യാവതാര രഹസ്യത്തെ അനുസ്മരിക്കുന്ന മംഗളവാർത്ത കാലത്തോടുകൂടിയാണ്. ഡിസംബർ 25 ആം തീയതി...
Comments