top of page

മറിയം - അഭയനഗരം: എട്ടുനോമ്പുചിന്തകൾ



ഫാ. ജോസ് കൊച്ചുപറമ്പിൽ


*1. മറിയത്തിന്റെ ജനനത്തിരുനാൾ: ആരാധനക്രമ-ചരിത്രപശ്ചാത്തലം*


മിശിഹാവിജ്ഞാനീയത്തിന്റെയും ഭക്തിയുടെയും തുടർച്ചയാണ് മരിയവിജ്ഞാനീയവും മരിയഭക്തിയും. ഈശോയുടെ ഉയിർപ്പിനെയും സ്വർഗ്ഗാരോഹണത്തെയും അനുകരിച്ചുകൊണ്ടാണ് പരിശുദ്ധ 'മറിയത്തിന്റെ നിദ്ര,' അഥവാ 'വാങ്ങിപ്പുതിരുനാളും,' ഈശോയുടെ തിരുപ്പിറവിയെ പിഞ്ചെന്ന് മറിയത്തിന്റെ ജനനത്തിരുനാളും രൂപംകൊണ്ടത്. മൂന്ന് ജനനത്തിരുനാളുകൾ മാത്രമാണ് സഭയിൽ ആഘോഷിക്കുന്നത്: മിശിഹായുടേതും മാതാവായ മറിയത്തിന്റേതും, മുന്നോടിയായ യോഹന്നാൻ മാംദാനയുടേതും.

"മർത്തമറിയത്തുമ്മാടെ പെറന്ന ദിവസം" എന്ന് ഉദയംപേരൂർ സൂനഹദോസും, "പരി മറിയത്തിന്റെ ജനനിപ്പുപെരുനാൾ" എന്നു സീറോ-മലങ്കരപാരമ്പര്യവും, "മറിയത്തിന്റെ ജനനത്തിരുനാൾ" എന്ന് പൊതുവിലും മാതാവിന്റെ ജനത്തിരുനാൾ അറിയപ്പെടുന്നു.


*2. സെപ്റ്റംബർ: ആരാധനാവത്സര- അക്കാദമിക വർഷാരംഭം*


ഗ്രീക്ക്സഭകളിൽ സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന ആരാധനാവത്സരത്തിലെ ആദ്യതിരുനാളാണിത്; "മറിയത്തിന്റെ നിദ്ര" അവരുടെ ആരാധനാവത്സരത്തിലെ അവസാന തിരുനാളും. പുരാതന ഗ്രീക്ക്-റോമൻ ക്രൈസ്തവർ മാർച്ച് 25 നുള്ള മംഗളവാർത്ത തിരുനാളിനോടനുബന്ധിച്ചാണ് ആരാധനാവത്സരം ആരംഭിച്ചിരുന്നത്. ബാബിലോണിയക്കാർക്ക് നിസാൻമാസം (ഏപ്രിൽ), ഇന്ത്യക്കാർക്ക് ചൈത്ര മാസം (മാർച്ച് 21/22) ഒക്കെയായിരുന്നു വർഷാരംഭം! എന്നാൽ മലയാളമാസം വിളവെടുപ്പുകാലം കൂടിയായ ചിങ്ങം ഓഗസ്റ്റ് (17) -സെപ്റ്റംബറിലാണല്ലോ (17) ആരംഭിക്കുന്നത്. സുറിയാനി ഉറവിടങ്ങളിൽ വർഷത്തെ ഒന്നാം മാസം ഒക്ടോബർ ആണ് (Theshri I) എന്നതും ശ്രദ്ധേയമാണ്.


യൂറോപ്യൻ യൂണിവേഴ്സിറ്റികളിലെ അക്കാദമികവർഷാരംഭം വിളവെടുപ്പുകാലത്തിനു ശേഷം വരുന്ന ശരത്ക്കാലത്തിലെ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണല്ലോ. സെന്റ് മൈക്കിളിന്റെ തിരുനാളിനു ശേഷം (സെപ്റ്റംബർ 29) ആരംഭിക്കുന്ന Michaelmass -മിക്കൽമസ്- ആണ് ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളിലെ ഒന്നാമത്തെ ടേം. ശരത്കാലത്തെ വിളവെടുപ്പിനു വീടുകളിൽ സഹായിക്കുന്ന യുവാക്കൾക്കും കുട്ടികൾക്കും അതിനുശേഷം പുതിയ അക്കാദമികവർഷം തുടങ്ങുവാൻ സഹായകരമായ ക്രമീകരണമായിരുന്നു ഇത്. ചുരുക്കത്തിൽ കാർഷികചക്രത്തോടനുബന്ധിച്ചാണ് സെപ്റ്റംബറിൽ ആരാധനാവത്സരവും അക്കാഡമികവർഷവും ഒക്കെ ആരംഭിക്കുന്നത്.



ജെറുസലേംപ്രദേശത്തു നിലവിലിരുന്ന ഗ്രീക്ക് സഭാകലണ്ടറിന്റെ കാലഗണനയനുസരിച്ചായിരിക്കണം വർഷാരംഭമായ സെപ്റ്റംബർ മാസത്തിൽ മറയത്തിന്റെ ജനനത്തിരുനാളും നിശ്ചയിച്ചത്. വി. യാക്കോബിന്റെ പ്രോട്ടോ-എവാൻഗേലിയും - വിവരണമനുസരിച്ച് (AD 150) യോവാക്കിമും അന്നയുമായിരുന്നു മറയത്തിന്റെ മാതാപിതാക്കന്മാർ. അവരുടെ ദീർഘനാളായുള്ള തപസ്സിന്റെയും പ്രാർത്ഥനയുടെയും ഫലമായാണ് മറിയം പിറന്നത്.


വി. അന്നയുടെ നാമത്തിൽ അഞ്ചാം നൂറ്റാണ്ടിൽ ജെറുസലേമിൽ പണികഴിപ്പിച്ച ദേവാലയത്തിന്റെ പ്രതിഷ്ഠ നടന്നത് ഒരു സെപ്റ്റംബർ എട്ടാം തീയതിയായിരുന്നു. ഇതിൽനിന്നും മറയത്തിന്റെ ജനനം സെപ്റ്റംബർ എട്ടിന് ജെറുസലേമിലും സമീപസഭകളിലും ആഘോഷിക്കാൻ തുടങ്ങി. അന്ത്യോക്യൻ-സിറിയൻ വംശജനായ സെർജിയുസ് ഒന്നാമൻ മാർപ്പാപ്പാ (+Sept 8!, 701) ഈ തിരുനാൾ റോമിലും നടപ്പിലാക്കിയതോടു കൂടി കിഴക്കും പടിഞ്ഞാറുമുള്ള സഭകളിൽ മറിയത്തിന്റെ ജനനം സെപ്റ്റംബർ 8 ന് എന്നത് ഉറപ്പിക്കപ്പെട്ടു.


*3. എട്ടുനോമ്പും ഭജനമിരിപ്പും: ആരംഭം ഹീറാ നഗരത്തിൽ*


ഉയിർപ്പുതിരുനാളിനും പിറവിത്തിരുനാളിനും നോമ്പെടുത്ത് ഒരുങ്ങുന്നതുപോലെ മറിയത്തിന്റെ ജനനത്തിനാളിനുള്ള ആത്മീയഒരുക്കമായ എട്ടുനോമ്പ് സുറിയാനി സഭകളുടെ ഒരു പ്രത്യേക പാരമ്പര്യമാണ്. പാശ്ചാത്യ സുറിയാനി ഗ്രന്ഥകാരനായ ബാർ ഹെബ്രായയുടെ (+1286) വിവരണമനുസരിച്ച് ഒരു ചരിത്രസംഭവമാണ് എട്ടുനോമ്പിന്റെ അടിസ്ഥാനം. ഇറാക്കിൽ ബസ്രായുടെ അടുത്തുള്ള ഹീറാ പട്ടണം ബാഗ്ദാദ് ഖലീഫാ പിടിച്ചടക്കി. വിഷയലമ്പടനായ അയാൾ ക്രിസ്ത്യൻ പട്ടണമായ ഹീറാ സന്ദർശിക്കുമെന്ന് അറിഞ്ഞപ്പോൾ അവിടെയുള്ള സ്ത്രീജനങ്ങൾ പരി. മാതാവിന്റെ പള്ളിയിൽ അഭയം തേടി തീക്ഷ്ണമായി മറിയത്തോട് മാധ്യസ്ഥ്യം അപേക്ഷിച്ചു. ഈ പ്രാർത്ഥനായജ്ഞത്തിന്റെ മൂന്നാംദിനം അവിടുത്തെ വൈദികന്, "ഖലീഫാ മരിച്ചുപോയി, ഇനി ഭീഷണിയില്ല," എന്ന അറിയിപ്പ് ഒരു ദർശനത്തിലൂടെ ലഭിച്ചു. ഇതിന്റെ നന്ദിസൂചകമായി മാതാവിന്റെ ജനനത്തിരുന്നാളിനൊരുക്കമായ എട്ടുനോമ്പു ആരംഭിച്ചു. "കന്യകകളുടെ നോമ്പ്," "സ്ത്രീകളുടെ നോമ്പ്" എന്നെല്ലാം ഇത് അറിയപ്പെട്ടുവന്നു. എട്ടാം നൂറ്റാണ്ടിൽ ഇറാഖിൽനിന്നും കുടിയേറിവന്ന സംഘത്തിൽനിന്നാവാം ഭാരതത്തിലെ നസ്രായക്രൈസ്തവർക്ക് ഇതെക്കുറിച്ചുള്ള അറിവു ലഭിച്ചത്.


*4. കൊടുങ്ങല്ലൂർ പള്ളിയും എട്ടുനോമ്പും*

ഒമ്പതാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരിൽ മുഹമ്മദീയരും യഹൂദരും തമ്മിലുള്ള സംഘർഷം ഉണ്ടായപ്പോൾ ക്രൈസ്തവർ യഹൂദപക്ഷംചേർന്നു എന്ന് സംശയിച്ച് അവർക്കെതിരെയും ആക്രമണം ഉണ്ടാവുകയും ചാരിത്രസംരക്ഷണാർത്ഥം സ്ത്രീജനങ്ങൾ അവിടെയുള്ള മാതാവിന്റെ പള്ളയിയിൽ ഭജനമിരുന്നു പ്രാർത്ഥിക്കുകയും ചെയ്തതിൽനിന്നാണ് കേരളത്തിൽ എട്ടുനോമ്പു പ്രചരിച്ചത് എന്നാണ് ഫാ. പ്ലാസിഡ് ജെ. പൊടിപ്പാറ വാമൊഴി-ചരിത്രവിവരണങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുന്നത്. പിന്നീട് മാതാവിന്റെ തിരുനാളിനൊരുക്കമായി സ്ത്രീജനങ്ങൾ ഉദ്ദിഷ്ടകാര്യങ്ങൾക്കായി ദേവാലയത്തിൽ ഭജനയിരുന്നു പ്രാർത്ഥിക്കുന്ന പതിവും ആരംഭിച്ചു.


"ഇത് മൂഢമായ ഒരു വ്രതാനുഷ്ഠാനമാണെന്നും പലനാൾ പള്ളികളിൽ ഇരിക്കുന്നത് തിരുത്തപ്പെടേണ്ട"താണെന്നും മിഷനറിമാർ ആവശ്യപ്പെടുന്നുണ്ട്. 1770 ൽ ഇൽഡഫോൺസ്, 1778ൽ ലോറൻസ് യുസ്തിയാനി എന്നിവർ ഇത് നിർത്തലാക്കുവാൻ റോമിനോട് ആവശ്യപ്പെട്ട് കത്തെഴുതുന്നുണ്ട്. 1862 സെപ്റ്റംബർ 12 ന് വരാപ്പുഴവച്ച് നടന്ന മിഷനറിയോഗവും ഇത് നിരോധിക്കുകയുണ്ടായി. വരാപ്പുഴ വികാരി അപ്പസ്ത്തോലിക്കയായിരുന്ന ബെർണർദ്ദിൻ ബാച്ചിനെല്ലി (+1868) പതിനഞ്ചുനോമ്പിനോടൊപ്പം എട്ടുനോമ്പും നിരോധിക്കുകയുണ്ടായെങ്കിലും അതൊന്നും ഫലവത്തായില്ല.


*5. ടിപ്പു സുൽത്താന്റെ ആക്രമണകാലത്ത്*


വിപൽസന്ധികളിൽ പരിശുദ്ധ മറിയത്തോട് ഭജനമിരുന്നു പ്രാർത്ഥിക്കുന്ന പതിവ് ഭാരതനസ്രാണികൾ തുടർന്നുവന്നു. 1789-'90 കളിൽ ടിപ്പുസുൽത്താന്റെ ആക്രമണത്തിൽ അങ്കമാലി, അമ്പഴക്കാട് സെമിനാരികളും 23 ഓളം സുറിയാനിപള്ളികളും തകർക്കപ്പെടുകയുണ്ടായി. അങ്കമാലി സെമിനാരിയിൽനിന്നും വിലപ്പെട്ട സുറിയാനി കയ്യെഴുത്തുപ്രതികളും രേഖകളുമായി രക്ഷപ്പെട്ടുപോയ വൈദികരുടെ വള്ളം മുങ്ങി സുറിയാനി ചരിത്രരേഖകളുടെ അപരിഹാര്യമായ നഷ്ടമാണ് ഉണ്ടായത്! ഗുരുവായൂർ ക്ഷേത്രവും പാലയൂർ, കോട്ടക്കാവ്, കാഞ്ഞൂർ, ഒല്ലൂർ, ആലങ്ങാട്, മാർ സബോറിന്റെയും പ്രോത്തിന്റെയും നാമധേയത്തിലുള്ള അകപ്പറമ്പ് പള്ളികളും തീയിട്ടുനശിപ്പിക്കുകയുണ്ടായി. കുന്നംകുളം അർത്താറ്റ് പള്ളിയിൽ മദ്ബഹായിൽ അഭയം തേടിയ വൈദികനെ അവിടെ അതിക്രമിച്ചു കയറി വെട്ടി കൊലപ്പെടുത്തുകയും അനേകം യുവജനങ്ങളെ തൂക്കിലിടുകയും ചെയ്തു. ആലങ്ങാടു താമസിച്ചുവന്ന ഗോവർണ്ണദോർ പാറേമ്മാക്കൽ തോമ്മാകത്തനാർ വടയാറ്റിലേയ്ക്കും പിന്നീട് രാമപുരത്തേക്കും മാറിതാമസിക്കുകയുണ്ടായി. ഈ ആക്രമണത്തിൽ പതിനായിരത്തോളം സുറിയാനി ക്രിസ്ത്യാനികൾക്ക് ജീവൻ നഷ്ടപ്പെട്ടു എന്നാണ് കണക്കാക്കുന്നത്. മാംഗ്ളൂരിൽനിന്നും ശ്രീരംഗപട്ടണത്തിലേക്ക് പിടിച്ചുകൊണ്ടുപോയ 80,000 ത്തോളം ക്രിസ്ത്യാനികളിൽ 15,000 പേർ മാത്രമാണ് അവശേഷിച്ചത്! പെരിയാർ കരകവിഞ്ഞൊഴുകിയതും പള്ളിപ്പുറം പള്ളിയിലെ മഞ്ഞുമാതാവിന്റെ മധ്യസ്ഥതയിൽ മൂടൽമഞ്ഞ് പരന്നതുംകൊണ്ടാണ് ടിപ്പുവിനു തിരിച്ചുപോകേണ്ടിവന്നത് എന്ന് അനേകർ ഇന്നും വിശ്വസിക്കുന്നു.


സ്വാഭാവികമായും ഈ ആപൽസന്ധിയിലും പരിശുദ്ധ മറിയത്തോട് ഭജനയിരുന്നു പ്രാർത്ഥിക്കുന്ന പതിവിന് കൂടുതൽ പ്രചാരംസിദ്ധിച്ചു എന്നുവേണം കരുതാൻ.


*6. മറിയം സങ്കേതനഗരം*


മറിയത്തെ City of Refuge - സങ്കേതനഗരമായി - പൗരസ്ത്യസഭാപിതാവായ വി. ജോൺ ഡമഷീൻ (+749) വിശേഷിപ്പിക്കുന്നുണ്ട് (Homily on Dormition ii). ബൈസന്റൈൻ പാത്രിയാർക്കീസായ വി. ജെർമ്മാനുസ് (730) മറിയത്തെ Refugium Peccatorum - പാപികളുടെ സങ്കേതം - എന്നും വിശേഷിപ്പിക്കുന്നുണ്ട്.

വിശുദ്ധഗ്രന്ഥത്തിലെ 'സങ്കേതനഗര'ങ്ങളുടെ സങ്കൽപത്തിൽനിന്നാണ് ഇത് ഉടലെടുത്തത്. സംഖ്യയുടെ പുസ്തകത്തിൽ ലേവ്യര്‍ക്ക് കൊടുക്കുന്ന 48 പട്ടണങ്ങളിൽ ആറെണ്ണം Cities of Refuge- -സങ്കേതനഗരങ്ങളായി- നിശ്ചയിച്ചിരുന്നു. (സംഖ്യ 35:6,12-13). ജോർദ്ദാൻനദിക്ക് അക്കരെയും ഇക്കരെയും ഉള്ള മൂന്ന് പട്ടണങ്ങൾവീതം അബദ്ധവശാൽ ആരെയെങ്കിലും വധിക്കുന്നവനോ കുറ്റകൃത്യങ്ങൾ ഏർപ്പെടുന്നവനോ ഓടിയൊളിക്കാനുള്ള സുരക്ഷിതസങ്കേതങ്ങളായി നിശ്ചയിച്ചുകൊടുത്തിരുന്നു (13). അവർ സുരക്ഷിതരായിരിക്കും;അവരെ ഉപദ്രവിക്കുവാൻ ആർക്കും അനുവാദവുമില്ല!


പുരാതന ഗ്രീക്കുകാർക്കും റോമാക്കാർക്കും ഇങ്ങനെ Asylum Previlage - അഭയാർത്ഥിത്വഅവകാശം കൽപ്പിച്ചുകൊടുക്കുന്ന പ്രദേശങ്ങൾ ഉണ്ടായിരുന്നു. അവിടെ അഭയംപ്രാപിക്കുന്നവർക്ക് സുരക്ഷിതത്വപദവി നൽകിയിരുന്നു. കേരളത്തിലെ ശൈവ-വൈഷ്ണവ ക്ഷേത്രങ്ങളെല്ലാം അറിയപ്പെട്ടിരുന്നത് അഭയവും കോട്ടയുമായ 'സങ്കേത'ങ്ങളായാണ്, (refuge of sanctuary) എന്ന് ഫാ. ബോബി ജോസ് നിരീക്ഷിക്കുന്നുണ്ട് (മനോരമ, ചിന്താവിഷയം 2023 ഓഗസ്റ്റ് 27 ഞായർ).


മധ്യയുഗങ്ങളിൽ The Right to Sanctuary - പള്ളികളിൽ അഭയം തേടുന്ന കുറ്റവാളികൾക്കു പോലും സംരക്ഷണം ഉറപ്പാക്കുന്ന നിയമം ഉണ്ടായിരുന്നു (Council of Orleans 511). മനുഷ്യാവകാശങ്ങൾ നിർണ്ണയിക്കുന്ന 1948ലെ UN ചാർട്ടറിന് എത്രയോ നൂറ്റാണ്ടുകൾക്കുമുമ്പാണിത്!


ഈ സങ്കല്പങ്ങളെല്ലാം വച്ചാണ് തന്റെ പക്കൽ അഭയം തേടുന്നവർ ആരായിരിക്കട്ടെ, അവർക്കെല്ലാം അഭയവും സംരക്ഷണവും നൽകുന്ന "സുരക്ഷിത സങ്കേതനഗര"മാണ് മറിയം എന്നുള്ള കാഴ്ചപ്പാട് വികസിച്ചുവന്നത്.

മരിയൻദേവാലയങ്ങൾ സുരക്ഷിതത്വംനൽകുന്ന ഒരു സങ്കേതനഗരമായാണ് കരുതപ്പെട്ടിരുന്നത്. കൂടാതെ, നമ്മുടെ പുരാതനപള്ളികൾ ആന കുത്തിയാലും കേടുവരാത്ത "ആനമതിലുക"ളാൽ ചുറ്റപ്പെട്ടും അതിന്റെ ചുവരുകൾ ബലിഷ്ഠമായ സംരക്ഷണഭിത്തികൾ പോലെ പണിയപ്പെട്ടുമിരുന്നതിനാൽ അതിനുള്ളിൽ അഭയംതേടുന്നവർ സുരക്ഷിതരുമായിരുന്നു.


*ഉപസംഹാരം*


പരി. മാതാവിന്റെ സവിധേയുള്ള ഒരു ഉപവാസം - അടുത്തു വസിക്കലായിരുന്നല്ലോ - എട്ടുനോമ്പാചരണം. തന്റെ പീഡാനുഭവദർശനം ലഭിച്ച് ഞെട്ടിത്തിരിഞ്ഞ് ഓടിവന്ന ഉണ്ണീശോയെ മടിയിലിരുത്തി ആശ്വസിപ്പിക്കുന്ന, വി. ലൂക്കാ രചിച്ചതെന്നു കരുതപ്പെടുന്ന Salus Populi Romani - "റോമൻ ജനതയുടെ സംരക്ഷക," എന്ന ഐക്കൺ, അതിൽനിന്നുരുത്തിരിഞ്ഞ 'നിത്യസഹായമാതാ'വിന്റെ ഐക്കൺ (1480) ഒക്കെ പ്രസിദ്ധമാണല്ലോ. അതിന്റെ ഒരു പൂരകമാണ് വിശ്വവിഖ്യാതകലാകാരനായ മൈക്കളാഞ്ചെലോ തന്റെ 23ആം വയസ്സിൽ കൊത്തിയെടുത്ത, ഈശോയുടെ മൃതശരീരം മടിയിൽകിടത്തി ചേർത്തുപിടിക്കുന്ന മാതാവിന്റെ 'പിയത്താ' എന്ന മാർബിൾ ശില്പവും (1498)!


പുത്രനായ ഈശോയെപ്പോലെ, ഭയചകിതരും മൃതപ്രായരുമായ മനുഷ്യമക്കളെയെല്ലാം സമാശ്ലേഷിക്കുന്ന കരകവിഞ്ഞൊഴുകുന്നമാതൃസ്നേഹമാണ് ഈ ഐക്കണുകളിലും കലാശില്പ്പങ്ങളിലുമെല്ലാം തുടിച്ചുനിൽക്കുന്നത്.


എട്ടുനോമ്പുദിവസങ്ങളിൽ മാതൃസവിധേ ഭജനമിരിക്കുന്നവരും മറിയത്തോടൊപ്പംചേർന്ന ആദിമശ്ലൈഹികസമൂഹത്തെപ്പോലെ (ശ്ലീഹ നട 2:14) സുരക്ഷിതരാണ്, അവർ പരിശുദ്ധാത്മദാ നങ്ങളാൽ നിറഞ്ഞ് ശക്തിപ്രാപിക്കുകയും ജീവിതപ്രതിസന്ധികളെ പ്രത്യാശയോടെ നേരിട്ട് ലോകത്തിൽ മിശിഹായ്ക്ക് നിര്‍ഭയം സാക്ഷ്യംവഹിക്കാനുള്ള പ്രാപ്തിനേടുകയും ചെയ്യുന്നു.


സെപ്റ്റംബർ 1, 2023.

Recent Posts

See All
സങ്കീർത്തനങ്ങൾമ(മസ്മോറെ)ഈശോയുടെ പാട്ടുപുസ്തകം

സങ്കീർത്തനങ്ങൾ ഈശോയുടെ പാട്ടുപുസ്തകമായിരുന്നു. യൂദപാരമ്പര്യമനുസരിച്ചു പെന്തക്കുസ്താ, പെസഹാ, കൂടാരതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍...

 
 
 
നോമ്പ് :അര്‍ത്ഥവുംആചരണവും

നോമ്പ്: അര്‍ത്ഥവും ആചരണവും ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ ആമുഖം നോമ്പ് അഥവാ നോയമ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഏതൊക്കെ നോമ്പുകള്‍...

 
 
 
മംഗള വാർത്ത - പിറവി കാലങ്ങൾ (സൂവാറ -യൽദാ) Season of Annunciation and Nativity

സീറോ മലബാർ സഭയുടെ ആരാധനാവത്സരം ആരംഭിക്കുന്നത് മനുഷ്യാവതാര രഹസ്യത്തെ അനുസ്മരിക്കുന്ന മംഗളവാർത്ത കാലത്തോടുകൂടിയാണ്. ഡിസംബർ 25 ആം തീയതി...

 
 
 

Kommentare

Mit 0 von 5 Sternen bewertet.
Noch keine Ratings

Rating hinzufügen
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page