മർത്ത് മറിയത്തിൻ്റെ അനുമോദന തിരുനാൾ.
- sleehamedia
- Jan 4, 2024
- 2 min read
ദനഹായ്ക്ക് മുൻപുള്ള വെള്ളിയാഴ്ച, ഈശോയ്ക്ക് ജന്മം നൽകിയ മർത്ത് മറിയത്തിൻ്റെ അനുമോദന തിരുനാൾ.
(2024 ജനുവരി 5)
പൗരസ്ത്യ സുറിയാനി സഭയുടെ പാരമ്പര്യത്തിൽ മർത്ത് മറിയത്തിൻ്റെ തിരുനാളുകളിൽ ഏറ്റവും പ്രധാനപ്പെട്ട തിരുനാൾ യൽദാതിരുനാൾ കഴിഞ്ഞ് വരുന്ന വെള്ളിയാഴ്ച അല്ലെങ്കിൽ ദനഹായ്ക്ക് മുൻപുള്ള അവസാനത്തെ വെള്ളിയാഴ്ച ആഘോഷിക്കുന്ന മർത്ത് മറിയത്തിൻ്റെ അനുമോദന തിരുനാൾ. ദനഹായിലെ വെളളിയാഴ്ചകളിൽ ഈശോയ്ക്ക് സാക്ഷ്യം നൽകിയവരെ നാം അനുസ്മരിക്കുന്നു. അതിൻ്റെ ഭാഗമായി തന്നെയാണ് ഈ അനുസ്മരണവും.
ദൈവപുത്രന് ഭൂമിയിൽ ജന്മം നൽകിയ മർത്ത് മറിയത്തെ സഭ അനുമോദിക്കുന്ന ദിനം.
മാതാവിൻ്റെ മഹത്വത്തിന് നിദാനം അവൾ ഭൂമിയിൽ ദൈവപുത്രനായ ഈശോ മ്ശീഹായ്ക്ക് ജന്മം നൽകി എന്നതാണ്. അല്ലായിരുന്നെങ്കിൽ അവൾ ഭൂമിയിൽ മറ്റ് ഏത് സ്ത്രീകളെയും പോലെ തന്നെ ആയിരുന്നു. വചനമായ മ്ശീഹായെ ജന്മം നൽകി വളർത്തിയ മാതാവിനെ എല്ലാ തലമുറകളും ഭാഗ്യവതി എന്ന് കീർത്തിക്കുന്നു, സ്ത്രീകളിലേറ്റം ഭാഗ്യവതി....
ഭൂമിയിലെ രണ്ടാം സ്വർഗ്ഗവും,
രക്ഷിതാവിനു ജീവൻ കൊടുത്ത ജീവന്റെ നിക്ഷേപച്ചെപ്പും,
നിയമം തന്നെ ആയവനെ നിയമം അഭ്യസിപ്പിച്ച നിയമച്ചുരുളും,
നിവ്യന്മാരുടെ പ്രവചനങ്ങളെ പൂർത്തികരിച്ചവവളും,
രാജാക്കന്മാരുടെ രാജാവിനെ പ്രസവിച്ച ദാസിയും,
റൂഹാ ദ്കുദ്ശായുടെ ആലയവുമായ ഭാഗ്യവതിയായ കന്യക മർത്ത് മറിയം.........
ഈശോ ഇല്ലാതെ മാതാവില്ല. അതിനാലാണ് പുരാതന ഐക്കണുകൾ എല്ലാം ഈശോയെ കയ്യിൽ വഹിക്കുന്നവളായി മാത്രം മാതാവിനെ ചിത്രീകരിക്കുന്നത്. ഈശോയിൽ നിന്നും വേർപെടുത്തി മാതാവിനെ "ആരാധിക്കുന്ന" രീതി ഇന്ന് വർദ്ധിച്ചു വരുന്നു. പരിശുദ്ധ ത്രീത്വത്തിൻ്റെ നാമത്തിൽ റൂശ്മ ചെയ്യുമ്പോൾ പോലും പലരും അതിൽ മാതാവിൻ്റെ പേരും കൂട്ടി ചേർക്കുന്നു. ഇത് രണ്ടും തെറ്റാണ്.
മാതാവ് ഈശോ മ്ശീഹായുടെ അമ്മയാണ്, ദൈവമല്ല എന്ന് ഇന്ന് പലരും മറക്കുന്നു.
പൗരസ്ത്യ സുറിയാനി സഭ ഈ തിരുനാളിൽ മർത്ത് മറിയത്തെ അനുമോദിക്കുന്ന ഒരു പ്രാർത്ഥന:
"പരിശുദ്ധയായ മർത്ത് മറിയത്തിന്റെ ഓർമ്മദിവസത്തിൽ നമുക്കു സ്തുതിപാടി അവളെ അഭിനന്ദിക്കാം.
എന്തെന്നാൽ അവളുടെ പാവനമായ ഉദരത്തിൽ നിന്നാണ് നമുക്കു രക്ഷകൻ ഉദിച്ച്, ആദാമിന്റെ സന്തതിയെ കഴിച്ചിൽ, മരണം, സാത്താൻ എന്നിവയിൽ നിന്നു സ്വതന്ത്രരാക്കിയത്.
യുദ്ധം, ക്ഷാമം, വസന്തകൾ എന്നിവയിൽ നിന്നു കൃപയോടെ നമ്മ രക്ഷിക്കുന്നതിനു തന്റെ വിശുദ്ധസുതനോട് അവൾ അപേക്ഷിക്കുവാനായി അവളുടെ ഓർമ്മയെ നമുക്കു സ്നേഹപൂർവ്വം ബഹുമാനിക്കാം.
ജനങ്ങളേ,
നമ്മുടെ രാജാവായ ഈശോയുടെ അമ്മയെ ഏറ്റം ഭാഗ്യവതി എന്നു വിളിക്കുവിൻ.
രാജാക്കന്മാരുടെ അമ്മയായ ബേസ് ലഹെമേ, നീ ഭാഗ്യവതി, എന്തെന്നാൽ കിരീടങ്ങളുടെ ഉടയവൻ നിന്നിൽ നിന്ന് ഉദിച്ചിരിക്കുന്നു.
മറിയമേ, നീ ഭാഗ്യവതി, എന്തെന്നാൽ സ്ത്രീകളും ഭരണാധിപന്മാരുടെ പുത്രിമാരും നിന്നിൽ അസൂയ പൂണ്ടു.
മറിയമേ, നീ യഥാർത്ഥത്തിൽ ഭാഗ്യവതി, എന്തെന്നാൽ നിന്റെ പുത്രൻ നിമിത്തം നിന്റെ പേര് ഉന്നതമാകുന്നു.
പാവനയായ കന്യാമറിയമേ, നീ ഭാഗ്യവതി, എന്തെന്നാൽ കിരീടങ്ങൾ മെനയുന്നവൻ നിന്നിൽ നിന്ന് ഉദിച്ചു.
മറിയമേ, നീ ഭാഗ്യവതി, എന്തെന്നാൽ യാക്കോവ് സൂചിപ്പിച്ച സിംഹക്കുട്ടിയെ (ഉല്പ. 49.) നീ വഹിച്ചു.
മറിയമേ, നീ ഭാഗ്യവതി, എന്തെന്നാൽ ഇസ്ഹാക്കിന്റെ സാദൃശ്യത്തിലെ ആ വൃക്ഷം (ഉല്പ.22:13) നിന്നെ ലക്ഷ്യമാക്കിയ ചിത്രീകരണമായിരുന്നു.
ധന്യേ, നീ ഭാഗ്യവതി, എന്തെന്നാൽ ഏശായായും തന്റെ വെളിപാടിൽ നിന്റെ ചരിത്രം എടുത്തുകാണിച്ചു (ഏശാ. 7:14).
അനുഗൃഹീതേ, നീ ഭാഗ്യവതി, എന്തെന്നാൽ ഹാവാ വഴിയുണ്ടായ ശാപം നീ വഴി സ്ത്രീകളിൽ നിന്നു നീക്കപ്പെട്ടിരിക്കുന്നു.
മറിയമേ, നീ ഭാഗ്യവതി, എന്തെന്നാൽ അത്ഭുതം നിറഞ്ഞ രഥത്തിൽ നിന്റെ പുത്രൻ ആസനസ്ഥനായിരിക്കുന്നു.
പ്രത്യാശ നിറഞ്ഞ കന്യകേ, നീ ഭാഗ്യവതി, എന്തെന്നാൽ സകല തലമുറകളും നിന്നെ ഭാഗ്യവതി എന്നു കീർത്തിക്കും. (ലൂക്കാ 1: 48).
ഞങ്ങളുടെ കർത്താവിന്റെ അമ്മയായ മറിയമേ, നീ ഭാഗ്യവതി, എന്തെന്നാൽ പ്രവചനത്തിന്റെ പ്രയാണം നിന്നിൽ വന്നവസാനിച്ചു.
നീ ഭാഗ്യവതി, നീ ഭാഗ്യവതി..... എന്ന് ഞങ്ങൾ സദാ പറയട്ടെ. നിനക്കായി തയ്യാറാക്കപ്പെട്ടിരിക്കുന്ന സൗഭാഗ്യം എത്ര വലുത്.
നിന്റെ പ്രാർത്ഥന ഞങ്ങൾക്കു ഒരു കോട്ടയായിരിക്കട്ടെ.
ആ പ്രാർത്ഥന ഞങ്ങളെ ദുഷ്ടനിലും അവന്റെ സൈന്യങ്ങളിലും നിന്നു സംരക്ഷിക്കട്ടെ. അതു സകല വഞ്ചനകളും ഞങ്ങളിൽ നിന്നകറ്റി ലോകത്തിൽ എന്നും സമാധാനം സ്ഥാപിക്കട്ടെ."
(ഉറവിടം: പൗലോസ് ബെഡ്ജാൻ കശീശാ ക്രോഡീകരിച്ച ഹുദ്ര - 1: പേജ് 356-357, മാർ തോമ്മാ ധർമ്മോ മെത്രാപ്പോലീത്താ ക്രോഡീകരിച്ച ഹുദ്ര - 1: പേജ് 588-589)
Recent Posts
See Allഫാ. ജോർജ് തെക്കേക്കര ക്രിസ്തുവിൻ്റെ വികാരിയും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തിൻ്റെ തലവനുമായ മാർപാപ്പയുടെ...
സങ്കീർത്തനങ്ങൾ ഈശോയുടെ പാട്ടുപുസ്തകമായിരുന്നു. യൂദപാരമ്പര്യമനുസരിച്ചു പെന്തക്കുസ്താ, പെസഹാ, കൂടാരതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍...
Commentaires